കു കൂ തീവണ്ടി..
കൂകിപായും തീവണ്ടി..
അതെ ബിനീഷ് ദാമോദറിന്‍റെ തീവണ്ടി കൂകിപായുകയാണ്.
ലഹരിയുടെ മേല്‍ ആത്മ നിയന്ത്രണം കൈവരിയ്ക്കുന്ന വിജയത്തിന്‍റെ പുകചുരുളുകള്‍ ബഹിര്‍ഗമിച്ചുകൊണ്ട്. എരിയുന്ന പുകചുരുളുകള്‍ക്ക് മേല്‍ പ്രണയം നേടുന്ന ജൈത്രയാത്രയുടെ സൈറണ്‍ മുഴക്കികൊണ്ട്.
പിറന്ന് വീണ് ആദ്യത്തെ കരച്ചിലിന് കാരണമാകുന്നത് സ്വന്തം അമ്മാവന്‍ മുഖത്തേക്ക് ഊതുന്ന പുകചുരുളുകളാലാണ്. അങ്ങനെയുള്ള ബിനീഷ് അമ്മാവനേക്കാള്‍ വലിയ തീവണ്ടിയായി മാറുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കളിക്കൂട്ടുകാരി ദേവിയോടുള്ള പ്രണയം പോലെ സിഗററ്റിനോടുള്ള ആസക്തിയും ബിനീഷില്‍ കൗമാരം മുതല്‍ വളര്‍ന്നു കൊണ്ടിരുന്നു. ആ ഇഷ്ടം അവളുടെ പ്രണയത്തെ ബാധിക്കാതെ കൊണ്ടുപോകാന്‍ അവള്‍ പരമാവധി ശ്രമിയ്ക്കുന്നു.
കേരളത്തിലെ ഇപ്പോഴത്തെ ചെറുപ്പക്കാരെ പോലെ വിദ്യാസമ്പന്നനും തൊഴില്‍ രഹിതനും തന്നെയാണ് ബിനീഷും. പിഎസ് സി എഴുതി ജീവിതം ഹോമിച്ചു കൊണ്ടു പോകുന്നതിനിടയില്‍ പുകയിലചുരുളുകള്‍ അവന്‍റെ ഇഷ്ട തോഴനായി തുടരുന്നു.
അന്തിക്കാട് സിനിമകളിലെ പോലെ രാഷ്ട്രീയക്കാരനായ അളിയന്‍റെ കൂടെ പൊതുജനസ്വാര്‍ത്ഥ താല്‍പ്പര്യാര്‍ത്ഥം അവനും കൂടുന്നു. ഇതിനിടയില്‍ അവന്‍റെ പ്രണയം ഒരു പടികൂടി കയറി നിശ്ചയത്തിലേക്ക് എത്തുമെങ്കിലും അതിന് ശേഷം കഥ മാറുകയാണ്.
അവന്‍റെ സിഗററ്റ് വലി അവള്‍ക്കതുവരെ ഒരു പ്രശ്നമല്ലായിരുന്നു. അച്ഛന്‍ മധുവിന് പൂര്‍ണ്ണ താല്‍പ്പര്യമില്ലാതിരുന്നിട്ട് കൂടി അവളുടെ ഇഷ്ടത്തിന് വഴങ്ങുകയായിരുന്നു.
ബിനീഷിന്‍റെ തീവണ്ടിക്ക് പിന്നീട് നേരിടേണ്ടി വരുന്നത് തിരിച്ചറിവിന്‍റെ വേദനകളാണ്. അവന്‍റെ മുഖത്തേക്ക് വലിച്ചെറിയപ്പെടുന്ന എന്‍ഗേജ്മെന്‍റ് റിംഗിന്‍റെ രൂപത്തിലുള്ള നഷ്ടപ്രണയത്തിന്‍റെ നീറുന്ന ഓര്‍മ്മകളാണ്.
സ്വയം നശിപ്പിക്കപ്പെടുന്ന പുകവലിയുടെ ആ മനോഹാരിതയേക്കാള്‍ സാധാരണത്ത്വം നല്‍കുന്ന തിരിച്ചറിവിലേക്ക് അവന്‍ ഒടുക്കം എത്തിച്ചേരുന്നു. ആത്മനിയന്ത്വണം എന്തെന്നും അതിലൂടെ ലഭിയ്ക്കുന്ന നിര്‍വൃതി വലിച്ചു കേറ്റി പുറത്തേക്ക് തള്ളുന്ന ഒരു പുകയിലക്കും നല്‍കാനാവിലെന്നുള്ള ചിന്തയിലേക്ക് അവന്‍ എത്തി ചേരുന്നതിനോടൊപ്പം ജീവിതവും അവന് തിരിച്ചു ലഭിക്കുന്നിടത്ത് തീവണ്ടി നിര്‍ത്തുന്നു.
പുകയിലയുടെ അറ്റത്തെ ഫില്‍റ്ററിന്‍റെ സ്ഥാനം ദേവിയുടെ അധരങ്ങള്‍ കീഴടക്കുമ്പോള്‍ പ്രണയ പരവശരായി തന്നെ സിനിമാ പ്രേമികള്‍ക്ക് തീയറ്റര്‍ വിടാം. പുകവലി നിര്‍ത്താന്‍ പറ്റിയില്ലായെങ്കിലും കണ്ടിറങ്ങുന്ന ആയൊരു ദിനത്തിലെങ്കിലും സിഗററ്റ് കൈയ്യിലെടുക്കുമ്പോള്‍ ഒരു പുനര്‍ ചിന്തനത്തിന് വഴിയൊരുക്കുമെന്നതില്‍ സംശയമില്ല.
സാധാരണത്ത്വവും ഗ്രാമീണതയും പ്രണയവും രാഷ്ട്രീയവും അതിലുപരി സമൂഹനന്മയും ഒത്തുചേര്‍ന്ന നല്ലയൊരു ചിത്രം.
ഒരു പാക്കറ്റ് സിഗററ്റിന്‍റെ കാശ് ചിലവാക്കി സിനിമ കാണാത്തവര്‍ പോലും "തീവണ്ടി" കാണണമെന്നാണ് എന്‍റെ അഭിപ്രായം. കണ്ടിറങ്ങുമ്പോള്‍ ആയൊരു പാക്കറ്റ് സിഗററ്റ് വലിക്കുമ്പോള്‍ കിട്ടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്ന സന്തോഷം തോന്നലല്ലാതെ തന്നെ നിങ്ങളുടെയുള്ളില്‍ നിറയും.. തീര്‍ച്ച.