108! ഈ നമ്പറും ഷാജി പട്ടിക്കരയും തമ്മിലൊരു ബന്ധമുണ്ട്
Interview with Shaji Pattikkara

പി.ആര്‍. സുമേരന്‍
ഊണിലും ഉറക്കത്തിലും എന്തിന്, ശ്വാസത്തില്‍ പോലും സിനിമയെ പ്രണയിക്കുന്ന ഒരാള്‍. ഇങ്ങനെയൊരു വിശേഷണം ഏറെ യോജിക്കുന്നയാള്‍ തന്നെയാണ് മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയനായ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കര.
സിനിമ ഒരു വിസ്മയകലയായിരിക്കെ ഷാജി സിനിമയിലേക്കെത്തിയത് തികച്ചും യാദൃശ്ചികമായിട്ടാണ്. മലയാളത്തില്‍ മികച്ച സിനിമകള്‍ ഒരുക്കുമ്പോള്‍ തന്നെ സിനിമയ്ക്കൊപ്പം സഞ്ചരിക്കാനാണ് ഷാജി ഏറെയും ആഗ്രഹിച്ചത്. സിനിമയുടെ വലിയ തിരക്കുകള്‍ക്കിടയിലും ചെറുകഥകളും കുറിപ്പുകളും ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിപ്പോന്നു. ഒപ്പം അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ മലയാളസിനിമയുടെ ചരിത്രം തേടിയും യാത്ര തുടരുന്നു. പ്രമുഖ മാധ്യമങ്ങളില്‍ സിനിമകളുടെ വാര്‍ഷിക അവലോകനങ്ങള്‍ എഴുതുകയും താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ഒരു കുടക്കീഴിലാക്കി മാധ്യമങ്ങള്‍ക്കും കലാപ്രവര്‍ത്തകര്‍ക്കുമായി സിനിമാ പ്രവര്‍ത്തകരുടെ ഡയറക്ടറിയും ഒരുക്കുന്നു. മികച്ച ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും കലാമൂല്യവും വാണിജ്യപരവുമായി ഏറെ മികവ് പുലര്‍ത്തുന്ന ഹിറ്റും സൂപ്പര്‍ഹിറ്റുമായ ഒത്തിരി സിനിമകളും ഒരുക്കി.
108 നമ്പറിന്റെ രഹസ്യം
ഷാജിയുടെ ജിവിതത്തില്‍ 108 എന്ന നമ്പറിന് ഏറെ പുതുമയും കൗതുകവുമുണ്ട്. ഷാജിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് എറണാകുളം ലിസി ഹോസ്പിറ്റലിന് സമീപമുള്ള ഷംസു ടൂറിസ്റ്റ് ഹോമിലെ 108-ാം റൂമില്‍ നിന്നാണ്. അവിടെ 22 വര്‍ഷവും 20 ദിവസവും താമസിച്ചു. മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകന്‍ രാജേഷ് അമനകരയുടെ പുതിയ ചിത്രമായ 'കല്യാണമരം' ഷാജി പ്രൊഡക്ഷന്‍ കണ്‍ട്രോളറാകുന്ന 108-ാമത്തെ സിനിമയാണ്. തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കര എന്ന ഒരു ചെറുഗ്രാമത്തില്‍ സുഹൃത്തുക്കളായ പ്രകാശ് കുഞ്ഞന്റെയും പ്രദീപ് നാരായണന്റെയും ഒപ്പം ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയാണ് ഷാജി സിനിമയുടെ വലിയ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. നാട്ടില്‍ യുവതരംഗം ക്ലബിന്റെ സെക്രട്ടറിയായി കലാ പ്രവര്‍ത്തനത്തിന്
തുടക്കമിട്ടു. പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ആരിഫ് പൊന്നാനിയ്ക്കൊപ്പമുള്ള കലാപ്രവര്‍ത്തനങ്ങളും കലയുടെ വിശാല ലോകത്തേക്ക് ഷാജിക്ക് വാതില്‍ തുറന്നു. സിമയില്‍ നിന്ന് രസകരവും അതിലേറെ സംഭവബഹുലവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാകാനും കഴിഞ്ഞിട്ടുള്ള ഷാജിയുടെ ചലച്ചിത്ര ജീവിതം ഏറെ വിസ്മയങ്ങള്‍ നിറഞ്ഞതാണ്.
