കാമറ കൊണ്ട് ചിത്രം വരയ്ക്കുന്ന എല്‍ദോ ഐസക്; വലിയൊരു സന്തോഷം തുറന്നുപറയുന്നു
Cinematographer Eldho Issac interview

ഹണി വി ജി
പന്ത്രണ്ടോളം മലയാള സിനിമകള്‍ക്ക് കാമറ ചലിപ്പിച്ച എല്‍ദോ ഐസക്, ആദ്യമായൊരു മറാത്തി ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. മലയാളിയായ ക്രിസ്റ്റസ് സ്റ്റീഫന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം 'തു മാത്സാ കിനാരാ' തിയേറ്ററുകളിലെത്തി. ഇടുക്കി സ്വദേശിയായ എല്‍ദോ, നല്ലൊരു ചിത്രകാരന്‍ കൂടിയാണ്.
സിനിമ എന്ന സ്വപ്നം
എല്ലാത്തരം സിനിമകളും കാണാറുണ്ട്. എല്ലാ സിനിമകളുടെയും സാങ്കേതിക വശങ്ങളും ശ്രദ്ധിക്കാറുണ്ട്. ഓരോ സിനിമയില്‍ നിന്നും പുതിയ എന്തെങ്കിലും പഠിക്കാനും ശ്രമിക്കാറുണ്ട്. ഓരോ സിനിമയ്ക്ക് മുമ്പും വളരെയധികം തയാറെടുപ്പുകള്‍ നടത്താറുണ്ട്. സിനിമ സംവിധായകന്റെ വലിയൊരു സ്വപ്നമാണ്. സംവിധായകന്റെ മനസിലെ കാഴ്ചപ്പാട്, സിനിമയുടെ മൂഡ് എന്നിങ്ങനെ ഓരോന്നും സംവിധായകനുമായി വിശദമായി ചര്‍ച്ച ചെയ്യും. സംവിധായകന്റെ മനസിലെ സിനിമയെ മനോഹരമായി ചിത്രികരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. സംവിധായകനോ നിര്‍മ്മാതാവിനോ ബുദ്ധിമുട്ടില്ലാതെ സിനിമ പൂര്‍ത്തിയാക്കാനും ശ്രദ്ധിക്കും. ക്വാളിറ്റി ഒട്ടും കുറയാതെ തന്നെ പറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഷൂട്ട് തീര്‍ക്കാനും ശ്രമിക്കും.

സിനിമയിലെ മാറ്റം
ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചതും, പഠനത്തിന് ശേഷം അസിസ്റ്റന്റ് സിനിമട്ടോഗ്രാഫര്‍ ആയി വര്‍ക്ക് ചെയ്തതും ഫിലിം ക്യാമറയിലായിരുന്നു. അതിനുശേഷം ഞാന്‍ സ്വതന്ത്ര ഛായാഗ്രാഹകനായി ആദ്യ സിനിമ ചെയ്തത് ഡിജിറ്റല്‍ ക്യാമറയിലും. ഫിലിമില്‍ നിന്നും ഡിജിറ്റല്‍ ക്യാമറയിലേക്കുള്ള മാറ്റം, സിനിമയില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പവുമായിട്ടുണ്ട് ഇന്ന്.
മലയാള സിനിമയില്‍ സമയക്രമത്തില്‍ മാറ്റം വന്നാല്‍ പ്രയോജനപ്പെടുമെന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം. അന്യ ഭാഷകളില്‍ രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ആണ് ഷൂട്ടിങ്ങ് സമയം. ഈ രീതി മാനസിക ശാരീരിക ഉന്മേഷത്തിന് വഴിയൊരുക്കും. അതിനാല്‍, കൂടുതല്‍ ക്വാളിറ്റി, പരിശ്രമങ്ങള്‍ എന്നിവയുണ്ടാകും. കൂടുതല്‍ കാര്യക്ഷമതയോടെ സിനിമയില്‍ വര്‍ക്ക് ചെയ്യാനും സാധിക്കുമെന്ന് തോന്നിയിട്ടുണ്ട്.
