ശ്രീനിച്ചിരി മലയാളിയെ ഇക്കിളിപ്പെടുത്തി, തുണിയുരിയും പോലെ നാണം കെടുത്തി

Sreenivasan's versatile creativity


ഡോ. അനില്‍ കുമാര്‍ എസ്.ഡി.

സാധാരണക്കാരന്റെ ചിന്തയിലെ സര്‍ഗ്ഗസാന്നിധ്യവും ബൗദ്ധികസ്‌ഫോടനവും വെള്ളിത്തിരയിലെത്തിച്ച സര്‍ഗ്ഗപ്രതിഭയാണ് ശ്രീനവാസന്‍. കാലത്തിന് മുന്നേ സമൂഹത്തിന്റെ ചലനത്തെ ഒപ്പിയെടുത്ത മഹാകലാകാരനുമാണ് പ്രിയപ്പെട്ട ശ്രീനിവാസന്‍. ചിന്തയിലെ സത്യസന്ധതയും അത് പ്രകടിപ്പിക്കാനുള്ള ധൈര്യവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. സന്ദേശം പോലെയുള്ള ഒരു സിനിമയില്‍ അദ്ദേഹം ചര്‍ച്ച ചെയ്ത രാഷ്ട്രീയവും അതിന്റെ പ്രയോഗവൈകല്യവും പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കാലികമാവുന്നതും ഈ രസതന്ത്രത്തിലാണ്. വരവേല്‍പ്പിലൂടെ ശ്രീനിയുയര്‍ത്തുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മലയാളിയെ ഇക്കിളിപ്പെടുത്തുക മാത്രമല്ല തുണിയുരിയുന്ന പോലെ നാണം കെടുത്തുകയും ചെയ്യുന്നു. ഉദയനാണ് താരം എന്ന സിനിമയിലൂടെ സിനിമയിലെ സിനിമ മാത്രമല്ല കാലം ഒരുക്കുന്ന സിനിമയും അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചു. അഭ്രപാളിയിലേക്ക് തലതാഴ്ത്തി കാപട്യം ഒളിപ്പിക്കുന്ന തിരക്കഥാകൃത്തും അഭിനേതാവും അനാവൃതനാകുന്ന ഉദയനാണ് താരം, സിനിമയ്ക്കുള്ളിലെ സിനിമയുടെ ഭാഷയില്‍ അവതരിപ്പിക്കുന്നു.



ഗഫൂര്‍ക്കാ ദോസ്തിന്റെ കാപട്യവും, പ്രതീക്ഷയില്‍ വിഷം കലര്‍ത്തുന്ന ശങ്കരാടിയുടെ കൗശലവും ആനമണ്ടത്തരങ്ങളുടെ ബുദ്ധിയെ നേരത്തേ തോന്നാത്ത വിജയന്റെയും ദാസന്റേയും നിഷ്‌ക്കളങ്കതയെ വിറ്റുതിന്നുന്നതും ഇന്നും എന്നും പലരൂപത്തില്‍ ആവര്‍ത്തിക്കുന്ന തനിയാവര്‍ത്തനങ്ങളല്ലേ? സന്മനസ്സുകളുടെ അസമാധാനത്തിന്റെ യാത്രയില്‍ നമ്മള്‍ കണ്ടുമുട്ടുന്നത് നമ്മളേയും നമുക്ക് ചുറ്റുമുള്ളവരേയും. ഗൂര്‍ഖയായിപ്പോലും വേഷം മാറി നിറയാവയറിന്റെ പശിയടക്കേണ്ടി വരുന്ന മലയാളിയേയും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് കാട്ടിത്തരുന്നു.


സരോജ് കുമാറിന്റെ കുപ്പായം സിനിമയെ വിഴുങ്ങുന്ന വിഴുപ്പായി എന്ന്, സിനിമാക്കൊട്ടകയുടെ മോന്തായത്തില്‍ക്കേറി അലറി വിളിക്കാനും ശ്രീനിക്ക് ആര്‍ജ്ജവമുണ്ട്. ആ ധീരത മലയാള സിനിമയ്ക്ക് നഷ്ടമാവുന്ന ഈ കാലത്ത് ശ്രീനിയുടെ വേര്‍പാട് തീരാനഷ്ടം. ഒരു നാള്‍ വരും മുന്നോട്ടുവച്ച അഴിമതിയുടെ ആഴവും, ടി .പി .ബാലഗോപാലന്‍ ഉയര്‍ത്തുന്ന തൊഴിലില്ലായ്മയും കാലികവും പ്രസക്തവുമാണ്.


അഭിനയത്തിന്റെ ഒരു വലിയ ഇടം തുറന്നു തന്ന അഭിനേതാവ് കൂടിയാണ് ശ്രീനിവാസന്‍. ശ്രീനി ചെയ്ത റോളുകള്‍ക്ക് പകരക്കാരനെ തിരക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ അന്യൂനത തിരിച്ചറിയുന്നത്. ആ അഭിനയത്തിന്റെ ചാരുതകള്‍ കാലം തിരക്കിനടക്കുമെന്നതില്‍ അശേഷം സന്ദേഹം വേണ്ട.


ഒരു സംവിധായകന്‍ എന്ന നിലയില്‍ ശ്രീനി വരച്ച വരകള്‍ കാലം മിനുക്കുന്ന സുവര്‍ണ്ണ രേഖകളാണ്. ചിന്താവിഷ്ടയായ ശ്യാമളയുടെ രാഷ്ട്രീയഭദ്രതയും സാമൂഹ്യവിമര്‍ശനവും എത്ര സിനിമകളില്‍ നമുക്ക് കാണാന്‍ കഴിയും? ആ സിനിമയിലൂടെ ശ്രീനി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഉള്‍ക്കൊള്ളാനോ വിശകലനം ചെയ്യാനോ സാഹിത്യകുതുകികള്‍ ശ്രമിച്ചിട്ടുണ്ടോ? തലയണമന്ത്രം പോലെ കാലാതിവര്‍ത്തിയായ ഒരു സിനിമ സൃഷ്ടിക്കാനും അദ്ദേഹത്തിന് സാധിച്ചു .

മലയാള സാഹിത്യത്തിന് കുമാരനാശാന്‍ എന്ന പോലെ കാലം മിനുക്കിയെടുക്കേണ്ടുന്ന മഹാനായ സിനിമാക്കാരനാണ് ശ്രീനിവാസന്‍. ശ്രീനിയുടെ ചിരി കാലത്തിന്റെ ചിരിയാണ്, കാലാതിവര്‍ത്തിയായ ചിരിയുമാണ്. തലമറന്ന ചിരിയുടെ കോലാഹലകാലത്തിലും ശ്രീനിച്ചിരിയുടെ കാമ്പുള്ള നാമ്പുകള്‍ മലയാളിയുള്ള കാലത്തോളം നിലനില്‍ക്കും.

Related Articles
Next Story