സിനിമയിലേക്ക് വഴിതുറന്നത്
1998-ല്‍ പി.ടി.കുഞ്ഞിമുഹമ്മദ് സംവിധാനം ചെയ്ത 'ഗര്‍ഷോം' എന്ന സിനിമയിലൂടെയാണ് പ്രൊഡക്ഷന്‍ മാനേജരായി ഷാജിയുടെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്ത 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലൂടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി. 2024 ഡിസംബറില്‍ റിലീസായ ആനന്ദ് ശ്രീബാല എന്ന ചിത്രം പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്കുചെയ്യുന്ന 107-ാമത്തെ സിനിമയാണ്.
പി.ടി.കുഞ്ഞിമുഹമ്മദ്, ടി.വി.ചന്ദ്രന്‍, ഹരികുമാര്‍, പ്രിയനന്ദനന്‍, ജയരാജ്, അരുണ്‍കുമാര്‍ അരവിന്ദ്, സുരേഷ് ഉണ്ണിത്താന്‍, കെ.മധു, ജോസ് തോമസ്, രാജ് ബാബു, എം.പത്മകുമാര്‍, സുനില്‍ തുടങ്ങിയ നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പവും നവാഗത സംവിധായകരായ പ്രദീപ് നായര്‍, കെ. ഗോപിനാഥന്‍, സുരേഷ് അച്ചൂസ്, മധു കൈതപ്രം, എം ജി ശശി, ജി.ആര്‍. ഇന്ദുഗോപാന്‍, ജയന്‍ ശിവപുരം, ഷാനു സമദ്, എം.കെ ദേവരാജന്‍, ലിജീഷ് മുല്ലേഴത്ത്, വിഷ്ണു വിനയ് വരെയുള്ള 37 നവാഗത സംവിധായകര്‍ക്കൊപ്പവും ഇതിനോടകം ഷാജി പ്രവര്‍ത്തിച്ചു.
മഹാ പ്രതിഭകള്‍ക്കൊപ്പം
ദക്ഷിണാമൂര്‍ത്തി, എം.ടി.വാസുദേവന്‍ നായര്‍, അക്കിത്തം, ഒ.എന്‍.വി., സി.എന്‍. കരുണാകരന്‍ തുടങ്ങിയ അതുല്യ പ്രതിഭകളെക്കുറിച്ചുള്ള ഡോക്യുമെന്ററികളിലും ഷാജി ഭാഗമായി.
ഹൃദയത്തില്‍ ജീവിക്കുന്നവര്‍
കടന്നുവന്ന ജീവിതവഴിയിലേക്ക് ഷാജി എന്നും നന്മയോടെയാണ് തിരിഞ്ഞു നോക്കുന്നത്. ജീവിത വഴിയില്‍ വെളിച്ചം പകര്‍ന്ന ഒട്ടേറെ പേരെ നന്ദിയോടെ ഓര്‍മ്മിക്കുന്നു. പേരെടുത്ത് ചൊല്ലി വിളിക്കാന്‍ കഴിയാത്ത എത്രയോ പേര്‍. പുതിയ ജീവിത വഴിയിലേക്ക് കൈ പിടിച്ച് നടത്തിയ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ കൊച്ചന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആരിഫ് പൊന്നാനിയെയും സ്നേഹത്തോടെ ഓര്‍മ്മിക്കുന്നു.
മലയാളസിനിമയിലെ ഏറ്റവും പ്രമുഖരായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും, നിര്‍മ്മാതാക്കളുമായ ആന്റോ ജോസഫിനെയും ഷിബു ജി സുശീലനെയുമാണ് ഷാജി എന്നും ഗുരുക്കന്മാരായി കാണുന്നത്.