വ്യത്യസ്ത സിനിമകള്‍, അനുഭവങ്ങള്‍
പല തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചൊരു വ്യക്തിയാണ് ഞാന്‍. ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ്. ഇഷ്ടി എന്ന സംസ്‌കൃത സിനിമ ചെയ്യുന്ന സമയം. പിറവത്തുള്ളൊരു ഇല്ലമായിരുന്നു ലൊക്കേഷന്‍. നെടുമുടി വേണു ചേട്ടന്‍ ആണ് നായകന്‍. വളരെ കുറച്ച് പേര്‍ മാത്രമ അന്ന് അവിടെ ഉണ്ടായിരുന്നത്. 3 ലൈറ്റ് മാത്രം ഉപയോഗിച്ചുള്ള ചിത്രീകരണം. 1940 കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. ധാരാളം രാത്രി സീക്വന്‍സും ഉണ്ടായിരുന്നു. രാത്രി സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ നിലവിളക്കിന്റെ വെളിച്ചവും ചൂട്ടുകറ്റയുടെ വെളിച്ചവുമാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. കൂടാതെ പകല്‍ ചിത്രീകരിക്കുമ്പോള്‍, അന്തപ്പുരങ്ങളിലെ ഇരുട്ടിനും പ്രാധാന്യം കൊടുത്തിരുന്നു. ഈ ചിത്രികരണ രീതി ഒരു പരീക്ഷണത്തോടൊപ്പം ഭയങ്കര രസകരവുമായി അനുഭവപ്പെട്ടു. മനസ്സില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു ഷൂട്ട് ആയിരുന്നു അത്.
നെടുമുടി ചേട്ടനുമായി വളരെ അടുത്ത ബന്ധമായിരുന്നു എനിക്ക്. ഒരുപാട് നല്ല ഓര്‍മ്മകളുണ്ട്. വാരികുഴിയിലെ കൊലപാതകം എന്ന ചിത്രത്തില്‍ ആലപ്പുഴ കായലില്‍ പത്തോളം വള്ളങ്ങള്‍ വച്ച് ഷൂട്ട് ചെയ്തിരുന്നു. വളരെയധികം റിസ്‌ക് എടുത്ത് ചെയ്ത ഒരു രംഗം. അപകടം സംഭവിക്കുമോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. അങ്ങനെ ഓരോ സിനിമയും ഓരോ അനുഭവങ്ങളാണ് തന്നിട്ടുള്ളത്.

സ്വയം നവീകരിക്കും
എപ്പോഴും സ്വയം നവീകരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറുണ്ട്. ധാരാളം വിദേശ സിനിമകള്‍ കാണും. പിന്നെ പുതിയ ടെക്നോളജിയുമായി ബന്ധപ്പെട്ട ക്ലാസുകളില്‍ പങ്കെടുക്കാറുണ്ട്. പിന്നെ യൂട്യൂബ് വഴിയും കാര്യങ്ങള്‍ മനസ്സിലാക്കും.
മലയാളവും മറ്റു ഭാഷ സിനിമകളും
എല്ലാ ഭാഷകളിലും നല്ല സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നു. മലയാളത്തില്‍ നിര്‍മ്മാണ ചെലവ് ഒരു പ്രധാന ഘടകമാണ്. ആ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് പോലും ഒരുപാട് നല്ല ക്വാളിറ്റി ഉള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്. മികച്ച ടീം വര്‍ക്കിന്റെ കൂടി ഭാഗമാണത്.
ഇഷ്ടപ്പെട്ട ചിത്രം
ഛായാഗ്രാഹകന്‍ എന്ന നിലയില്‍ മലയാളത്തില്‍ ഇഷ്ട ചിത്രങ്ങള്‍ കുറേ ഉണ്ട്. മനസിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ചിത്രം തേന്‍മാവിന്‍ കൊമ്പത്ത് ആണ്. അതിലെ ഫ്രെയിംസും വിഷ്വല്‍സും അതിമനോഹരം.

മറാത്തി ചിത്രം
തു മാത്സാ കിനാര എന്റെ ആദ്യ മറാത്തി ചിത്രമാണ്. സംവിധായകന്‍, നിര്‍മ്മാതാവ്, നായകന്‍, നായിക, മറ്റു ക്രൂ അംഗങ്ങള്‍. അങ്ങനെ വളരെ മികച്ചൊരു ടീം ആയിരുന്നു അത്.
പുതിയൊരു ഭാഷ, സംസ്‌കാരം, ആളുകള്‍ വളരെ വ്യത്യസ്തവും മനോഹരവുമായ അനുഭവം. സംവിധായകന്‍ ക്രിസ്റ്റസ് സ്റ്റീഫന്‍ കഥ, കഥാപാത്രങ്ങള്‍, പരിസരം, സിനിമയുടെ സ്വഭാവം എന്നിവ വളരെ വ്യക്തമായി പറഞ്ഞുതന്നിരുന്നു. അതെനിക്ക് ഈ സിനിമയെ വളരെ ക്രീയേറ്റീവ് ആയും വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂടെ കാണുവാനും സഹായിച്ചു. ഛായാഗ്രഹണത്തില്‍ ഒരു പുതുമ ഉടനീളം കൊണ്ടുവരാന്‍ ക്രീയേറ്റീവ് ഫ്രീഡം എനിക്ക് തന്നത് വളരെയധികം ഗുണം ചെയ്തതായി വിശ്വസിക്കുന്നു. ഞാന്‍ ഒരു സിനിമയെ സമീപിക്കുന്നത് ഒരു ചിത്രകാരന്റെ കണ്ണിലൂടെയാണ്. ഓരോ ഫ്രെയിമും ഒരു മനോഹരമായ പെയിന്റിങ് ആവണം എന്നൊരു ആഗ്രഹമുണ്ട്.
