കെല്ലി എന്ന പോരാളി
ഓരോ സൃഷ്ടികളും ചെറുത്ത് നില്‍പ്പിനായുള്ളതായിരുന്നു. ചോദ്യങ്ങളുണ്ട്, യാഥാര്‍ത്ഥ്യങ്ങളുണ്ട്, പോരാടാനുള്ള ആഹ്വാനവുമുണ്ട്. എല്ലാത്തിനും പുറമെ ശക്തമായ പോരാട്ടം കൂടിയാണ്. സിനിമ വിനോദ ഉപാധി മാത്രമല്ല. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തിനുള്ള ആയുധം കൂടിയാണ്. ഓരോ ആയുധവും എത്രത്തോളം മൂര്‍ച്ച കൂട്ടി ചെയ്യാനാകുമോ അത്രയും മൂര്‍ച്ച കൂട്ടി ഉപയോഗിക്കുക തന്നെ ചെയ്യും.

ഇല്ല, വേണ്ട, പറ്റില്ല...തുടങ്ങിയ വാക്കുകളാണ് കെല്ലി ഫൈഫ് മാര്‍ഷല്‍ എന്ന സംവിധായികയെ ലോകം അറിയുന്ന വ്യക്തിത്വമാക്കി മാറ്റിയത്. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കൊണ്ട് ജീവിക്കാനുള്ള മോഹം പകര്‍ന്നു നല്‍കിയ വാക്കുകളെ കെല്ലി ബഹുമാനിക്കുന്നു. നിരന്തരമായ പോരാട്ടത്തിലൂടെ പരുവപ്പെട്ട വ്യക്തിത്വമാണ് അവരുടേത്. അവര്‍ സിനിമയിലൂടെ പകര്‍ന്നു നല്‍കുന്നതും ഇതൊക്കെ തന്നെയാണ്. കറുത്തവളെന്ന് അധിക്ഷേപിക്കപ്പെട്ടിടത്തു നിന്നും ലോക സിനിമാ വേദിയില്‍ സ്വന്തം കസേര സ്വയം നിര്‍മ്മിച്ച് സ്വയം പിടിച്ചിട്ട് ഇരുന്നവളാണ് കെല്ലി. കെട്ടുക്കാഴ്ചകളായി മാറുന്ന കച്ചവട സിനിമകളെ വെല്ലുവിളിച്ച കെല്ലി അതിനെതിരെ ശക്തമായ ഒരു പോരാട്ടം തന്നെ നടത്തി. അതിനുള്ള ആയുധം സ്വയം നിര്‍മ്മിച്ച സ്വന്തം സിനിമകള്‍ തന്നെയായിരുന്നു. വിനോദ ഉപാധി മാത്രമല്ല സിനിമയെന്ന് പ്രവര്‍ത്തനം കൊണ്ട് ബോദ്ധ്യപ്പെടുത്താനും കെല്ലിക്ക് കഴിഞ്ഞു. ലോക സിനിമയില്‍ മാറ്റത്തിന് വേണ്ടി നിലകൊള്ളുന്ന, വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിക്കുന്ന, സമൂഹത്തിലെ അപരിഷ്‌കൃത സമീപനങ്ങള്‍ക്കെതിരെ പോരാടുന്ന ധീര വനിതകള്‍ക്കുള്ള കേരള രാജ്യാന്തര മേളയുടെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം കെല്ലിക്ക് നേടാനായാതും പ്രവര്‍ത്തന മികവ് കൊണ്ടു തന്നെയാണ്. പുരസ്‌കാര പ്രഖ്യാപനം തന്നെ ആവേശത്തോടെയാണ് കെല്ലി സ്വീകരിച്ചത്. കേരളത്തിലേയ്ക്ക് എത്തിയതും അതേ ആവേശത്തോടെ. പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മുഴങ്ങിയ നിര്‍ത്താതെയുള്ള കൈയടികള്‍ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായി ഹൃദയത്തില്‍ ചേര്‍ക്കുകയാണ് കെല്ലി. അഭിനന്ദനങ്ങളുടെയും അഭിമുഖങ്ങളുടെയും തിരക്കിനിടയില്‍ കുറച്ചു നിമിഷങ്ങള്‍ കലാകൗമുദിക്കായി ചെലവഴിക്കുകയാണ് കെല്ലി. ഇരുന്ന് സംസാരിക്കാനുള്ള സമയമില്ലെന്ന ക്ഷമാപണത്തോടെയായിരുന്നു കെല്ലി തുടങ്ങിയത്. പലപ്പോഴായി പലര്‍ക്കിടയില്‍ നിന്നാണ് കെല്ലി മറുപടികള്‍ നല്‍കിയത്.
വര്‍ണ വെറിയുടെ ദുരനുഭവങ്ങള്‍ക്കിടയില്‍ നിന്നാണ് കെല്ലി ഫൈഫ് മാര്‍ഷല്‍ വളര്‍ന്നു വരുന്നത്. പ്രതിസന്ധികള്‍?
