കണ്ണുകള്‍ മാത്രം മതി, പേടിപ്പിക്കും, കരയിപ്പിക്കും, ചിരിപ്പിക്കും; ഒരു അപൂര്‍വ നടന്‍!

Geevarghese Coorilos about Mammootty


മമ്മൂട്ടിയെ കുറിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. മമ്മൂട്ടി ചിത്രം ഭ്രമയുഗം കണ്ട ശേഷമുള്ള ചിന്തകളാണ് അദ്ദേഹം പങ്കുവച്ചത്. കണ്ണുകള്‍ കൊണ്ടു മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുന്ന അപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറയുന്നു.

ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പ്:

നിങ്ങള്‍ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക?

കുറച്ചു ദിവസം മുന്‍പ് കുവൈറ്റില്‍ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ് എയര്‍വേസ് ഫ്‌ലൈറ്റില്‍ ''ഭ്രമയുഗം'' മൂവി കണ്ടത്. അപ്പോള്‍ മനസ്സില്‍ ചോദിച്ച ചോദ്യമാണ് മുകളില്‍ കുറിച്ചത്.

ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിംഗില്‍ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു, ഈ മഹാ നടനില്‍. ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലെവിസ് എന്നോ റോബര്‍ട്ട് ഡീ നീറോ എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകര്‍ന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച ഡാനിയേല്‍ ഡേ ലെവിസ് ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തില്‍ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കര്‍ ചെയ്തപ്പോള്‍ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ അക്‌സന്റ് പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. ടാക്‌സി ഡ്രൈവറായി അഭിനയിക്കാന്‍ ജീവിതത്തില്‍ ഡീ നാറോ ഡ്രൈവര്‍ ആയതു പോലെ!

ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദവിന്യാസവും (modulation ) ഇത്രമേല്‍ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേല്‍ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയില്‍ പൂര്‍ണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങള്‍ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂര്‍ണതയുടെ അടയാളങ്ങളാണ്. കണ്ണുകള്‍ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച) കഴിയുന്ന അപൂര്‍വം നടന്മാരില്‍ ഒരാള്‍! ഒരു വടക്കന്‍ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയന്‍, ഭൂതകണ്ണാടി, മതിലുകള്‍, പാലേരി മാണിക്യം, പൊന്തന്‍ മാട, പ്രാഞ്ചിയേട്ടന്‍, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂഡല്‍ഹി, നിറക്കൂട്ട് അങ്ങനെ എത്രയെത്ര ചിത്രങ്ങളില്‍ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആര്‍ത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ ''ഇനിയും മൂര്‍ച്ച കൂട്ടാന്‍ പാകത്തില്‍ തേച്ചു മിനുക്കാന്‍ ' കഴിവുള്ള സംവിധായകരുടെ കൈകളില്‍ എത്തിക്കട്ടെ.

ഒരു പക്ഷെ തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ല. പേരന്‍പ്, നന്‍പകല്‍ നേരത്തു, കാതല്‍... അങ്ങനെ പോകുന്നു ഈ മാറ്റിനിര്‍ത്തലിന്റെ രാഷ്ട്രീയ ഉദാഹരനങ്ങള്‍.

എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം. അത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും മാറി നില്‍ക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ.

നമ്മുടെ എല്ലാം പ്രാര്‍ത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോല്‍പിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. നാട്യ കലയില്‍ സപര്യ തുടരാന്‍. തുടര്‍ന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ

ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു: കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളില്‍ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം

ഒരു മമ്മൂട്ടി ഫാന്‍


Related Articles
Next Story