അനുഷ്ക ഷെട്ടിയുടെ വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെ തള്ളി നടിയുടെ ടീം

വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയെടുത്ത അനുഷ്ക വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അനുഷ്ക ഷെട്ടി. കുറച്ച് വർഷങ്ങളായി സിനിമയിൽ നിന്നും ഇടവേളയെടുത്ത അനുഷ്ക വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ താരത്തിന്റെ വിവാഹം ഉടനുണ്ടാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഇപ്പോഴിതാ അതിൽ വ്യക്തത വരുത്തി താരത്തിന്റെ ടീം രംഗത്തെത്തിയിരിക്കുകയാണ്.സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും മാധ്യമപ്രവർത്തനമല്ലെന്നും നടിമാരുടെ കാര്യം മാത്രം വരുമ്പോൾ എന്തുകൊണ്ടാണ് അവരുടെ പ്രായത്തെ കേന്ദ്രീകരിച്ച് തലക്കെട്ടുകൾ നൽകുന്നതെന്നും വിവാഹമെന്നത് തീർത്തും വ്യക്തിപരമായ കാര്യമാണെന്നും അതൊരു ബ്രെക്കിങ് ന്യൂസോ ട്രെൻഡിങ്ങോ അല്ലെന്നും ടീം വിശദീകരിക്കുന്നു.


"ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കണം. സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ. ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്‌നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു. വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെന്റുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കന്നത് അതത് പ്ലാറ്റ്‌ഫോമുകളുടെയും ക്രെഡിബിളിറ്റി കളയുന്ന ഒന്നാണ്. പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നൽകൂ." അനുഷ്കയുടെ ടീം പറയുന്നു.അരുന്ധതി, ബില്ല, വേട്ടൈക്കാരൻ, സിംഗം, ദൈവത്തിരുമകൾ, താണ്ഡവം തുടങ്ങീ നിരവധി ചിത്രങ്ങളിൽ വേഷമിട്ട അനുഷ്കയ്ക്ക് എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെ പാൻ ഇന്ത്യൻ റീച്ചായിരുന്നു ലഭിച്ചിരുന്നത്.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story