''നടനെന്ന രീതിയില്‍ മടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സംവിധാനത്തെ പറ്റി ചിന്തിക്കുകയുള്ളൂ'' ; സപ്തതിയുടെ നിറവിൽ നടന്‍ ജഗദീഷ്

''സംവിധായകര്‍ക്ക് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഇനിയും ഉണ്ട് ''.

സപ്തതിയുടെ നിറവിലാണ് നടന്‍ ജഗദീഷ്. നായകനായും ഹാസ്യ താരമായും സീരിയസ് കഥാപാത്രമായും ജഗദീഷ് മലയാളികളുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞു. തന്റെ മൂന്ന് പതിറ്റാണ്ടിലേറെയുള്ള നീണ്ട കരിയറില്‍, 400ലധികം സിനിമയിലൂടെ മലയാള സിനിമയില്‍ മായാത്ത മുദ്ര പതിപ്പിച്ചുകഴിഞ്ഞു. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. 1990 കളില്‍ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ നായകന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.അഭിനയത്തിന് പുറമെ ഏതാനും സിനിമകളുടെ തിരക്കഥാകൃത്തായും ജഗദീഷ് പ്രവര്‍ത്തിച്ചു. കാമ്പുള്ള കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയില്‍ അഭിനയിച്ച് പ്രതിഭലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ സിനിമാ ജീവിതം വെള്ളിനക്ഷത്രത്തോട് ജഗദീഷ് പങ്കുവയ്ക്കുന്നു.


എഴുപത് വയസ്സ് തികയുകയാണ്. അഭിനയ ജീവിതത്തില്‍ ഏറ്റവും മധുരമായ ഓര്‍മ്മകള്‍ എന്തൊക്കെ?


അങ്ങനെ ഒരു ഓര്‍മ്മ എന്നതില്ല. എന്റെ കോളേജ് കാലഘട്ടമാണ് ഏറ്റവും നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നത്. മഹാരാജാസ് കോളേജ് ജീവിതമാണ് എന്നെ നടനാക്കിയത്. അവിടെ വെച്ചാണ് എനിക്ക് എന്റെ ഗുരുവായ വയലാര്‍ വാസുദേവന്‍പിള്ള സാറിനെ ലഭിക്കുന്നത്. അങ്ങനെ തിരുവനന്തപുരത്ത് നാടക വേദികളില്‍ വളരെ പ്രഗത്ഭരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച. തിരുവനന്തപുരത്തെ കലാവേദി , രംഗവേദി, സുവര്‍ണ്ണരേഖ തുടങ്ങിയ സമിതികളുമായി സഹകരിച്ചു. അഭിനയത്തെ വളരെ ഗൗരവത്തോടെ നോക്കി കാണുന്ന പ്രഗത്ഭരായ ഒരു സംഘം ആളുകളോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് സിനിമാരംഗത്തേയ്ക്ക് എനിക്ക് കടക്കാന്‍ സാധിച്ചത്. അഭിനയത്തിന്റെ സാധ്യതയെ കുറിച്ച് ഇവരൊക്കെയാണ് എനിക്ക് പറഞ്ഞു തന്നത്. അതില്‍ എന്റെ ഗുരുക്കന്മാരെ പോലെ ഞാന്‍ കണക്കാക്കുന്ന ഒരുപാട് വ്യക്തികള്‍ ഉണ്ട്. അവരുടെ ശിക്ഷണത്തില്‍ വളര്‍ന്നതിനാലാണ് ഞാന്‍ ഒരു നടനായത്. അതിനാല്‍ എന്റെ കോളേജ് കാലഘട്ടത്തിലെ ഓരോ ദിവസവും എനിക്ക് നല്ല ഓര്‍മ്മകള്‍ ആണ് നല്‍കിയിട്ടുള്ളത്.


സിനിമയോട് തോന്നിയ ഇഷ്ടം എങ്ങനെയായിരുന്നു?


