അമേരിക്കയില്‍ നിന്ന് ഒരു കാമുകന്‍ ; ജൊനാഥന് കേരളത്തിലുള്ളത് രണ്ട് കാമുകിമാര്‍

കാഴ്ചകള്‍ കണ്ടും ഭക്ഷണം കഴിച്ചും രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ എത്തും. പിന്നീട് പ്രണയിനിയുടെ വരവിനായി കാത്തിരിക്കും. ഈ കാത്തിരിപ്പിനിടയില്‍ രണ്ടാമത്തെ പ്രണയിനിയെ ആസ്വദിക്കും. എല്ലാ ദിവസവും ഒരു മടുപ്പും കൂടാതെ.

Starcast : Kerala Chalachithra Academy

Director: IFFK 2025

( 0 / 5 )

ജൊനാഥന്‍ റാറ്റ്‌നര്‍ എന്ന അമേരിക്കന്‍ പൗരന് കേരളത്തില്‍ ഒരു പ്രണയമുണ്ട്. ഒരു പ്രണയമാണോ എന്ന് ചോദിച്ചാല്‍ ജൊനാഥന്‍ പറയും ഒന്നല്ല രണ്ട്. പ്രണയ സാഫല്യത്തിനായി 15 വര്‍ഷമായി ജൊനാഥന്‍ കേരളത്തിലെത്തും. മഞ്ഞുപെയ്യുന്ന ഡിസംബറിലാണ് എല്ലാ കൊല്ലവും തിരുവനന്തപുരത്തേയ്ക്ക് വരുന്നത്. അമേരിക്കയില്‍ നിന്നും ബംഗളുരു വിമാനത്താവളത്തില്‍ ഇറങ്ങി അവിടെ നിന്നും ബൈക്കെടുത്ത് ഹിമാലയം കണ്ട് ഗോവയില്‍ എത്തി ദേശീയ രാജ്യാന്തര ചലച്ചിത്ര മേള കണ്ട് കേരളത്തിലേയ്ക്ക് തിരിക്കും. കാഴ്ചകള്‍ കണ്ടും ഭക്ഷണം കഴിച്ചും രണ്ടാഴ്ച കൊണ്ട് കേരളത്തില്‍ എത്തും. പിന്നീട് പ്രണയിനിയുടെ വരവിനായി കാത്തിരിക്കും. ഈ കാത്തിരിപ്പിനിടയില്‍ രണ്ടാമത്തെ പ്രണയിനിയെ ആസ്വദിക്കും. എല്ലാ ദിവസവും ഒരു മടുപ്പും കൂടാതെ. ജൊനാഥന്റെ ആദ്യ പ്രണയിനി ആരാണെന്ന് ചോദിച്ചാല്‍ നാണത്തോടെയല്ല അഭിമാനത്തോടെയാണ് വിവരിക്കുന്നത്. ഐഎഫ്എഫ്‌കെ. അതെ 15 വര്‍ഷം മുമ്പ് ആദ്യമായി കേരളത്തില്‍ എത്തി പ്രതിനിധിയായി മേള കണ്ടതാണ്. പിന്നീട് ഇന്ന് വരെ ഒരു മുടക്കവും വരുത്തിയിട്ടില്ല. രണ്ടാമത്തെ പ്രണയം കേരളത്തിലെ സദ്യയോടാണ്. കേരളത്തിലെ എല്ലായിടത്തു നിന്നും സദ്യ കഴിച്ചിട്ടുണ്ട് ജൊനാഥന്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് തിരുവനന്തപുരത്തെ സദ്യയാണ്. ഏറ്റവും നല്ല സദ്യ എവിടെ കിട്ടുമെന്ന് ഇവിടത്തുകാരെക്കാള്‍ നന്നായി ജൊനാഥനറിയാം. ഇത്തവണയും ആവേശം ഒട്ടും കുറയാതെ തന്നെയാണ് ജൊനാഥന്‍ മേളയ്‌ക്കെത്തിയിരിക്കുന്നത്. തിരക്കിനിടയിലും വെള്ളിനക്ഷത്രത്തോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായി.

എന്തുകൊണ്ട് ഐഎഫ്എഫ്‌കെ?

