ബലാൽത്സംഗ വാർത്ത വായിക്കുമ്പോൾ അത് എന്നെ ശരിക്കും ഭയപ്പെടുത്താറുണ്ട് എന്നാൽ അത്തരം രംഗങ്ങൾ അഭിനയിക്കുമ്പോൾ ഭയം തോന്നാറില്ല

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ നടിയാണ് കനി കുസൃതി

Update: 2026-02-26 08:38 GMT

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ ബോളിവുഡിൽ തന്‍റെ അഭിനയ മികവ് തെളിയിക്കുകയാണ് താരം. അനുഭവ് സിൻഹയുടെ അസി എന്ന ചിത്രത്തിലൂടെയാണ് കനി ഹിന്ദി സിനിമയിലേക്ക് ചുവടുവെച്ചത്. ന്യൂഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ പരിമ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

മോളിവുഡിൽ നിന്നും ബോളിവുഡിൽ എത്തിയ നടി തന്‍റെ ആദ്യ നാളുകളെ കുറിച്ചും, ഹിന്ദി സിനിമ സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചതിനെകുറിച്ചും സ്‌ക്രീനിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കേരളത്തിൽ വുമൺ ഇൻ സിനിമ കലക്ടീവ് രൂപീകരിച്ചതിനുശേഷം സിനിമ സെറ്റുകൾ കൂടുതൽ സുരക്ഷിതമായോ എന്ന ചോദ്യത്തിനും കനി പ്രതികരിച്ചു.

'കേരളത്തിൽ ഒരു മാറ്റം എനിക്ക് കാണാൻ കഴിയുന്നുണ്ട്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയുടെ സെറ്റിലേക്ക് പോയാൽ വളരെ കുറച്ച് സ്ത്രീ അഭിനേതാക്കളാവും ഉണ്ടാവുക. എന്നാൽ കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ മുംബൈയിൽ സെറ്റിൽ കൂടുതൽ സ്ത്രീകൾ ഉള്ളതായി കാണാറുണ്ട്. കേരളത്തിൽ പലപ്പോഴും ഏതെങ്കിലും ഒരു വനിതാ അസിസ്റ്റന്റ് ഡയറക്ടറെ മാത്രമേ നിങ്ങൾക്ക് സെറ്റിൽ കാണാൻ സാധിക്കുകയുള്ളൂ. അതുപോലും വളരെ അടുത്ത കാലത്താണ് ഉണ്ടായത്. മുമ്പ് അവർക്ക് ശമ്പളം ലഭിക്കുകയോ സെറ്റിൽ വാഷ്‌റൂം സൗകര്യങ്ങൾ പോലും ലഭിക്കുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇന്ന് വുമൺ ഇൻ സിനിമ കലക്ടീവ് ഉള്ളതിനാൽ ആളുകൾ അവരുടെ അവകാശത്തിനായി സംസാരിക്കുന്നു. അത് പലർക്കും അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനുള്ള സംരക്ഷണവും നൽകുന്നു' കനി കുസൃതി പറഞ്ഞു.അസിയിലെ ചില രംഗങ്ങൾ ബുദ്ധിമുട്ടാക്കിയിരുന്നോ എന്ന ചോദ്യത്തിന്, തന്നെക്കാൾ തന്‍റെ സഹ താരങ്ങൾക്ക് അത് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് താരം പറഞ്ഞു. 'ഒരുപക്ഷേ എന്നെക്കാൾ ബുദ്ധിമുട്ടിയത് എന്‍റെ സഹ താരങ്ങളാണ്. എനിക്ക് ഒരു ക്ലിനിക്കൽ സമീപനമുണ്ട്. എന്റെ ശരീരത്തിൽ ഞാൻ വളരെ കംഫർട്ടബിൾ ആണ്. യഥാർത്ഥത്തിൽ അങ്ങനെ ഒരു ബലാൽത്സംഗ വാർത്ത വായിക്കുമ്പോൾ അത് എന്നെ ശരിക്കും ഭയപ്പെടുത്താറുണ്ട്. എന്നാൽ അത് ഫിക്ഷനാകുമ്പോൾ ഞാൻ അതിനെ ആ സെൻസിലാണ് സമീപിക്കുന്നത്' നടി കൂട്ടിച്ചേർത്തു.ഹിന്ദി അറിയില്ല എന്ന കാരണത്താൽ തന്നെ ഈ സിനിമക്കുവേണ്ടി തെരഞ്ഞെടുക്കരുതെന്ന് സംവിധായകനോട് പറഞ്ഞതായി കനി പറയുന്നു. 'എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ല. ചിത്രത്തിലെ എല്ലാ ഭാഗങ്ങളും എനിക്ക് ചെയ്യാൻ കഴിയണമെന്നില്ല. ദയവായി എന്നെ കാസ്റ്റ് ചെയ്യരുത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അനുഭവ് 'അസി'ലെ എന്റെ കഥാപാത്രത്തെ കേരളത്തിൽ നിന്നുള്ള സ്ത്രീയാക്കിമാറ്റുകയായിരുന്നു. അല്ലെങ്കിൽ അത് ഒരുപക്ഷെ വടക്കേ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നിന്നോ അല്ലെങ്കിൽ ഡൽഹിയിൽ നിന്നോ ആകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. എനിക്ക് വരികൾ പോലും പഠിക്കാൻ കഴിയില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവ മനസ്സിലാക്കാൻ പോലും എനിക്ക് വളരെയധികം സമയമെടുക്കും. സംസ്കാരത്തിലും മറ്റ് പല കാര്യങ്ങളിലും ഞാൻ ഒരു തനി മലയാളിയാണ്. ഞാൻ ഇപ്പോഴും മലയാളത്തിലാണ് ചിന്തിക്കുന്നത്. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ പോലും ഞാൻ ആദ്യം മലയാളത്തിൽ ചിന്തിച്ചാണ് വിവർത്തനം ചെയ്യുന്നത്' കനി കുസൃതി പറഞ്ഞു

Similar News