വർഷങ്ങൾക്കുശേഷം സേനാപതി തിരിച്ചെത്തുന്നു

തമിഴ് സിനിമ ചരിത്രത്തിൽ എക്കാലവും കുറിച്ചിടാൻ കഴിയുന്ന കഥാപാത്രമായി ഇന്ത്യൻ.

28 വർഷങ്ങൾക്കിപ്പുറം സേനാപതി തിരികെയെത്തുന്നു . തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ എക്കാലവും കുറിച്ചിടാൻ കഴിയുന്ന കഥാപാത്രവും സിനിമയുമായിരുന്നു ഇന്ത്യൻ. അതിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ സിനിമാപ്രേമികളും ഏറെ ആകാംഷയിലായിരിക്കുമല്ലോ. ആ ആകാംഷയുടെ ഭാരവും പേറിക്കൊണ്ട് തന്നെയാണ് ഇന്ത്യൻ 2 എത്തിയിരിക്കുന്നത്.

'ഇന്ത്യന്ക്ക് സാവേ കെടയാത്... എങ്ക തപ്പ് നടന്താലും നാന് വരുവേ...' എന്ന് പറഞ്ഞുകൊണ്ടാണല്ലോ സേനാപതി അന്ന് പോയത്. അയാൾക്ക് തിരിച്ചുവരാനുള്ള എല്ലാ വാതിലുകളും തുറന്നുവച്ചിരിക്കുന്ന ഇന്ത്യ കാണിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അഴിമതികളും അനീതികളും ഒട്ടും കുറയാതെ നമ്മുടെ രാജ്യത്ത് തുടരുമ്പോൾ അതിനെതിരെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ നാല് സുഹൃത്തുക്കൾ പോരാടുകയാണ്. എന്നാൽ അവരുടെ പോരാട്ടങ്ങൾ കൊണ്ടും ഒന്നും സംഭവിക്കുന്നില്ല എന്ന തിരിച്ചറിവിൽ, അവർ ഒരു ഹണ്ടിങ് ഡോഗിനെ തേടുന്നു. അങ്ങനെ അവർ #ComeBackIndian എന്ന ഹാഷ്ടാഗിലൂടെ സേനാപതിയെ തിരിച്ചുകൊണ്ടുവരുന്നു.

എന്നാൽ തിരിച്ചെത്തുന്ന സേനാപതി ആദ്യം തന്റെ രാജ്യത്തോട് ആവശ്യപ്പെടുന്നത് തിരുത്തലുകൾ സ്വന്തം കുടുംബങ്ങളിൽ നിന്ന് ആരംഭിക്കുവാനാണ്. ആ വാക്കുകൾ കേട്ട ആ ചെറുപ്പക്കാർ തങ്ങളുടെ കുടുംബങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ ആരംഭിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ പറയുന്നത്.


രൂപം കൊണ്ടും ഭാവങ്ങൾ കൊണ്ടും രണ്ടാം വരവിലും സേനാപതിയായി നിറഞ്ഞു നിൽക്കുകയാണ് കമൽഹാസൻ. 100 വയസ്സിന് മുകളിൽ പ്രായമുള്ള സേനാപതിക്ക് ആ പഴയ സേനാപതിയുടെ ചുറുചുറുക്കുണ്ട്, അതോടൊപ്പം പ്രായത്തിന്റേതായ അവശതകളും. നായകതുല്യമായ കഥാപാത്രമാണ് സിദ്ധാർത്ഥിന് സിനിമയിൽ ലഭിച്ചിരിക്കുന്നത്. ബോബി സിംഹ, സമുദ്രക്കനി, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ തുടങ്ങിയവരും നല്ല പ്രകടനങ്ങൾ തന്നെ കാഴ്ചവെച്ചിരിക്കുന്നു.

എടുത്തുപറയേണ്ടത് നെടുമുടി വേണുവിനെ സ്ക്രീനിൽ ആദ്യമായി കാണിക്കുന്ന നിമിഷമാണ്. ആ നിമിഷം തിയേറ്ററിൽ ഉണ്ടാകുന്ന കയ്യടി പറയും അദ്ദേഹം ഓരോ മലയാളിക്കും എത്രത്തോളം പ്രിയങ്കരനാണെന്ന്. വിവേക്, മനോബാല എന്നിവരെയും വീണ്ടും സ്ക്രീനിൽ കാണുമ്പോൾ അതും ഏവർക്കും ചെറിയ നൊമ്പരമാകുമെന്നുറപ്പ്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story