ഏറ്റവും നല്ല സിനിമകള്‍ കാണാന്‍ കഴിയുന്ന ഇത്രയും നല്ലൊരു ചലച്ചിത്ര മേള ലോകത്തൊരു ഭാഗത്തും കണ്ടിട്ടില്ല. ചലച്ചിത്ര മേളകള്‍ നടക്കാറുണ്ട്. അമേരിക്കയിലെ പ്രധാന ഫെസ്റ്റിവലായ സണ്‍ഡാന്‍സ് ഫെസ്റ്റിവല്‍ പ്രതിനിധിയാകണമെങ്കില്‍ ഏതാണ്ട് 7000 ഡോളര്‍ വേണ്ടി വരും. ഇന്ത്യന്‍ രൂപയുടെ കണക്കിലാണെങ്കില്‍ ആറ് ലക്ഷം രൂപയില്‍ അധികം വേണം. ഇതിനു പുറമെ ഓരോ സിനിമയ്ക്കും പ്രത്യേകം പണം നല്‍കണം. ഇവിടെ ചലച്ചിത്ര മേള പ്രതിനിധിയാകണമെങ്കില്‍ ഒരു നിസാരമായ ചെലവേയുള്ളു. നല്ല സിനിമകള്‍ കാണാനും സിനിമാ പ്രവര്‍ത്തകരെ പരിചയപ്പെടാനും കഴിയും. പിന്നെ എന്റെ പ്രിയപ്പെട്ട കേരള സദ്യ എല്ലാ ദിവസവും ആസ്വദിക്കാനും കഴിയും.

ഇന്ത്യന്‍ സിനിമകള്‍ ?

ഇപ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ കാണാറില്ല. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഗോവ ചലച്ചിത്ര മേളയില്‍ വന്ന സിനിമകള്‍ ചില താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സിനിമകളായിരുന്നു. കലാമൂല്യമുള്ള സിനിമകള്‍ കാര്യമായി വന്നില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സിനിമകളോടുള്ള താല്‍പ്പര്യം കുറഞ്ഞു. എന്നാല്‍ മലയാള സിനിമകള്‍ കാണാറുണ്ട്. ഇത്തവണയും ഗോവയില്‍ കണ്ടു. ഇവിടെയും കാണണം. ഇറാനിയന്‍ സിനിമകളോടാണ് താല്‍പ്പര്യം. നാട് കടത്തപ്പെട്ട സംവിധായകരും നിര്‍മ്മാതക്കളുമൊക്കെയുണ്ട് അവിടങ്ങളില്‍. അവരുടെ സിനിമകള്‍ ആസ്വദിച്ച് കാണാനുള്ള അവസരമാണ് ഇവിടെ ലഭിക്കുന്നത്. വിഖ്യാതരായ പല സംവിധായകരുടെയും സിനിമകള്‍ കാണാനും അവരെയൊക്കെ പരിചയപ്പെടാനും അവസരം ലഭിച്ചു. അടൂര്‍, ഷാജി എന്‍. കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി നിരവധി പേരെ പരിചയപ്പെടാനും സിനിമകള്‍ കാണാനും അവസരം ലഭിച്ചു.

15 വര്‍ഷങ്ങളായി സിനിമകള്‍ക്കും ഐഎഫ്എഫ്‌കെയ്ക്കും വന്ന മാറ്റങ്ങള്‍?

കലാപരമായി സിനിമകള്‍ വളരെയേറെ മാറിയിട്ടുണ്ട്. കഥകളിലും കഥ പറച്ചില്‍ രീതികളിലും മാറ്റം വന്നു. സ്പീഡ് കൂടിയിട്ടുണ്ട്. എന്നാല്‍ നിലവാരം കുറഞ്ഞിട്ടില്ല. ഐഎഫ്എഫ്‌കെയാണ് ഇതിനിടയില്‍ ഏറ്റവും അധികം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുള്ള ചലച്ചിത്ര മേള. സിനിമകളുടെ എണ്ണത്തില്‍ നല്ല മാറ്റമുണ്ടായി. ലാറ്റിന്‍ അമേരിക്കന്‍ സിനിമകളുടെ തെരഞ്ഞെടുപ്പുകള്‍ അടക്കം മികച്ചതായി. തിരുവനന്തപുരത്തെ തിയറ്ററുകളുടെ നിലവാരത്തില്‍ മികച്ച മാറ്റമാണ് ഈ കാലഘട്ടത്തില്‍ വന്നിട്ടുള്ളത്. സംഘാടനം ഓരോ വര്‍ഷവും മികച്ചതായി മാറി കൊണ്ടിരിക്കുന്നു.

വിദേശങ്ങളിലെ ചലച്ചിത്ര മേളകള്‍ ?

