'ഒറ്റയ്ക്ക് നില്‍ക്കുന്ന പ്രൊഡക്ഷന്‍ ഹൗസാണ്; നിര്‍മിച്ച സിനിമകളില്‍ 75 ശതമാനവും വിജയിച്ചു; നിരവധി പേര്‍ക്ക് അവസരം നല്‍കി'
Interview with actor-producer Vijay Babu

ബി.വി. അരുണ്‍ കുമാര്‍
മലയാള സിനിമയില്‍ വന്‍ വിജയം കൊയ്ത ഹ്യൂമര്‍ സീരീസാണ് ആട്. 2015ല്‍ പുറത്തിറങ്ങിയ ആട് ഒന്നാം ഭാഗം ബോക്സോഫീസില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഒടിടിയില്‍ വന്‍ വിജയം നേടി. 2017-ല്‍ അതിന്റെ രണ്ടാംഭാഗവും പുറത്തിറങ്ങി. അത് വന്‍ ഹിറ്റായി മാറി. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ആദ്യ രണ്ടു ഭാഗങ്ങളും നിര്‍മിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാംഭാഗവും വന്‍ വിജയമായി മാറി. ആട് മൂന്നിന്റെ വിശേഷങ്ങള്‍ വിജയ് ബാബു പങ്കുവയ്ക്കുന്നു.
9 വര്‍ഷത്തിന് ശേഷം ആട് 3
2015ലാണ് ആട് ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ടുവര്‍ഷം കഴിഞ്ഞ്, അതായത് 2017ല്‍ രണ്ടാംഭാഗവും ഇറങ്ങി. ഇപ്പോള്‍ 2026 ആയപ്പോഴേക്കും മൂന്നാം ഭാഗവും സംഭവിച്ചു. ഞാന്‍ പറഞ്ഞുവന്നത്, ഇതുവരെയുള്ള ആടിന്റെ കഥകള്‍ മലയാളികള്‍ക്ക് നന്നായറിയാം. എവിടെനിന്നാണ് ഇത് തുടങ്ങിയത്, ബോക്സ് ഓഫീസ് പരാജയത്തില്‍ നിന്നും രണ്ടാം ഭാഗം ഉണ്ടായത് എങ്ങനെ എന്നൊക്കെ എല്ലാവര്‍ക്കും അറിയാം. ആ രണ്ടു ഭാഗങ്ങളെ അപേക്ഷിച്ച് പത്തിരട്ടി വലുപ്പത്തിലാണ് ആട് മൂന്നാം ഭാഗം വന്നത്. മലയാളികള്‍ അല്ലെങ്കില്‍ മലയാള സിനിമ ആടിനു നല്‍കിയ സ്വീകാര്യതയാണ് മൂന്നാം ഭാഗം ചെയ്യാനുള്ള ധൈര്യം നല്‍കിയത്. വലിയ എക്സ്പിരിമെന്റല്‍ സിനിമയായിരുന്നു ആട് ആദ്യഭാഗം. രണ്ടാം ഭാഗം കുറേക്കൂടി സ്ട്രെയിറ്റായിരുന്നു എന്നു പറയാം. എന്നാല്‍, മൂന്നാം ഭാഗം ഫ്രൈഡെ ഫിലിംസിനും സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനും വലിയ എക്സ്പിരിമെന്റലായിരുന്നു. 2017ല്‍ ആട് രണ്ടാം ഭാഗം ഇറങ്ങി, 2026ല്‍ എത്തിനില്‍ക്കുമ്പോള്‍ മലയാള സിനിമയുടെ ആസ്വാദനത്തില്‍ വന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുത്താണ് മൂന്നാം ഭാഗം ചെയ്തിരിക്കുന്നത്. ആട് ആദ്യഭാഗം ചെയ്യുമ്പോള്‍ ഒടിടി രംഗപ്രവേശം ചെയ്തിരുന്നില്ല. രണ്ടാംഭാഗം ചെയ്തപ്പോഴും ഒടിടി ഉണ്ടായിരുന്നില്ല. 