സിനിമ എന്ന മാധ്യമത്തിനോട് കുട്ടികാലം മുതല്‍ താല്പര്യമുള്ള ആളായിരുന്നു ഞാന്‍. നല്ല സിനിമകള്‍ ഞങ്ങള്‍ കുട്ടികളെ കൊണ്ട് കാണിക്കുന്ന ഒരു സ്വഭാവം വീട്ടില്‍ അച്ഛന് ഉണ്ടായിരുന്നു. അതിനു അച്ഛനോട് എനിക്ക് പ്രേത്യേക നന്ദിയുണ്ട്. സിനിമയുടെ ലോകത്തേയ്ക്ക് എന്നെ കൂട്ടികൊണ്ട് പോയത് അച്ഛമൈയിരുന്നു. അങ്ങനെയാണ് സിനിമയോട് വളരെയധികം താല്പര്യം എനിക്ക് ഉണ്ടാകുന്നത്. അച്ഛന്‍ വാങ്ങി തന്ന റേഡിയോയിലൂടെയാണ് ചലച്ചിത്ര ഗാനങ്ങള്‍ കേട്ട് തുടങ്ങുന്നതും. അതും, മലയാളം, തമിഴ്, ഹിന്ദി അങ്ങനെ എല്ലാ ഭാഷകളിലെ ഗാനങ്ങളും കേട്ടിരുന്നു. ഇതെല്ലാം തന്നെ സിനിമയിലേയ്ക്ക് എന്നെ കൂടുതല്‍ അടിപ്പിക്കാന്‍ സഹായിച്ചു.


തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ ജഗദീഷ് എന്ന നടന്റെ പ്രാധാന്യം വളരെ വലുതായിരുന്നു. ആ കാലഘട്ടത്തിലെ സിനിമകളെക്കുറിച്ച്?


ആ കാലഘട്ടത്തില്‍ എന്നെ നായകനാകുന്നത് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ജനപ്രീതിയാണ് ഒരു പരിധി വരെ കാരണം. അപ്പുകുട്ടന്‍ എന്ന കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയും സ്വീകരണവുമൊക്കെ എന്തുകൊണ്ട് പ്രധാന വേഷങ്ങളില്‍ ജഗദീഷിനെ പരിഗണിച്ചുകൂട എന്ന ചിന്ത മലയാള സിനിമയിലെ സംവിധയകരിലും തിരക്കഥാകൃത്തുക്കളിലും തോന്നി. അങ്ങനെയാണ് ഞാന്‍ 90കളിലെ നായകനായി മാറുന്നത്. തുടര്‍ന്ന് ഒരു നല്‍പോത്തോളം ചിത്രങ്ങളില്‍ ഞാന്‍ നായകനായി അഭിനയിച്ചു. ഈ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ അല്ലെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങള്‍ അവയില്‍ വളരെ കുറവായിരുന്നു. പ്രൊഡ്യൂസറിന്റെ പോക്കറ്റ് സേഫ് ആകുന്ന ചിത്രങ്ങള്‍ ആയിരുന്നു അതെല്ലാം. എന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ താരതമ്യേന ലോ അല്ലെങ്കില്‍ മീഡിയം ബഡ്ജറ്റില്‍ ഉള്ളവയായിരുന്നു. അന്ന് ഞാന്‍ നായകനായ ചിത്രങ്ങളെല്ലാം തന്നെ അഭിനയിച്ചു പൂര്‍ത്തിയാക്കിയത് ഒരു പരമാവധി 18- 22 ദിവസങ്ങള്‍ കൊണ്ടായിരുന്നു. പക്ഷെ ഇന്ന് സാങ്കേതികമായി ഒരു പെര്‍ഫെക്ഷന് വേണ്ടി ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് മിനിമം ഒരു 60 ദിവസം വേണ്ടി വരും. അത് ഒരു തെറ്റായി ഞാന്‍ പറയില്ല. കാരണം അത് സിനിമയുടെ സാങ്കേതികമായ മികവിന് വേണ്ടി ആയിരിക്കാം. അന്നത്തെ കാലത്ത് അതിനു പരിമിതികള്‍ ഉണ്ടായിരുന്നു. ഫിലിമില്‍ ഷൂട്ട് ചെയ്യുന്നതിനാല്‍ അത് വളരെ ചിലവേറിയതായിരുന്നു. അതുകൊണ്ട് മിനിമം ദിവസങ്ങള്‍ കൊണ്ട് എന്റെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ സാമ്പത്തികമായി വലിയ പരാജയമായില്ല. ചില സിനിമകള്‍ വിജയിച്ചു. ചിലത് ഹിറ്റ് ആയി മാറി. 100 ദിവസങ്ങള്‍ പിന്നിട്ട എന്റെ നായക വേഷ ചിത്രങ്ങളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.


