സിബിഐ-6: കെ. മധുവും എസ്. എന്‍. സ്വാമിയും ഔട്ട്? മമ്മൂട്ടിയും സുരേഷ് ഗോപിയും നായകന്മാര്‍
Mammootty starrer CBI 6 update

പല്ലിശ്ശേരി
സിബിഐ ആറാം ഭാഗം നിര്‍മ്മിക്കുന്നത് സ്വര്‍ഗചിത്ര അപ്പച്ചനാണോ? അതോ മമ്മൂട്ടി കമ്പനിയോ? സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് കെ. മധുവില്‍ നിന്ന് സിബിഐ അഞ്ചാം ഭാഗം വാങ്ങിയത്. തുടര്‍ന്നു നിര്‍മ്മിക്കുന്ന സിബിഐ ഭാഗങ്ങളും ഇതേ ടീം തന്നെയായിരിക്കും എന്നു പറഞ്ഞിരുന്നു. അഞ്ചാം ഭാഗം ഡിസ്‌ക്കഷന്‍ ആരംഭിച്ച നാള്‍ മുതല്‍ കെ. മധുവിനെ മാറ്റണമെന്ന് മമ്മൂട്ടി ഫാന്‍സുകാരില്‍ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി. മമ്മൂട്ടി അറിയാതെ അത്തരത്തില്‍ ഒരഭിപ്രായം ഉരുത്തിരിഞ്ഞു വരില്ല എന്നാണ് സിനിമാരംഗത്തെ ചിലര്‍ സംസാരിച്ചത്. അന്ന് നിജസ്ഥിതി അറിയന്‍ നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനെ വിളിച്ചു. കാര്യം അവതരിപ്പിച്ചപ്പോള്‍ അപ്പച്ചന്‍ നിഷേധിച്ചു. അഞ്ചാം ഭാഗത്തില്‍ സംവിധായകനും തിരക്കഥാകൃത്തിനും മാറ്റം ഉണ്ടാകില്ല.
'ആറാം ഭാഗത്തിലോ?'
' അഞ്ചാം ഭാഗം കഴിയട്ടെ. ആറാം ഭാഗം എടുക്കുന്ന നിര്‍മ്മാതാവ് ആരാണോ അവര്‍ തീരുമാനിക്കട്ടെ.'
അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്നു. അപ്പോഴാണ് ആ സത്യം അറിഞ്ഞത്. മാനസികമായി സിബിഐ ടീം മൂന്നായി പിളര്‍ന്നിരിക്കുന്നു. രഹസ്യങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും കേട്ട കാര്യം സിനിമയുമായി അടുപ്പള്ളവരോടു ഞാന്‍ പറഞ്ഞു.
'കഷ്ടം, മധുവും സ്വാമിയും ഇല്ലാതായാല്‍ ആരെടുത്താലും അത് ശാപമായി മാറും. അല്ലെങ്കില്‍ തന്നെ, എന്തിനാണവരെ മാറ്റുന്നത്? സേതുരാമയ്യര്‍ എസ്.എന്‍. സ്വാമിയുടെ സ്വന്തമല്ലെ?'
ഞാനപ്പോള്‍ 38 വര്‍ഷം മുമ്പു നടന്ന സംഭവം ഓര്‍ത്തു. കെ.മധുവും എസ്.എന്‍. സ്വാമിയും ഇരുപതാം നൂറ്റാണ്ട് ഹിറ്റാക്കിയ ശേഷം തിരക്കിലേക്കു നീങ്ങി. അന്ന് എസ്.എന്‍.സ്വാമി സ്ഥിരമായി താമസിച്ച് എഴുതിയിരുന്നത് എറണാകുളത്തെ എയര്‍ലെന്‍സ് ഹോട്ടലിലാണ്. മുന്‍കൂട്ടി വിളിച്ചു പറയാതെ ഞാനും ഫോട്ടോഗ്രാഫര്‍ നാന കൃഷ്ണന്‍കുട്ടിയും സ്വാമിയെ കാണാന്‍ ചെന്നു. മുന്‍കൂട്ടി വിളിച്ചു പറഞ്ഞാല്‍ സ്വാമി 'വരണ്ട' എന്നു പറയും അതു കൊണ്ടാണ് പറയാതെ പോയത്.
