മാധുരിയെ ചുംബിക്കാൻ ബ്രാണ്ടി ഷോട്ടുകളെ ആശ്രയിച്ച ജാക്കി,
ജാക്കിയും മറ്റൊരു നായകനായ അനിൽ കപൂറും ചേർന്ന് ഒരു മൂലയിലിരുന്ന് തന്റെ അഭിനയം നോക്കിയതെങ്ങനെയെന്നും അവർ വിവരിച്ചു
ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 4-ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ അഭിനേതാക്കളായ മാധുരി ദീക്ഷിത്തും ജാക്കി ഷ്‌റോഫുമാണ് പങ്കെടുത്തത്. അവതാരകനായ കപിൽ ശർമ്മയുമായുള്ള സംഭാഷണത്തിനിടെ, ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ മനോഹരമായ ഓർമകളൊരുപാട് പങ്കുവെച്ചു.ജാക്കിയെ ആദ്യമായി കണ്ട സന്ദർഭവും മാധുരി ഓർത്തെടുത്തു. കർമ എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നുവത്. അന്ന് ജാക്കിയും മറ്റൊരു നായകനായ അനിൽ കപൂറും ചേർന്ന് ഒരു മൂലയിലിരുന്ന് തന്റെ അഭിനയം നോക്കിയതെങ്ങനെയെന്നും അവർ വിവരിച്ചു. ''കർമയുടെ സെറ്റിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഞാൻ സിനിമയിൽ ഒരു ചെറിയ ഗാനം ചെയ്യുകയായിരുന്നു. ജഗ്ഗു ദാദ (ജാക്കി), അനിൽജി എന്നിവർ അവിടെ ഉണ്ടായിരുന്നു. ഇരുവരും ഒരു മൂലയിൽ നിന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാൻ സിനിമയിൽ വളരെ പുതിയ ആളായിരുന്നു, അതിനാൽ ഞാൻ ഏറെ പരിഭ്രാന്തയായിരുന്നു. എനിക്ക് സിനിമയിൽ ഒരു ചെറിയ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ആ ഗാനമായിരുന്നു, ജഗ്ഗു ദാദയും ശ്രീദേവിയും ആ ഗാനം കാണുകയും അതിൽ സ്വയം സങ്കൽപ്പിക്കുകയും ചെയ്യുന്നതാണ് സീൻ''.
നിഷ്‌കളങ്കൻ, സൗമ്യമായ സ്വഭാവമുള്ളയാൾ എന്നാണ് ജാക്കിയെ മാധുരി വിശേഷിപ്പിച്ചത്. തങ്ങൾ അഭിനയിച്ച സിനിമകളിൽ മാധുരിയോടൊപ്പം പ്രണയ രംഗങ്ങൾ അവതരിപ്പിക്കുമ്പോൾ തനിക്കേറെ ലജ്ജയും നാണവും തോന്നിയിരുന്നുവെന്നും ജാക്കി ഓർമിച്ചു.
മാധുരിയോടൊപ്പം നൃത്തം ചെയ്യാൻ തനിക്കൊരിക്കലും പരിഭ്രാന്തി തോന്നിയിട്ടില്ലെന്നും, കാരണം എല്ലാവരും തന്നെ നോക്കുന്നതിനു പകരം മാധുരിയെ മാത്രമേ നോക്കൂ എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ജാക്കി പറയുന്നു.മാധുരി ദീക്ഷിത്തിനൊപ്പം ചുംബനരംഗങ്ങൾ ചിത്രീകരിക്കുമ്പോൾ തനിക്ക് ലജ്ജ തോന്നിയതായി മുമ്പും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. അത്തരം സീനുകൾ ചെയ്യുമ്പോൾ ധൈര്യത്തിനായി ബ്രാണ്ടി ഷോട്ടുകളെ ആശ്രയിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഖൽനായക്, ദേവ്ദാസ്, കർമ, തേസാബ്, പ്രേം ദീവാനെ, രാം ലഖൻ, പരിന്ദ തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ജാക്കിയും മാധുരിയും.