ജഗദീഷിന്റെ സിനിമകളില്‍ കൂടുതലും നായികയായി അഭിനയിച്ചത് ഊര്‍വശിയായിരുന്നല്ലോ?


കൂടുതല്‍ തവണ നായികയായി എന്റെ സിനിമകളില്‍ അഭിനയിച്ച നടിയാണ് ഉര്‍വശി. വ്യക്തിപരമായി അവര്‍ എനിക്ക് തന്നിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്. കാരണം മടിച്ചു മടിച്ചു നായകനാകാന്‍ നിന്ന ആ കാലഘട്ടത്തില്‍ എനിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രോത്സാഹനവും ഉര്‍വശി തന്നിട്ടുണ്ട്. അന്ന് ഉര്‍വശി തിരക്കുള്ള നായികയാണ്. മലയാളം കൂടാതെ തമിഴിലും, തെലുങ്കിലും കന്നടയിലും ഒരേപോലെ നായികയായി അഭിനയിച്ചിരുന്ന സമയത്താണ് എന്റെ നായികയാകാന്‍ ഉര്‍വശിയ്ക്ക് ക്ഷണം ലഭിക്കുന്നത്. അവര്‍ അന്നത് സന്തോഷത്തോടെ ഏറ്റെടുത്തു. നായകനാകാനുള്ള എന്റെ അപകര്‍ഷതാബോധവും ആത്മവിശ്വാസക്കുറവും ഒരു പരിധി വരെ എന്നില്‍ നിന്നും അകറ്റിയത് ഉര്‍വശിയാണ്. ഉര്‍വശി അന്ന് പകര്‍ന്നു തന്ന ആത്മവിശ്വാസം ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു. മാത്രമല്ല അഭിനയത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം കൂടെയാണ് ഉര്‍വശി. അവരുടെ കൂടെ അഭിനയിച്ചതില്‍ എന്റെ അഭിനയം മെച്ചപ്പെട്ടു എന്ന് ഞാന്‍ കരുതുന്നു.


ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ഏതൊക്കെയാണ്? അവയ്ക്ക് ജഗദീഷ് എന്ന നടനുമായി എന്തെങ്കിലും ബന്ധമുണ്ടോ?


എന്റെ ജീവിതവുമായി അങ്ങനെയൊരു ബന്ധവും കഥാപാത്രങ്ങള്‍ക്കില്ല. പൊന്നാരന്‍ തോട്ടത്തിലെ രാജാവ് എന്ന ചിത്രത്തിലെ ഇടത്തരം കുടുംബത്തിലെ നായകനില്‍ എന്റെ ജീവിതാംശം ഉണ്ട്. അതായത് പരിമിതമായ വരുമാനത്തില്‍ കഴിഞ്ഞിരുന്ന ആറു മക്കളില്‍ അഞ്ചാമന്‍ ആണ് ഞാന്‍. അപ്പോള്‍ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ സാമ്പത്തികമായി ഉള്ള ബുദ്ധിമുട്ടുകള്‍ എല്ലാം അറിഞ്ഞു വാളര്‍ന്ന ആളാണ് ഞാന്‍. പട്ടിണി കിടന്നിട്ടില്ലെങ്കിലും ദാരിദ്രം അനുഭവിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ചെയ്ത ഇടത്തരം കുടുംബത്തിലെ പാവപ്പെട്ടവനായുള്ള കഥാപാത്രങ്ങള്‍ക്ക് എന്റെ ജീവിതവുമായി ബന്ധമുണ്ട്. അതില്‍ എനിക്ക് ഇഷ്ടപ്പെട്ട വേഷങ്ങള്‍ ഏതൊക്കെ എന്ന് ചോദിച്ചാല്‍ സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ അപ്പുക്കുട്ടന്‍, മായിന്‍ കുട്ടി, ഹിറ്റ്‌ലറിലെ ഹൃദയഭാനു, സ്ഥലത്തെ പ്രധാന പയ്യന്‍സ് , സ്ത്രീധനം, ഭാര്യ , വെല്‍ക്കം ടു കൊടൈക്കനാല്‍ , ഗൃഹപ്രവേശം അങ്ങനെ ആ ലിസ്റ്റ് നീളും.