മുറിയില്‍ സ്വാമി മാത്രം കുറെ കടലാസുകള്‍, പേനകള്‍, ചായക്കപ്പ് അങ്ങനെ പലതും.
'എന്താ വിളിക്കാതെ വന്നത്?'
ഞങ്ങള്‍ സ്വാമിയെ കാണാന്‍ വന്നതല്ല. മമ്മൂട്ടിയെ കാണാന്‍ വന്ന കൂട്ടത്തില്‍ സ്വാമിയെ കണ്ട് കുറച്ചു സംസാരിക്കണം എന്നു തോന്നി. '
' അതൊന്നും ഇപ്പൊ വേണ്ട പിന്നീടാകാം'
അതിനിടയില്‍ മമ്മൂട്ടിയുടെ കോള്‍ വന്നു. സ്വാമി അറ്റന്‍ന്റ് ചെയ്തു.
എസ്. എന്‍. സ്വാമി എഴുതി, കെ. മധു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ നായകന്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിക്കുവേണ്ടി ഒരു പൊലീസ് കഥയാണ് സ്വാമി തീരുമാനിച്ചിരുന്നത്. ആ കഥയെ കുറിച്ച് മമ്മൂട്ടിക്കു ചില അഭിപ്രായങ്ങള്‍ പറയാനുണ്ടായിരുന്നു.
'പറഞ്ഞോളു മമ്മൂട്ടി.' അവര്‍ തമ്മില്‍ കുറെ സമയം ഫോണിലൂടെ സംസാരിച്ചു. ഒടുവില്‍ സ്വാമി പറഞ്ഞു. ' മമ്മൂട്ടി ടെന്‍ഷനാകണ്ട. സംതിങ്ങ് ഡിഫറന്റായിരിക്കും തന്റെ കഥാപാത്രം'
അവരുടെ സംസാരം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. 'എന്താ സ്വാമി, മമ്മൂട്ടിയുടെ നിര്‍ദേശങ്ങള്‍ കേട്ടോ?'
'മമ്മൂട്ടി മണ്ടത്തരം പറയാറുണ്ട്, പക്ഷേ, ഇപ്പോള്‍ പറഞ്ഞത് നല്ല കാര്യമാണ്.'
അവര്‍ തമ്മില്‍ സംസാരിച്ചതിന്റെ ചുരുക്കം: ഐ.വി.ശശിയുടെ 'ആവനാഴി' 100 ദിവസം പിന്നിട്ട സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. ആ ചിത്രത്തില്‍ മമ്മൂട്ടിയുടെ പൊലീസ് വേഷം, ഇനി മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല. ഐ.വി.ശശി അതുമാതിരി കഷ്ടപ്പെട്ടു ചെയ്യിച്ചു. മറ്റൊരു പൊലീസ് കഥ ചെയ്യുമ്പോള്‍ 'ആവനാഴി'ക്കു മീതെ നില്‍ക്കണം.' അങ്ങനെ ഒരു ഉറപ്പുതരാമെങ്കില്‍ തീരുമാനിച്ച പൊലീസ് കഥ ചെയ്യാം.'
കുറച്ചു സമയം ആലോചിച്ചു നിന്ന സ്വാമി പറഞ്ഞു. 'നമുക്കു സിബിഐ കഥ ചെയ്താലോ?'
അങ്ങനെയാണ് സിബിഐ കഥകള്‍ തുടങ്ങിയത്. 'ഒരു സി ബി ഐ ഡയറിക്കുറിപ്പ്.' ഈ സിനിമയെക്കുറിച്ച് ആലോചിക്കുമ്പോള്‍, 5 ഭാഗം ഒരേ ടീം ചെയ്യുമ്പോള്‍ അതൊരു ഇന്ത്യന്‍ റെക്കോര്‍ഡ് ആയി മാറുമെന്ന് കരുതിയില്ല.
