പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ പരിഹസിച്ച് നടന്‍ ഗോപന്‍ മാങ്ങാട്ട്.

എസ്.എഫ്.ഐ പാരമ്പര്യം അവിടെ വിളിച്ചുപറഞ്ഞ് വെറുതെ തല്ലിന്റെ എണ്ണം കൂട്ടേണ്ടതില്ല’ എന്ന പരിഹാസത്തോടെയാണ് കുറിപ്പ്.

യുവ നടിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ പരിഹസിച്ച് നടന്‍ ഗോപന്‍ മാങ്ങാട്ട്. രഞ്‍ജിത്തിനെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ പൊലിസ് എന്ത് നടപടിയാണ് കൈക്കൊള്ളുക എന്നത് പി.ടി കുഞ്ഞുമുഹമ്മദിന്റെ കാര്യത്തിലൂടെ വ്യക്തമായതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. നീതി നടപ്പിലാക്കുന്നതിലെ കാലതാമസത്തെയും സ്വാധീനങ്ങളെയും പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്‌ട്രീയ സമരത്തിൽ പങ്കെടുത്തതിന് 2002 ൽ കുറച്ചു ദിവസം എറണാകുളം സബ്ജയിലില്‍ കിടന്ന പരിചയം വച്ച് അവിടുത്തെ സാഹചര്യങ്ങളും രീതികളും കടന്നുകൂടാന്‍ അത്ര എളുപ്പമല്ല എന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്ഭരണപക്ഷത്തോടുള്ള അടുപ്പം കൊണ്ട് രക്ഷപ്പെടാം എന്ന് കരുതേണ്ടതില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. ‘1976 മുതലുള്ള തന്റെ എസ്.എഫ്.ഐ പാരമ്പര്യം അവിടെ വിളിച്ചുപറഞ്ഞ് വെറുതെ തല്ലിന്റെ എണ്ണം കൂട്ടേണ്ടതില്ല’ എന്ന പരിഹാസത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം; ‘തിരഞ്ഞെടുപ്പടുക്കുമ്പോൾ തന്നെ ഭരണവിരുദ്ധ വികാരമുണ്ടോ ഇല്ലയോ? ഭരണമാറ്റം സംഭവിക്കുമോ? ഭരണപക്ഷം പ്രതിപക്ഷമാകുമോ? പ്രതിപക്ഷം ഭരണപക്ഷമാകുമോ എന്നെല്ലാം അറിയുവാൻ ഇന്‍റലിജന്‍സ് സംവിധാനമുള്ളതുകൊണ്ട് ഭരണതലത്തിലെ പൊലീസ് വൃന്ദത്തിനാകും. അതുകൊണ്ടുതന്നെ പൊലീസിന്‍റെ പ്രവർത്തികൾ നിരീക്ഷിച്ചാലറിയാം എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന്.

സംവിധായകൻ രഞ്ജിത്തിനെതിരെ ആദ്യമായല്ല സ്ത്രീ വിഷയ സംബന്ധിയായി പരാതി ഉയരുന്നത്. ഭരണകക്ഷിയോടൊട്ടി നിൽക്കുന്നതുകൊണ്ടും അതിൻ്റെ ഭാഗമായതുകൊണ്ടും ഇത്തരക്കാർക്കെതിരെ പൊലീസ് എന്ത് നിലപാടാണ് ആ സമയങ്ങളിൽ കൈക്കോള്ളുക എന്നത് സംവിധായകൻ പി.ടി കുഞ്ഞുമുഹമ്മദിൻ്റെ കേസിലടക്കം കേരളം കണ്ടതാണ്.

തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് പുതിയതും നിലവിൽ അവസാനത്തേതുമായ പരാതി ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മുൻകാല സമീപനമല്ല പൊലീസിൽ നിന്നും ഈ കേസിൽ കാണാൻ കഴിയുന്നത്. പഴുതടച്ച് കുറ്റാരോപിതനെ പൊക്കി. അതും എവിടുന്ന്? ചാനൽ ഭാഷയിൽ പറഞ്ഞാൽ ഭരണകക്ഷിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുവാൻ പോകും വഴി.

ഇതിനുമാത്രം ധൈര്യം പൊലീസിന് വരണമെങ്കിൽ പൊലീസിനറിയാം നിലവിലെ സംവിധാനം മറിയാൻ പോവുകയാണെന്ന്. ഇനിയെന്തിന് വേറൊരു Pre Poll & Exit Poll.

രാഷ്‌ട്രീയ സമരത്തിൽ പങ്കെടുത്തതിന് 2002-ൽ കുറച്ചു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നതിൻ്റെ മുന്നനുഭവം വച്ച് ചില മുന്നറിയിപ്പുകൾ തരാം: ഈ സബ് ജയിൽ വളരെ ശോകമാണ്. 7 പേർ കിടക്കേണ്ട സെല്ലിൽ 20 ൽ കൂടുതലാളുണ്ടാകും. ഏതാണ്ടെല്ലാവരും നല്ല കിണ്ണം കാച്ചിയ ക്രിമിനലുകളായിരിക്കും. ചൂട് & കൊതുക് ആഹാ. കഞ്ചാവും ബീഡിപ്പുകയും ശ്വസിച്ച് തല ചെകിടിക്കും. രാവിലെയും വൈകീട്ടും അര മണിക്കൂർ മാത്രം സെല്ലിന് പുറത്തിറക്കും. ശുചിമുറികൾക്ക് വാതിൽ ഉള്ളതും ഇല്ലാത്തതും കണക്കാണ്. കയറിച്ചെല്ലുമ്പോൾ സ്വാഗതമോതി തെറിവിളിയും നടയടിയും ഉറപ്പ്.


രാഷ്‌ട്രീയ തടവുകാരായത് കൊണ്ട് ഞങ്ങളെ തെറി വിളിയിൽ മാത്രം ഒതുക്കി. പക്ഷെ പെണ്ണ് കേസിൽ ഈ ഔദാര്യം കിട്ടുമോ എന്തോ? എന്തായാലും 76 മുതലുള്ള എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിൻ്റെ എണ്ണം കൂട്ടണ്ട. പിന്നെ ആശ്വാസമെന്നത് അന്നത്തെ ഗോതമ്പ് ഉണ്ട ഇപ്പൊ പരത്തി ചപ്പാത്തിയാക്കിയുണ്ട്. ലാല്‍ സലാം.’

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാല്‍ ഇത് കള്ളക്കേസാണെന്നും തന്നെ തകര്‍ക്കാനുളള ശ്രമമെന്നുമായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. .

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story