സുഹൃത്തിനെ കാണാന്‍ ബച്ചന്‍ എത്തി; വൈകാരികമായ നിമിഷം
Amitabh Bachchan arrived for Dharmendra's last rites

ദൃഢമായ സൗഹൃദമാണ് ബോളിവുഡിന്റെ എക്കാലത്തെയും ഇതിഹാസ താരങ്ങളായ ധര്‍മേന്ദ്രയും അമിതാഭ് ബച്ചനും തമ്മിലുണ്ടായിരുന്നത്. ഇതിഹാസ ചിത്രം ഷോലെയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ നായിക ഹേമമാലിനി പിന്നീട് ധര്‍മേന്ദ്രയുടെ ജീവിതസഖിയാകുകയും ചെയ്തു.
സുഹൃത്തി അവസാനമായി കാണാന്‍ ബച്ചന്‍ എത്തി. ഒപ്പം മകന്‍ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. മുംബൈയിലെ വിലെപാര്‍ലെ ശ്മശാനത്തിലാണ് ബച്ചനും മകനും എത്തിയത്.
അരനൂറ്റാണ്ടിലേറെ ബോളിവുഡില്‍ നിറഞ്ഞുനിന്ന ധര്‍മേന്ദ്ര, തൊണ്ണൂറിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോഴാണ് ബോളിവുഡ് ഇതിഹാസം വിടപറഞ്ഞത്. ഡിസംബര്‍ 9-നാണ് ധര്‍മേന്ദ്രയുടെ ജനന തീയതി.
പഞ്ചാബിലെ ലുധിയാനയിലാണ് ധരംസിംഗ് ഡിയോള്‍ ജനിച്ചത്. അധ്യാപകനായിരുന്നു അച്ഛന്‍. മെട്രിക്കുലേഷന്‍ പഠനം പൂര്‍ത്തിയായ ശേഷം ചെറുപ്രായത്തില്‍, 19-ാം വയസില്‍ വിവാഹിതനായി. അങ്ങനെ പ്രകാശ് കൗര്‍, ധരംസിംഗ് ഡിയോളിന്റെ പങ്കാളിയായി. രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും ദമ്പതികള്‍ക്ക് ജനിച്ചു-സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, വിജേത, അജിത.
ഫിലിം ഫെയര്‍ മാസിക സംഘടിപ്പിച്ച ടാലന്‍ഡ് സ്‌കാനില്‍ വിജയിയായതാണ് ധരംസിംഗിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ടാലന്റ് സ്‌കാന്‍ വിന്നറിന് വാഗ്ദാനം ചെയ്ത സിനിമയില്‍ അഭിനയിക്കാനാണ് പഞ്ചാബില്‍ നിന്ന് ബോളിവുഡിലേക്ക് ധരം സിംഗ് വണ്ടി കയറിയത്. എന്നാല്‍, ആ സിനിമ സംഭവിച്ചില്ല. തുടര്‍ന്ന് ഭില്‍ ഭി തേരാ ഗംഭി തേരാ എന്ന സിനിമയിലൂടെ ധരംസിംഗ് ഡിയോള്‍, ധര്‍മേന്ദ്രയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
ഒരു ഇതിഹാസ താരത്തിന്റെ ജനനത്തിനാണ് ബോളിവുഡ് സാക്ഷ്യം വഹിച്ചത്. റൊമാന്റിക് ഹിറോ, ആക്ഷന്‍ ഹോറോ എന്നിങ്ങനെ വിവിധ വേഷങ്ങളില്‍ ധര്‍മേന്ദ്ര തിളങ്ങി. ബോളിവുഡില്‍ ഏറ്റവും അധികം ഹിറ്റുകള്‍ നല്‍കിയ താരം എന്ന നിലയില്‍ പഞ്ചാബുകാരന്‍ ധരംസിംഗ് ഡിയോള്‍ വളര്‍ന്നു.