സിബിഐ വിജയം കണ്ടപ്പോള്‍ മമ്മൂട്ടി കാരണമാണ്, അതുമല്ല കെ.മധു കാരണമാണ്, ഇവര്‍ രണ്ടു പേരുമല്ല എസ്.എന്‍.സ്വാമി കാരണമാണ് എന്നൊക്കെ പറഞ്ഞു വാര്‍ത്ത ഉണ്ടാക്കാന്‍ ഓരോരുത്തരുടെ ഗ്രൂപ്പും ശ്രമം നടത്തി. മമ്മൂട്ടി, കെ.മധു, എസ്.എന്‍.സ്വാമി, ഇവര്‍ ഒരുമിച്ചു നിന്നതുകൊണ്ടാണ് വന്‍ വിജയം ഉണ്ടായത്. ആ വിജയം ഒരു വ്യക്തിയില്‍ ഒതുക്കി നിര്‍ത്തുന്നതു ശരിയല്ല. അപ്പോള്‍ ചോദിക്കും 'അഞ്ചാം ഭാഗം വേണ്ടത്ര വിജയിച്ചില്ലല്ലൊ, പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലല്ലൊ ' എന്നൊക്കെ.
ശരിയാണ്, സിബിഐ പരമ്പരയില്‍ ഏറ്റവും മോശമായി അനുഭവപ്പെട്ടത് അഞ്ചാം ഭാഗമാണ്. അതിന്റെ പ്രധാന കാരണം, ആ ടീമിന്റെ ഒത്തൊരുമയില്ലായ്മയാണ്. ആവശ്യമില്ലാത്ത കൈകടത്തലുകള്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായി എന്ന് ഷൂട്ടിംഗ് സമയത്ത് പാട്ടായിരുന്നു.
അന്ന്, ആറാം ഭാഗം എടുക്കുകയാണെങ്കില്‍ സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമിയും ഉണ്ടായിരിക്കില്ലെന്ന് ഉറച്ച തീരുമാനം നായക നടന്‍ എടുത്തു കഴിഞ്ഞിരുന്നു. ഇക്കാര്യം കെ. മധുവും എസ്.എന്‍.സ്വാമിയും അറിഞ്ഞെങ്കിലും അന്ന് അതൊന്നും കാര്യമാക്കിയില്ല. സിബിഐ കഥയും തിരക്കഥയും എസ്.എന്‍.സ്വാമിയുടെ സ്വന്തമാണ്. അതെങ്ങനെ മറ്റുള്ളവര്‍ക്കു സ്വന്തമാക്കാന്‍ കഴിയും?
എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ചതു പോലെയല്ല നടന്നുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലായപ്പോള്‍ സിബിഐ ആറാം ഭാഗം നിര്‍മ്മിച്ച് സംവിധാനം ചെയ്യുമെന്ന് വര്‍ഷം മുമ്പ് കെ. മധു ഒരു സാംസ്‌ക്കാരിക സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.
എന്നാല്‍, ബേസില്‍ ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിബിഐ ആറാം ഭാഗത്തിലെ നായകന്‍ മമ്മൂട്ടിയാണെന്ന വാര്‍ത്തയും സജീവമായി. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത: മമ്മൂട്ടിയെ നായകനാക്കി സിബിഐ ആറാം ഭാഗം ചിത്രീകരണത്തിനു ഒരുങ്ങിക്കൊണ്ടിരിക്കുന്നു. തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിക്കു വായിക്കാന്‍ കൊടുത്തെന്നും അദ്ദേഹം പച്ചക്കൊടി കാണിച്ചെന്നും സിനിമാരംഗത്തെ പുതിയ വാര്‍ത്തയാണ്.
അതില്‍ എന്തെങ്കിലും സത്യമുണ്ടോ? സത്യമുണ്ടെങ്കില്‍ തന്നെ അതെങ്ങനെ ശരിയാകും? 'സിബിഐ സേതുരാമയ്യര്‍' എസ്. എന്‍. സ്വാമിയുടെ കുട്ടിയല്ലെ? അഞ്ചാം ഭാഗം വരെ വളര്‍ന്ന കുട്ടിയെ ആറാം ഭാഗം മുതല്‍ മറ്റൊരാള്‍ തട്ടിയെടുക്കുന്നതു ശരിയാണോ?
ഇങ്ങനെയെല്ലാമാണ് സിനിമാരംഗത്തെ പ്രചരണങ്ങള്‍.
