കമ്മട്ടവും മമ്മൂട്ടിയും തമ്മില്‍!
ഷാന്‍ തുളസീധരന്‍ ഒരുക്കിയ വെബ് സീരീസാണ് 'കമ്മട്ടം'. 'നരസിംഹം' സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ സംഭാഷണത്തില്‍ നിന്നാണ് സീരീസിന്റെ പേര് കണ്ടെത്തിയത്!

അരുണ്‍കുമാര്‍ ബി. വി.
സീ ഫൈവിനു വേണ്ടി ആദ്യമായി ഒരു വെബ് സീരീസ് ചെയ്തതിന്റെ ത്രില്ലിലാണ് സംവിധായകന്‍ ഷാന്‍ തുളസീധരന്‍. ഡിയര്‍ വാപ്പി എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ സംവിധായകനാണ് അദ്ദേഹം. സീ ഫൈവിന്റെ ആദ്യ മലയാളം വെബ് സീരീസ് കൂടിയാണിത്. 11 ദിവസം കൊണ്ടാണ് ഒരു ക്രൈം ത്രില്ലര്‍ സീരീസാണ് ഷാന്‍ ചെയ്തത്. ഓഗസ്റ്റ് 29 മുതല്‍ സീരീസ് സ്ട്രമിങ് ആരംഭിക്കും.
സീ ഫൈവിന്റെ ആദ്യ മലയാളം സീരീസാണല്ലോ കമ്മട്ടം?
സീ ഫൈവ് മറ്റു ഭാഷകളില്‍ നിരവധി സീരീസുകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ആദ്യത്തേതാണ്. സുദേവ് നായരാണ് ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം ത്രില്ലറാണ് ഈ സീരീസ്.
എന്താണ് കമ്മട്ടം?
നരസിംഹം എന്ന സിനിമയില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്, കമ്മട്ടം കൊണ്ടുവന്നു വച്ചാലും മാരാരുടെ തട്ട് താണുതന്നെ ഇരിക്കും. ഈ ഡയലോഗില്‍ നിന്നാണ് കമ്മട്ടം എന്താണെന്ന് ഞാന്‍ ചോദിച്ചറിയാന്‍ തുടങ്ങിയത്. നോട്ടടിക്കുന്ന മെഷീനാണ് കമ്മട്ടം എന്ന് എനിക്കു മനസിലായി.
ഈ സീരീസും കമ്മട്ടവും തമ്മില്‍ എന്താണ് ബന്ധം?
ഈ സീരീസില്‍ പണം ഒരു പ്രധാന ഘടകമാണ്. നമുക്ക് അവകാശമില്ലാത്ത പണം ആഗ്രഹിക്കുക. അത് ഒന്നുകില്‍ പണത്തോടുള്ള ആര്‍ത്തികൊണ്ടായിരിക്കാം. അല്ലെങ്കില്‍ നിവൃത്തികേടുകൊണ്ടായിരിക്കാം. ഈ അവസ്ഥ മനസിലാക്കി ഒരാളെ മറ്റൊരാള്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കും. അങ്ങനെയൊരു ജോര്‍ണറാണ് ഈ സീരീസ്. കോഡ് ഓഫ് ക്രൈംസ് എന്നായിരുന്നു ഞങ്ങള്‍ ആദ്യം ഇട്ട പേര്. എന്നാല്‍ സീ ആദ്യമായി നിര്‍മിക്കുന്ന മലയാളം സീരീസിന് മലയാളത്തില്‍ തന്നെ പേര് വേണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഒരുപാട് പേരുകള്‍ നോക്കി. എല്ലാവരുടെയും അഭിപ്രായം കമ്മട്ടം എന്നായിരുന്നു. അങ്ങനെയാണ് ഈ സീരീസിന് കമ്മട്ടം എന്നു പേരിട്ടത്.
കേരളത്തില്‍ എവിടെയെങ്കിലും നടന്ന ഒരു സംഭവമാണോ ഇത്?
