"ഇതാണ് ശശി, എന്നെ മമ്മൂട്ടി എന്നു വിളിച്ചയാള്‍, ഞാന്‍ ഇതുവരെ അദ്ദേഹത്തെ ഒളിപ്പിച്ചുവച്ചതാണ്!"
Mammootty introduces his friend who called him mammootty for the first time

പി ഐ മുഹമ്മദ് കുട്ടി എങ്ങനെ മമ്മൂട്ടിയായി? ആ കഥ മമ്മൂട്ടി പലവട്ടം പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുണ്ട്. അതിലെ കഥാനായകനെ കുറിച്ചും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. പക്ഷേ, ആദ്യമായി മമ്മൂട്ടി കഥാനായകനെ പരിചയപ്പെടുത്തി. എടവനക്കാട് സ്വദേശി ശശിധരനാണ് മുഹമ്മദ് കുട്ടിയെ മമ്മൂട്ടി എന്നു വിളിച്ചത്. മനോരമ ഹോര്‍ത്തൂസ് ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടി ആദ്യമായി തനിക്ക് പേരിട്ടയാളെ പരിചയപ്പെടുത്തിയത്.
മമ്മൂട്ടിയുടെ വാക്കുകള്‍:
മഹാരാജാസ് കോളജില്‍ പഠിക്കുമ്പോള്‍ എന്റെ പേര് വേറെ ഒന്നായിരുന്നു. പരിചയമില്ലാത്ത സുഹൃത്തുക്കളോട് ഓമര്‍ ഷെരീഫ് എന്നാണ് പറഞ്ഞിരുന്നത്. ഒരിക്കല്‍ കൂട്ടുകാരുമായി നടക്കുമ്പോള്‍ പോക്കറ്റില്‍ നിന്ന് ഐഡി കാര്‍ഡ് താഴെ വീണു. അത് ഒരുത്തന്‍ എടുത്തു നോക്കിയിട്ട് നിന്റെ പേര് ഓമര്‍ എന്നല്ലല്ലോ മമ്മൂട്ടി എന്നല്ലേ എന്നു ചോദിച്ചു. അന്നു മുതലാണ് ഞാന്‍ എന്റെ സുഹൃത്തുക്കളുടെ ഇടയിലും നിങ്ങളുടെ ഇടയിലും മമ്മൂട്ടി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ പേര് ശശിധരന്‍ എന്നാണ്. എടവനക്കാടാണ് വീട്. പലരും എന്നോട് ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ ഒളിച്ചു വച്ചതാണ്-മമ്മൂട്ടി പറഞ്ഞു.
