സ്വന്തം ജാതി പറഞ്ഞ് പരിചയപ്പെടുത്തി, പാര്‍ഥിപനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം.

താന്‍ ഒരു നായിഡു ആണെന്ന് പറഞ്ഞാണ് പാര്‍ഥിപന്‍ സ്വയം പരിചയപ്പെടുത്തിയത്.

Update: 2026-03-17 07:21 GMT

 ഒരു തെലുങ്ക് സിനിമയുടെ പ്രൊമോഷന്‍ വേദിയില്‍ സ്വന്തം ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയതിന് തമിഴ് നടന്‍ ആര്‍ പാര്‍ഥിപനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം. പവന്‍ കല്യാണ്‍ നായകനാവുന്ന ഉസ്താദ് ഭഗത് സിംഗ് എന്ന സിനിമയുടെ ഇന്നലെ ഹൈദരാബാദില്‍ നടന്ന പ്രൊമോഷണല്‍ ഇവെന്‍റില്‍ പാര്‍ഥിപന്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. താന്‍ ഒരു നായിഡു ആണെന്ന് പറഞ്ഞാണ് പാര്‍ഥിപന്‍ സ്വയം പരിചയപ്പെടുത്തിയത്. തമിഴ്നാട്ടില്‍ നില്‍ക്കുമ്പോള്‍ ദ്രാവിഡ വ്യക്തിത്വം മഹിമയായി പറഞ്ഞ്, ജാതിക്കെതിരെ സംസാരിക്കുന്നവര്‍ തമിഴ്നാടിന് പുറത്ത് പോകുമ്പോള്‍ ജാതി പറഞ്ഞ് മേനി നടിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

സംസാരിക്കാന്‍ വേദിയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം എന്നെ ഒന്ന് പരിചയപ്പെടുത്താം എന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ഥിപന്‍ തുടങ്ങിയത്. “എന്നെക്കുറിച്ച് ഒരു ചെറിയ മുഖവുര. ഞാന്‍ പാര്‍ഥിപന്‍. രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. ഒരു നായിഡു ബോയ്. അതെ, ഒരു നായിഡു ബോയ്. പക്ഷേ ചെന്നൈയില്‍ ജനിച്ച് വളര്‍ന്ന കാരണത്താല്‍ എനിക്ക് തെലുങ്ക് അറിയില്ല. തമിഴാണ് എനിക്ക് സ്വാഭാവികമായി വരുന്ന ഭാഷ. പക്ഷേ ഇനി നേരില്‍ കാണുമ്പോള്‍, അത് ഈ സിനിമയുടെ വിജയത്തിന് ശേഷമായിരിക്കും, ഞാന്‍ പൂര്‍ണ്ണമായും തെലുങ്കില്‍ സംസാരിക്കുമെന്ന് ഈ മൂര്‍ത്തി ഉറപ്പ് നല്‍കുന്നു. മൂര്‍ത്തി എന്നാണ് എന്‍റെ യഥാര്‍ഥ പേര്”, പാര്‍ഥിപന്‍ പറഞ്ഞു. ഇതിലെ ജാതി പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.

 അവസരവാദപരമായ നിലപാടാണ് ഇതെന്ന് തമിഴ്നാട്ടിലെ മറ്റൊരു വേദിയില്‍ മുന്‍പ് ജാതിക്കെതിരെ പാര്‍ഥിപന്‍ സംസാരിച്ചതിനെക്കുറിച്ച് സൂചിപ്പിച്ചാണ് എക്സിലെ ഒരു വിമര്‍ശന പോസ്റ്റ്. വിവാദ പ്രസംഗത്തിനിടെ തമിഴരെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

Tags:    

Similar News