എ പടത്തിനുള്ളില്‍ പെട്ട എ പടമാണ് റോസാപ്പൂ. ചിരിയുണ്ടാക്കാനെന്ന വ്യാജേന സ്ഥാനത്തും അസ്ഥാനത്തും തിരുകിക്കയറ്റിയ പല തരം കോപ്രായങ്ങളുടെ ആകെത്തുക. സംവിധായകന് എന്തൊക്കെയോ ഉദ്ദേശിച്ചു , മറ്റെന്തൊക്കെയോ സംഭവിച്ചു. പക്ഷേ ഒന്നും എങ്ങുമെത്തിയില്ല എന്നതാണ് സത്യം. പലയാവര്‍ത്തി കണ്ടു പഴകിയ കഥയാണ് റോസാപ്പൂവിന്റെയും അടിസ്ഥാന ശില. നാടോടിക്കാറ്റിലും അടുത്തിടേ ലവകുശയിലും വരെ കണ്ടു മടുത്ത ജീവിക്കാനുള്ള രണ്ടു നിഷ്കളങ്കരുടെ പങ്കപ്പാടുകള്‍. പട്ടിണി , കുടുംബത്തിന്റെ ബാധ്യത , സ്വപ്നങ്ങള്‍ , ലക്ഷ്യങ്ങള്‍ , അതിനോടനുബന്ധിച്ചുണ്ടാകുന്ന ചെറിയ ചെറിയ അബന്ധങ്ങള്‍ , അതില്‍ നിന്നൊക്കെ കരകയറുവാനുള്ള ചെറുകിട തട്ടിപ്പുകള്‍.......... ഒക്കെയും ചേര്‍ന്ന് ഒരു കച്ചവട സിനിമയ്ക്കാവശ്യമായ സകല മസാലകളും റോസാപ്പൂവിലും സമാസമം ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതെല്ലാം കൂടി വെന്തു വന്നപ്പോള്‍ ഒട്ടും രുചികരമായില്ല എന്നു മാത്രം. ഈ ശൈലിയിലുള്ള സകല സിനിമകളിലും അന്ത്യന്താപേക്ഷിതമായ ഹാസ്യമെന്ന ഘടകം ഇതിനിടയിലെവിടേയോ നിലവാരമില്ലായ്മയുടെ പരിധികള്‍ ഭേദിച്ചതോടെ എല്ലാം ശുഭം. ഏതോ സിനിമയില്‍ ഏതോ ഒരു കഥാപാത്രം പറഞ്ഞ പോലെ ഗുദാ ഹുവാ ........
മലയാളത്തില്‍ അഡള്‍സ് ഒണ്‍ലി സിനിമകളുടെ വസന്തകാലമായിരുന്ന രണ്ടായിരത്തിന്റെ തുടക്കം. കടം കയറി മുടിഞ്ഞ ഷാജഹാനും അതേ അവസ്ഥയില്‍ സിനിമ സംവിധായകനാകുകയെന്ന അടങ്ങാത്ത അഭിലാഷവുമായി ജീവിക്കുന്ന ആംബ്രോസും ചങ്ങാതിയുടെ പ്രേരണയാല്‍ എളുപ്പം കാശുകാരാകുകയെന്ന ലക്ഷ്യത്തോടെ അഡള്‍സ് ഒണ്‍ലി സിനിമ നിര്‍മ്മിക്കാന്‍ ചെന്നൈയിലെത്തുന്നു. കടം വാങ്ങിയ പണവുമായി , പണം കടം നല്‍കിയയാളുടെ സഹായിയുള്പ്പടയുള്ള ഈ സംഘം ചെന്നൈയിലെത്തുന്നിടത്താണ് കഥാഗതി സങ്കീര്‍ണ്ണമാകുന്നത്. മൃദു രതി സിനിമകളിലെ വിലയേറിയ നടി ലൈലയെ നായികയാക്കി കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കണം. എന്നാല്‍ ആംബ്രോസിന് ഇക്കാര്യത്തില്‍ ചെറിയ ചില എതിര്‍പ്പുകളുണ്ടെങ്കിലും സൗഹൃദത്തിനും സാഹചര്യങ്ങള്‍ക്കും മുന്പില് അതൊന്നും വിലപ്പോകുന്നില്ല. അവന്റെ സിനിമ സങ്കല്‍പ്പങ്ങള്‍ മറ്റൊന്നാണ്. ഭരതനാണ് അവന്റെ മാനസ ഗുരു. ഇവര്‍ ഷംസീര്‍ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ അടുത്തെത്തുന്നതോടെ കഥ മാറുന്നു. അവിടം മുതല്‍ ഒരു എ പടം നിര്‍മ്മിക്കാനുള്ള ഈ സംഘത്തിന്റെ ശ്രമങ്ങള്‍ പടങ്ങളെ നാണിപ്പിക്കും വിധം സഭ്യതയുടെ സകല പരിധികളും തകര്‍ത്തു തുടങ്ങുന്നു. അവിടം മുതല്‍ എന്തക്കയോ ചില കുറവുകളുണ്ടെന്ന മട്ടില്‍ കാണിക്കുന്ന അര്‍ദ്ധ നഗ്നരായ കുറേ നടിമാരും എങ്ങിനെയും അവരെ കിടക്കയിലെത്തിക്കുക എന്ന ചിന്തയുമായി വട്ടം ചുറ്റുന്ന ആണുങ്ങളുമൊക്കെയായി സിനിമ ചുരുങ്ങുന്നു.