വാര്‍ത്ത സത്യമാണെന്നു വിചാരിക്കണമെങ്കില്‍, സിബിഐ ആറാം ഭാഗം നിര്‍മ്മാതാവ് ആരെന്നറിയണം. അതിനു ശേഷം മാത്രമെ സംവിധായകനും തിരക്കഥാകൃത്തിനും നായക നടനും മാറ്റമുണ്ടോ എന്നൊക്കെ അറിയാന്‍ കഴിയൂ.
എന്നാല്‍, അത്തരം കാര്യങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
അതേ സമയം സിബിഐ ആറാം ഭാഗം എഴുതി സംവിധാനം ചെയ്യുന്നത് ജോഫിന്‍ ടി. ചാക്കോ ആണെന്നും തിരക്കഥ എഴുതുന്നത് രാമു സുനിവാണെന്നും നിര്‍മ്മാതാവ് മമ്മൂട്ടിയോ സ്വര്‍ഗ്ഗചിത്ര അപ്പച്ചനോ ആയിരിക്കുമെന്നും സജീവമായൊരു വാര്‍ത്ത മമ്മൂട്ടി ഫാന്‍സ് നേതാക്കന്മാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
44 തിരക്കഥകള്‍ എസ്. എന്‍. സ്വാമി മമ്മൂട്ടിക്കുവേണ്ടി എഴുതിയിട്ടുണ്ട്. അതില്‍ എണ്‍പതു ശതമാനവും ഹിറ്റുകളായിരുന്നു. സിബിഐ ഇതു വരെ എത്തിച്ചതില്‍ എസ്. എന്‍. സ്വാമിയുടെ എഴുത്ത് മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. അതൊക്കെ മറന്ന് സിബിഐ-6-ല്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കാന്‍ സാധ്യത കുറവാണ് എന്നു തന്നെയാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നു മനസ്സിലായി.
സി ബി ഐ-6 സംവിധാനം ചെയ്യുന്നത് ജോഫിന്‍ ടി ചാക്കോ ആണെന്നറിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു. 'ജോഫിനാണ് സിബിഐ-6 സംവിധാനം ചെയ്യുന്നത് എന്നറിഞ്ഞു. ഷൂട്ടിംഗ് എന്നു തുടങ്ങും'
'ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഞങ്ങള്‍ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നു.'
സിബിഐ-6 തീരുമാനമായി. അപ്പോള്‍ സംവിധായകന്‍ കെ. മധുവിന്റേയും തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമിയുടേയും സമ്മതത്തോടെയാണോ പുതിയ ടീം സിബിഐ ചെയ്യുന്നത്?
സംവിധായകന്‍ കെ. മധുവിനെ വിളിച്ച് ആറാം ഭാഗത്തില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചു.
'പുതിയ ടീമിനെ കുറിച്ചു എനിക്കറിയില്ല. സിബിഐ-6 ഞങ്ങള്‍ തന്നെ ചെയ്യാനിരുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് മമ്മൂട്ടിയോട് ചോദിച്ച ശേഷം പറയാം.'
എന്നാല്‍, വിശദവിവരം പിന്നീട് പറയാമെന്നു മാത്രമാണ് മധു പറഞ്ഞത്.
സേതുരാമയ്യര്‍ എനിക്കു മാത്രമാണ് സ്വന്തം
അതു കഴിഞ്ഞ് എസ് 'എന്‍.സ്വാമിയെ വിളിച്ചു. 'സ്വാമി സിബിഐ-6-ല്‍ നിന്നും നിങ്ങള്‍ ഔട്ടാണോ?'
''എന്റെ വീട്ടില്‍ നിന്നും ഞാന്‍ ഔട്ടാകുന്നതു പോലെയാണല്ലൊ തന്റെ ചോദ്യം.'
'തിരക്കഥ മറ്റൊരാള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.'
അപ്പോള്‍ സ്വാമി പറഞ്ഞു. 'സിബിഐ കഥകള്‍ ആര്‍ക്കും എഴുതാം നിര്‍മ്മിക്കാം, സംവിധാനം ചെയ്യാം. എന്നാല്‍, സേതുരാമയ്യര്‍ എന്റേതു മാത്രമാണ്, എനിക്കു മാത്രമാണ് സ്വന്തം. വിശദ വിവരം മമ്മൂട്ടിയുമായി സംസാരിച്ച ശേഷം പറയാം.'
