മമ്മൂട്ടി ചേര്‍ത്തുപിടിച്ചു; ശാരദ പാടി, അമ്മ മനസ്സ്, തങ്ക മനസ്സ്...

Kerala state film awards 2024 Mamootty and Sarada

എണ്‍പതിന്റെ നിറവില്‍ എത്തിയ അഭിനയത്തിന്റെ ഉര്‍വശി ശാരദ, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മറന്നാണ് ജെ സി ഡാനിയേല്‍ പുരസ്‌കാരം വാങ്ങാന്‍ തലസ്ഥാനത്ത് എത്തിയത്. വേദിയിലേക്ക് വീല്‍ ചെയറില്‍ സഹായികള്‍ അവരെ എത്തിക്കുകയായിരുന്നു. അവിടെ നേരത്തെ സന്നിഹിതരായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മമ്മൂട്ടിയും ചേര്‍ന്ന് ശാരദയെ വീല്‍ ചെയറില്‍ നിന്നും ഉയര്‍ത്തി നിര്‍ത്തി. ആ കൈത്താങ്ങുകളില്‍ നിന്നു കൊണ്ട് അവര്‍ സദസ്സിനെ ഇരുകരങ്ങളും കൂപ്പി തൊഴുതു.

മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി ശാരദ ഇങ്ങനെ പാടി, 'അമ്മ മനസ്സ്, തങ്കമനസ്സ്...' നിറഞ്ഞ കൈയടിയോടെ സദസ്സ് ആവേശത്തോടെ ശാരദയെ ഹൃദയത്തിലേറ്റുവാങ്ങി. ഇത്രയും കാലം നിങ്ങള്‍ പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ്, ആദരിച്ചത് കൊണ്ടാണ് തനിക്ക് അഭിനയിക്കാന്‍ സാധിച്ചതെന്നും അല്ലെന്ന് നിങ്ങള്‍ പറയേണ്ടെന്നും ചെറുചിരിയോടെ ശാരദ പറഞ്ഞു.

ഞാന്‍ മലയാളിയല്ലെന്നും തെലുങ്കത്തിയാണെന്നും പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍, ഞാന്‍ പാതി മലയാളിയും പാതി തെലുങ്കത്തിയുമാണ്. എന്റെ അമ്മ കോഴിക്കോട് സ്വദേശി മേനോത്തിയാണ്. അച്ഛനാണ് തെലുങ്കന്‍. ശാരദ പറഞ്ഞു. മമ്മൂട്ടി ശാരദയെ അപ്പോള്‍ ചേര്‍ത്തുപിടിച്ചു.

Related Articles
Next Story