മമ്മൂട്ടിക്ക് 35 കോടി പ്രതിഫലം, നിരസിച്ച് മമ്മൂട്ടി ഒടുവിൽ 24 കോടി.
ധനുഷിനൊപ്പം തുല്യപ്രാധാന്യമുള്ള റോൾ ആണ് മമ്മൂട്ടിക്ക് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

വമ്പൻ സിനിമകൾ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തുടർച്ചായി മികച്ച സിനിമകളും ബോക്സ് ഓഫീസ് വിജയങ്ങളും മമ്മൂട്ടി സിനിമകൾക്കായുള്ള കാത്തിരിപ്പ് കൂട്ടുന്നുണ്ട്. ഖാലിദ് റഹ്‌മാൻ, രാജ്‌കുമാർ പെരിയസാമി, നിതീഷ് സഹദേവ്, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ സംവിധായകന്മാരുടെ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്തുവരാനുള്ളത്.
നിലവിൽ ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ഡി 55 ലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിനായി നിലവിൽ 40 ദിവസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നൽകിയിരിക്കുന്നത്. ധനുഷിനൊപ്പം തുല്യപ്രാധാന്യമുള്ള റോൾ ആണ് മമ്മൂട്ടിക്ക് എന്നാണ് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.അടൂർ ഗോപാലകൃഷ്‌ണൻ ചിത്രം പദയാത്ര ആണ് ഇനി പുറത്തുവരാനുള്ള മമ്മൂട്ടി ചിത്രം. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ പുറത്തിറങ്ങിയ അനന്തരം എന്ന സിനിമയിലാണ് ആദ്യമായി അടൂരും മമ്മൂട്ടിയും ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ അടൂർ സിനിമകളിൽ മമ്മൂട്ടി മുഖ്യ വേഷങ്ങളിലെത്തി. മതിലുകളിൽ വൈക്കം മുഹമ്മദ് ബഷീറിനെയും വിധേയനിൽ വില്ലനായ ഭാസ്‌കര പട്ടേലർ എന്ന ജന്മിയെയുമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ സുപ്രധാന വേഷങ്ങളായി ഇവ രണ്ടും മാറിയിരുന്നു. വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചു. സംസ്ഥാന അവാർഡും സിനിമയ്ക്ക് ലഭിച്ചിരുന്നു.നിതീഷ് സഹദേവ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രത്തിലും മമ്മൂട്ടി ആണ് നായകൻ. മമ്മൂട്ടി കമ്പനിയും കാവ്യ ഫിലിംസും ചേർന്നാണ് ഈ സിനിമ നിർമിക്കുന്നതെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ചിത്രമായിട്ടാണ് ഈ നിതീഷ് സഹദേവ് ചിത്രമൊരുങ്ങുന്നത്. കേരള-തമിഴ്നാട് ബോർഡർ പശ്ചാത്തലമാക്കി ഒരുങ്ങുന്ന സിനിമയിൽ മമ്മൂട്ടി ഒരു ഗ്യാങ്സ്റ്റർ ആയിട്ടാണ് എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഒരു പക്കാ ഫൺ ആക്ഷൻ കൊമേർഷ്യൽ സിനിമയായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയില്ലെന്നും പകരം ഒൻപത് വയസുള്ള ഒരു കുട്ടിയാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നതെന്നുമാണ് മറ്റൊരു റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിംഗ് ജൂണിൽ ആരംഭിക്കും