ജഗദീഷ് കഥയും തിരക്കഥയും ഒരുക്കിയ മുത്താരംകുന്ന് പി.ഒ എന്ന ചിത്രം അടുത്തിടെ ഇറങ്ങിയ രേഖാചിത്രത്തിന്റെ കഥാതന്തുവായിട്ടുണ്ടല്ലോ?


അത് വളരെ സന്തോഷമുള്ള കാര്യമാണ്. 1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മുത്താരംകുന്ന് പി ഓ. കാതോട് കാതോരവും മുത്താരംകുന്ന് പി ഓ. എന്നി ചിത്രങ്ങള്‍ അടിസ്ഥാനമാക്കി വളരെ മികച്ചൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ എടുക്കാന്‍ സാധിക്കുമെന്ന് രേഖാചിത്രത്തിന്റെ സംവിധായകന്‍ തെളിയിച്ചിരിക്കുകയാണ്. അത് പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. മുത്താരം കുന്നു പി ഓ എന്ന ചിത്രത്തിന് പിന്നില്‍ എന്റെ റോള്‍ എന്താണെന്ന് രേഖാചിത്രത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞെന്നുള്ളത് ചിത്രത്തിന്റെ ടീമിനും എനിക്കും കൂടുതല്‍ സന്തോഷം പകരുന്ന കാര്യമാണ്.


കോമഡി റോളില്‍ നിന്നും ക്യാരക്റ്റര്‍ റോളുകളിലേക്കുള്ള ജഗദീഷ് എന്ന നടന്റെ മാറ്റത്തെ കുറിച്ച്?


