ഇത്രയൊക്കെ അനുഭവിച്ചിട്ടും ഒട്ടും മാനസാന്തരം വന്നിട്ടില്ല, ദിലീപ് ഒരല്പം 'ഭഭബ' കാട്ടിയിരുന്നെങ്കില്‍!

Alleppey Ashraf flays Dileep


നടന്‍ ദിലീപിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. കോടതി വിധി കേട്ട ശേഷം പുറത്തുവന്ന ദിലീപിന്റെ പ്രതികരണത്തെയാണ് ആലപ്പി അഷ്‌റഫ് വിമര്‍ശിക്കുന്നത്. ആര്‍ക്കെങ്കിലും ദിലീപിനോടുണ്ടായിരുന്ന സ്‌നേഹം ആ പ്രതികരണത്തോടെ പൂര്‍ണമായും ഇല്ലാതായെന്നും ആലപ്പി അഷ്‌റഫ് പറയുന്നു. സിനിമാപ്രേമികള്‍ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്‌നേഹിച്ചിരുന്ന ഒരു നടനെ വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അവസ്ഥയാണ് ഇതെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍:

ചില ഇടങ്ങളില്‍ മൗനമാണ് ഏറ്റവും നല്ലത്. മൗനം പാലിച്ചതിന്റെ പേരില്‍ ഒരിക്കലും ഖേദിക്കേണ്ടിവരില്ല. പക്ഷേ സംസാരിച്ചതിന്റെ പേരില്‍ ഖേദിച്ചെന്ന് വരാം. മൗനം പലപ്പോഴും ബലമുള്ള ഒരു ഊന്നുവടിയാണ് സ്വയം വീഴാതിരിക്കാനും മറ്റുള്ളവരെ വീഴ്ത്താതിരിക്കാനും. കോടതി വിധിക്ക് ശേഷം പുറത്തുവന്ന ദിലീപിന്റെ പ്രതികരണങ്ങള്‍ അപ്പോള്‍ അനിവാര്യമായിരുന്നോ എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ഒന്നുമില്ലായ്മയില്‍ നിന്നും തന്റെ കലാപരമായ കഴിവുകൊണ്ടും ബുദ്ധികൊണ്ടും കഠിനാധ്വാനം കൊണ്ടും മലയാള സിനിമയിലെ സമസ്ത മേഖലകളെയും കൈക്കുമ്പിളില്‍ ഒതുക്കിയ നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലയളവുകൊണ്ടാണ് അദ്ദേഹം സൂപ്പര്‍സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ ഒപ്പമെത്തിയത്. അദ്ദേഹത്തോടുള്ള ജനങ്ങളുടെ ഇഷ്ടം, അവര്‍ ദിലീപിന് ജനപ്രിയ നായകന്‍ എന്ന് പേരും ചാര്‍ത്തികൊടുത്തു. അന്നൊക്കെ ദിലീപിന്റെ ഒരു ചിത്രം വരാന്‍ കണ്ണുംനട്ടിരുന്ന പ്രേക്ഷകരില്‍ നല്ലൊരു ഭാഗം ഇന്ന് ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടുണ്ടോ എന്നത് സംശയമാണ്.

അതായത് സിനിമാപ്രേമികള്‍ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്‌നേഹിച്ചിരുന്ന ഒരു നടനെ വെറുക്കുന്ന അവസ്ഥ, തള്ളിപ്പറയുന്ന അവസ്ഥ. എന്നാല്‍ സിനിമാ രംഗത്തെ ആരും തന്നെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല, അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്യുന്നത്. ദിലീപിന്റെ 85 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ 'രാമലീല' എന്ന ചിത്രം ചിലരൊക്കെ ബഹിഷ്‌കരിക്കണമെന്ന് അന്ന് ആഹ്വാനം ചെയ്തപ്പോള്‍ മഞ്ജു വാരിയര്‍ അന്ന് നടത്തിയ ഒരു പ്രസ്താവന നമുക്ക് മുന്‍പില്‍ ഉണ്ടല്ലോ, സിനിമയെ സിനിമയായിട്ട് കാണണമെന്നും അത് ഒരുപാട് പേരുടെ അന്നമാണെന്നും അതിന്റെ പിന്നില്‍ ഒരുപാട് പേരുടെ അധ്വാനം ഉണ്ടെന്നും പറഞ്ഞിരുന്നു. അത് മഞ്ജു വാരിയര്‍ മാത്രമല്ല അന്ന് ദിലീപിനെ എതിര്‍ത്ത് രംഗത്തുവന്ന പല സിനിമാക്കാരുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു.