മലയാള സിനിമയിലെ സൂപ്പര്‍ ബാനറുകളില്‍ ഒന്നാണ് അപ്പച്ചന്റെ സ്വര്‍ഗചിത്ര. അപ്പച്ചനും എസ്. എന്‍. സ്വാമിയും സിബിഎ-5-ല്‍ വച്ച് മാനസികമായി അകന്നിരുന്നു. അതുകൊണ്ട് അപ്പച്ചന്‍ സ്വാമിയെ സഹകരിപ്പിക്കാന്‍ സാധ്യത കുറവാണ്. വിവാദത്തില്‍ പെടാനും അപ്പച്ചനു താല്പര്യമില്ല. അങ്ങനെ വരുമ്പോള്‍ നിര്‍മ്മാണത്തില്‍ നിന്നും മാറി നില്‍ക്കാനാണ് സാധ്യത. എങ്കിലും അപ്പച്ചനു പറയാനുള്ളതു കേള്‍ക്കാം എന്നു കരുതി വിളിച്ചു. ബോംബെയിലായിരുന്നു അപ്പച്ചന്‍. 'സിബിഐ-6 എന്നു തുടങ്ങും?'
സിബിഐ-6 മമ്മൂട്ടി കമ്പനി നിര്‍മിക്കും?
'ഞാന്‍ സിബിഐ-6 നിര്‍മ്മിക്കുന്നില്ല.'
'പിന്നെ ആരാണ് നിര്‍മ്മിക്കുന്നത്? റൈറ്റ്‌സ് അപ്പച്ചന്റെ കൈവശമല്ലെ? ആര്‍ക്കാണ് വിറ്റത്?'
'സിബിഐ-5 ചിത്രീകരണം പൂര്‍ത്തിയാകും മുമ്പ് മമ്മൂട്ടി എന്നോട് ഒരു കാര്യം പറഞ്ഞു.' അപ്പച്ചാ, സിബിഐ-6 ഞാനാണ് ചെയ്യുന്നത്. മമ്മൂട്ടി കമ്പനി. നിര്‍മ്മിക്കാനുള്ള റൈറ്റ്‌സ് എനിക്കു തരണം.'
'ഞാനപ്പോള്‍ തന്നെ സമ്മതിച്ചു. എപ്പോള്‍ വേണമെങ്കിലും റൈറ്റ്‌സ് തരാം '
'റൈറ്റ്‌സ് കൊടുത്തോ?'
'ചോദിക്കുമ്പോള്‍ കൊടുക്കും. ഇതുവരെ ചോദിച്ചില്ല, അതു കൊണ്ടു രേഖാമൂലം കൊടുത്തിട്ടില്ല.'
'കെ. മധുവും എസ്. എന്‍. സ്വാമിയും പ്രശ്‌നം ഉണ്ടാക്കില്ലെ?'
'അതൊക്കെ മമ്മൂട്ടിയുമായി തീര്‍ക്കട്ടെ. ഞാനതില്‍ ഇല്ലല്ലൊ.'
കെ. മധുവില്‍ നിന്ന് അപ്പച്ചന്‍ റൈറ്റ്‌സ് വാങ്ങുമ്പോള്‍ ഇരുവരും തമ്മില്‍ വാക്കാല്‍ ഒരു കരാര്‍ ഉണ്ടായിരുന്നതായി കേള്‍ക്കുന്ന. അപ്പച്ചന്‍ സിബിഐ കഥകള്‍ വേണ്ടെന്നുവയ്ക്കുന്ന സമയത്ത് റൈറ്റ്‌സ് മധുവിനു തിരികെ കൊടുക്കണമെന്ന്: അങ്ങനെ ഇനി സംഭവിക്കുമോ?
കാര്യങ്ങള്‍ കൈവിട്ടു പോയി. ശക്തനായി മമ്മൂട്ടി നില്‍ക്കുമ്പോള്‍ മധുവും എസ്. എന്‍. സ്വാമിയും എന്തു നിലപാടെടുക്കും?
