മോഹന്‍ലാല്‍ വേദനയോടെ പറഞ്ഞു: 'ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്കിപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല!'
Mohanlal's mother passed away

അമ്മയെ കുറിച്ച് പറയുമ്പോഴെല്ലാം മോഹന്‍ലാല്‍ വാചാലനാകുമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. എത്ര തിരിക്കുണ്ടെങ്കിലും ലാലു എനിക്കൊപ്പമുണ്ടാകാറുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി പറഞ്ഞത്. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി അവര്‍ ചികിത്സയിലാണ്. അമ്മയുടെ 89-ാം പിറന്നാള്‍ മോഹന്‍ലാല്‍ എളമക്കരയിലെ വീട്ടില്‍ വച്ച് ആഘോഷിച്ചിരുന്നു.
അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് ഏറെ വേദനയോടെയാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്കിപ്പോള്‍ സംസാരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ദു:ഖത്തോടെ പറഞ്ഞു. 'കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ മിണ്ടുന്നത്. കണ്ണില്‍ നോക്കിയാണ് ഞാന്‍ അമ്മയുടെ സ്‌നേഹവും വാത്സല്യവും അറിയുന്നത്.' മോഹന്‍ലാലിന്റെ വാക്കുകള്‍.
90-ാം വയസ്സിലാണ് മോഹന്‍ലാലിന്റെ അമ്മ വിട പറഞ്ഞത്. കൊച്ചി എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. പരേതനായ വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. പരേതനായി പ്യാരി ലാല്‍ മറ്റൊരു മകനാണ്. വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന മോഹന്‍ലാലിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് പേരു നല്‍കിയത് അച്ഛന്റെയും അമ്മയുടെയും പേരു ചേര്‍ത്താണ്.