ഒരു സംഭവമല്ല ഈ സീരീസ്. ഒരുപാട് ക്രൈമുകള്‍ ചേര്‍ന്നതാണ് കമ്മട്ടം. ഒരു ക്രൈമില്‍ തുടങ്ങി വലിയൊരു ക്രൈമിന്റെ ചുരുളഴിക്കുന്നതാണ് ഈ സീരീസ്. നിരവധി ക്രൈമുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരം ക്രൈമുകള്‍ മറ്റൊരിടത്ത്, മറ്റൊരു ആള്‍ക്കാര്‍ക്കിടയില്‍ നടന്നാല്‍ എന്താകും എന്ന രീതിയിലാണ് ഈ സീരീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ നടന്ന ക്രൈമുകളിലെ ആരെയും വേദനിപ്പിക്കാതെ, ആരുടെയും പേരുകള്‍ വലിച്ചിഴയ്ക്കാതെയാണ് കമ്മട്ടം ചെയ്തത്.
കഥയുടെ ത്രെഡ് എവിടുന്നാണ് കിട്ടിയത്?
ഷിഹാബുദ്ദീന്‍ എന്നയാളുടേതാണ് സ്റ്റോറി. അദ്ദേഹം സീ പ്രൊഡക്ഷന്‍ ഹൗസില്‍ കഥ എത്തിച്ചു. അവിടെയുള്ള സുധീപ് എന്നയാളാണ് എന്നെ വിളിക്കുന്നത്. ഇങ്ങനെയൊരു കഥ വന്നിട്ടുണ്ടെന്നും കേട്ടുനോക്കാമോ എന്നും ചോദിച്ചു. അങ്ങനെ ഞാന്‍ അവിടെയെത്തി കഥ കേട്ടു. സ്റ്റോറി എനിക്ക് ഓക്കെ ആയിരുന്നു. പക്ഷേ സ്‌ക്രിപ്റ്റ് വീക്കായിരുന്നു. അതു ഞാന്‍ ശരിയാക്കാമെന്നും കുറച്ചു സമയം വേണമെന്നും സീ പ്രൊഡക്ഷന്‍ ഹൗസിനോടു പറഞ്ഞു. എനിക്ക് ഒരു ടീമുണ്ട്. എന്നോടൊപ്പം സിനിമയില്‍ സഹകരിക്കുന്ന ജോസ് തോമസ് പോളയ്ക്കല്‍, സഞ്ജിത്ത്, സുധീപ് എന്നിവരോട് ഇക്കാര്യം ഞാന്‍ പറഞ്ഞു. ഒരു ചെറിയ ബജറ്റിലുള്ള വെബ് സീരീസാണ് ഇതെന്നും നമുക്ക് ഇത് ഓക്കെ ആക്കിയെടുക്കണമെന്നും അവരോട് ഞാന്‍ പറഞ്ഞു. അങ്ങനെ നമ്മള്‍ ഒന്നിച്ചു മുന്നോട്ടുനീങ്ങി. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് കഥയുടെ കാര്യങ്ങള്‍ എനിക്കെത്തിച്ചുതന്നു. അങ്ങനെ ഡിസ്‌കസ് ചെയ്ത് കഥ ഡെവലപ്പ് ചെയ്തു.
11 ദിവസം കൊണ്ട് എങ്ങനെയാണ് ഷൂട്ടിംഗ് തീര്‍ത്തത്?
സ്‌ക്രിപ്റ്റിനും പ്രീ പ്രൊഡക്ഷനുമാണ് കൂടുതല്‍ സമയം വേണ്ടിവന്നത്. പക്ഷേ വെറും 11 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. പ്രൊഡക്ഷന്‍ ഹൗസിന്റെ ആവശ്യം അതായിരുന്നു. കുറച്ചു ബജറ്റാണ് ഇതിനുള്ളത്. അതിനാല്‍ ഈ ദിവസത്തിനുള്ളില്‍ തീര്‍ക്കണമെന്നു പറഞ്ഞപ്പോള്‍ ഞാന്‍ അതിന് മനസുകൊണ്ട് തയാറായി. പക്ഷേ സ്‌ക്രിപ്റ്റ് തയാറാക്കാന്‍ ഒരുമാസം വേണ്ടിവന്നു. ക്യാമറാമാന്‍ പ്രകാശ് ചേട്ടനെയും വിളിച്ച് കാര്യം പറഞ്ഞു. ഇതുകേട്ടപ്പോള്‍ എന്റെ കൂടെയുള്ളവര്‍ക്കെല്ലാം ടെന്‍ഷനായിരുന്നു. വെറും 11 ദിവസം കൊണ്ട് എങ്ങനെയാണ് ഇത് തീര്‍ക്കുക എന്നതായിരുന്നു ഇവരുടെയെല്ലാം ചോദ്യം. നമുക്ക് ഒന്നു ശ്രമിച്ചുനോക്കാമെന്ന് ഞാന്‍ അവരോടു പറഞ്ഞു. അങ്ങനെ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് കമ്മട്ടം ചെയ്തു. ഇതിന്റെ ഷൂട്ടിംഗ് സമയത്ത് ഗംഭീര മഴയായിരുന്നു. ഈ സീരീസില്‍ മഴ ഉണ്ടായിരുന്നില്ല. പക്ഷേ പ്രകൃതി കനിഞ്ഞപ്പോള്‍ ആ മഴയും സീരീസില്‍ ഒരു കഥാപാത്രമായി മാറി.