2017ല്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. കോവിഡിനു ശേഷം വന്ന മാറ്റങ്ങള്‍, അതായത് ഒരു സാധാരണ കുടുംബത്തിലെ ആളുകള്‍ക്ക് ആസ്വാദനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. പല ഭാഷകളിലുമുള്ള സിനിമകള്‍ അവര്‍ ആസമയത്ത് കണ്ടുതുടങ്ങി. അതിലൂടെ പ്രേക്ഷകര്‍ കാര്യങ്ങള്‍ മനസിലാക്കി ചിന്തിക്കാന്‍ തുടങ്ങി. ഓഡിയന്‍സിനെകൊണ്ട് ചിന്തിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത്തരം സിനിമകള്‍ കൊണ്ട് യാതൊരു കാര്യവുമില്ല. ആട് ഒരു ഇന്നസെന്റ് കോമഡി എന്ന കാറ്റഗറിയിലെ സിനിമയാണ്. എല്ലാവരും മണ്ടന്‍മാര്‍ എന്നൊക്കെ പറയുന്ന പോലെ. സ്ട്രെസ് ഫ്രീയായി ചിരിക്കാം എന്ന രീതിയിലാണ് ആട് ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്‍വീസ് ചെയ്യപ്പെട്ടിട്ടുള്ളത്. ഹ്യൂമര്‍ കണ്‍സീവ് ചെയ്യുന്ന രീതിയിലുള്ള സിനിമകള്‍ വരുന്നുണ്ട്. അതില്‍ ക്ലാസിക് ഹ്യൂമറിന്റെ അനുപാതം കൂടിയാലും പ്രശ്നമാണ്. പണ്ടൊക്കെ ടോം ആന്‍ഡ് ജെറി പോലുള്ള സിനിമകള്‍ നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. ഇന്നും അതിഷ്ടപ്പെടുന്നവരുണ്ട്. പക്ഷേ വേറൊരു സിറ്റുവേഷണല്‍ രീതിയിലൂടെയാണ് സിനിമ ഇപ്പോള്‍ പൊയ്ക്കോണ്ടിരിക്കുന്നത്. നമ്മുടെ ചലഞ്ച് എന്നു പറയുന്നത് ജനറേഷന്‍ നെക്സസ് എന്നതാണ്. അവരുടെ ഹ്യൂമര്‍ രീതികളും ഉപയോഗിക്കുന്ന വാക്കുകളും വ്യത്യസ്തമാണ്.
എന്റെ പ്രായത്തിലുള്ള ആളുകള്‍ ചിരിക്കുന്ന ഹ്യൂമറിന് എന്റെ മകന്‍ ചിരിക്കണമെന്നില്ല. അതേപോലെ എന്റെ മകന്‍ ചിരിക്കുന്ന ഹ്യൂമറുകള്‍ എനിക്കു മനസിലാകണമെന്നുപോലുമില്ല. പടക്കളം എന്ന സിനിമ ചെയ്തപ്പോള്‍ എനിക്ക് അക്കാര്യം കൂടുതല്‍ വ്യക്തമായി. നമ്മള്‍ ചിരിക്കാത്ത പല ഭാഗങ്ങളില്‍ കുട്ടികള്‍ ഇരുന്ന് ചിരിക്കുന്നത് ഞാന്‍ കണ്ടു. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ചലഞ്ച് ഉണ്ടെന്ന്. അതായത് ഓഡിയന്‍സാണ് നമ്മുടെ ചലഞ്ച്. ആട് ഒന്നാം ഭാഗത്തിന്റെ ഓഡിയന്‍സിനെ നോക്കിയാല്‍ പത്തു മുതല്‍ 60 വയസുവരെ പ്രായമുള്ളവരാണ്. ആട് ഒന്നാം ഭാഗം ഇറങ്ങുമ്പോള്‍ 40 വയസായിരുന്നവര്‍ക്ക് ഇന്ന് 50 വയസുണ്ട്. അന്നത്തെ 15 വയസുകാരായിരുന്ന കുട്ടികള്‍ക്ക് ഇന്ന് 25 വയസുണ്ട്. അവര്‍ അന്നത്തെ ഹ്യൂമറായിരിക്കില്ല ഇന്ന് ഇഷ്ടപ്പെടുന്നത്. അന്ന് അഞ്ചു വയസായിരുന്ന