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ 'സിബിഐ-6' ചെയ്യുന്നുണ്ടെങ്കില്‍ സംവിധായകന്‍ മധുവും തിരക്കഥാകൃത്ത് എസ്. എന്‍. സ്വാമിയും ആയിരിക്കുമോ? അങ്ങനെയല്ലെങ്കില്‍ സിനിമാ സംഘടനകളില്‍ പരാതി കൊടുത്ത് നീതിക്കുവേണ്ടി കാത്തിരിക്കുമോ?
മമ്മൂട്ടി കമ്പനി 'സി ബി ഐ-6 ' നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ 'സിബിഐ-6' മറ്റൊരു രീതിയില്‍ മധു, എസ്. എന്‍. സ്വാമി ടീം തീയേറ്ററില്‍ എത്തിക്കാനുള്ള ശ്രമം തുടരും എന്ന് ഇരുവരുടേയും അടുത്ത സുഹൃത്തുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
മമ്മൂട്ടി, സേതുരാമയ്യര്‍ ആയി അഭിനയിച്ചില്ലെങ്കിലും ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഭാഗങ്ങളില്‍ നിന്നും മമ്മൂട്ടി സീനുകള്‍ ചേര്‍ക്കുകയും ഒന്നാം ഭാഗത്തില്‍, 38 വര്‍ഷത്തിനു ശേഷം, സേതുരാമയ്യരുടെ വലംകൈ ആയിരുന്ന റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപിയെ നായകനാക്കി കൊണ്ടുവരുന്ന കാര്യം ആലോചനയിലാണ്.
ഒരു സിബിഐ ഡയറിക്കുറിപ്പില്‍ മമ്മൂട്ടിയോടൊപ്പം റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപിയെ പിന്നീടുള്ള പരമ്പരകളില്‍ കണ്ടില്ല. റോക്കി സ്ഥലം മാറി പോയെന്നു പറയുക മാത്രമാണ് ചെയ്തത്. സുരേഷ് ഗോപിയെ വെട്ടിയത് ആരാണ്? ചര്‍ച്ച ചെയ്തു തുടങ്ങിയെങ്കിലും എന്തുകൊണ്ടാണെന്നറിയില്ല, ആ ചര്‍ച്ച ഏറ്റെടുക്കാന്‍ പിന്നീട് ആരുമുണ്ടായില്ല. അതിനു പ്രധാന കാരണമായി തോന്നിയത് സുകുമാരന്റെ വരവാണ്. സുരേഷ് ഗോപിയുടെ റോക്കിക്കു പകരം സുകുമാരന്റെ ദേവദാസ് കഥാപാത്രത്തെ സജീവമായി കൊണ്ടുവന്നു. കാലത്തിനൊത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ എസ്.എന്‍.സ്വാമിക്കും കെ.മധുവിനും സാധിച്ചു. അതിന്റെ പുതിയ മുഖമാണ് കുശാഗ്രബുദ്ധിശാലിയും കുശുമ്പന്‍ കഥാപാത്രമായി വന്ന സുകുമാരന്‍. പ്രത്യേക മാനറിസങ്ങളും സ്വത:സിദ്ധമായ സംഭാഷണശൈലിയും കൊണ്ട് സുകുമാരന്‍ ദേവദാസിനു ജീവനേകി. അഴിമതിയുടെ ആള്‍രൂപവും ക്രിമിനല്‍ ബുദ്ധിയും ഉള്ള സുകുമാരനും മമ്മൂട്ടിയും പരസ്പരം കൊമ്പുകോര്‍ത്ത രംഗങ്ങള്‍ ഒരു സിബിഐ ഡയറിക്കുറിപ്പിലേയും ജാഗ്രതയിലേയും ഹൈലൈറ്റ് രംഗങ്ങളായിരുന്നു. അതുകൊണ്ട്, സുരേഷ് ഗോപിയുടെ റോക്കിയെ കുറിച്ച് അധികം പേരും അന്വേഷിച്ചില്ല.