ജീവിതവും കരിയറും ദൗര്‍ഭാഗ്യങ്ങളുടെ പരമ്പരയിലൂടെയാണ് മുന്നോട്ട് പോയത്. വര്‍ണവെറിയുടെ ഇരയായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട് പലപ്പോഴും. അപ്പോഴൊക്കെ ഏറെ വിഷമം തോന്നിയിട്ടുണ്ടെങ്കിലും തളരാന്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ പൊരുതണമെന്ന ഒരു വാശി ചെറുതായി രൂപപ്പെട്ടു തുടങ്ങിയിരുന്നു. കാലങ്ങള്‍ കൊണ്ട് പോരാട്ടം അത്യാവശ്യമാണെന്ന് സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. സെനേക്കയില്‍ നിന്നും 2010 ലാണ് ബ്രോഡ്കാസ്റ്റിംഗ് ടെക്‌നോളജിയില്‍ ബിരുദം നേടി. ലൈവ് ടിവി ഷോകളോടായിരുന്നു താല്‍പ്പര്യം. വാര്‍ത്താ സംപ്രേഷണങ്ങളും ഇഷ്ടപ്പെട്ടിരുന്നു. ഇതിനായി കഠിന ശ്രമങ്ങള്‍ തന്നെ വേണ്ടി വന്നു. പലയിടങ്ങളിലും നിന്ന് നോ കേള്‍ക്കേണ്ടി വന്നു. ഒടുവില്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി.
സിനിമാ രംഗത്തേയ്ക്ക് ആരെങ്കിലും പിടിച്ചുയര്‍ത്തിയതാണോ?
എന്നൊരിക്കലും പറയാനാകില്ല. ചില സഹായങ്ങള്‍ ലഭ്യമായിരുന്നു. ബിരുദത്തിന് ശേഷം സാമ്പത്തിക സ്ഥിതിയിലുണ്ടായ ദയനീയ അവസ്ഥയും സൗഹൃദങ്ങളല്ലാതെ ഒരു സമ്പാദ്യമില്ലാതിരുന്നതും പ്രതിസന്ധി തന്നെയായിരുന്നു. ഒന്നും ചെയ്യാനില്ലാത്ത ഇടവേള തന്നെയായിരുന്നു കുറച്ചു കാലം.
2020 ല്‍ 90 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ബ്ലാക്ക് ബോഡീസ് എന്ന ഹ്രസ്വ ചിത്രം ചെയ്തു. ചിത്രത്തിന്റെ ദൈര്‍ഘ്യ കുറവ് ഒരിക്കലും ചര്‍ച്ചയായില്ല. കൈകാര്യം ചെയ്ത പ്രമേയവും ട്രീറ്റ്‌മെന്റും വലിയ സ്വീകാര്യത നേടി. വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുകയും ചെയ്തു. ലോകവ്യാപകമായി ചര്‍ച്ച ചെയ്യുകയും പിന്തുണ നല്‍കാന്‍ നിരവധി പേര്‍ എത്തുകയും ചെയ്തു. വല്ലാത്തൊരു ആത്മവിശ്വാസമാണ് അതുവഴി ലഭിച്ചത്. ഇനി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന ബോധ്യമുണ്ടായി.
മറ്റ് സംരംഭങ്ങള്‍?
ബ്ലാക്ക് ബോഡീസ് വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചു. പിന്നീട് മറ്റ് ചില ജോലികള്‍ ഏറ്റെടുത്തു. കറുത്ത വര്‍ഗക്കാരെന്ന് അധിക്ഷേപിച്ച് മാറ്റി നിര്‍ത്തുന്നവരുടെ ഉന്നമനത്തിനായുള്ള ചര്‍ച്ചകളില്‍ സജീവമായിരുന്നു. സന്നദ്ധ സംഘടനകള്‍ സൃഷ്ടിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു. യഥാര്‍ത്ഥത്തില്‍ 2016 ലെ റീസണ്‍ ഇനഫും 2018 ലെ ഹെവനും , ബ്ലാക്ക്- വൈറ്റ് - ബ്ലൂ, 2020 ല്‍ തന്നെ ട്രാപ്പ് സിറ്റി തുടങ്ങിയ ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഇവയ്ക്ക് ശേഷമാണ് ബ്ലാക്ക് ബോഡീസ് വരുന്നത്. ആശയങ്ങള്‍ കൈമാറാന്‍ ദൈര്‍ഘ്യം ഒരു വിഷയമേ അല്ല. 2021 ഒമി ചെയ്തു. ഓരോ സൃഷ്ടികളും ചെറുത്ത് നില്‍പ്പിനായുള്ളതായിരുന്നു. ചോദ്യങ്ങളുണ്ട്, യാഥാര്‍ത്ഥ്യങ്ങളുണ്ട്, പോരാടാനുള്ള ആഹ്വാനവുമുണ്ട്. എല്ലാത്തിനും പുറമെ ശക്തമായ പോരാട്ടം കൂടിയാണ്. സിനിമ വിനോദ ഉപാധി മാത്രമല്ല. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തിനുള്ള ആയുധം കൂടിയാണ്. ഓരോ ആയുധവും എത്രത്തോളം മൂര്‍ച്ച കൂട്ടി ചെയ്യാനാകുമോ അത്രയും മൂര്‍ച്ച കൂട്ടി ഉപയോഗിക്കുക തന്നെ ചെയ്യും.
