'വാച്ചപ്പിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നു'; സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍
Mammootty and Dulquer Salmaan to share screen space

മുമ്പൊരിക്കല്‍, ഒരു സിനിമയുടെ പ്രൊമോഷനിടെ ദുല്‍ഖറിനോട് ചോദിച്ചു: എപ്പോഴാണ് മമ്മുക്കയും ദുല്‍ഖറും ഒരുമിച്ച് ഒരു സിനിമ സംഭവിക്കുക! അത് വാപ്പച്ചിയോട് തന്നെ ചോദിക്കണം, ഞാന്‍ എപ്പോഴും റെഡിയാണ്. ദുല്‍ഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച്, ഒരു സിനിമയില്‍ അഭിനയിക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ ലോകയുടെ അടുത്ത ഭാഗങ്ങളില്‍ മമ്മൂട്ടിയും ദുല്‍ഖറും ഉണ്ടാകുമെന്ന സൂചനയാണ് താരം നല്‍കിയത്. ലോകയുടെ അടുത്ത ഭാഗങ്ങളില്‍ മൂത്തോന്‍ എന്ന കഥാപാത്രമായാവും മമ്മൂട്ടി എത്തുക. ലോകയില്‍ മൂത്തോനായി മമ്മൂട്ടി എത്തിയിരുന്നു, ഒരു ഡയലോഗ് മാത്രമുള്ള കാമിയോ റോളില്‍. കഥാപാത്രത്തിന്റെ കൈ മാത്രമാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
'ലോകയുടെ അടുത്ത ഭാഗങ്ങളില്‍ വാപ്പച്ചിയുണ്ടാകും. വാപ്പച്ചിക്കൊപ്പം ഞാന്‍ ചെയ്യുന്ന ആദ്യ സിനിമയാകും ലോക. സിനിമയില്‍ എത്തി പതിനാല് വര്‍ഷത്തിന് ശേഷമാണ് എനിക്ക് ഈ അവസരം കിട്ടിയത്. വലിയ സന്തോഷമുണ്ട്'-ദുല്‍ഖറിന്റെ വാക്കുകള്‍.
ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസാണ് ലോക നിര്‍മിച്ചത്. ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ അതിഥി താരമായി അഭിനയിച്ചു.
