'പുലിവാൽ‌ കല്യാണം പോലെ കല്യാണരാമൻ പോലെ സിനിമ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല'-സലിം കുമാർ

ആദാമിന്റെ മകൻ അബുവിൽ അഭിനയിച്ച ശേഷം നല്ലൊരു കോമഡി വേഷം കിട്ടിയിട്ടില്ല. അതു സങ്കടം തന്നെയാണ്, വെളിപ്പെടുത്തി സലിംകുമാർ

ബാബു ജനാർദ്ദനന്റെ തിരക്കഥയിൽ സലിം കുമാറിനെ നായകനാക്കി ലാൽ ജോസ് ഒരുക്കിയ ചിത്രമാണ് അച്ഛനുറങ്ങാത്ത വീട്. ചിത്രത്തിലെ പ്രകടനത്തിന് സലിം കുമാറിന് മികച്ച രണ്ടാമത്തെ നടനുള്ള കേരളം സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ചിത്രത്തിലേക്ക് താൻ എത്തിപ്പെട്ടതിനെക്കുറിച്ച് മനസുതുറക്കുകയാണ് സലിം കുമാർ. വനിതയോട് സംസാരിക്കുകയായിരുന്നു സലിം കുമാർ.ഒരു ദിവസം നടി ഉഷ എന്നോടു പറഞ്ഞു, തിരക്കഥാകൃത്ത് ബാബു ജനാർ‌ദനൻ കാണാൻ വരും, ഇതുവരെ ചെയ്തതതു പോലൊരു കഥയല്ലത്. ചാടിക്കയറി വേണ്ടെന്നു പറയരുത്. അദ്ദേഹം വന്നു അച്ഛനുറങ്ങാത്ത വീടിന്റെ കഥ പറഞ്ഞു. ബാബു ജനാർദനൻ പോയ പിന്നാലെ ലാല്‍ ജോസ് വിളിച്ചു. കഥ കേട്ടില്ലേ എന്നു ചോദിച്ചു,‘‘ലാലു വേറെ ആരെയെങ്കിലും വച്ച് ചെയ്യ്. ഞാൻ ചെയ്താൽ ശരിയാവില്ല'. ‘നീ അഭിനയിക്കുകയാണെങ്കിൽ ഈ സിനിമ ഞാൻ ചെയ്യും’ അതായിരുന്നു ലാലുവിന്റെ മറുപടി. അവരുടെ നിർബന്ധത്തിനു വഴങ്ങി ആ വേഷം ‌ചെയ്തു. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കിട്ടി. അഭിനയ ജീവിതത്തിെല ആദ്യ പുരസ്കാരം ലഭിച്ചെന്നു മാത്രമല്ല ഇതു പോലുള്ള ഒരുപാടു കഥാപാത്രങ്ങളും എന്നെ തേടി വന്നു.ആദാമിന്റെ മകൻ അബുവിനു മികച്ച നടനുള്ള നാഷനൽ അവാർഡും സ്റ്റേറ്റ് അവാർഡും കിട്ടി. പക്ഷേ, ആദാമിന്റെ മകൻ അബുവിൽ അഭിനയിച്ച ശേഷം നല്ലൊരു കോമഡി വേഷം കിട്ടിയിട്ടില്ല. അതു സങ്കടം തന്നെയാണ്. ഇപ്പോൾ സിനിമയിൽ ചിരി കുറഞ്ഞു. പുതിയ കാലത്ത് തമാശയെഴുതുമ്പോൾ ആയിരം വട്ടം ചിന്തിക്കണം. എന്തും പെട്ടെന്നു വിവാദമാവും. ചെറിയ തെറ്റുപോലും ആരും ക്ഷമിക്കാത്ത കാലം. അപ്പോള്‍ പിന്നെ കോമഡി പാളിയിലോ… പുലിവാൽ‌ കല്യാണം പോലെ കല്യാണരാമൻ പോലെ സിനിമ ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല', സലിം കുമാറിന്റെ വാക്കുകൾ.

Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story