സംവിധായകൻ ദിൻജിത്ത് അയ്യത്താനും സൂപ്പർസ്റ്റാർ പ്രഭാസും ഒരുമിക്കുന്നു, ആവേശത്തിൽ ആരാധകർ
സോഷ്യൽ മീഡിയയിൽ ദിൻജിത്ത് അയ്യത്താൻ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ഇരു കൂട്ടരുടെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു

സംവിധായകൻ ദിൻജിത്ത് അയ്യത്താനും സൂപ്പർസ്റ്റാർ പ്രഭാസും സഹകരിക്കുന്ന ഒരു മൂവി പ്രതീക്ഷിക്കുകയാണ് ആരാധകർ. 'കിഷ്‌കിന്ധാ കാണ്ഡം', 'എക്കോ' എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ഘടനയെ തന്നെ മാറ്റിമറിച്ച സംവിധായകനാണ് ദിൻജിത്ത് അയ്യത്താൻ. അദ്ദേഹം പ്രഭാസുമായി കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ച സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇന്ത്യൻ സിനിമയിൽ തന്നെ മലയാളത്തിന്റെ തലയെടുപ്പ് കാട്ടിത്തരുന്ന ഈ ചിത്രങ്ങളുടെ ക്രാഫ്റ്റിൽ താൽപ്പര്യം തോന്നിയാണ് പ്രഭാസ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് മുൻകൈ എടുത്തതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ദിൻജിത്ത് അയ്യത്താൻ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ഇരു കൂട്ടരുടെയും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു .
ഒരു സൗഹൃദ സന്ദർശനത്തിനപ്പുറം അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന ഗൗരവകരമായ സിനിമാ ചർച്ചകളാണ് ഇരുവരും തമ്മിൽ നടന്നത്.
കിഷ്‌കിന്ധാ കാണ്ഡം പോലെ കണ്ടന്റിന് മുൻഗണന നൽകുന്നതും അതേസമയം പ്രേക്ഷകർക്ക് വലിയ സിനിമാറ്റിക് ഹൈ സമ്മാനിക്കുന്നതുമായ പ്രോജക്റ്റുകളിൽ അഭിനയിക്കാനുള്ള തന്റെ താൽപ്പര്യം പ്രഭാസ് ദിൻജിത്തിനോട് പങ്കുവെച്ചതായാണ് വിവരങ്ങൾ
അതിഥികളെ സ്വീകരിക്കുന്നതിൽ ഏറെ പ്രശസ്തനായ പ്രഭാസ്, തനതായ ശൈലിയിലുള്ള വിരുന്നൊരുക്കിയാണ് ദിൻജിത്തിനെ വരവേറ്റത്. നാല് വ്യത്യസ്ത തരം ബിരിയാണികൾ ഒരുക്കി നടത്തിയ ഈ സ്വീകരണത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ചെമ്മീൻ ബിരിയാണിയായിരുന്നു എന്ന് ദിൻജിത്ത് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
പ്രഭാസുമായി ചേർന്ന് ദിൻജിത്ത് അയ്യത്താൻ പുറത്തിറക്കാൻ പോകുന്ന സിനിമയുടെ വിശേഷങ്ങൾ അറിയാനുള്ള ആവേശത്തിലാണ് ആരാധകർ