വെന്‍ മോണിങ് കംസ് ഫീച്ചര്‍ ചിത്രമായി ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍?
സുഹൃത്തുക്കളുടെയും മറ്റും നിര്‍ബന്ധമുണ്ടായിരുന്നു. മാത്രല്ല സിനിമയുടെ പ്രമേയവും അത്തരത്തില്‍ വിശദീകരിക്കാന്‍ കഴിയുന്നതായിരുന്നു. എന്നിട്ടും സിനിമ 87 മിനിട്ടില്‍ അവസാനിപ്പിച്ചു. പറയാനുള്ളതും അറിയിക്കാനുള്ളതും എല്ലാം അതിനുള്ളില്‍ ഒതുക്കാനായി. സ്വന്തം നാട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്നവരുടെ കഥയാണ്. എന്നാല്‍ ഒരു അഭയാര്‍ത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നുമില്ല. ജമൈക്കയില്‍ നിന്നും കാനഡയിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഒരു കുട്ടി നേരിടുന്ന മാനസിക സംഘര്‍ഷങ്ങളാണ്. നാട് ഉപേക്ഷിക്കേണ്ടി വരുന്നവരുടെ വിഹ്വലതകളുണ്ട്. വിഷമങ്ങളുണ്ട്. രണ്ട് നാടുകളിലാണെങ്കിലും ബന്ധുക്കള്‍ തമ്മിലുള്ള ആത്മബന്ധമുണ്ട്. വികാരഭരിതമായി പ്രമേയം കൈകാര്യം ചെയ്യാനായി. ഇതുവഴി ഒരു മെസേജ് കൂടി നല്‍കുന്നുണ്ട്. ( സിനിമ 15 ബുധനാഴ്ചയാണ് പ്രദര്‍ശിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ വിശദാംശങ്ങള്‍ നല്‍കുന്നില്ല- ലേഖകന്‍) എനിക്ക് എന്റെ പഴയകാലത്തിലേയ്ക്ക് പോകാനും കഴിഞ്ഞു. ആത്മബന്ധമുള്ള, ആത്മാംശമുള്ള സിനിമയാണ്.
ഐഎഫ്എഫ്‌കെയും കേരളവും?
നേരത്തെയും ഐഎഫ്എഫ്‌കെയെ കുറിച്ച് കേട്ടിട്ടുണ്ട്. വായിക്കുകയും ചെയ്തു. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്ന മേളയാണ്. അവിടങ്ങളിലൊക്കെയുള്ള സിനിമാ പ്രവര്‍ത്തകരുടെ സ്വപ്‌ന മേളയായി മാറിയിട്ടുണ്ട് ഐഎഫ്എഫ്‌കെ. എന്നെ പോലുള്ളവര്‍ക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നല്‍കുന്നത്. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഞാന്‍ ഹൃദയത്തിലാണ് സൂക്ഷിക്കുന്നത്. എന്നും എപ്പോഴും അവിടെയുണ്ടാകും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണിത്. ഇത് എന്നെ ഏറെ മുന്നോട്ട് നയിക്കും. മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കും.
കേരളവും ജമൈക്കയും ഭൂമിശാസ്ത്രപരമായി ഒരുപാട് സാദൃശ്യങ്ങളുണ്ട്. പ്രകൃതി, നിറങ്ങള്‍, കടല്‍ ഇങ്ങനെ സാമ്യതകള്‍ ഏറെയാണ്. എനിക്ക് അന്യഥാബോധം തോന്നുന്നതേയില്ല. പിന്നെയിവടത്തെ ആള്‍ക്കാര്‍, പ്രത്യേകിച്ച് പ്രതിനിധികള്‍...അവര്‍ കഥകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സിനിമകള്‍ അവര്‍ ഹൃദയത്തോട് ചേര്‍ക്കുന്നു. ബഹുമാനിക്കുന്നു. ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഒരിക്കലും എനിക്ക് ഈ അനുഭവങ്ങള്‍ മറക്കാനാകില്ല. ഒരു പക്ഷെ എന്റെ അടുത്ത സൃഷ്ടികളെ ഇതൊക്കെ സ്വാധീനിച്ചേയ്ക്കാം. നന്ദിയുണ്ട്....തീര്‍ത്താല്‍ തീരാത്ത നന്ദി......
