ശരീരം തരുന്ന ഈ മുന്നറിയിപ്പുകളെ അവഗണിച്ചത് കുഴപ്പമായി; വെളിപ്പെടുത്തലുമായി അനില്‍ രാധാകൃഷ്ണ മേനോന്
Director Anil Radhakrishna Menon about his illness

ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്. സപ്തമശ്രീ തസ്കര, ലോര്‍ഡ് ലിവിങ്സ്റ്റണ് 700 കണ്ടി, ദിവാന്‍ജി മൂല ഗ്രാന്‍ഡ് പിക്സ് എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യപ്രശ്നത്തെ കുറിച്ച് വെളിപ്പടുത്തിയിരിക്കുകയാണ് അനില്‍ രാധാകൃഷ്ണ മേനോന്. ഒട്ടും പ്രതീക്ഷിക്കാതെ, മുന്നറിയിപ്പൊന്നും നല്‍കാതെ സ്ട്രോക്ക് ബാധിച്ചു. ഇക്കാര്യം പങ്കുവയ്ക്കണമെന്ന് കുറേക്കാലമായി ആഗ്രഹിക്കുന്നതായും അനില്‍ രാധാകൃഷ്ണ മേനോന് പറയുന്നു.
അനില്‍ രാധാകൃഷ്ണ മേനോന്റെ കുറിപ്പ്:
എല്ലാവര്ക്കും നമസ്കാരം.
വളരെ വ്യക്തിപരമായ ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് ഞാന്‍ കുറെ കാലമായി ആഗ്രഹിക്കുന്നു. ഇതെല്ലാം ഉള്ളിലൊതുക്കി വയ്ക്കുന്നത് ചിലപ്പോള്‍ മറ്റൊരു ആരോഗ്യപ്രശ്നത്തിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഞാന്‍ അത് തുറന്നുപറയുകയാണ്. അടുത്തിടെ എനിക്ക് നേരിയ രീതിയിലുള്ള ഒരു സ്ട്രോക്ക് സംഭവിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു അത് എന്നെ ബാധിച്ചത്. എങ്കിലും സ്നേഹത്തിന്റെയും പരിചരണത്തിന്റെയും നടുവില്‍ ഞാന്‍ നന്നായി സുഖം പ്രാപിച്ചു വരുന്നു.
ഒരുപക്ഷേ എന്നെ സ്നേഹിക്കുന്ന എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമായിരിക്കും ഈ സംഭവം കൂടുതല്‍ ബാധിച്ചിട്ടുണ്ടാവുക. എന്നാല്‍, ആരോഗ്യത്തെ നമ്മള് എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന ഒരു ശക്തമായ കണ്ണുതുറപ്പിക്കലായിരുന്നു ഈ സംഭവം. ശരീരം ഒരു കടുത്ത മുന്നറിയിപ്പ് നല്കാന് തീരുമാനിക്കുന്നത് വരെ നമ്മള് നമ്മുടെ ശരീരത്തെ പരിധിവിട്ട് ബുദ്ധിമുട്ടിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തെ അവഗണിക്കുന്നു. വിശ്രമം മാറ്റിവയ്ക്കുന്നു. എന്നിട്ട് നമ്മള് 'സുഖമായിരിക്കുന്നു' എന്ന് സ്വയം വിശ്വസിപ്പിക്കുന്നു.
നമ്മളില്‍ പലരും ശരീരം തരുന്ന മുന്നറിയിപ്പ് ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയും. തലകറക്കം, മരവിപ്പ്, തലവേദന എന്നിവയെയൊന്നും കാര്യമാക്കുന്നില്ല. നമ്മള് അതിന് ക്ഷീണം, കാലാവസ്ഥ, അമിത ജോലി എന്നിങ്ങനെ എന്തെങ്കിലും കാരണം കണ്ടെത്തും. പക്ഷേ യഥാര്‍ഥ കാരണം തേടിപ്പോകില്ല. ഞാനും അങ്ങനെ ചെയ്തു. ശരീരം ഈ സിഗ്നലുകള്‍ തമാശയ്ക്ക് വേണ്ടി അയക്കുന്നതല്ലെന്ന് ഞാന്‍ പിന്നീടാണ് മനസ്സിലാക്കിയത്.
അതുകൊണ്ട് സ്നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നത് ഇതാണ്, ദയവായി നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക. പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണുക. നിങ്ങളുടെ ജീവിത കഥയിലെ ഒരു പശ്ചാത്തല കഥാപാത്രത്തെപ്പോലെ ആരോഗ്യത്തെ കണക്കാക്കരുത്. നിങ്ങളുടെ ആരോഗ്യമാണ് പ്രധാന കഥാപാത്രം; മറ്റെല്ലാം അതിനെ പിന്തുടരുന്നതാണ്. വിശ്രമം എന്നത് മടിയല്ല, അത് ശരീരത്തിന്റെ പരിപാലനമാണ്.
വെള്ളം കുടിക്കുക. ആവശ്യത്തിന് ഉറങ്ങുക. മനസ്സിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി സംസാരിക്കുക. അടുപ്പമുള്ള ആളുകളോടൊപ്പം സമയം ചെലവഴിക്കുക. ജീവിതം ഉറക്കെ ഓര്‍മ്മിപ്പിക്കുന്നത് വരെ കാത്തിരിക്കരുത്. എനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദിയുള്ളവനാണ് കൂടുതല്‍ ബാലന്‍സോടുകൂടി, സൗമ്യതയോടെ മുന്നോട്ട് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. സ്വന്തം കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. ജീവിതം അമൂല്യമാണ്.