കോമഡി ഇനിയും ചെയ്യാന്‍ എനിക്ക് താല്പര്യമുണ്ട്. കോമഡി വിട്ടിട്ട് ഒരു നടന്റെ കരിയറില്‍ ഒന്നും സാധ്യമല്ല. ഏറ്റവും നല്ല നടന്‍മാര്‍ കോമഡി കൈകാര്യം ചെയ്യുന്നവരാണ്.എ നിക്കും അങ്ങനെ ഒരു നല്ല നടന്‍ എന്ന പേര് ലഭിക്കുമ്പോള്‍ കോമഡി വിട്ടിട്ടുള്ള ഒരു കാര്യം ചിന്തിക്കാന്‍ കഴിയില്ല. എല്ലാ രസങ്ങളും അഭിനയിച്ച ഫലിപ്പിക്കുക. ഗൗരവമുള്ള റോളുകളും കോമഡി റോളുകളും അഭിനയിച്ച ഫലിപ്പിക്കുക. അതിന് എന്റെ മുന്‍പില്‍ മലയാള സിനിമയില്‍ ഒരുപാട് സംഭാവന നല്‍കിയിട്ടുള്ള വളരെ വലിയ നടന്മാര്‍ ഉണ്ട്. തിലകന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍, ശങ്കരാടി സാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കുതിരവട്ടം പപ്പുവേട്ടന്‍, കൊട്ടാരക്കര ചേട്ടന്‍, സത്യന്‍ മാഷ്, ഇവരെല്ലാം തന്നെ കോമഡി അഭിനയിച്ച ഫലിപ്പിക്കാന്‍ മിടുക്കന്മാര്‍ ആയിരുന്നു. അപ്പോള്‍ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു നടന്‍ ആവുക എന്നതാണ് ഏതൊരു അഭിനേതാവിന്റെയും സ്വപ്‌നം. അതില്‍ എത്രത്തോളം വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കും എന്നതിനെ അപേക്ഷിച്ചിരിക്കും നമ്മുടെ സ്വീകാര്യത. വിജയം കൈവരിക്കുക എന്ന് പറയുമ്പോള്‍ നമ്മുടെ ശ്രമങ്ങളാണ് ഉദാഹരണം. ഏതു വേഷം ലഭിച്ചാലും അതില്‍ നമ്മുടെ മനസ്സും ശരീരവും അര്‍പ്പിച്ച് നന്നാക്കാനുള്ള ശ്രമം. അതാണ് ഞാന്‍ ചെയ്യുന്നത്. അതില്‍ എന്റെ ശ്രമങ്ങള്‍ എല്ലാകാലത്തും തുടരും. ചിലര്‍ ഇപ്പോഴും. പറയും ജഗദീഷിന്റെ കോമഡി റോളുകളാണ് അവര്‍ക്ക് ഇഷ്ടമെന്ന്. എന്നാല്‍ ചിലര്‍ക്ക് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതാണ് ഇഷ്ടം, മാറിയത് വളരെ നന്നായി എന്ന് പറയുന്നവരും ഉണ്ട്. പ്രേക്ഷകര്‍ പലതട്ടില്‍ ഉള്ളവരാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു നടന്‍ എന്ന രീതിയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്.


ഹാസ്യകഥാപാത്രങ്ങള്‍ ഇപ്പോള്‍ മിസ്സ് ചെയ്യുന്നുണ്ടോ?

അത്തരം കഥാപാത്രങ്ങള്‍ വരുമ്പോള്‍ ഞാന്‍ തിരസ്‌കരിക്കാറില്ല. വീണ്ടും അത്തരം അവസരങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. കാരണം എന്റെ മനസ്സിലെ കോമഡിയുടെ ആ ജ്വാല ഇതുവരെ അണഞ്ഞിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. ഇന്ന് ഞാന്‍ അപ്പുക്കുട്ടന്‍ പോലെ ഒരു കഥാപാത്രം ചെയ്യുമ്പോള്‍, പ്രായത്തിന്റേത് ആയിട്ടുള്ള വ്യത്യാസങ്ങളും ആ കഥാപാത്രത്തിന് ഉണ്ടാകും. കോമഡിക്ക് കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്. ആദ്യകാലങ്ങളില്‍ കോമഡി മൂവി എന്ന് പറയുന്നത് സൈലന്റ് ആയിരുന്നു. ചാര്‍ലി ചാപ്ലിന്‍ പോലെയുള്ളവര്‍ വരുമ്പോള്‍ കോമഡിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നെ സാമൂഹ്യപ്രസക്തി അതില്‍ ഉള്‍ക്കൊള്ളിക്കുക സംസാരിക്കുക, തുടങ്ങി സംവിധായകരുടെ ധാരണയില്‍ തന്നെ കോമഡിയില്‍ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഡാര്‍ക്ക് കോമഡി, പൊളിറ്റിക്കല്‍ സറ്റയര്‍, അങ്ങനെ ഹാസ്യത്തില്‍ തന്നെ ഒരുപാട് ബ്രാഞ്ചസ് വന്നിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാലത്തിനനുസരിച്ചിട്ടുള്ള കോമഡിയുടെ ഭാഗമാകാന്‍ ആണ് എനിക്ക് താല്പര്യം.


റോഷാക്ക് ജഗദീഷിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായിട്ടുണ്ടോ?

