‘അത് അച്ഛന്റെ ആർമി കാലത്തെ ചിത്രം’; ഷമ്മി തിലകൻ

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത ഇതിഹാസ നടനാണ് തിലകൻ. അദ്ദേഹം ചെയ്തു വച്ച കഥാപാത്രങ്ങൾ ഇന്നും മലയാള പ്രേക്ഷകർ മനസ്സുകളിൽ ഇടം പിടിച്ചവയാണ്. എന്നാൽ കുറച്ചു നാളുകൾക്കു ഒരു പഴയകാല ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ തിലകന്റെ പഴയകാല ‘സ്റ്റൈലിഷ്’ ചിത്രമായിരുന്നു അത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ ചെറുപ്പം നിറഞ്ഞ തിലകനെയാണ് കാണാനായിട്ട് സാധിക്കുക.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പറയുകയാണ് തിലകന്റെ മകനും പ്രശസ്ത നടനുമായ ഷമ്മി തിലകൻ. മനോരമ ഓൺലൈനിനോടാണ് അത് അച്ഛൻ ആർമിയിൽ ജോലി നോക്കിയിരുന്നപ്പോൾ എടുത്തതാണ് എന്ന് പറഞ്ഞത്. ഹോളിവുഡ് കഥാപാത്രമായ വോൾവറിനെ അനുസ്മരിപ്പിക്കുന്നു എന്നാണ് പ്രേക്ഷർ ചിത്രത്തെക്കുറിച്ചു പറഞ്ഞത്. എന്നാൽ സഫാരി ചാനലിൽ തിലകന്റെ ആർമിയിലെ ജീവിതത്തെക്കുറിച്ച് പറഞ്ഞതും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.

‘‘പാലപ്പുറത്ത് കേശവന്റെയും ദേവയാനിയുടെയും മകൻ സുരേന്ദ്രനാഥ തിലകൻ പട്ടാളത്തിൽ ചേർന്നത് രാജ്യസ്നേഹത്താൽ ഉത്‌ബോധിതനായിട്ടല്ല. മാതാപിതാക്കളെ ആശ്രയിക്കാതെ അവരുടെ അപ്രീതി വേണ്ടുവോളം കൊയ്‌തെടുത്ത് ധിക്കാരിയായ ആ ചെറുപ്പക്കാരൻ സ്വയം പര്യാപ്തത തേടി നടത്തിയ യാത്രയുടെ ഒരു പാദമെന്ന നിലയിലാണ് അദ്ദേഹം പട്ടാളത്തിൽ എത്തിച്ചേർന്നത്. അവിടുത്തെ ജീവിതത്തിനിടയിൽ അതിശൈത്യം മൂലമോ ഏതോ രോഗബാധ മൂലമോ അദ്ദേഹത്തിന്റെ കാലുകൾക്ക് സാരമായ ക്ഷതം സംഭവിച്ചു. അന്ന് മിലിട്ടറി ആശുപത്രിയിലെ ഡോക്ടർമാർ, ആ കാല് മുറിച്ചു മാറ്റണം എന്ന നിഗമനത്തിൽ എത്തി. മിലിട്ടറി ആശുപത്രിയിലെ ഡോക്ടർമാർ അത്തരമൊരു തീരുമാനമെടുത്താൽ അത് നടപ്പിലാക്കുന്നതിന് ഈ രോഗബാധിതനായ വ്യക്തിയുടെയോ ആ കുടുംബത്തിന്റെയോ അനുമതി ചോദിക്കേണ്ടതില്ല.

അങ്ങനെ പാതിതളർന്ന കാലുമായി രോഗാവസ്ഥയിൽ കഴിയുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ആ പട്ടാളക്യാംപ് സന്ദർശിക്കാൻ എത്തി. ചികിത്സയിൽ കഴിയുന്ന പട്ടാളക്കാരെ ആശ്വസിപ്പിക്കുന്നതിനായി മിലിട്ടറി ആശുപത്രിയിലും അദ്ദേഹം എത്തുകയുണ്ടായി. പ്രധാനമന്ത്രിയോട് ആരും ഒരു വാക്കുപോലും സംസാരിക്കരുതെന്ന കർശനമായ നിർദേശം ഓരോ പട്ടാളക്കാർക്കും നൽകിയിരുന്നു.ഓരോ കട്ടിലും സന്ദർശിച്ച് തിലകന്റെ കട്ടിലിനരികെ എത്തിയപ്പോൾ ബഹുമാനപൂർവം അദ്ദേഹത്തെ തൊഴുതു. അടുത്ത കട്ടിലിലേക്കു പോകുവാൻ നേരം, ‘‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി എനിക്ക് അങ്ങയോട് ഒരു വാക്ക് സംസാരിക്കണം’’ എന്നു തിലകൻ പറഞ്ഞു. ഒരുപാട് പുരികങ്ങൾ ചുളിഞ്ഞുവെങ്കിലും സുരേന്ദ്രനാഥൻ പറഞ്ഞു, ‘‘എന്റെ കാലുകൾ മുറിച്ചുമാറ്റാൻ ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുകയാണ്. ഒരു പട്ടാളക്കാരന്റെയും അവയവങ്ങൾ അയാളുടെയോ അയാളുടെ കുടുംബത്തിന്റെയോ അനുവാദമില്ലാതെ ചെയ്യരുത് എന്ന വിനീതമായ അഭ്യർഥന എനിക്കുണ്ട്. അത് അങ്ങ് സ്വീകരിക്കുകയും ഈ ശസ്ത്രക്രിയയിൽ നിന്ന് എന്നെ ഒഴിവാക്കുകയും വേണം. അതുമൂലമുണ്ടാകുന്ന ഏതു അപകടത്തിനും ഞാൻ മാത്രമായിരിക്കും ഉത്തരവാദി എന്ന് ഏറ്റെടുക്കുകയാണ്.’’ ഒരു നിമിഷം ഈ തന്റേടിയായ ചെറുപ്പക്കാരനെ സാകൂതം നോക്കികൊണ്ട് ജവഹർലാൽ നെഹ്‌റു കടന്നുപോയി.

അന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് രോഗിയുടെയോ രോഗിയുടെ ബന്ധുക്കളുടെയോ അഭിപ്രായം ആരാഞ്ഞിരിക്കണം എന്ന് നിർദേശിച്ചു. അങ്ങനെ രക്ഷപ്പെട്ടു കിട്ടിയ കാലുകളുമായിട്ടാണ് സൈനിക സേവനം അവസാനിപ്പിച്ച് സുരേന്ദ്രനാഥ തിലകൻ നാട്ടിലേക്കു മടങ്ങിയെത്തിയത്. ’’–ജോൺ പോളിന്റെ വാക്കുകൾ.

Athul
Athul  

Related Articles

Next Story