കുട്ടിക്ക് ആട് ഒന്നാം ഭാഗം തിയേറ്ററില്‍ ഇരുന്ന് കാണുമ്പോള്‍ ഒന്നും മനസിലാകണമെന്നില്ല. ഇന്ന് ആ കുട്ടിക്ക് 15 വയസായിട്ടുണ്ടാകും. അപ്പോള്‍ ആ കുട്ടി പിന്നെ ഒടിടിയില്‍ ആട് ആദ്യഭാഗവും രണ്ടാം കണ്ടിട്ടുണ്ടാകാം. അവനും ആട് ഫോളോവറാണ്. ത്രില്ലര്‍ ഫ്രാഞ്ചൈസിയില്‍ സ്റ്റോറി പറഞ്ഞുപോയാല്‍ മതി. ഇത് അങ്ങനെയല്ല. ഇതില്‍ ഹ്യൂമര്‍ ഫ്ളേവര്‍ ബേസിക്കാണ്. ആ ഫ്ളേവര്‍ മെയിന്റയിന്‍ ചെയ്യണം. ഹ്യൂമര്‍ ചൂസ് ചെയ്യുന്നതില്‍ വളരെ കെയര്‍ഫുള്ളാവുക എന്നത് വലിയ ചലഞ്ചായിരുന്നു. ഇല്ലെങ്കില്‍ ഇപ്പോഴത്തെ ജനറേഷന്‍ ചളി എന്നുപറഞ്ഞ് എഴുതിത്തള്ളും. അത് ചളിയാകരുത്. എന്നാല്‍ സിറ്റുവേഷന്‍ ഹ്യൂമറും, 60 വയസ് പ്രായത്തിലുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്നതുമായ ഹ്യൂമറുകള്‍ വേണം. അതിന്റെ ബാലന്‍സിംഗ് മിഥുന്‍ ആട് മൂന്നാം ഭാഗത്തില്‍ വരുത്തിയിട്ടുണ്ട്. ആ ബാലന്‍സിംഗ് വരുത്തുക എന്നതായിരുന്നു വലിയ ചലഞ്ച്.
ഒന്നു മുതല്‍ മൂന്നു വരെ
ആട് ഒന്ന് ചെയ്തപ്പോള്‍ ഫ്രാഞ്ചൈസി എന്നൊരു ചിന്ത ഉണ്ടായിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗം ചെയ്യുമ്പോള്‍ സ്വാഭാവികമാകും അത് ഒരു ഫ്രാഞ്ചൈസിയായി മാറിയല്ലോ. പിന്നെ പ്രേക്ഷകര്‍ അത് സ്വീകരിക്കുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും മൂന്നാം ഭാഗത്തെ കുറിച്ച് ചിന്തിച്ചുപോകും.
ആട് മൂന്നിന്റെ സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്തത് വലിയ ബജറ്റാണ്. ആട് എന്ന ഫ്രാഞ്ചൈസിയെ ആ ലെവലിലേക്ക് കൊണ്ടുപോകണം എന്ന് ലക്ഷ്യമിട്ടിരുന്നു. അങ്ങനെയാണ് സ്റ്റോറി കണ്‍സീവ് ചെയ്തതും അക്സപ്റ്റ് ചെയ്തതും. ഗ്ലോബലി നമ്മള്‍ നോക്കുന്നത് ഒരു ഫ്രാഞ്ചൈസി സക്സസായാല്‍ അവര്‍ ബജറ്റ് കൂട്ടില്ല. അത് മെയിന്റയിന്‍ ചെയ്ത് ബിസിനസ് കൂട്ടാനാകും നോക്കുക. അങ്ങനെയുള്ള ഫ്രാഞ്ചൈസികള്‍ ഇന്ത്യയിലുണ്ട്. അതൊക്കെ നോക്കിയാല്‍ ബജറ്റോ, സ്‌കെയിലോ സെയിമായിരിക്കും. പക്ഷേ അതിന്റെ ഓപ്പണിംഗും ബിസിനസും വലുതായിരിക്കും. ഇവിടെ നമ്മള്‍ വലിയ ബജറ്റിട്ടാണ് ആട് മൂന്ന് ചെയ്തിരിക്കുന്നത്. അതിനു കാരണം ആ സ്‌കെയിലില്‍ കൊണ്ടുനിര്‍ത്തിയിട്ട് ബാക്കി ഭാഗമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാം എന്ന് ലക്ഷ്യമിട്ടതുകൊണ്ടാണ്.