എപ്പോഴും ഒരു ടീമായാണോ സിനിമ ചെയ്യുന്നത്?
നൂറു ശതമാനവും അങ്ങനെയാണ്. ഒരു സംഭവം നമ്മുടെ മനസില്‍ എത്തിയാല്‍ അത് എല്ലാവരുമായി സംസാരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ അവരുടെ ഐഡിയ കൂടി നമുക്ക് ലഭിക്കും. ഇതാണ് എന്റെ രീതി. ഒറ്റയ്ക്ക് ചെയ്യുന്നതിനേക്കാള്‍ എല്ലാവരുമായി ഒരുമിച്ചു നിന്നാല്‍ നല്ലൊരു പ്രൊഡക്റ്റുണ്ടാക്കാം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാവരുടെയും പരിശ്രമം ഉണ്ടാകും. മാത്രമല്ല ആ പ്രോജക്റ്റ് അവരുടെ കൂടിയായി മാറുകയും ചെയ്യും.
സുദേവ് നായര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച്?
അന്റോണിയോ ജോര്‍ജ് എന്ന എസ്എച്ച്ഒയുടെ കഥാപാത്രമാണ് സുദേവ് അവതരിപ്പിക്കുന്നത്. അധികം സംസാരിക്കാത്ത, എന്നാല്‍ വളരെ കണ്ണിംഗായി ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് അയാള്‍. ആ ചോദ്യങ്ങളില്‍ നിന്നും കിട്ടുന്ന ഉത്തരങ്ങളില്‍ നിന്നാണ് ഓരോ ക്രൈമും അന്വേഷിച്ചുള്ള അന്റോണിയോയുടെ യാത്രകള്‍ ആരംഭിക്കുന്നത്. ഒരാളെ പിടിച്ച് ലോക്കപ്പിലിട്ട് അടിച്ചു തൊഴിച്ച് കേസ് തെളിയിക്കുന്ന രീതി അയാള്‍ക്കില്ല. ഈ കഥാപാത്രത്തിന് പ്രത്യേക സ്റ്റൈലുണ്ട്. ഒരാളോടു സംസാരിച്ച് തമാശകള്‍ പറഞ്ഞ് ചിരിച്ച് കാര്യങ്ങള്‍ തിരക്കി അദ്ദേഹത്തിന് എത്തേണ്ട പോയിന്റില്‍ എത്തും. കള്ളത്തരം കാട്ടുന്ന ഒരാള്‍ പൊലീസിനു മുന്നില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി വ്യത്യസ്തമായ രീതിയിലാണ് ഈ ഉദ്യോഗസ്ഥന്റെ അന്വേഷണം. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷിച്ചിറങ്ങുമ്പോള്‍ ആ വ്യക്തി മരിക്കുന്നു. അവിടെവച്ച് ആ കേസ് അവസാനിക്കുമെന്നു നാം കരുതും. പക്ഷേ അദ്ദേഹം അവിടെ നിന്നാണ് യാത്ര കൂടുതല്‍ ഊര്‍ജിതമാക്കുന്നത്. അങ്ങനെ പോകുമ്പോള്‍ ചെന്നെത്തുന്നത് വലിയൊരു ക്രൈമിന്റെ പിന്നാമ്പുറത്തേക്കാണ്. വളരെ ഗംഭീരമായി സുദേവ് അതൊക്കെ ചെയ്തിട്ടുണ്ട്.
