അങ്ങനെയുള്ളവര്‍ മരിക്കുമ്പോള്‍ മക്കള്‍ ഇങ്ങനെ പൊട്ടിക്കരയും; ഹരീഷ് പേരടിയുടെ കുറിപ്പ്

Actor Hareesh Peradi about Sreenivasan's death

അച്ഛന്റെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും എല്ലാവരുടെയും കണ്ണുനനയിച്ചു. സ്വത:സിദ്ധമായ കൗണ്ടറുകളിലൂടെ പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിന് തീകൊളുത്തുന്ന ധ്യാന്‍ അച്ഛന്റെ മൃതശരീരത്തിനരികിലിരുന്ന കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. ഈ മക്കളുടെ പൊട്ടിക്കരച്ചിലില്‍ വലിയ രാഷ്ട്രീയമുണ്ടെന്നും ഒരു അച്ഛന്‍ മക്കള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയമാണിതെന്നും ഹരീഷ് പേരടി കുറിച്ചു.

ഈ മക്കളുടെ പൊട്ടികരച്ചിലില്‍ വലിയ രാഷ്ട്രീയമുണ്ട്. ഒരു അച്ഛന്‍ മക്കള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം. ജീവിക്കുന്ന കാലത്ത് മക്കളെ തന്റെ ഇഷ്ടങ്ങളുടെ അടിമകളാക്കാതെ. തന്നോട് തര്‍ക്കിക്കാനും വിയോജിക്കാനും പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന രാഷ്ട്രിയം. അങ്ങിനെയുള്ളവര്‍ മരിക്കുമ്പോള്‍ സ്വാതന്ത്ര്യം രുചിച്ച മക്കള്‍ ഇങ്ങിനെ പൊട്ടിക്കരയും.

ക്വീറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത, എനിക്ക് രാഷ്ട്രിയം പറഞ്ഞ് തര്‍ക്കിക്കാന്‍ അവസരം തന്ന, എന്നെക്കാള്‍ 46 വയസ്സ് വ്യത്യാസമുള്ള എന്റെ അച്ഛന്‍ എന്റെ ഇരുപതാമത്തെ വയസ്സില്‍ മരിക്കുമ്പോള്‍ ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞിരുന്നു. ഇഷ്ടപ്പെട്ട നാടകം കളിച്ച് ജീവിക്കാന്‍ കാവല്‍ നിന്ന. ഒരു വരുമാനവുമില്ലാത്ത കാലത്ത് അന്യജാതിയില്‍പ്പെട്ട ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കൈയും പിടിച്ച് വീട്ടിലേക്ക് കയറി വരുമ്പോള്‍ അവളെ വിളക്കും താലവും എടുത്ത് കെട്ടിപിടിച്ച് സ്വീകരിച്ച എന്റെ അമ്മ മരിച്ചപ്പോള്‍ ഞാന്‍ കുളൂര്‍ മാഷേയും മധുമാഷേയും സുധാകരേട്ടനേയും കെട്ടിപിടിച്ച് ആര്‍ത്താര്‍ത്ത് കരഞ്ഞിരുന്നു. ആ സ്വാതന്ത്ര്യത്തിന്റെ കണ്ണീരാണ് നമ്മുടെ ജീവിതത്തിന്റെ വേരുകള്‍ക്ക് ആത്മ ബലം നല്‍കുന്നത്. ഉറക്കെ കരയുക. സ്വതന്ത്രരാവുക.

Related Articles
Next Story