ഏതാണ്ടെല്ലാ മേളകളും ചലച്ചിത്ര പ്രവര്‍ത്തകരെ മുന്നില്‍ കണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രവേശന ഫീസ് മാത്രമല്ല സാധാരണക്കാര്‍ക്ക് തടസമാകുന്നത്. വാണിജ്യവല്‍ക്കരണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ കലാമൂല്യമുള്ള സൃഷ്ടികള്‍ അവഗണിക്കപ്പെടുകയാണ്. അങ്ങനയല്ലാത്തെ മേളകളുമുണ്ട്. ഇന്ന് നെറ്റ് ഫ്‌ളിക്‌സ് അടക്കമുള്ള പ്ലാറ്റ് ഫോമുകള്‍ കലാമൂല്യമുള്ള സൃഷ്ടികളെ അവഗണിക്കുന്നു. പണവും സാങ്കേതിക വിദ്യയുടെ അതിപ്രസരവും കലാസൃഷ്ടികള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞുവെന്ന് വേണം ഇതൊക്കെ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുക. സ്വതന്ത്രമായ ആസ്വാദനത്തിന് പല മേളകളിലും കഴിയുന്നില്ലെന്ന് വേണം കരുതാന്‍.

ഇത്തവണത്തെ ഐഎഫ്എഫ്‌കെ?

ഇവിടേയ്ക്ക് എത്തുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക ആര്‍ക്കാണ് ആജീവനാന്ത ആദരമെന്നാണ്. എല്ലായ്‌പ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട് തെരഞ്ഞെടുപ്പ് കാണുമ്പോള്‍. സിനിമയ്ക്കായി ത്യാഗങ്ങള്‍ അനുഭവിച്ചവരെയാണ് ആദരിക്കുന്നത്. ഇത്തവണ പുരസ്‌കാരം നേടിയ അബ്ദെഗഹ്‌മ്ാനെ സിസോക്ക ലോക സിനിമയ്ക്കായി അനുഭവിച്ച ത്യാഗങ്ങള്‍ ചെറുതല്ല. സമാനമാണ് കെല്ലി മാര്‍ഷലിന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കുന്നതും. സിനിമയ്ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ പോലും തയ്യാറായവരാണ്. ശക്തമായ പോരാട്ടമാണ് അവര്‍ നടത്തിയത്. ചെറുത്ത് നില്‍പ്പിന് മാതൃകയുമാണ്. ഫെസ്റ്റിവല്‍ ബുക്ക് കിട്ടിയാല്‍ പിന്നെ സിനിമകളുടെ തെരഞ്ഞെടുപ്പാണ്. ഇത്തവണ സ്ത്രീകളുടെ മികച്ച സിനിമകളാണ് മേളയിലുള്ളത്. ഓരോ തവണയും സിനിമയുടെ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നുണ്ട്.


കേരളത്തിന്റെ മാറ്റം അത്ഭുതപ്പെടുത്തുന്നത്

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കേരളത്തില്‍ വരുന്നുണ്ട്. ബെംഗളുരുവില്‍ നിന്നും ആദ്യം മുതല്‍ ബൈക്കിലാണ് കേരളത്തിലേയ്ക്ക് വരുന്നത്. ഇത്രയും നാളിനിടയില്‍ ഇവിടെ വന്നിട്ടുള്ള വികസനം ഞെട്ടിക്കുന്നത് തന്നെയാണ്. മുതലാളിത്ത രാജ്യങ്ങളില്‍ പോലും ചിലപ്പോള്‍ ഇത്രയധികം പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടറിയാമെന്നും ജൊനാഥന്‍. ഗ്രാമ പ്രദേശങ്ങളില്‍ ആശുപത്രികളും സ്‌കൂളുകളും പുതുതായി വന്നതായി തോന്നിയിട്ടുണ്ട്. 2010 ലൊക്കെ കണ്ട സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളുമല്ല. ഗ്രാമ പ്രദേശങ്ങളില്‍ വാഹന സൗകര്യത്തിലും കെട്ടിടങ്ങളിലുമൊക്കെ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി ഓരോ വര്‍ഷവും മാറ്റങ്ങള്‍ നേരിട്ടറിയാവുന്നതാണ്. ഇന്ത്യയിലെ മറ്റു ചിലയിടങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിലേയ്ക്ക് കയറുമ്പോള്‍ കാണുന്ന മാറ്റങ്ങളുടെ അത്ര പ്രകടമല്ല. കഴിഞ്ഞ വര്‍ഷം വരുമ്പോലെയല്ല ഇപ്പോള്‍ ടാഗോറും പരിസരവും. റോഡിലുമൊക്കെ മാറ്റങ്ങള്‍ വന്നു. തിയറ്ററുകള്‍ക്കുണ്ടായ മാറ്റങ്ങളും പ്രകടമല്ല. കൂടുതല്‍ കാര്യങ്ങള്‍ പറയണമെന്നുണ്ടെങ്കിലും വീസാ ചട്ടങ്ങള്‍ നിലനില്‍ക്കുന്നത് കൊണ്ട് പറയാന്‍ കഴിയില്ല. അതുകൊണ്ടാണ് ഗോവ ഫെസ്റ്റിവലിനെ കുറിച്ച് കൂടുതല്‍ പറയാത്തതും.



Bivin
Bivin  
Related Articles
Next Story