സുദേവിലേക്ക് എത്തിച്ചേരാന്‍ കാരണം?
കഥ എഴുതിയപ്പോള്‍ തന്നെ ഒരു സൈലന്റായ ഉദ്യോഗസ്ഥനെയായിരുന്നു മനസില്‍ കണ്ടത്. അതിനായി സീനിയര്‍ താരങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. അതില്‍ ചിലര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 11 ദിവസം കൊണ്ട് നമുക്ക് ഈ പ്രോജക്റ്റ് തീര്‍ക്കണം. ഇത്രയും ദിവസത്തിനകം സീനിയറായ ഒരു ആര്‍ട്ടിസ്റ്റ് വന്ന് നമ്മുടെ കൂടെ ഓടിനടന്ന് പെര്‍ഫോം ചെയ്യുക എന്നത് വലിയ പ്രയാസമാണ്. മാത്രമല്ല അത് വലിയ മോശമല്ലേ എന്ന തോന്നല്‍ ഉണ്ടായി. കഥയിലെ ഒരു പൊലീസ് ഓഫീസര്‍ നമ്മുടെ എനര്‍ജിക്കൊപ്പം നില്‍ക്കുന്ന ആളായിരിക്കണമെന്നു തോന്നി. അങ്ങനെ പലരെയും ആലോചിച്ചു. പിന്നെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും നല്‍കിയ ലിസ്റ്റില്‍ സുദേവിന്റെ പേരുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ മെയിന്‍ കഥാപാത്രമാക്കിയത്.
കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ ഇത്രയും ദിവസത്തിനകം ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്നായിരുന്നു സുദേവിന്റെ ചോദ്യം. അദ്ദേഹത്തിന് 9 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഈ ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന്റെ ഭാഗം പൂര്‍ത്തിയാകുമോ എന്ന സംശയം സുദേവിനുണ്ടായിരുന്നു. നമുക്ക് അനുവദിച്ചിരിക്കുന്ന സമയവും ഡേറ്റും ഇത്രയേ ഉള്ളുവെന്നും അതിനായി പ്രീ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ഞാന്‍ സുദേവിനോടു പറഞ്ഞു. ചാര്‍ട്ടും കാണിച്ചുകൊടുത്തും. എന്നിട്ടും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എന്റെ കൂടെയുണ്ടായിരുന്ന അസോസിയേറ്റ് ഉള്‍പ്പെടെയുള്ളവരും നല്ല ടെന്‍ഷനിലായിരുന്നു 11 ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കാന്‍ സാധിക്കുമോ എന്ന ടെന്‍ഷന്‍. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്റെ സ്പീഡില്‍ തടസമുണ്ടാകുമെന്നു കരുതുന്നത് മഴയാണ്. അതല്ലാതെ വേറൊരു തടസവും ഉണ്ടാകില്ല എന്ന് പ്രൊഡക്ഷന്‍ ഹൗസിനോട് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ ഗംഭീര മഴ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതിനെ സീരീസില്‍ കഥാപാത്രമാക്കി മാറ്റി. പിന്നെ നൈറ്റ് ഷൂട്ടിംഗ് കുറച്ചു കൂടുതല്‍ സമയമെടുത്തു ചെയ്തു.
സുദേവിന്റെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?
നല്ല എനര്‍ജിറ്റിക്കായിരുന്നു സുദേവ്. അദ്ദേഹത്തിന്റെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞാല്‍ കാരവനിലൊന്നും പോയിരുന്നില്ല. നമ്മളോടൊപ്പം തന്നെ നിന്നു. സമയപരിധിക്കുള്ളില്‍ ഓരോ സീനും തീര്‍ക്കുന്നതിനുള്ള തിരക്കിലായിരുന്നു ഞങ്ങളെല്ലാവരും. ആ ഓട്ടത്തില്‍ സുദേവും ഒപ്പം കൂടി. സത്യം പറഞ്ഞാല്‍ ഒരു കൗതുകമായിരുന്നു സുദേവ്.
ഈ സീരീസില്‍ സംവിധായകരും അഭിനേതാക്കളായിട്ടുണ്ടല്ലോ?
