യാര് ഹീറോ 47 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; രജനിയും കമലും ഒന്നിക്കുന്നു; കിടിലന്‍ പ്രൊമോ പുറത്ത്
രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലര്‍' എന്ന മെഗാ ഹിറ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
പലരും രഹസ്യമായി പറഞ്ഞ ആ വാര്‍ത്ത ഇനി പരസ്യം. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആ വാര്‍ത്ത ഔദ്യോഗികമായി പുറത്ത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിസ്മയങ്ങളായ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നീണ്ട 47 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. 'കെഎച്ച് * ആര്‍കെ ' എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്റ് മൂവീസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സിനിമയുടെ വരവറിയിച്ച് കിടിലന്‍ പ്രൊമോ വീഡിയോയും പുറത്തിറങ്ങി. യാര് ഹീറോ! എന്ന ഡയലോഗ് ആണ് വീഡിയോയിലെ ഹൈലൈറ്റ്.
1970-കളില്‍ ഒട്ടനവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും. 1979-ല്‍ പുറത്തിറങ്ങിയ 'അലാവുദ്ദീനും അത്ഭുതവിളക്കും' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി മുഴുനീള വേഷങ്ങളില്‍ ഒന്നിച്ചെത്തിയത്. ഏകദേശം അരനൂറ്റാണ്ടിന് ശേഷമുള്ള ഈ തിരിച്ചുവരവ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.
രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലര്‍' എന്ന മെഗാ ഹിറ്റിന് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുന്‍നിര സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഇതോടെ 'ജയിലര്‍' ടീമും കമല്‍ഹാസനും ഒന്നിക്കുമ്പോള്‍ വലിയൊരു സിനിമാ വിരുന്ന് തന്നെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.
'രജനീകാന്ത് സാറിനെയും കമല്‍ഹാസന്‍ സാറിനെയും ഈ ചിത്രത്തിനായി ഒരുമിച്ച് കൊണ്ടുവരാന്‍ സാധിച്ചത് റെഡ് ജയന്റ് മൂവീസിനെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്. 47 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ പുനഃസമാഗമത്തിന് വേദിയൊരുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അതീവ കൃതാര്‍ത്ഥരും അഭിമാനമുള്ളവരുമാണ്. ഇന്ത്യന്‍ സിനിമയിലെ വൈകാരികവും ചരിത്രപരവുമായ ഈ നിമിഷത്തെ ഏറ്റവും മികച്ച രീതിയില്‍ സ്‌ക്രീനില്‍ എത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' എന്ന് റെഡ് ജയന്റ് നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ പ്രതികരിച്ചു. സിനിമയുടെ കൂടുതല്‍ വിവരങ്ങളും ഔദ്യോഗിക നാമവും വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പിആര്‍ഒ: ആതിര ദില്‍ജിത്ത്.