മലയാള സിനിമ ഇപ്പോള്‍ വളരെ മാറിയിട്ടുണ്ട്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കൂടി. നമ്മുടെ പ്രേക്ഷകര്‍ ഇപ്പോള്‍ എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ കാണുന്നവരാണ്. അത്തരം സിനിമകളുമായി നമ്മുടെ സിനിമകളെ താരതമ്യം ചെയ്യാറുണ്ട് പ്രേക്ഷകര്‍. അത്തരം കംപാരിസണുകളില്‍ നമുക്ക് പിടിച്ചുനില്‍ക്കണമെങ്കില്‍ അത്തരം രീതിയിലേക്കു മാറണം. ആട് മൂന്ന് ചെയ്തപ്പോള്‍ ശക്തനായ ഒരു പാര്‍ട്ണറെ കൂടെ കിട്ടി. വേണു കുന്നപ്പള്ളി ചേട്ടന്റെ കാവ്യ പ്രൊഡക്ഷന്‍സും കൂടി ചേര്‍ന്നാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
ആട് ഒന്നാം ഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ഇരട്ടിയാണ് മൂന്നാം ഭാഗത്തിന് വേണ്ടിവന്നത്. രണ്ടാം ഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ചിരട്ടി ബജറ്റ് കൂടിയിട്ടുണ്ട്. ഈ സിനിമയുടെ കഥ ഡിമാന്‍ഡ് ചെയ്യുന്ന ബജറ്റാണത്. വെറുതെ ബജറ്റിട്ടതല്ല.
ഷാജി പാപ്പാനും ഡ്യൂഡും പിന്നെ സര്‍ബത്ത് ഷെമീറും
ഓരോ കഥാപാത്രത്തിനും മിഥുന്‍ പ്രത്യേക സ്‌കെച്ച് നല്‍കിയിട്ടുണ്ട്. മാത്രമല്ല ഓരോ കഥാപാത്രത്തിനും അത്തരത്തിലുള്ള ബിജിഎമ്മുകളും നല്‍കിയിട്ടുണ്ട്. ഷാജി പാപ്പനാണെങ്കില്‍ നടു വയ്യാത്ത ഹീറോയാണ്. നടുവേദനയാണ് അദ്ദേഹത്തിന്റെ ഹൈലൈറ്റ്. അത്തരത്തില്‍ ഓരോ കഥാപാത്രത്തിനും അവരുടേതിന് ഓപ്പോസിറ്റ് ബിജിഎമ്മുകളാണ് നില്‍കിയിട്ടുള്ളത്. ഡ്യൂഡ് എന്ന കഥാപാത്രം മലേഷ്യയില്‍ നിന്നും വന്ന ആളാണ്. ഇവിടെ പെട്ടുപോയ ആളാണ്. ചുവന്ന കോട്ടിട്ട് നടക്കുന്നു. അത് മറ്റൊരു വെറൈറ്റിയാണ്. ഇത്തരത്തില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേകം സ്‌കെച്ചുണ്ട്. എന്റെ കഥാപാത്രമായ സര്‍ബത്ത് ഷമീറിനു പോലും പ്രത്യേകതകളുണ്ട്. ഒരു ശിക്കാരി ശംഭുവിനെ പോലുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ കൂടെയുള്ള ഉദ്യോഗസ്ഥരെല്ലാം പ്രമോഷനായി പോയി. സിഐയും, ഡിവൈഎസ്പിയും എസ്പിയുമൊക്കെയായി. എന്നാല്‍ ഷമീറിന് എസ്ഐയില്‍ നിന്നും മുകളിലേക്ക് പോകാന്‍ സാധിക്കുന്നില്ല. പ്രമോഷനു വേണ്ടി എന്തെങ്കിലും കേസ് തെളിയിക്കണമെന്നുപറഞ്ഞു നടക്കുന്ന ഉദ്യോഗസ്ഥനാണ് ഷമീര്‍. പക്ഷേ അയാള്‍ക്ക് കിട്ടുന്നത് മുഴുവനും പണിയാണ്.
