വലിയ ഭാഗ്യമല്ലേ, സന്തോഷം മാത്രം; അഭിനയത്തില്‍ ഉയരങ്ങള്‍ കീഴടക്കുന്ന അസീസ് നെടുമങ്ങാടിന്റെ സിനിമാ വിശേഷങ്ങള്‍

അസീസ് നെടുമങ്ങാടിന്റെ ഏറ്റവും പുതിയ വിശേഷം 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സ്വന്തമാക്കിയ പുരസ്‌കാരമാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അസീസും അഭിനയിച്ചു. 'ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായി മാറിയ പായല്‍ കപാഡിയ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. എനിക്കും കനിക്കും ദിവ്യ പ്രഭക്കും ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനവും സന്തോഷവും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.' ചെറിയ വേഷങ്ങളിലൂട തുടങ്ങി, ഇന്ത്യന്‍ സിനിമയുടെ അഭിമാന ചിത്രത്തില്‍ വരെ അഭിനയിച്ച അസീസ് പറയുന്നു.

വലിയ ഭാഗ്യം, സന്തോഷം

ഇതുപോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. ഒരു സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ അത് എത്രത്തോളം വിജയിക്കുമെന്ന് നമ്മള്‍ക്ക് അറിയില്ല. തിയേറ്ററെന്ന് പറയുന്നത് പൊതുവെ എല്ലാവര്‍ക്കും ടെന്‍ഷനാ. അത് ഇനി സിനിമ തിയേറ്ററായിരുന്നാലും ഓപ്പറേഷന്‍ തിയേറ്ററായിരുന്നാലും ശരി! ഈ രണ്ടിടത്തും പുറത്തുനില്‍ക്കുന്നവര്‍ക്കാണ് ടെന്‍ഷന്‍. കാരണം ഇപ്പോഴത്തെ പ്രേക്ഷകരെ നമുക്കു പറ്റിക്കാന്‍ പറ്റില്ല. കാരണം ഒരു സിനിമയെകുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം. കയ്യിലെ പൈസ മുടക്കി രണ്ടര മണിക്കൂര്‍ അവര്‍ തിയറ്ററില്‍ ഇരിക്കുമ്പോള്‍ അവര്‍ക്ക് നല്ലൊരു സിനിമ കൊടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവര്‍ക്ക് ബോറടിക്കാന്‍ പാടില്ല. നല്ലതല്ലെങ്കില്‍ നല്ലതല്ലെന്നെ പ്രേക്ഷകര്‍ പറയൂ. അതുകൊണ്ട് തന്നെ എല്ലാ സിനിമയും ഞാന്‍ പൂര്‍ണ്ണ ആത്മാര്‍ഥതയോടെയാണ് ചെയ്യുന്നത്. ഈ സിനിമയും അങ്ങനെ തന്നെയാണ് ചെയ്തത്. അതിനാല്‍ ഇത് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ടതിലും പുരസ്‌കാരം ലഭിച്ചതിലും സന്തോഷം മാത്രമേയുള്ളൂ.