17 വര്‍ഷത്തിനു ശേഷം 'സിബിഐ - 3 ' നിര്‍മ്മിക്കുമ്പോള്‍ സുകുമാരന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. സുകുമാരന്റെ വിടവ് നികത്താന്‍ സുരേഷ് ഗോപിയെ തിരികെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്യപ്പെട്ടു. അപ്പോഴാണ് സുകുമാരന്റെ മാനറിസങ്ങളും ക്രിമിനല്‍ ബുദ്ധിയും അതേപടി നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ മകന്‍ കഥാപാത്രമായി സത്യദാസിനെ സൃഷ്ടിച്ചത്. സായ്കുമാറിന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു സത്യദാസ്. സത്യദാസ് വന്നതു കാരണം മൂന്നാം ഭാഗത്തിലും സുരേഷ് ഗോപിയുടെ റോക്കിയെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
എന്നാല്‍, സുരേഷ് ഗോപിയുടെ റോക്കിക്കു പകരം മൂന്നാം ഭാഗത്തില്‍ ട്രെയിനിയായി വിനീത് കുമാര്‍ എന്ന യുവനടനെ കൊണ്ടുവന്നു. ആ കഥാപാത്രത്തെ റോക്കിക്കു പകരക്കാരനായി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല.
സുരേഷ് ഗോപിക്കൊപ്പം സേതുരാമയ്യരുടെ ഭാര്യാ കഥാപാത്രവും
5 ഭാഗങ്ങളിലും അഭിനയത്തിന്റെ ആകാശഗോപുരമായ മമ്മൂട്ടി വിവാഹിതനാണ്. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യയുടെ കഥാപാത്രത്തിനു യാതൊരു പ്രാധാന്യവും നല്‍കിയിരുന്നില്ല.കെ. മധു, എസ്. എന്‍. സ്വാമി ടീം 'സിബിഐ-6 ' ചെയ്യുകയാണെങ്കില്‍ റോക്കിയോടൊപ്പം സേതുരാമയ്യരുടെ ഭാര്യക്കും പ്രാധാന്യം കൊടുക്കുമെന്നാണ് പറയുന്നത്.
കെ.മധുവിനേയും എസ്.എന്‍.സ്വാമിയേയും എന്തു കാരണം പറഞ്ഞിട്ടായാലും എഴുതിതള്ളാന്‍ പറ്റില്ല. തരക്കേടില്ലാത്ത വിജയങ്ങള്‍ നേടി സന്തോഷിച്ചിരുന്ന മലയാള സിനിമയ്ക്കു ' ഒരു സിബിഐ ഡയറിക്കുറിപ്പി'ലൂടെ മെഗാഹിറ്റ് സമ്മാനിച്ച സംവിധായകനാണ് കെ.മധു. ക്രൈം കഥകള്‍ ചിത്രീകരിച്ച് പണം വാരുന്ന തന്ത്രം പല പ്രാവശ്യം തെളിയിച്ച കെ. മധു-എസ്. എന്‍. സ്വാമി ടീം സിബിഐ-6 -ലൂടെ ചരിത്രത്തെ തേച്ചുമിനുക്കിയെടുക്കും. കാരണം കുറ്റാന്വേഷണ കഥകള്‍ക്ക് എന്നും പ്രേക്ഷകരുണ്ട്.
അതേ സമയം, കെ. മധുവിനേയും എസ്. എന്‍. സ്വാമിയേയും 'സിബിഐ- 6'-ല്‍ നിന്നും ഔട്ടാക്കുമെന്ന ശ്രുതി വന്നതു മുതല്‍ ഒരു വിഭാഗം പ്രേക്ഷകര്‍ പറഞ്ഞത് ഇങ്ങനെ: 'വിനാശകാലേ വിപരീത ബുദ്ധി'
ഒടുവില്‍ കിട്ടിയ വാര്‍ത്ത: കെ.മധുവിനും എസ്.എന്‍.സ്വാമിക്കും വലിയ പരിക്കുകളില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ മമ്മൂട്ടി മുന്‍കൈ എടുക്കുകയാണെങ്കില്‍ 'സിബിഐ-6' നിര്‍മ്മിക്കാന്‍ സ്വര്‍ഗചിത്ര അപ്പച്ചന്‍ സമ്മതം മൂളുമത്രേ.