മമ്മൂട്ടി കമ്പനിയുടെ റോഷാക്ക് ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രം എനിക്ക് വലിയൊരു ടേണിങ് പോയിന്റ് ആയിരുന്നു. അതിന്റെ പ്രമോഷന്‍ സമയത്ത് തന്നെ മമ്മൂക്ക ഈ ചിത്രം ജഗദീഷിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആകുമെന്ന് പറഞ്ഞിരുന്നു. ആ പറഞ്ഞത് ഫലിച്ചു എന്ന കാര്യത്തില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു ?

അതെ. അന്നത്തെ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു നിര്‍മ്മാതാവും ഞാനും തമ്മിലുള്ള ചര്‍ച്ചയില്‍ ഉണ്ടായതാണ് അത്. എന്നാല്‍ സംവിധാനം എന്റെ സ്വപ്‌നം അല്ല. ആ സിനിമ നടക്കാത്ത പോയത് നന്നായി എന്ന് ഞാന്‍ കരുതുന്നു. അന്ന് ആ സിനിമയ്ക്കായി ഞാന്‍ വിചാരിച്ച കഥ പോലും ഒരു തട്ടുപൊളിപ്പന്‍ മസാല കഥയായിരുന്നു. അത് ചെയ്യാത്തത് നന്നായി എന്ന് എനിക്ക് തോന്നുന്നു. എല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അന്ന് ആ ചിത്രം ചെയ്തിരുന്നെങ്കില്‍ എത്രത്തോളം വിജയിക്കുമെന്ന് എനിക്കറിയില്ല. എന്റെ മനസ്സിലുള്ള ഒരു സിനിമയായി അത് തോന്നുന്നില്ല. ഒരു ഹിന്ദി സിനിമ പോലെയുള്ള ഒരു ചിത്രമായിരുന്നു എന്റെ മനസ്സില്‍. അതുകൊണ്ട് ഇന്ന് ആലോചിക്കുമ്പോള്‍ അതില്‍ വലിയ പുതുമയൊന്നും ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് അങ്ങനെയൊരു ചിത്രം ഉപേക്ഷിച്ചത് നന്നായി എന്ന് ഞാന്‍ കരുതുന്നു. നടനെന്ന രീതിയില്‍ മടുക്കുമ്പോള്‍ മാത്രമേ ഞാന്‍ സംവിധാനത്തെ പറ്റി ചിന്തിക്കുകയുള്ളൂ.

എന്തുകൊണ്ടാണ് ആ സിനിമ നടക്കാതെ പോയത്?

ആ സിനിമ നടക്കാതെ പോയതിന് കാരണം അതിന്റെ ബഡ്ജറ്റ് ആണ്. വലിയ ബഡ്ജറ്റില്‍ ആണ് ആ സിനിമ ഞാന്‍ കണ്ടത്. അന്നത്തെ മലയാള സിനിമയ്ക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതാണ് ഞാന്‍ പറഞ്ഞതും വളരെ കൊമേഴ്‌സ്യലായിട്ടുള്ള ഒരു ചിത്രമായിരുന്നു അത്. ഒരു ഹിന്ദി ചിത്രത്തിലെ പോലെ ഹെലികോപ്റ്ററും ട്രെയിനും എയര്‍ക്രാഫ്റ്റ് ഒക്കെ വെച്ചിട്ടുള്ള ഫൈറ്റും കാര്യങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു. ഇന്ന് ആലോചിക്കുമ്പോള്‍ ആ കഥയില്‍ പുതുമ ഒന്നുമില്ല എന്ന് ഞാന്‍ പറയും. ബഡ്ജറ്റ് ഏറിയതു കൊണ്ട് തന്നെ എല്ലാവരുമായി ആലോചിച്ച് ആ സിനിമ വേണ്ടെന്നു വയ്ക്കുകയായിരുന്നു.


മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുക എന്നത് ഒരു സ്വപ്‌നമായിരുന്നോ?

