മലയാളി നടിയുടെ മകന്‍; ധനുഷിന്റെയും ഫഹദിന്റെയും ആദ്യ ചിത്രത്തില്‍ സഹ താരം; ദുരിതക്കടല്‍ താണ്ടി അഭിനയ് കിങ്ങര്‍ ഓര്‍മയായി
Tamil actor Abhinay Kinger passes away

തമിഴ് നടന്‍ അഭിനയ് കിങ്ങര്‍ അന്തരിച്ചു. 44 വയസ്സായിരുന്നു. കരള്‍ രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അസുഖം നടനെ സാമ്പത്തികമായി തകര്‍ത്തിരുന്നു. ധനുഷ് ഉള്‍പ്പെടെ നിരവധി പേര്‍ സഹായം നല്‍കിയിരുന്നു.
നടി ടി പി രാധാമണിയുടെ മകനാണ് അഭിനയ്. ഉത്തരായനം ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ രാധാമണി അഭിനയിച്ചിട്ടുണ്ട്. 2019-ലാണ് കാന്‍സര്‍ ബാധിതയായി രാധാമണി മരിച്ചത്.
ധനുഷ് നായകനായ തുള്ളുവതൈ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അഭിനയ് കിങ്ങര്‍ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രം കൈ എത്തും ദൂരത്തിലും അഭിനയിച്ചു. കിഷോര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അഭിനയിച്ചത്.
സൊല്ല സൊല്ല ഇനിക്കും, പാലൈവാന സോലൈ, ജംഗ്ഷന്‍, സിങ്കാര ചെന്നൈ, പൊന്‍മേഘലൈ, തുപ്പാക്കി, അന്‍ജാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വല്ലവനക്കും പുല്ലും ആയുധമാണ് അവസാനം അഭിനയിച്ച ചിത്രം. 2014-ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.