പിന്നിട്ട വഴികള്‍
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിന് ശേഷം, സിനിമയില്‍ ഛായാഗ്രഹണ സഹായിയായി ഒരു എന്‍ട്രി കിട്ടാന്‍ കുറേ അധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു ചാന്‍സിനായി അലഞ്ഞിട്ടുണ്ട്. പക്ഷേ ആരും ഒരു അവസരം തന്നില്ല. അതിന്റെ കാരണം ഞാന്‍ മനസ്സിലാക്കിയത്, എന്നെ പരിചയ പ്പെടുത്താന്‍ ആരും ഇല്ലായിരുന്നു എന്നതാണ്. രണ്ടു വര്‍ഷത്തോളം ഈയൊരൊറ്റ ലക്ഷ്യവുമായി നടന്നു. അവസാനം പ്രശസ്ത ഛായാഗ്രാഹകന്‍ മനോജ് പിള്ളയുടെ കൂടെ അവസരം ലഭിച്ചു. പാലേരി മാണിക്യം, ശിക്കാര്‍, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിക്കുകയും ചെയ്തു. അതൊരു വലിയ അനുഭവമായിരുന്നു.
പിന്തുണ നല്‍കിയവര്‍
എന്റെ മാതാപിതാക്കള്‍, പ്രത്യേകിച്ചും അച്ഛന്റെ അനുഗ്രഹത്താലാണ് ചെന്നൈയില്‍ പഠിക്കാന്‍ പോയത്. മറ്റു കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍. ആര്‍എല്‍വിയില്‍ പഠിക്കുമ്പോള്‍ സാബു എബ്രഹാം എന്ന ചിത്രകലാ അധ്യാപകനോടാണ് എന്റെ സ്വപ്നം ഞാന്‍ ആദ്യം പറയുന്നത്. അദ്ദേഹമെനിക്ക് ഒരുപാട് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഞാന്‍ ഇതുവരെ സിനിമാട്ടോഗ്രാഫി ചെയ്ത എല്ലാ സിനിമകളുടെയും സംവിധായകന്‍മാര്‍. സന്തോഷ് ശിവന്‍, കെ. വി ആനന്ദ്, എസ് കുമാര്‍, രവി വര്‍മന്‍ എന്നി സിനിമട്ടോഗ്രാഫേര്‍സിന്റെ വര്‍ക്കുകളോട് എന്നും ആരാധന തോന്നിയിട്ടുണ്ട്.
പ്രണയം ക്യാമറയോട്
ക്യാമറയോട് എനിക്ക് വല്ലാത്തൊരു പ്രിയം ഉണ്ടായിരുന്നു. അന്ന് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന ചിത്രഗീതം പരിപാടിയാണ് സിനിമയിലേക്ക് എന്നെ ആകര്‍ഷിച്ചത്. ചെറുപ്പം മുതല്‍, സിനിമ മാസികകളില്‍ വരുന്ന ഫിലിം ക്യാമറയുടെ ചിത്രങ്ങള്‍ വെട്ടിയെടുത്തി അതില്‍ ആരാധനയോടെ നോക്കി നില്‍ക്കും. കുട്ടികാലത്ത് വീടിനടുത്ത് ഷൂട്ടിംഗ് നടക്കുമ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. എന്റെ ശ്രദ്ധ മുഴുവനും ക്യാമറയില്‍ മാത്രമായിരുന്നു അന്ന്. ക്യാമറയുടെ ചിത്രങ്ങള്‍ തലയിണയുടെ അടിയില്‍ വച്ചു കിടക്കാറുണ്ടായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ക്യാമറയില്‍ തൊടുന്നതും സ്വപ്നം കണ്ടു കിടന്നിട്ടുണ്ട്.
പുതിയ ചിത്രങ്ങള്‍
രണ്ട് മലയാള ചിത്രങ്ങള്‍ക്ക് പുറമെ തമിഴിലും ഹിന്ദിയിലും ചിത്രങ്ങളുടെ ചര്‍ച്ച നടക്കുന്നു.
കുടുംബം
അമ്മ മേരി ഐസക്. ഭാര്യ ജിസ്മി എല്‍ദോ. രണ്ട് കുട്ടികള്‍, ആദം എല്‍ദോ ഐസക്, ആമി എല്‍ദോ ഐസക്.
