യാത്ര പറയാതെ ശ്രീനി മടങ്ങി; വൈകാരിക കുറിപ്പുമായി മോഹന്‍ലാല്‍
Mohanlal's emotional social media post on Sreenivasan's death

ശ്രീനിവാസനുമായുള്ള സ്‌നേഹബന്ധം സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും മുകളിലായിരുന്നുവെന്ന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വൈകാരികമായ കുറിപ്പ് തുടങ്ങുന്നത് 'യാത്ര പറയാതെ ശ്രീനി മടങ്ങി' എന്നു പറഞ്ഞുകൊണ്ടാണ്. ഓരോ മലയാളിക്കും ശ്രീനിവാസനോടുള്ള ആത്മബന്ധം അങ്ങനെ തന്നെയായിരുന്നെന്നും മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ കുറിപ്പ്:
യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്‌നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തന്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളില്‍ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്‌ക്രീനില്‍ കണ്ടു. മധ്യവര്‍ഗ്ഗത്തിന്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്‌കരിക്കാന്‍ ശ്രീനിയെപ്പോലെ മറ്റാര്‍ക്ക് കഴിയും. ഞങ്ങള്‍ ഒന്നിച്ച കഥാപാത്രങ്ങള്‍ കാലാതീതമായി നിലനില്‍ക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ സൃഷ്ടികള്‍. വേദനയെ ചിരിയില്‍ പകര്‍ത്തിയ പ്രിയപ്പെട്ടവന്‍. സ്‌ക്രീനിലും ജീവിതത്തിലും ഞങ്ങള്‍ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...
ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നാണ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസന്‍. ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് ഇപ്പോള്‍ അറിയല്ല.
സിനിമ ജീവിതത്തില്‍ ഒരുപാട് ബന്ധങ്ങളുള്ള കൂട്ടുകെട്ടായിരുന്നു ശ്രീനിവാസന്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഇന്നസെന്റ് എന്നിവരുമായി ഉണ്ടായിരുന്നത്. എന്നേക്കാളും കൂടുതല്‍ അവരുമായിട്ടാണ് ശ്രീനിക്ക് കൂടുതല്‍ ബന്ധം. അവരുടെ കൂടെയാണ് കൂടുതല്‍ സമയം ശ്രീനി ചെലവഴിക്കാറുള്ളത്.
നടന്‍ എന്ന നിലയിലല്ല ഞങ്ങള്‍ തമ്മിലുള്ള ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഞങ്ങളുടെ ബന്ധം കടന്നുപോയിട്ടുണ്ട്. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു അദ്ദേഹം. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട്. മോഹന്‍ലാല്‍ പറഞ്ഞു.