സ്വപ്‌നം എന്നതല്ല. മമ്മൂക്കയാണ് സംവിധാനം ചെയ്തൂടെ എന്ന് ചോദിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഒക്കെ വരുത്തേണ്ടേ? കൂടുതലും മെച്ചപ്പെട്ട വേഷങ്ങള്‍ ചെയ്തു കൂടി സംവിധാനം ചെയ്തു കൂടെ എന്നെല്ലാം ചോദിക്കുന്നത് മമ്മൂക്കയാണ്. മമ്മൂക്ക മുകേഷിനോടും ഈ ചോദ്യം ചോദിച്ചിട്ടുണ്ട്. അന്നങ്ങനെ ചോദിക്കുമ്പോള്‍ ഒരു സിനിമ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹത്തില്‍ ഞാന്‍ ഇറങ്ങി പുറപ്പെട്ടതാണ്. അത് പക്വതയുള്ള തീരുമാനം അല്ലായിരുന്നു എന്ന് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു. ഒരു കാര്യം ചെയ്യുമ്പോള്‍ അതിനോടുള്ള അധമ്യമായ ആഗ്രഹം ഉണ്ടായിരിക്കണം. പാഷന്‍ ഇല്ലാതെ ഒരു കാര്യം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റില്ല. അഭിനയിക്കാനും എന്നും പുതിയ പുതിയ വേഷങ്ങള്‍ ചെയ്യാനും എനിക്ക് ആഗ്രഹമുണ്ട്. അത് വളരെയധികം ത്രില്ലുള്ള കാര്യമാണ്. ആ ത്രില്ലൊന്നും സംവിധായകന്‍ ആയാല്‍ എനിക്ക് ലഭിക്കില്ല. അതുകൊണ്ടാണ് സംവിധാനം എന്റെ പാഷന്‍ അല്ല, സ്വപ്‌നമല്ല എന്ന് ഞാന്‍ പറഞ്ഞത്. ആ സിനിമ ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നുവെങ്കില്‍ പരാജയപ്പെട്ട ഒരു സംവിധായകനെ ആയിരിക്കും മലയാള സിനിമയ്ക്ക് ലഭിക്കുക. അതില്‍ നിന്ന് ഞാന്‍ മലയാള സിനിമയും രക്ഷിച്ചെടുത്തു. എന്നെയും.


മാര്‍ക്കോയിലെ ആ കൊടൂര വില്ലന്‍ കഥാപാത്രത്തിന്റെ തയ്യാറാപ്പുകള്‍?

ഞാന്‍ നാടകങ്ങളില്‍ ഇതുപോലെയുള്ള നെഗറ്റീവ് കഥാപാത്രങ്ങളും ക്രൂരനായ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ എനിക്ക് പേടിയില്ല. മറിച്ച് സംവിധായകന്‍ എത്രത്തോളം എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നതിലാണ്. മാര്‍ക്കോയില്‍ ഹനീഫ് അഥേനിക്ക് എന്നില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. എനിക്കിത് ചെയ്യാന്‍ കഴിയുമെന്ന് ആയിരുന്നില്ല അദ്ദേഹം വിശ്വസിച്ചത്. മറിച്ച് എന്നെക്കൊണ്ട് ഇത് ചെയ്യിക്കാന്‍ കഴിയും എന്നതായിരുന്നു. അത് ശരിയാണെന്ന് തെളിയിച്ചു അത്രയേ ഉള്ളൂ. അപ്പോള്‍ ഇനിയും സംവിധായകര്‍ക്ക് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ പറ്റുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ എന്നല്ല ഞാന്‍ പറയുന്നത് എന്നെക്കൊണ്ട് ചെയ്യിപ്പിക്കാന്‍ സംവിധായകര്‍ക്ക് കഴിയുന്ന കഥാപാത്രങ്ങള്‍ ഉണ്ടെന്നതാണ്. അതിന്റെ അള്‍ട്ടിമേറ്റ് ആയ ശ്രമവും ചിന്തയും എന്നെപ്പോലെ തന്നെ സംവിധായകര്‍ക്കും ഉണ്ടായാല്‍ കുറെ കഥാപാത്രങ്ങള്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കാം.


പുതിയ തലമുറയിലെ സിനിമകളെയും അഭിനേതാക്കളെയും കുറിച്ച്?

