മനസിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് മമ്മൂട്ടി
മമ്മൂട്ടിക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീകുമാരൻ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. മനസിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിക്കാത്ത വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം സിനിമയിൽ മാത്രമേ അഭിനയിക്കുകയുള്ളൂ ജീവിതത്തിൽ അഭിനയിക്കാറില്ലെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.
ഓൺലൈൻ മാധ്യമങ്ങളെയും അദ്ദേഹം പോസ്റ്റിലൂടെ വിമർശിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് ഇന്നത്തെ റീൽസ് സംസ്കാരമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണങ്ങൾ ഉണ്ടായത്. പിന്നീട് മമ്മൂട്ടി റഫീഖിനെ വിളിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം അപമാനിക്കുന്ന നിലയിൽ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പിന്നീട് റഫീഖ് പ്രതികരിച്ചു.