സിനിമയുടെ ഭാഗമായത്

ഓഡിഷന്‍ വഴിയാണ് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമയിലേക്ക് എത്തുന്നത്. പ്രൊഡക്ഷന്‍ ടീമാണ് ആദ്യം വിളിച്ചത്. സാധാരണ നമ്മുടെ ഫോണിലേക്ക് ഹിന്ദിയില്‍ വരുന്ന കോള്‍ കസ്റ്റമര്‍ കെയറില്‍ നിന്നാണല്ലോ. നമ്മളത് സ്‌പോട്ടില്‍ കട്ട് ചെയ്ത് കളയും. രണ്ട് മൂന്ന് വട്ടം ഫോണ്‍ വന്നപ്പോള്‍ ഞാന്‍ കട്ട് ചെയ്തു കളഞ്ഞു. പിന്നീട് വാട്‌സ്ആപ്പില്‍ ആ നമ്പറില്‍ നിന്ന് മെസേജ് വന്നു. കുറച്ച് കഴിഞ്ഞാണ് റോബിന്‍ എന്ന മലയാളി വിളിക്കുന്നത്. പായല്‍ കപാഡിയ എന്ന സംവിധായികയുടെ സിനിമയുടെ ഓഡീഷന് വേണ്ടിയാണെന്ന് വിളിക്കുന്നതെന്ന് പറഞ്ഞു. പിന്നീട് അവര്‍ സ്‌ക്രിപ്റ്റ് അയച്ച് തന്നു. അതില്‍ എന്റെ ഭാഗം വീഡിയോ ചെയ്ത് അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. അത് ഞാന്‍ ചെയ്ത് അയച്ചുകൊടുത്തു. പിന്നീട് കനിയുമായി ഒരു കോമ്പിനേഷന്‍ സീന്‍ സൂം മീറ്റിംഗില്‍ ചെയ്ത് നോക്കി. സംവിധായിക പായലിന് അത് ഇഷ്ടമായി. പിന്നീടാണ് അറിഞ്ഞത് ഒന്നരവര്‍ഷമായി അവര്‍ ഈ കഥാപാത്രത്തിനായി ഓഡിഷന്‍ നടത്തുകയാണെന്ന്. മലയാളത്തില്‍ ഒത്തിരി നടന്‍മാരുണ്ടല്ലോ എന്നിട്ടും എന്നെ എങ്ങനെ സെലക്ട് ചെയ്തു എന്ന് മനസില്‍ ചിന്തിച്ചു. പായലിന്റെ മനസിലുണ്ടായിരുന്ന കഥാപാത്രത്തിന്റെ ലുക്കിനോട് ചേര്‍ന്ന ആളാണ് ചേട്ടനെന്നാണ് റോബിന്‍ പറഞ്ഞത്. അങ്ങനെയാണ് ഞാന്‍ ഈ സിനിമയുടെ ഭാഗമായത്.

ചിത്രത്തിലെ ഡോ. മനോജ്

ഡോ. മനോജ് എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. മുംബൈയില്‍ ജോലിക്ക് ജോയിന്‍ ചെയ്തിട്ട് മൂന്ന്, നാല് മാസം മാത്രമേ ആയിട്ടുള്ളൂ, എന്റെ കഥാപാത്രമായ ഈ ഡോക്ടര്‍. ഹിന്ദി അത്ര വശമില്ലാത്ത ആളാണ് ഈ മനോജ്. അതുകൊണ്ട് തന്നെ എനിക്ക് ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നില്ല. കാരണം എനിക്കും ഹിന്ദി അറിയില്ലല്ലോ. കനിയായിരുന്നു ചിത്രത്തിലെ എന്റെ ജോഡി. ഡിവോഴ്‌സ്ഡ് ആയ, മുംബൈയില്‍ ജോലി ചെയ്യുന്ന നഴ്‌സിന്റെ കഥാപാത്രമാണ് കനിയുടേത്. കനി ചെയ്ത കഥാപാത്രത്തോടാണ് ഹിന്ദിയിലെ സംശയങ്ങളൊക്കെ മനോജ് ചോദിച്ച് മനസിലാക്കുന്നത്. പതിയെ ഉള്ളിന്റെ ഉള്ളില്‍ ഒരു ഇഷ്ടം തോന്നുന്നു. പക്ഷേ, പല കാരണങ്ങള്‍ കൊണ്ട് അത് തുടര്‍ന്ന് പോകില്ല. പല സംഭവ വികാസങ്ങള്‍ കഥാപശ്ചാത്തലത്തില്‍ നടക്കുന്നുണ്ട്.

എനിക്ക് നിരാശയില്ല, എല്ലാവരും സപ്പോര്‍ട്ട്

കാന്‍സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ നിരാശയൊന്നുമില്ല. കാരണം ആ സിനിമയുടെ ഭാഗമായതേ ഭാഗ്യം. അല്ലാതെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പറ്റാത്തതില്‍ എനിക്ക് സങ്കടമോ നിരാശയോ ഒന്നുമില്ല. മറിച്ച് മറ്റുള്ളവര്‍ക്കായിരുന്നു നിരാശ. കാനില്‍ പോകാത്തതിന് എന്നെ തെറിവിളിച്ച സുഹൃത്തുക്കളുമുണ്ട്. സങ്കടം പറഞ്ഞ നമ്മുടെ സഹപ്രവര്‍ത്തകരുമുണ്ട്. അവര്‍ക്കാണ് അതില്‍ നിരാശ തോന്നിയത്. എനിക്ക് ഒരു ഫീലും തോന്നിയില്ല. അതെന്താണെന്ന് അറിയില്ല. പലരും എന്നെ വിളിച്ച് നിരാശ പ്രകടിപ്പിച്ചിരുന്നു. മമ്മൂക്ക, ടൊവിനോ ഉള്‍പ്പെടെ നിരവധി പേര്‍ എനിക്ക് മെസ്സേജ് അയച്ചു. അഭിനന്ദിച്ചതിനൊപ്പം എന്താ ഞാന്‍ കാനില്‍ പോകാത്തതെന്നും നല്ല അവസരമായിരുന്നില്ലേയെന്നും ചോദിച്ചു. അപ്പോള്‍ ശരിക്കും സന്തോഷം തോന്നി. എല്ലാവരും എനിക്ക് നല്ല സപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