'രാമലീല' വിജയിച്ചപ്പോള്‍ ദിലീപ് നിരപരാധിയാണ് ജനങ്ങളെല്ലാം അയാളോടൊപ്പമാണ് അതുകൊണ്ടാണ് ജനം ഈ സിനിമ വലിയൊരു വിജയമാക്കിയതെന്ന് ദിലീപ് അനുകൂലികള്‍ തട്ടിവിട്ടിരുന്നു. അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല, പിന്നീട് വന്ന ദിലീപ് ചിത്രങ്ങള്‍ ഒന്നും തന്നെ നിലം തൊട്ടിട്ടില്ല. നൂറുകണക്കിന് കോടികളാണ് ദിലീപ് ചിത്രങ്ങളിലൂടെ നിര്‍മാതാക്കള്‍ക്ക് നഷ്ടമായത്. ദിലീപിന് വലിയൊരു തിരിച്ചുവരവ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വരുന്ന സിനിമയാണ് 'ഭഭബ' 'ഭയ ഭക്തി ബഹുമാനം'. വിജയം ഉറപ്പുവരുത്താനായി മോഹന്‍ലാല്‍ എന്ന മേമ്പടി കൂടി ചേര്‍ത്തിട്ടുണ്ട്.

ഈ ചിത്രം റിലീസ് ആകുന്നതോടുകൂടി സിനിമാ രംഗത്തുള്ളവരെല്ലാം ദിലീപിനോട് ഭയ ഭക്തി ബഹുമാനത്തോടെ പെരുമാറുമെന്നുള്ള പ്രതീക്ഷയും അദ്ദേഹത്തിനുണ്ടാകാം. ഈ പ്രതീക്ഷകളെ എല്ലാം അപ്പാടെ തകിടം മറിച്ചത് കോടതി വിധി കേട്ട് പുറത്തിറങ്ങി വന്ന ദിലീപിന്റെ ശരീരഭാഷയും പ്രതികരണവുമാണ്, അവിടെ ഒരല്‍പം 'ഭഭബ' കാണിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നു. ഇത്രയൊക്കെ അനുഭവിച്ചിട്ടും അല്‍പം പോലും മാനസാന്തരം വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.

വിധി കേട്ട് പുറത്തുവന്നയുടനെ മഞ്ജു വാരിയരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും മീഡിയയെയും ഒക്കെ വെല്ലുവിളിച്ചുകൊണ്ടുള്ള പ്രതികരണം. ആര്‍ക്കെങ്കിലും അയാളോട് അല്പം സ്‌നേഹമുണ്ടായിരുന്നെങ്കില്‍ അതുപോലുമില്ലാതാക്കുന്നതായിരുന്നു ആ പ്രകടനം. അന്ന് കോടതിയിലേക്ക് കയറിപ്പോയ ദിലീപ് വളരെ വിനയത്തോടെ പാവത്താനെ പോലെ കയറി പോകുന്നത് കണ്ടപ്പോള്‍ പലര്‍ക്കും വിഷമം തോന്നിയിരുന്നു. എന്നാല്‍ തിരിച്ചിറങ്ങി വന്നപ്പോള്‍ കാണിച്ച ധിക്കാരവും അഹങ്കാരവും ഒക്കെ ഞാന്‍ മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു. ഇത് കാണുമ്പോള്‍ ഒരു പഴയ കാര്യം ഓര്‍മ വരികയാണ് ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ സഹോദരന്‍ ചാനലിലൂടെ പറഞ്ഞ ഒരു കാര്യമുണ്ട്, 'ചേട്ടന്‍ ഒന്നിറങ്ങിക്കോട്ടെ ഞങ്ങള്‍ തുടങ്ങാനിരിക്കുന്നതേയുള്ളൂ, ഒരറ്റം മുതല്‍ ആരംഭിക്കുമെന്ന്'.