എല്ലാകാലത്തും പുതിയ തലമുറയുണ്ട്. അപ്പോള്‍ പുതിയ തലമുറയുടെ ചിന്തകള്‍ക്കൊപ്പം നമ്മള്‍ നില്‍ക്കണം. പുതിയത് എന്ന് പറയുമ്പോള്‍ വളരെ പോസിറ്റീവ് ആയ ഒരു വാക്കാണ്. എല്ലാകാലത്തും പുതിയത് എന്ന് പറയുന്നത് നല്ലൊരു വാക്കാണ്. ന്യൂജനറേഷന്‍ എന്ന് പറയുന്നത് എനിക്ക് വളരെ പോസിറ്റീവായാണ് തോന്നിയിട്ടുള്ളത്. നമ്മുടെ കാലത്ത് മാത്രമാണ് ശരി അല്ലെങ്കില്‍ നമ്മുടെ കോളേജ് കാലം മാത്രമാണ് ശരിയെന്ന് എനിക്ക് അഭിപ്രായമില്ല. ഇന്നത്തെ കാലത്ത് പഠിക്കുന്ന സിലബസും എക്‌സാമിനേഷനും എല്ലാ വ്യത്യസ്തമാണ്. എല്ലാം മാറിയിട്ടില്ലേ. ഈ മാറ്റം എല്ലാകാലത്തും ഉണ്ടായിട്ടുള്ളതാണ്. പുതിയ തലമുറ നമ്മുടെ മുന്നിലാണെന്ന് തോന്നുകയാണെങ്കില്‍ അവരുടെ ഒപ്പം എത്താന്‍ നമ്മളും ശ്രമിച്ചാല്‍ മതി. അവരെക്കാളും മുന്നിലെത്താന്‍ പറ്റിയില്ലെങ്കിലും അവരുടെ ഒപ്പം സഞ്ചരിക്കുക. അതാണ് അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത്.

സിനിമയില്‍ ഇനിയും ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങള്‍?

അങ്ങനെ ഒരു ചോദ്യം എല്ലാവരും ചോദിക്കുന്നതാണ്. എനിക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വേഷങ്ങളുടെ 30% പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. 70% എങ്കിലും പൂര്‍ത്തിയാക്കിയിട്ട് ഈ ചോദ്യത്തിന് മറുപടി നല്‍കാം. ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന കഥാപാത്രങ്ങളുടെ 30% ചെയ്തിട്ടുള്ളൂ.


പുതിയ ചിത്രങ്ങള്‍ ഏതെല്ലാം ആണ് ? അവയുടെ വിശേഷങ്ങള്‍ പറയാമോ ?

ഇനി അടുത്തതായി റിലീസ് ചെയ്യാന്‍ പോകുന്ന എന്റെ ചിത്രം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രമാണ്. ജിത്തു അഷ്‌റഫ് ആണ് അതിന്റെ സംവിധായകന്‍. അതിനു ശേഷം ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ധീരന്‍ എന്ന ചിത്രം ആണ് റിലീസ് ചെയ്യുന്നത്. രാജേഷ് മാധവനാണ് നായകന്‍. മനോജ് കെ ജയന്‍, അശോകന്‍ ,സുധീഷ്, വിനീത്, ഒപ്പം ഞാനും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മറ്റൊന്ന് പരിവാര്‍ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനും പ്രശാന്ത് അലക്‌സാണ്ടറിനും ഒപ്പം ഉള്ളതാണ്. ആസിഫ് അലിയോടൊപ്പം ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തില്‍ ഒരു നല്ല വേഷം ഞാന്‍ ചെയ്യുന്നുണ്ട്. നിവിന്‍ പോളി നിര്‍മ്മിക്കുന്ന ഡിയര്‍ സ്റ്റുഡന്‍സ് എന്ന ചിത്രത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്. നവാഗതരായ സന്ദീപ് കുമാര്‍, ജോര്‍ജ് ഫില്‍ റോയ് എന്നിവരാണ് ആ സിനിമയുടെ സംവിധായകര്‍

















Related Articles
Next Story