ആദ്യ രണ്ടു ഭാഗങ്ങളിലും താരങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. എല്ലാം ഗംഭീരമായിരുന്നു. ഇതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട പ്രത്യേകത എന്നു പറയുന്നത് ഓരോ കഥാപാത്രങ്ങളുടെയും സ്‌റ്റൈലുകളാണ്. ഓരോരുത്തരുടെയും സ്റ്റൈലുകള്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ത്തുവച്ചിട്ടുണ്ട്. പാപ്പനെ നമ്മള്‍ തിരിച്ചറിയുന്നത് അയാളുടെ മീശയിലാണ്. അതിന്റെ കൂടെ അയാള്‍ ധരിക്കുന്ന വസ്ത്രങ്ങളും ഒരു ഭാഗമാണ്. സ്‌റ്റൈലിംഗും ലുക്കും കൂടി ഒരുമിച്ചു മാറുമ്പോഴാണ് നമുക്ക് എളുപ്പം മനസിലാക്കാന്‍ സാധിക്കുന്നത്. സര്‍ബത്ത് ഷമീറിന്റെ നോക്കിയാല്‍ അയാളുടെ വരയന്‍ മീശയാണ് പ്രത്യേകത. പിന്നെ സല്‍മാന്‍ഖാനെ കൈയിലുള്ളതുപോലെ ഒരു വാച്ചും കൂളിംഗ് ഗ്ലാസും വച്ച് നടക്കുന്നതും ഒരു പ്രത്യേകതയാണ്. അറയ്ക്കല്‍ അബുവിനാണെങ്കില്‍ അയാളുടെ തൊപ്പിയും കളര്‍ഫുള്‍ ലുങ്കിയുമാണ് പ്രത്യേകത. ജൂഡിനെ നോക്കിയാല്‍ ചുവന്ന കോട്ടാണ് പ്രത്യേകത. അതായത് ഓരോ കഥാപാത്രത്തിന്റെയും ലുക്കും വേഷവിധാനങ്ങളും ഒരുമിച്ച് മെര്‍ജാകുമ്പോഴാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ കണക്റ്റാവുന്നത്.
കഥയില്ലാതെ എന്തു സിനിമ!