അത് ഈ സിനിമയുടെ കാര്യത്തില്‍ മാത്രമല്ല, ഞാന്‍ ഇതുവരെ അഭിനയിച്ച, അതിപ്പോ ചെറിയ കഥാപാത്രങ്ങളാണെങ്കില്‍ കൂടി ഒപ്പം അഭിനയിക്കുന്നവര്‍ വലിയ സപ്പോര്‍ട്ടാണ് തരുന്നത്. മമ്മൂക്ക, ദിലീപേട്ടന്‍, പൃഥ്വിരാജ്, ടൊവിനോ ഇവര്‍ക്കൊപ്പമെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെല്ലാം എനിക്ക് നല്ല സപ്പോര്‍ട്ട് ആയിരുന്നു. കാരണം ഇപ്പോല്‍ ഞാന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഞാന്‍ മാത്രമല്ല, കൂടെ അഭിനയിക്കുന്നവരും നന്നായിട്ട് ചെയ്യണം. എന്നാലെ സിനിമ നന്നാവൂ. അതുകൊണ്ട് എല്ലാവരും ഒപ്പം അഭിനയിക്കുന്നവരെ പരസ്പരം സപ്പോര്‍ട്ട് ചെയ്യാറുണ്ട്. പിന്നെ ഒരോരുത്തരുടേയും കൂടെ അഭിനയിക്കുമ്പോള്‍ ഒരോ മൂഡ് അയിരിക്കും. ഉദാഹരണത്തിന്, മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ സെറ്റില്‍ സൈലന്റ് അയിരിക്കും. ആ മഹാനടന്റെ അഭിനയം കണ്ട് നിന്നുപോകും. രസകരമായ നിമിഷങ്ങളും ഉണ്ട്. ഇനി നസ്ലിനെ പോലുള്ള യുവനടന്മാരോടൊപ്പം അഭിനയിക്കുമ്പോള്‍ വേറെ വൈബാണ്. എല്ലാവരും നല്ല സപ്പോര്‍ട്ടാണ്.

മറ്റു ഭാഷാചിത്രങ്ങള്‍

ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴില്‍ നെല്ലൈ പട്ടണം എന്ന് പേരുള്ള ഒരു സിനിമ ചെയ്തിട്ടുണ്ട്. മൊട്ട രാജേന്ദ്രനൊക്കെ ആ സിനിമയില്‍ ഉണ്ടായിരുന്നു. അതില്‍ രണ്ട് സീന്‍ മാത്രമെ അഭിനയിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. നാഗര്‍കോവിലില്‍വച്ചായിരുന്നു ഷൂട്ടിംഗ്. അല്ലാതെ തമിഴില്‍ നിന്ന് ഒരു ഗംഭീര ഓഫര്‍ വന്നിരുന്നു. പക്ഷെ അത് പോയി. അത് ഏത് ചിത്രമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

കണ്ണൂര്‍ സ്‌ക്വാഡ്

ഇപ്പോള്‍ എന്നെ കാണുമ്പോല്‍ എല്ലാവരും വന്നു ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുക്കും. എല്ലാവരും ഞാന്‍ ചെയ്ത ക്യാരക്ടറിനെ കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ വലിയ സന്തോഷം തോന്നും. പ്രത്യേകിച്ച് കണ്ണൂര്‍ സ്‌ക്വാഡിലെ ക്യാരക്ടറിനെ കുറിച്ചാണ് പലരും നല്ല അഭിപ്രായം പറയുന്നത്. ആള്‍ക്കൂട്ടമുള്ള സ്ഥലത്തിറങ്ങിയാല്‍ എല്ലാവരും അടുത്തുവരികയും സംസാരിക്കുകയും ഫോട്ടോ എടുക്കുകയുമൊക്കെ ചെയ്യും. അത് എന്നെ സംബന്ധിച്ചടുത്തോളം പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമാണ്.

Related Articles

Next Story