ധീരമായ കാല്‍ വെയ്പ്പുമായി ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്; ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് 'ലോക'

ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിന്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും വേഫേറര്‍ ഫിലിംസിനും കൂടിയാണ്.;

By :  Bivin
Update: 2025-08-30 08:15 GMT

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച 'ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര' ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തില്‍ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിന്റെ അതിരുകള്‍ താണ്ടി അഭിനന്ദനം നേടുമ്പോള്‍ പ്രേക്ഷകര്‍ കയ്യടിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും വേഫേറര്‍ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂര്‍ണതയില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിന്റെ കേന്ദ്രമായി നിര്‍ത്തിക്കൊണ്ട് ഇത്രയും വമ്പന്‍ കാന്‍വാസില്‍, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തില്‍ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു നിര്‍മ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീര്‍ഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോള്‍ മലയാള സിനിമ അതിന്റെ അതിരുകള്‍ ഭേദിച്ച് വളരുന്നതിന് വേഫേറര്‍ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്. ഇതിന് മുന്‍പും ഗംഭീര ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഈ ബാനര്‍ മലയാള സിനിമയുടെ വളര്‍ച്ചയിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ല് കൂടിയാണ് ലോകയിലൂടെ ഇപ്പൊള്‍ സ്ഥാപിച്ചിരിക്കുന്നത്. ലോക എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നടത്തിയ ധീരമായ ഈ കാല്‍ വെയ്പ്പ് ഇപ്പൊള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രം ആവുകയാണ്. ഒരു നടനെന്ന നിലയില്‍ മാത്രമല്ല, ഒരു നിര്‍മ്മാതാവ് എന്ന നിലയിലും മലയാള സിനിമക്ക് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കുന്ന സംഭാവന 'ലോക' ഇവിടെ കുറിക്കുന്ന ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടുമെന്ന് ഉറപ്പാണ്.

അതിനൊപ്പം തന്നെ എടുത്തു പറയേണ്ടത് ഡൊമിനിക് അരുണ്‍ എന്ന പേരാണ്. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന രീതിയില്‍ ഈ ചിത്രം അണിയിച്ചൊരുക്കാന്‍ ഒരു സംവിധായകന്‍ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും അദ്ദേഹത്തിന് സാധിച്ചു. ഇതൊരു മലയാള ചിത്രം തന്നെയാണോ എന്ന് തോന്നിക്കുന്ന രീതിയില്‍ ഞെട്ടിക്കുന്ന നിലവാരത്തില്‍ ദൃശ്യങ്ങള്‍ സമ്മാനിച്ച നിമിഷ് രവി എന്ന ഛായാഗ്രാഹകനും ലോകയുടെ കഥ നടക്കുന്ന രസകരവും മനോഹരവും രഹസ്യങ്ങള്‍ നിറഞ്ഞതുമായ ലോകം ഗംഭീരമായി ഒരുക്കിയെടുത്ത ബംഗ്ലാന്‍ എന്ന പ്രൊഡക്ഷന്‍ ഡിസൈനറും, ജിത്തു സെബാസ്‌റ്യന്‍ എന്ന കലാസംവിധായകനും ഈ ചിത്രത്തിന്റെ വിജയത്തില്‍ വഹിച്ച പങ്ക് മറക്കാന്‍ സാധിക്കാത്തതാണ്. ജേക്‌സ് ബിജോയ് എന്ന സംഗീത സംവിധായകന്‍ തന്റെ പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് നല്‍കിയ താളവും പ്രേക്ഷകര്‍ക്ക് നല്‍കിയ രോമാഞ്ചവും എടുത്ത് പറഞ്ഞു തന്നെ അഭിനന്ദിക്കപ്പെടേണ്ടതാണ്. ചമന്‍ ചാക്കോയുടെ കൃത്യതയാര്‍ന്ന എഡിറ്റിങ്ങും, യാനിക് ബെന്‍ ഒരുക്കിയ ത്രസിപ്പിക്കുന്ന ആക്ഷനും ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

കേരളത്തിന് അകത്തും പുറത്തും ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രം ബോക്‌സ് ഓഫീസിലും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ടൈറ്റില്‍ വേഷത്തില്‍ കല്യാണി പ്രിയദര്‍ശന്‍ കാഴ്ച വെക്കുന്ന പ്രകടനത്തിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇവര്‍ക്കൊപ്പം നസ്ലന്‍, സാന്‍ഡി, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, വിജയ രാഘവന്‍, ശരത് സഭ എന്നിവരും ചിത്രത്തിലെ അതിഥി താരങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നു. ഒന്നിലധികം ഭാഗങ്ങള്‍ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊള്‍ പ്രേക്ഷകരുടെ മനസ്സില്‍ പാകിയിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Domenic Arun
Naslin, Kalyani Priyadarshan
Posted By on30 Aug 2025 1:45 PM IST
ratings
Tags:    

Similar News