സ്റ്റോറി ഇല്ലാത്ത സിനിമകള്‍ എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. പലരും കഥ പറയുമ്പോള്‍ മേക്കിംഗ് സിനിമയാണെന്ന് ഇപ്പോള്‍ ചിലര്‍ പറയാറുണ്ട്. അതെന്താ മേക്കിംഗ് സിനിമയ്ക്ക് കഥയില്ലാത്തത്? പ്രേക്ഷകരെ എന്റര്‍ടൈന്‍ ചെയ്യുകയും അതിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാന്‍. അത്തരം സിനിമകളേ ഞാന്‍ ചെയ്യൂ. മങ്കി പെന്‍ ആണ് എന്റെ ആദ്യ സിനിമ. അതില്‍ കുട്ടികള്‍ക്ക് ആവശ്യമായ സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളിലെല്ലാം സന്ദേശങ്ങളുണ്ട്. ഓഡിയന്‍സിന് കണക്റ്റാകുന്ന തരത്തിലുള്ള കഥകളുണ്ടാകണം എന്നതാണ് എന്റെ രീതി. എന്റെ സിനിമകളെല്ലാം തന്നെ നോക്കിയാല്‍ അത് മനസിലാകും. ഞാന്‍ ചിന്തിക്കുന്നത്, ഓഡിയന്‍സിന് ഇഷ്ടപ്പെടണമെന്നതാണ്. ഒരു ജോണര്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അത് നീതിപുലര്‍ത്തണം. ഇപ്പോള്‍ ചിരിപ്പിക്കുന്ന സിനിമയാണെങ്കില്‍ ചിരിപ്പിക്കണം. സീരിയസാണെങ്കില്‍ അങ്ങനെ. അതല്ലാതെ അവിടെയും ഇവിടെയും ആയിപ്പോകരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ത്രില്ലറാണെങ്കില്‍ ത്രില്ലടിപ്പിക്കണം. ആട് പക്കാ ഫണ്‍ കോമഡി സിനിമയാണ്. കോമഡി ഇഷ്ടപ്പെടുന്നവര്‍ക്ക് അത് അള്‍ട്ടിമേറ്റായിരിക്കണം. ഫീല്‍ ഗുഡാണെങ്കില്‍ ആ ഫീല്‍ നെഞ്ചത്ത് കിട്ടണം. അത്തരം ജോണറുകളുടെ പീക്കില്‍ സിനിമ എത്തുമ്പോഴാണ് നമ്മള്‍ അതു ചെയ്യാമെന്നു തീരുമാനിക്കുന്നത്.
മലയാള സിനിമയുടെ വളര്‍ച്ച
മലയാള സിനിമ എന്നും ലോകസിനിമയോടു കിടപിടിക്കുന്നവയാണ്. ആദ്യ ത്രീഡി ചിത്രം മലയാളത്തിലാണ് ഉണ്ടായത്. ആദ്യ ഡിജിറ്റല്‍ സിനിമയും മലയാളത്തിലുണ്ടായി. ഇത്തരത്തില്‍ ലോകസിനിമ മലയാള സിനിമയെ ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമകളെടുക്കുന്ന സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനും അവകാശപ്പെട്ടതാണ്. അത്തരം സിനിമകളില്‍ കുറഞ്ഞത് അമ്പതെണ്ണമെങ്കിലും മികച്ചു നില്‍ക്കുന്നവയാണ്. അത് മലയാളത്തിന്റെ ശക്തമായ സാന്നിധ്യത്തെയാണ് അറിയിക്കുന്നത്. ഏതു ദേശീയ പുരസ്‌കാരം വന്നാലും മലയാളത്തിനാണ് കൂടുതല്‍ അവാര്‍ഡ് ലഭിക്കുന്നത്. വ്യത്യസ്തമായ സിനിമകളുണ്ടാകുന്നതും മലയാളത്തിലാണ്. ഒടിടിയുടെ കടന്നുവരവോടെ വിവിധ വിഭാഗങ്ങളിലെ ഓഡിയന്‍സിനെ മലയാളത്തിനു ലഭിച്ചു. അസാമിലും ബിഹാറിലും താമസിക്കുന്ന മലയാളികള്‍ക്ക് നേരത്തെ സാറ്റലൈറ്റില്‍ വരുമ്പോള്‍ മാത്രമേ കാണാന്‍ അവസരമുണ്ടായിരുന്നുള്ളു. ഇന്നിപ്പോള്‍ വൈഡ് റിലീസിന്റെ കാലമാണ്. അവരുടെ നാട്ടിലും മലയാളം സിനിമ എത്തിത്തുടങ്ങി. ഒടിടി പ്ലാറ്റ്ഫോമുകളില്‍ സിനിമയെത്തുന്നു. ഓരോരുത്തരുടെയും സമയത്തിനനുസരിച്ച് സിനിമ കാണാന്‍ സാധിക്കുന്നുണ്ട്. നോണ്‍ മലയാളി ഓഡിയന്‍സിനെ നമുക്ക് ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. മലയാളികള്‍ ലോകത്തിന്റെ ഏതു ഭാഗത്തുണ്ടെങ്കിലും അവര്‍ക്കെല്ലാം അവിടെയിരുന്നുതന്നെ സിനിമ കാണാന്‍ സാധിക്കുന്നുണ്ട്. മലയാളികള്‍ അല്ലാത്തവര്‍ പോലും നമ്മുടെ സിനിമ കാണുകയും വിലയിരുത്തലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. അതൊക്കെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഇപ്പോള്‍ സിനിമയ്ക്ക് വിശാലമായ മാര്‍ക്കറ്റാണ് തുറന്നുകിട്ടിയിട്ടുള്ളത്. കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് ഒടിടി പോലുള്ള സംവിധാനങ്ങളുടെ കടന്നുവരവോടെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.