രണ്ടാം പാതി ഏറെക്കുറേ നന്നായി മുഷിപ്പിക്കുന്നു. ആദ്യ പാതിയില്‍ കണ്ടിരിക്കാവുന്ന റോസാപ്പൂ രണ്ടാം പാതിയില്‍ അസ്വസ്ഥമായ സിനിമാക്കാഴ്ചയാകുന്നു. അതിനിടേ ആംബ്രോസിന്റെ പ്രണയവും വിരഹവും ഷാജഹാന്റെ പ്രാരാബ്ദങ്ങളും അഡള്‍സ് ഒണ്‍ലി സിനിമകളുടെ പിന്നണിയിലെ മനം മടുപ്പിക്കുന്ന കാഴ്ചകളുമൊക്കെയുണ്ടെങ്കിലും ഒന്നും പ്രേക്ഷകനെ സ്പര്‍ശിക്കുന്നില്ല.
ബിജു മേനോന് കാര്യമായൊന്നും ചെയ്യാനില്ല. നീരജ് മാധവ് തന്റെ കഥാപാത്രം സുരക്ഷിതമായി അവതരിപ്പിച്ചു. സജീറായി വന്ന സൗബിന് ഹാഹിറും ഭാനുവായ ബേസില്‍ ജോസഫും ചിലയിടങ്ങളില്‍ ചിരി സൃഷ്ടിക്കുമ്പോള്‍ നായികയായ അഞ്ജലി ഒട്ടുമേ നന്നായില്ല. അവരുടെ അഭിനയം പല ഘട്ടത്തിലും കൃത്രിമമാണെന്ന തോന്നല്‍ സൃഷ്ടിച്ചു. വിവിധ മാനങ്ങളുള്ള ഒരു കഥാപാത്രമായിരുന്നിട്ടും അത് വേണ്ട വിധം അവര്‍ പ്രയോജനപ്പെടുത്തിയില്ല. അലന്‍സിയറും വിജയരാഘവനും ഭേദം. സലിം കുമാറും ദിലീഷ് പോത്തനും സുധീര്‍ കരമനയുമല്ലാതെ എടുത്തു പറയേണ്ടതായി മറ്റൊന്നുമില്ല.
സംവിധാനത്തില്‍ വിനു ജോസഫ് മിടുക്കനാണ്. പക്ഷേ തിരിക്കഥ ശരാശരിക്കും താഴെ. ഛായാഗ്രാഹണവും മോശമല്ല. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ തമാശയായി പരിഗണിക്കുന്നവര്‍ പോലും റോസാപ്പൂവിലെ ചില ചിരി രംഗങ്ങളെ അംഗീകരിക്കുവാനിടയില്ല. ബിജു മേനോനെ നായകനാക്കി ഒരു സിനിമ സംവിധാനപ്പെടുത്തി എന്നതിനപ്പുറം ഒന്നും റോസാപ്പൂവിലില്ല. സ്ത്രീ ശരീരത്തിന്റെ വിപണി സാധ്യതതകളിലേക്കുള്ള ഒളിനോട്ടം മാത്രമാണ് ഇതിലെ പല തമാശകളും. തടിച്ച പെണ്ണ് കോമാളിയാണെന്ന ബോധമാണ് തിരക്കഥയുടെ ആകെത്തുക. ഒരു തരത്തിലും അഡള്‍സ് ഒണ്‍ലി സിനിമ സങ്കല്‍പ്പങ്ങളെ വിമര്‍ശിക്കുകയല്ല അതിനെ മറ്റൊരു തരത്തില്‍ വില്‍ക്കുകയാണ് റോസാപ്പൂവിന്റെ ലക്ഷ്യമെന്നു വ്യക്തം.
ചുരുക്കത്തില്‍ ഒന്നുമൊന്നുമല്ലാതായിപ്പോയ മറ്റൊരു സിനിമയെന്ന് മാത്രം റോസാപ്പൂവിനെയും വിശേഷിപ്പിച്ച് കൊണ്ടു നിര്ത്തു