വിജയ്-രശ്മിക വിവാഹം ഉടന്‍, ചടങ്ങുകള്‍ രഹസ്യമായി, മുഹൂര്‍ത്തവും കുറിച്ചു!
Rashmika Mandanna and Vijay Deverakonda wedding

തെന്നിന്ത്യന്‍ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2025 ഒക്ടോബര്‍ 3-ന് ഹൈദരാബാദിലെ വിജയ്യുടെ വസതിയില്‍ വച്ച് വിവാഹനിശ്ചയം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
2026 ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തികച്ചും സ്വകാര്യ ചടങ്ങായിരിക്കും വിവാഹം എന്നാണ് സൂചന.
രശ്മികയോ വിജയ്യോ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍, താരങ്ങളുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളും ഇരുവരുടെയും പരസ്യ പ്രസ്താവനകളും ഊഹാപോഹങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'തമ്മ'യുടെ ഒരു പ്രമോഷന്‍ പരിപാടിക്കിടെ, രശ്മികയോട് വിവാഹ നിശ്ചയത്തെക്കുറിച്ച് ചോദിച്ചിരുന്നു. 'എല്ലാവര്‍ക്കും ഇതിനെക്കുറിച്ച് അറിയാം' എന്ന മറുപടിയാണ് രശ്മിക നല്‍കിയത്. ഇത് വലിയ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തു.
ഫെബ്രുവരിയിലെ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് സൂചന. ദക്ഷിണേന്ത്യന്‍, രാജസ്ഥാനി ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടത്തുന്നതെന്നാണ് വിവരം.
രശ്മിക, തന്റെ വളര്‍ത്തുനായ ഔറയോടൊപ്പം ഒരു വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോയില്‍ രശ്മിക ധരിച്ച വജ്രമോതിരമാണ് വിവാഹനിശ്ചയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആദ്യം ഉയര്‍ത്തിയ്ത. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ബാബ മഹാ സമാധി സന്ദര്‍ശന വേളയില്‍ വിജയ് സമാനമായ ഒരു മോതിരം ധരിച്ചിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി.