ഒരുപക്ഷേ ഇപ്പോള്‍ അതിന്റെ തുടക്കം കുറിച്ചതായിരിക്കാം. ദിലീപിന്റെ അപ്പോഴത്തെ വാക്കുകള്‍ അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന് അമര്‍ഷവും ദേഷ്യവും ഉളവാക്കുന്നതായിരുന്നു. ഇതിന്റെയൊക്കെ പ്രതിഫലനം ആയിട്ടാകാം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സില്‍ ദിലീപ് അഭിനയിച്ച സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്. ദിലീപിന്റെ 'ഈ പറക്കും തളിക' എന്ന സിനിമ ബസ്സില്‍ കണ്ട സ്ത്രീകള്‍ രോഷാകുലരായി പ്രതിഷേധിച്ച് ചിത്രം നിര്‍ത്തിവപ്പിച്ചു. ഈ ബസ്സിലെ യാത്രക്കാരില്‍ ആരും തന്നെ ദിലീപുമായി വ്യക്തിപരമായ വൈരാഗ്യമുളളവരോ ദിലീപിന്റെ ഡേറ്റ് കിട്ടാത്ത സിനിമാക്കാരോ ആരും തന്നെയായിരുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് അവരെന്നോര്‍ക്കുക.

അതുപോലെതന്നെ എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണ പരിപാടിയുടെ ഉദ്ഘാടകനായി ദിലീപിന്റെ പേര് വച്ച് പരസ്യം ചെയ്തിരുന്നു. എന്നാല്‍ ക്ഷേത്ര ഭരണാധികാരികളില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ടായതിനാല്‍ ദിലീപ് അതില്‍നിന്നും പിന്മാറുകയാണുണ്ടായത്. ഇവരാരും നേരത്തെ ദിലീപിനോട് വ്യക്തിപരമായി വിരോധമോ അടുപ്പമോ ഉണ്ടായിരുന്നവരായിരുന്നില്ല. വിധി വന്ന ശേഷം പുറത്തിറങ്ങിയ ദിലീപ് ആദ്യത്തെ അമ്പെയ്തത് മഞ്ജു വാരിയരുടെ നേര്‍ക്കായിരുന്നു. എന്നാല്‍ ആ അമ്പിന്റെ മുനകൂടിച്ചു കൊണ്ട് മഞ്ജു വാരിയര്‍ രംഗത്തെത്തി. അവര്‍ പറയുന്നു ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാനാവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്ത ആരായാലും അവര്‍ പുറത്ത് പകല്‍ വെളിച്ചത്തില്‍ ഉണ്ടെന്നുള്ളത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്. അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളൂ.

മഞ്ജു വാരിയരുടെ ഈ പ്രസ്താവനയിലൂടെ പകല്‍ വെളിച്ചത്തില്‍ നില്‍ക്കുന്ന ഈ പ്രതി ആരാണെന്ന് പൊതുജനത്തിന്റെ മുന്‍പില്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. അന്ന് ആദ്യം സംശയത്തോടെ പറഞ്ഞിരുന്ന കാര്യം ഇന്ന് ശക്തമായി വ്യക്തമാക്കി തന്നിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും മഞ്ജു വാരിയര്‍ 'ഭഭബ' വിജയിപ്പിക്കണമെന്നും എല്ലാവരും കാണണമെന്നുമൊക്കെ പറഞ്ഞ് രംഗത്ത് വരാനും സാധ്യതയുണ്ട്. കാരണം ആ പടത്തില്‍ ചെറിയ വേഷത്തിലാണെങ്കിലും മോഹന്‍ലാലും ഉണ്ടല്ലോ. ഫാല്‍ക്കെ അവാര്‍ഡ് മേടിച്ചു തിളങ്ങിനിന്ന മോഹന്‍ലാലിന്റെ പ്രഭയ്ക്ക് മങ്ങലേല്‍പ്പിച്ചതാണ് ഈ കോടതിവിധി. പടത്തിന്റെ പ്രമോഷന്റെ ഭാഗമായി ദിലീപിന്റെ ചിത്രത്തോടൊപ്പം മോഹന്‍ലാലിന്റെ ചിത്രം കൂടി കണ്ടപ്പോള്‍ ജനത്തിന് ഹാലിളകി.