ജിയോ ബേബി, അജയ് വാസുദേവ്, സാജന്‍ കെ. മാത്യു, അരുണ്‍ വിശ്വം, മനോജ് കാന, വാസുദേവന്‍ തുടങ്ങിയ സംവിധായകര്‍ ഈ സീരീസില്‍ അഭിനയിച്ചിട്ടുണ്ട്. ഇവരെ ഈ സീരീസില്‍ ഭാഗമാക്കാന്‍ കാരണമുണ്ട്. അവര്‍ക്ക് സമയത്തിന്റെ വില കൃത്യമായും അറിയാം. അതിനാല്‍ അവരോട് കൂടുതലൊന്നും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇത്ര സമയത്തിനുള്ളില്‍ തീര്‍ക്കണമെന്നു പറഞ്ഞാല്‍ അവര്‍ കൂടെ നില്‍ക്കും. അതുമാത്രമല്ല നമ്മുടെ സൗഹൃദ വലയത്തിനകത്തുള്ള സംവിധായകരുമാണ് ഇവര്‍. ഇതിനു പുറമെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലുള്ള താരങ്ങളെയും ഞാന്‍ ഈ സീരീസിന്റെ ഭാഗമാക്കിയിട്ടുണ്ട്. അഖില്‍ കവലയൂര്‍, അരുണ്‍ സോള്‍, ശ്രീരേഖ, ജിന്‍സ്, തുടങ്ങിയവരും ഈ സീരീസില്‍ അഭിനയിച്ചിട്ടുണ്ട്.
നായികാ പ്രാധാന്യമുള്ള സീരീസാണോ ഇത്?
അങ്ങനെ ചോദിച്ചാല്‍, മെയിന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന സ്ത്രീ കഥാപാത്രങ്ങളുണ്ട്. നായിക എന്നതിലുപരി അവര്‍ക്ക് കൊടുത്തിരിക്കുന്ന സീനുകള്‍ വളരെ പ്രാധാന്യമുണ്ട്.
സിനിമയും സീരീസും തമ്മിലുള്ള വ്യത്യാസം?
കുറച്ചു നാളായി വെബ് സീരീസിനെ കുറിച്ച് ഞാന്‍ പഠിക്കുകയാണ്. കാലത്തിനനുസരിച്ച് നമ്മള്‍ മാറണല്ലോ. സിനിമ ചെയ്യുന്ന ഫോര്‍മാറ്റല്ല വെബ് സീരീസിനുള്ളത്. സിനിമയുടെ സ്‌ക്രിപ്റ്റ് ഉപയോഗിച്ച് സീരീസ് ചെയ്യാന്‍ സാധിക്കില്ല. സീരീസ് സംബന്ധിച്ച് ഏകദേശ ധാരണ എനിക്കുണ്ടായിരുന്നു. സിനിമ എന്നു പറയുമ്പോള്‍ ഒരുപാട് ടെന്‍ഷനുണ്ടാകും. സ്‌ക്രിപ്റ്റ് എഴുത്തു മുതല്‍ തിയേറ്ററില്‍ സിനിമ എത്തുന്നതുവരെയും ടെന്‍ഷനാണ്. പ്രേക്ഷകര്‍ക്ക് അത് ഇഷ്ടപ്പെടുമോ എന്നുവരെ ടെന്‍ഷനുണ്ടാകും. എന്നാല്‍ സീരീസില്‍ അങ്ങനെയൊരു ടെന്‍ഷനില്ല. പ്രൊഡക്ഷന്‍ ഹൗസിന്റെ പിന്തുണ കിട്ടിയാല്‍ നമുക്ക് ചെയ്യാം. അതുകഴിഞ്ഞാല്‍ പിന്നെ ടെന്‍ഷനില്ല. അവരും കൂടെനില്‍ക്കും.
കമ്മട്ടം സിനിമയാക്കാന്‍ തോന്നിയിരുന്നോ?
ഇല്ല. ഇതൊരു സീരീസ് ഫോര്‍മാറ്റാണ്. ഷിഹാബുദ്ദീന്‍ സ്റ്റോറി പറഞ്ഞപ്പോള്‍ തന്നെ അതേ മൂഡായിരുന്നു.
ഇനി സീരീസിലേക്കാണോ ശ്രദ്ധ?
