മുൻ കാമുകിയുമായി അക്ഷയ് കുമാറിന്റെ കോമഡി ത്രില്ലർ ആക്ഷൻ ചിത്രം വെൽക്കം ടു ദ ജംഗിൾ

മുൻ കാമുകനായ അക്ഷയ് കുമാറുമായും, അദ്ദേഹത്തിന്റെ മുൻ കാമുകി ശില്പ ഷെട്ടിയുമായും ഇപ്പോഴും താൻ സൗഹൃദത്തിലാണെന്ന് രവീണ ടണ്ടൻ വെളിപ്പെടുത്തി

Update: 2026-02-20 05:18 GMT

ബോളിവുഡ് കാത്തിരിക്കുന്ന വമ്പൻ ചിത്രം 'വെൽക്കം ടു ദി ജംഗിളിന്റെ' ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്. അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന ഈ അഡ്വഞ്ചർ കോമഡി ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. എന്നാൽ പ്രേക്ഷകർ ഉറ്റുനോക്കുന്നത് വർഷങ്ങൾക്കുശേഷം രവീണയും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്നതിലാണ്. തൊണ്ണൂറുകളിൽ വെള്ളിത്തിരയിലെ ഹിറ്റ് ജോഡികളായിരുന്ന ഇവർ ഒരു കാലത്ത് പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം വരെ എത്തിയ ബന്ധം പിന്നീട് വേർപിരിഞ്ഞെങ്കിലും, നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത് ആരാധകർക്ക് ആവേശം പകരുന്ന വാർത്തയാണ്.അക്ഷയ് കുമാറിനെ കുറിച്ച് രവീണ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മുൻ കാമുകനായ അക്ഷയ് കുമാറുമായും, അദ്ദേഹത്തിന്റെ മുൻ കാമുകി ശില്പ ഷെട്ടിയുമായും ഇപ്പോഴും താൻ സൗഹൃദത്തിലാണെന്ന് രവീണ ടണ്ടൻ വെളിപ്പെടുത്തി.

തങ്ങളെല്ലാവരും ഇപ്പോൾ സുഹൃത്തുക്കളാണെന്നും പഴയ കാര്യങ്ങൾ ഓർത്ത് ചിരിക്കാറുണ്ടെന്നും രവീണ പറഞ്ഞു. "ഞങ്ങൾ അന്ന് ചെറുപ്പമായിരുന്നു. ഒരേ ഇൻഡസ്ട്രിയിൽ ഉള്ളവരാണ്. പ്രണയവും തകർച്ചകളും എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്," രവീണ കൂട്ടിച്ചേർത്തു. അക്ഷയ് കുമാറും ശില്പ ഷെട്ടിയും താനും ഇപ്പോൾ സ്വന്തം കുടുംബങ്ങളുമായി സന്തോഷത്തോടെ കഴിയുകയാണെന്നും രവീണ പറഞ്ഞു. വിവാഹനിശ്ചയം മുടങ്ങിയെങ്കിലും താനും അക്ഷയ് കുമാറും എപ്പോഴും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് രവീണ വ്യക്തമാക്കി. 'വെൽക്കം 3' സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ച അവർ, സുനിൽ ഷെട്ടി, സഞ്ജയ് ദത്ത്, സണ്ണി ഡിയോൾ തുടങ്ങിയ പഴയ സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുന്നത് വലിയ സന്തോഷമാണെന്നും പറഞ്ഞു.തന്റെ സഹപ്രവർത്തകർ തന്നോട് വളരെ കരുതലുള്ളവരായിരുന്നുവെന്ന് രവീണ വെളിപ്പെടുത്തി. തന്നോട് മോശമായി പെരുമാറാൻ ശ്രമിച്ചവരെ അക്ഷയ് കുമാർ, സഞ്ജയ് ദത്ത്, സൽമാൻ ഖാൻ, സണ്ണി ഡിയോൾ എന്നിവർ അടിച്ചിട്ടുണ്ടെന്നും ഒരു കുടുംബം പോലെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും രവീണ ഓർത്തു.

അഹമ്മദ് ഖാൻ സംവിധാനം ചെയ്യുന്ന 'വെൽക്കം ടു ദി ജംഗിൾ' ജൂൺ 26-ന് തീയേറ്ററുകളിൽ എത്തും.

Similar News