ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിച്ചെത്തുന്ന ആശകൾ ആയിരം നാളെ തിയേറ്ററിലേക്ക്
മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ 'ആശകൾ ആയിരം' വെള്ളിയാഴ്ച തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും
മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ 'ആശകൾ ആയിരം' വെള്ളിയാഴ്ച തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ഒന്നിച്ചപ്പോഴെല്ലാം മലയാളികൾക്ക് മറക്കാനാവാത്ത സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ അച്ഛൻ-മകൻ കൂട്ടുകെട്ട് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറും ട്രെയിലറും സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
‘കാന്താര'യിലെ വില്ലൻ വേഷത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കയ്യടി നേടിയ ജയറാം, തന്റെ തട്ടകമായ ഫാമിലി എന്റർടെയ്‌നറിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പക്വതയാർന്ന അഭിനയത്തിലൂടെയും ശ്രദ്ധേയനായ കാളിദാസ്, ഉത്തരവാദിത്തങ്ങളില്ലാത്ത സിനിമ മോഹിയായ മകനായാണ് ചിത്രത്തിൽ എത്തുന്നത്.
‘ഒരു വടക്കൻ സെൽഫി’ക്ക് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ക്ക് ശേഷം ജയറാമും കാളിദാസും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണിത്. ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.