അല്ല. സിനിമ തന്നെയാണ് ശ്രദ്ധ. അതിനൊപ്പമാണ് സീരീസിലേക്കും സഞ്ചരിക്കുന്നു. ഇതൊരു രസമാണ്. സിനിമ വേറൊരു ഫോര്‍മാറ്റാണ്. സീരീസ് വേറെയാണ്.
ഞാന്‍ ഒരു സിനിമയുടെ തയാറെടുപ്പിലിരുന്നപ്പോഴാണ് സീ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും വിളി വന്നത്. അതിന്റെ പണിപ്പുരയിലാണ് ഞാനിപ്പോള്‍. താരങ്ങളുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്. ആര്‍ട്ടിസ്റ്റുകളായാല്‍ എല്ലാം ഓക്കെയാണ്.
സിനിമയില്‍ എത്തിയത്?
പഠിക്കുമ്പോഴൊക്കെ അഭിനയിക്കാനായിരുന്നു താത്പര്യം. ഡിഗ്രിയൊക്കെ കഴിഞ്ഞപ്പോള്‍ സംവിധാനത്തോട് ഇഷ്ടം തോന്നി. അങ്ങനെ നിരവധി സംവിധായകരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യം എത്തുന്നത് സീരിയല്‍ മേഖലയിലാണ്. ഒന്നും അറിയാതെയാണ് ഞാന്‍ അവിടെ എത്തുന്നത്. ബാലപാഠങ്ങള്‍ പഠിച്ചതെല്ലാം സീരിയലില്‍ നിന്നാണ്. അവിടെനിന്നാണ് സിനിമയിലേക്കെത്തിയത്. കലാധരന്‍ സാറിന്റെ കൂടെയായിരുന്നു സീരിയലില്‍ വര്‍ക്ക് ചെയ്തത്. മുരളി നെല്ലനാടായിരുന്നു ആ സീരിയലിന്റെ സ്‌ക്രിപ്റ്റ് ചെയ്തത്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്. പക്ഷേ സീരിയലില്‍ നിന്നും സിനിമയില്‍ എത്തിയപ്പോള്‍ വലിയൊരു വ്യത്യാസം ഫീല്‍ ചെയ്തു. അതായത് സീരിയലില്‍ നമ്മളെല്ലാം ഓടിനടന്നാണ് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നത്. സിനിമയില്‍ അത്ര ജോലിയുണ്ടായിരുന്നില്ല. പിന്നെ എപ്പോഴോ സഹസംവിധാനം നിര്‍ത്തി എഴുത്തിലേക്ക് തിരിഞ്ഞു. അങ്ങനെയാണ് ഡിയര്‍ വാപ്പി എന്ന എഴുതി സംവിധാനം ചെയ്തത്.
കുടുംബം?
കൊല്ലം കുളത്തൂപ്പുഴയാണ് എന്റെ ജന്‍മദേശം. കര്‍ഷകനായ തുളസീധരന്റെയും ഉഷയുടെയും മൂത്തമകനാണ് ഞാന്‍. ഒരു അനുജനുണ്ട്. അവന്‍ ട്രാവര്‍ ആന്‍ഡ് ടൂറിസം മേഖലയിലാണ്. എന്റെ ഭാര്യ രേഖ. നമുക്കൊരു മകനുണ്ട്. റയാന്‍ ഷാന്‍ എന്നാണ് പേര്. വീട്ടുകാര്‍ക്കും സിനിമ ഏറെ ഇഷ്ടമാണ്. അതിനാല്‍ നല്ല സപ്പോര്‍ട്ടാണ് അവര്‍ നല്‍കുന്നത്.
അമ്മ നന്നായി കഥാപ്രസംഗം അവതരിപ്പിക്കുമായിരുന്നു. എന്നാല്‍ അത് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചിരുന്നില്ല. എനിക്ക് സിനിമയോടുള്ള താത്പര്യം വീട്ടിലുള്ളവര്‍ക്ക് നന്നായറിയാം. അമ്മയ്ക്ക് കഥാപ്രസംഗവുമായി മുന്നോട്ടു പോകാന്‍ സാധിക്കാത്തതില്‍ നല്ല വിഷമമുണ്ടായിരുന്നു. എന്റെ എന്തു കാര്യത്തിനും ഞാനുണ്ട് നിന്റെ കൂടെ എന്നാണ് അമ്മ പറഞ്ഞത്. അമ്മയാണ് എന്റെ പിന്‍ബലം.