ഫ്രൈഡെ ഫിലിംസ്
ഫ്രൈഡെ ഫിലിംസിന്റെ 24-ാമത്തെ ചിത്രമാണ് ആട് മൂന്നാംഭാഗം. 25-ാമത്തെ ചിത്രം ആരംഭിച്ചിട്ടുണ്ട്. കാലന്റെ തങ്കക്കുടം എന്നാണ് ആ സിനിമയുടെ പേര്. 25 സിനിമകള്‍ ചെയ്തിട്ടും ഈ മേഖലയില്‍ ഒറ്റയ്ക്കു പിടിച്ചുനില്‍ക്കുന്ന പ്രൊഡക്ഷന്‍ ഹൗസാണ് ഫ്രൈഡെ ഫിലിംസ്. യാതൊരു ബാക്കപ്പും നമുക്കില്ല. സ്വന്തമായി ഇന്‍വെസ്റ്റ് ചെയ്താണ് സിനിമ ചെയ്യുന്നത്. ആട് 3 മാത്രമാണ് ഇന്‍വെസ്റ്ററെ വച്ച് ചെയ്തിട്ടുള്ളത്. 25 സിനിമകള്‍ ചെയ്തിട്ടും ശക്തമായി നിലനില്‍ക്കുന്നു. നമ്മുടെ സക്സസ് റേഷ്യോ 75 ശതമാനമാണ്. നിര്‍മിച്ച സിനിമകളില്‍ 75 ശതമാനവും ബോക്‌സോഫീസ് സക്സസാണ്. എല്ലാ സിനിമകളുടെയും റൈറ്റ്സ് വിറ്റുപോയിട്ടുമുണ്ട്. ഒരു സിനിമ വിജയിക്കുമ്പോള്‍ ടെന്‍ഷന്‍ കൂടുതലാണ്. കാരണം അടുത്ത സിനിമയും അത്തരത്തില്‍ എത്തിക്കണം.
ചാനലില്‍ നിന്നും സിനിമയിലെത്തിയ ആളാണ് ഞാന്‍. 75 ശതമാനം സസ്‌കസ് റേഷ്യോ നേടാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. ഫ്രൈഡെ ഫിലിംസിന്റെ പ്രത്യേകത 16 പുതുമുഖ സംവിധായകരെ മലയാള സിനിമയിലേക്ക് സംഭാവന ചെയ്യാന്‍ സാധിച്ചു എന്നതാണ്. ഇന്ത്യയില്‍ വേറെ ഏതെങ്കിലുമൊരു പ്രൊഡക്ഷന്‍ ഹൗസ് ഇത്തരത്തില്‍ പുതിയ സംവിധായകരെ വച്ച് സിനിമ ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. അതുമാത്രമല്ല 150ഓളം പുതിയ ആര്‍ട്ടിസ്റ്റുകളെ മലയാള സിനിമയിലേക്ക് എത്തിച്ചു. അങ്കമാലി ഡയറീസില്‍ മാത്രം നൂറോളം പുതുമുഖങ്ങളെ അവതരിപ്പിച്ചു. പുതുമുഖ നായികാ, നായകന്‍മാരെ, ക്യാമറാമാന്‍മാരെ പോലും മലയാളത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചു. ഞങ്ങളിലൂടെ വന്നവരില്‍ പലരും ഇന്ന് മുന്‍നിര സംവിധായകരുമാണ്.
