ഗജിനിയില്‍ സൂര്യയ്ക്ക് ഇടമില്ലായിരുന്നു: വെളിപ്പെടുത്തി: എ.ആര്‍ മുരുഗദോസ്
'അജിത്കുമാറിനെ വെച്ചാണ് ഗജിനി തുടങ്ങിയത് എന്നാല്‍ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു.

താന്‍ സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം ആദ്യം ചെയ്യേണ്ടിയിരുന്നത് അജിത് കുമാറായിരുന്നുവെന്ന് സംവിധായകന്‍ എ.ആര്‍ മുരുഗദോസ്. അജിത്തിനെ വെച്ച് ചിത്രം രണ്ട് ദിവസത്തോളം ഷൂട്ട് ചെയ്യുകയും ചെയ്തിരുന്നുവെന്നും മുരുഗദോസ് പറയുന്നു. ശിവകാര്‍ത്തികേയനെ നായകനാക്കി മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസിയുടെ പ്രമോഷണല്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'അജിത്കുമാറിനെ വെച്ചാണ് ഗജിനി തുടങ്ങിയത് എന്നാല്‍ മറ്റ് ചില ചിത്രങ്ങളും അദ്ദേഹത്തിന് ഒരേ സമയം ചെയ്യേണ്ടിയിരുന്നു. ആര്യ അഭിനയിച്ച നാന്‍ കടവുള്‍ എന്ന ചിത്രം ആദ്യമായി ചെയേണ്ടിയിരുന്നത് അജിത്കുമാറായിരുന്നു. അതിനായി അദ്ദേഹം മുടി വളര്‍ത്തിക്കൊണ്ടിരുന്ന സമയമായതിനാല്‍ ഗജിനിക്ക് വേണ്ടി തല മൊട്ടയടിക്കാന്‍ സാധ്യമല്ലായിരുന്നു. അതാണ് പ്രധാന കാരണം. എന്നാല്‍ നോര്‍മല്‍ ലുക്കിലുള്ള സഞ്ജയ് രാമസ്വാമിയെന്ന കഥാപാത്രമായി അദ്ദേഹം രണ്ട് ദിവസം അഭിനയിച്ച ഫുട്ടേജ് ഞാനിപ്പോഴും സൂക്ഷിച്ചിട്ടുണ്ട്'' എ.ആര്‍ മുരുഗദോസ് പറയുന്നു.
അന്ന് ആ ചിത്രം നടക്കാതെ താമസം നേരിട്ടതിനാല്‍ പിനീട് തിരക്കഥയില്‍ വീണ്ടും കുറയെ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും ഒരു തരത്തില്‍ അത് ചിത്രത്തിന് ഗുണമേകിയെന്നും അദ്ദേഹം പറഞ്ഞു. എ.ആര്‍ മുരുഗദോസിന്റെ ആദ്യ ചിത്രമായ 'ദീന'യിലും അജിത്കുമാര്‍ ആയിരുന്നു നായകന്‍. ദീനയുടെ വമ്പന്‍ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയോടെ 'മിറട്ടല്‍' എന്ന പേരിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഇതിനായി ഷൂട്ട് ചെയ്ത പ്രത്യേക പ്രമോഷണല്‍ പോസ്റ്ററുകള്‍ ഇപ്പോഴും ഇന്റര്‍നെറ്റില്‍ കാണാന്‍ സാധിക്കും.
2006ല്‍ റിലീസ് ചെയ്ത ഗജിനി സൂര്യയുടെ കരിയറില്‍ വഴിത്തിരിവായ ചിത്രമായി മാറിയിരുന്നു. അസിന്‍ നായികയായ ചിത്രത്തിലെ ഹാരിസ് ജയരാജ് ഈമിട്ട ഗാനങ്ങളെല്ലാം മെഗാ ഹിറ്റുകളായി മാറി. ചിത്രത്തിന്റെ വമ്പന്‍ വിജയം ഗജിനി ഹിന്ദിയിലേക്ക് ആമിര്‍ ഖാനെ വെച്ച് റീമേക്ക് ചെയ്യാനും എ.ആര്‍ മുരുഗദോസിന്റെ പ്രേരിപ്പിച്ചു.