ഇതിന് മറ്റൊരു കാരണം കൂടി പൊതുസമൂഹം പറയുന്നുണ്ട്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് പറഞ്ഞുകൊണ്ട് വേട്ടക്കാരനുവേണ്ടി പ്രാര്‍ഥിച്ചു. മോഹന്‍ലാലിനെ പോലെ ഒരാള്‍ പ്രാര്‍ത്ഥിച്ചാല്‍ ദൈവം കേള്‍ക്കാതിരിക്കുമോ, അതിന്റെ ഫലമായിട്ടാണ് കോടതിവിധി ഇങ്ങനെയാകാന്‍ കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. വിധി പുറത്തുവന്നതിനുശേഷം നമ്മുടെ സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെ ആരും തന്നെ അതിജീവിതയെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തില്ല, അവര്‍ പ്രതികരിച്ചില്ല. ഇതൊക്കെയാണ് അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപം. അവരെയൊക്കെ സംബന്ധിച്ച് അവരാരും അങ്ങനെയൊന്നും പറയില്ല. ഉന്നതരെ ഒന്നും വെറുപ്പിക്കാന്‍ അവര്‍ നില്‍ക്കുകയുമില്ല. അവരൊക്കെ എല്ലാത്തിനെയും ബിസിനസ് കണ്ണുകള്‍ കൊണ്ട് നോക്കിക്കാണുന്നവരാണ്.

ഇനി സിനിമയെപ്പറ്റി പറഞ്ഞാല്‍, എന്തൊക്കെ പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും സിനിമ നല്ലതാണെങ്കില്‍ എല്ലാവരും കാണുകയും ചെയ്യും, അത് വിജയിക്കുകയും ചെയ്യും. ഈ പടത്തിനെ സംബന്ധിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏതാനും ദിവസങ്ങള്‍ തിയറ്റര്‍ നിറയ്ക്കാനുള്ള ഫാന്‍സുകാര്‍ മോഹന്‍ലാലിനും ഉണ്ട് ദിലീപിനും ഉണ്ട്. പടത്തിന് ഗംഭീര റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. പടം അഭിപ്രായമില്ലാതെ തകര്‍ന്നടിഞ്ഞാല്‍ അത് ദിലീപിന്റെ സിനിമ ഭാവിയെ കാര്യമായി ബാധിക്കുകയും ചെയ്യും. ഈ ചിത്രം ദിലീപിന്റെ ജീവന്‍ മരണ പോരാട്ടം തന്നെയാണ്. ഇവിടെ ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് പറയുവാനുള്ളത് ഒരു സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം ഇവിടെ നമുക്കോരോരുത്തര്‍ക്കുമുണ്ട്.

സിനിമയെ തകര്‍ക്കുന്ന രീതിയിലുള്ള സൈബര്‍ ആക്രമണം, അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെ അന്നം മുട്ടിക്കുന്ന രീതിയില്‍ ആകരുത്. ഒരു ദിലീപ് മാത്രമല്ല അതിന്റെ പിന്നില്‍ ഒരുപാട് പേരുടെ അധ്വാനമുണ്ട് അവരുടെ വിയര്‍പ്പുമുണ്ട്. ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുമുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോഴാണ് ദിലീപിനെ എതിര്‍ക്കുമ്പോഴും സിനിമയെ എതിര്‍ക്കാത്തത്. സിനിമ ഉണ്ടായതുകൊണ്ടാണല്ലോ അതിജീവിതയും മഞ്ജു വാരിയരും ഒക്കെ ഉണ്ടായത്. സിനിമയും സിനിമക്കാരും നിലനില്‍ക്കുന്നത് നിങ്ങള്‍ ഉള്ളതുകൊണ്ടാണ്. ഇനി എന്ത് വേണമെന്ന് നിങ്ങള്‍ തീരുമാനിക്കൂ, ഞാന്‍ എപ്പോഴും പൊതുസമൂഹത്തോടൊപ്പമാണ്, അതിജീവിതക്കൊപ്പവും.

Related Articles
Next Story