കോവിഡ് കാലം പഠിപ്പിച്ചത്
കോവിഡ് കാലത്ത് സിനിമ പൂര്‍ണ്ണമായും നിശ്ചലമായപ്പോഴും ഷാജി കേരളത്തില്‍ അങ്ങോളമിങ്ങോളം തിയേറ്ററുകള്‍ തോറും സഞ്ചരിക്കുകയായിരുന്നു. കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുള്ള തിയേറ്റര്‍ അനുഭവങ്ങളുടെ ചിത്രീകരണമായിരുന്നു ഷാജി സംവിധാനം ചെയ്ത 'ഇരുള്‍ വീണ വെള്ളിത്തിര' എന്ന ഡോക്യുമെന്ററി. ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ ആ ഡോക്യുമെന്ററിയെ തേടി വന്നു.
ചുമതലകള്‍ വന്ന വഴി
മലബാര്‍ റീജിയണല്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി, മാക്ട എക്സിക്യൂട്ടീവ് അംഗം, ഫിലിം സര്‍ക്കിള്‍ വെല്‍ഫെയര്‍ സൊസൈറ്റി കോഴിക്കോട് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ ചുമതലകള്‍ ഷാജി വഹിക്കുന്നു. ഷാജിയുടെ ചലച്ചിത്ര ജീവിത്തതിന് താങ്ങും തണലുമായി ഭാര്യ ജെഷീദ ഷാജിയും ഒപ്പമുണ്ട്. ഫുള്‍മാര്‍ക്ക് സിനിമ എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമ കൂടിയാണ് ജെഷീദ.
നിര്‍മ്മാതാക്കള്‍ തന്നെ താരങ്ങള്‍
സിനിമയുടെ താരങ്ങള്‍ നിര്‍മ്മാതാക്കള്‍ തന്നെയെന്നാണ് ഷാജിയുടെ പക്ഷം. എത്ര മികച്ച സംവിധായകരും അണിയറപ്രവര്‍ത്തകരും ആശയവും കഥയും ഒരുങ്ങിയാലും നല്ല നിര്‍മ്മാതാക്കള്‍ ഉണ്ടായാലോ സിനിമകള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ സിനിമകളുടെ ആഘോഷങ്ങളില്‍ പലപ്പോഴും നിര്‍മ്മാതാക്കളെ അവഗണിക്കുന്ന ദുരവസ്ഥ സിനിമയുടെ ദുരവസ്ഥയാണെന്ന് ഷാജി ചൂണ്ടിക്കാണിക്കുന്നു.
ജോലിയുടെ മഹത്വം
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ജോലി വളരെയേറെ ഉത്തരവാദിത്വമുള്ള കാര്യമാണ്. സിനിമാ യൂണിറ്റിലെ വ്യത്യസ്തരായ സഹപ്രവര്‍ത്തകരെ സമയബന്ധിതമായി ഒരേ ലക്ഷ്യത്തിലെത്തിക്കുക ഏറെ പ്രയാസകരമാണ്. അനാവശ്യ ചിലവുകള്‍ക്ക് കടിഞ്ഞാണിട്ട് മികച്ച സിനിമകള്‍ ഒരുക്കാന്‍ ചിത്രത്തിന്റെ പൂജ മുതല്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം വരെ പിന്നീട് അതിന്റെ ആഘോഷത്തില്‍ വരെ ഊണും ഉറക്കവുമില്ലാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ അലച്ചിലാണ് ഏത് സിനിമയുടെയും വിജയത്തിന് പിന്നിലെ രഹസ്യം.
നല്ല സിനിമകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും തന്റെ ക്രിയേറ്റിവിറ്റി നല്ല കലാസൃഷ്ടിക്കായി വിനിയോഗിക്കുകയും ഒപ്പം നടക്കുന്നവരെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന ഒരു മനുഷ്യസ്നേഹിയുടെ മുഖം കൂടിയുണ്ട് ഷാജി പട്ടിക്കരയ്ക്ക്.
