ഫെര്‍ണാണ്ടോ: തിരശീലയ്ക്ക് പിന്നിലെ കരുത്ത്

ചലച്ചിത്ര പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണങ്ങള്‍ വിലയിരുത്തി ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് ലോക സിനിമാ പ്രേമികള്‍ക്കു മുന്നില്‍ ചര്‍ച്ചയ്‌ക്കെത്തിക്കുന്ന പ്രമുഖരില്‍ മുന്‍പന്തിയിലാണ് ലാറ്റിന്‍ അമേരിക്കന്‍ ക്യൂറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രെണര്‍. അര്‍ജന്റീനിയന്‍ പൗരനായ ബ്രെണര്‍ പ്രോഗാമര്‍ മാത്രമല്ല, മികച്ച സിനിമാ നിരൂപകന്‍ കൂടിയാണ്. ഏറ്റവും പ്രമുഖമായ പ്രസിദ്ധീകരണങ്ങളില്‍ ബ്രെണറുടെ ലോക സിനിമാ നിരൂപണങ്ങള്‍ വായിക്കാന്‍ ലക്ഷണക്കണക്കിന് ആരാധകാരാണ് കാത്തിരിക്കുന്നത്.

Starcast : IFFK 2025

Director: Fernando Brenner

( 0 / 5 )

ആഘോഷങ്ങളാകുന്ന ലോക ചലച്ചിത്ര മേളകളില്‍ തിരശീലയ്ക്ക് പിന്നില്‍ ഒരു കൂട്ടം ആസൂത്രകരുണ്ടാകും. മികച്ച സിനിമകള്‍ കണ്ടെത്തി ആഘോഷങ്ങളുടെ മാറ്റു കൂട്ടുന്ന ക്യൂറേറ്റര്‍മാര്‍. ചലച്ചിത്ര പ്രവര്‍ത്തകരുടെ ആത്മാര്‍പ്പണങ്ങള്‍ വിലയിരുത്തി ഏറ്റവും മികച്ചത് തെരഞ്ഞെടുത്ത് ലോക സിനിമാ പ്രേമികള്‍ക്കു മുന്നില്‍ ചര്‍ച്ചയ്‌ക്കെത്തിക്കുന്ന പ്രമുഖരില്‍ മുന്‍പന്തിയിലാണ് ലാറ്റിന്‍ അമേരിക്കന്‍ ക്യൂറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രെണര്‍. അര്‍ജന്റീനിയന്‍ പൗരനായ ബ്രെണര്‍ പ്രോഗാമര്‍ മാത്രമല്ല, മികച്ച സിനിമാ നിരൂപകന്‍ കൂടിയാണ്. ഏറ്റവും പ്രമുഖമായ പ്രസിദ്ധീകരണങ്ങളില്‍ ബ്രെണറുടെ ലോക സിനിമാ നിരൂപണങ്ങള്‍ വായിക്കാന്‍ ലക്ഷണക്കണക്കിന് ആരാധകാരാണ് കാത്തിരിക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളുടെ ക്യൂറേറ്ററായി ബ്രെണര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാറ്റിനോ, ചിക്കാഗോ, ട്രീസെ്റ്റ, പൂണ്ടാ ദെല്‍, ടോഡോസ് സാന്റോസ് തുടങ്ങിയ ചലച്ചിത്രോത്സവങ്ങളിലും പല തവണ ക്യൂറേറ്ററായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തവണ കേരള രാജ്യാന്തര മേളയില്‍ വിവ എല്‍ സിനി എന്ന ലാറ്റിന്‍ അമേരിക്കന്‍ സിനിമാ പാക്കേജിന്റെ ക്യൂറേറ്റര്‍ കൂടിയാണ് ഫെര്‍ണാണ്ടോ ബ്രെണര്‍. ലോക സിനിമകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. തിരക്കുകള്‍ക്കിടയിലും കലാകൗമുദിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക സിനിമയില്‍ അടുത്ത കാലത്ത് എത്രത്തോളം മാറിയിട്ടുണ്ട്?

വര്‍ഷങ്ങള്‍ കഴിയുന്തോറും മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. കഥ പറയുന്ന രീതിയില്‍ തന്നെ ഗുണകരമായ മാറ്റങ്ങള്‍ വന്നു. കോവിഡ് മഹാമാരിക്ക് ശേഷം പ്രകടമായ മാറ്റങ്ങളാണ് വന്നത്. ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാതിരുന്ന അവസരങ്ങളിലും സിനിമകളുണ്ടായി. ലോകത്ത് കോവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും സിനിമയ്ക്ക് ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമായി. വാണിജ്യപരമായി വിജയിക്കുന്ന സിനിമകളെന്ന പോലെ കലാമൂല്യമുള്ള മികച്ച ചിത്രങ്ങള്‍ ചെലവു കുറച്ച് നിര്‍മ്മിക്കാനും കാരണമായി കോവിഡ് മാറി. തിയറ്ററുകളില്‍ നിന്നും കൈയിലുള്ള മൊബൈല്‍ ഫോണിലേയ്ക്കും സ്വീകരണ മുറിയിലെ ടിവികളിലേയ്ക്കും ലോക സിനിമ വന്നു. പലപ്പോഴും ഒരു രാജ്യത്തെ സിനിമ ആ രാജ്യത്തെ തിയറ്ററുകളില്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്നതാണ്. എന്നാല്‍ കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ് ഫോമുകള്‍ സജീവമായി. ഇതോടെ എവിടെ ഇരുന്നും എവിടത്തെയും സിനിമകള്‍ കാണാന്‍ കഴിയുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു.

പുതിയ പ്രമേയങ്ങള്‍, പുതിയ സമീപനങ്ങള്‍... സ്വീകാര്യമാണോ?

എല്ലാക്കാലത്തും പുതിയ പ്രമേയങ്ങള്‍ തന്നെയാണ് സിനിമയെ മുന്നോട്ട് നയിച്ചിട്ടുള്ളത്. പുതിയ സമീപനങ്ങള്‍ വരുന്നത് നല്ലതാണ്. എല്ലായ്‌പ്പോഴും കഥകള്‍ ഒരേ രീതിയില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ സ്വീകരിക്കാനിടയില്ല. അതുകൊണ്ടു തന്നെ പുതിയ രീതികള്‍ വരും. എന്നാല്‍ ചിലപ്പോള്‍ ചില കഥകള്‍ പഴയ രീതിയില്‍ പറയുന്നതാകും കൂടുതല്‍ നന്നായിരിക്കുക. ഏത് രീതിയായാലും കഥ പറയുന്നതിന്റെ സ്പീഡ് കൂടുന്നത് മികച്ച ആസ്വാദനത്തിന് തടസമാകാറുണ്ട്. അത്തരത്തിലുള്ള സിനിമകളും ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. അതെല്ലാം മോശമാണെന്ന അഭിപ്രായമൊന്നുമില്ല. എന്നാല്‍ സിനിമ മികച്ചതാകണമെങ്കില്‍ പ്രയോഗിക്കുന്ന രീതിയും മികച്ചതാകണം. പുതിയ പുതിയ സമീപനങ്ങള്‍ വരട്ടെ. സിനിമ വളരുകയാണല്ലോ.

സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം?

ഓരോ കാലഘട്ടത്തിലും പുതിയ സാങ്കേതിക വിദ്യകള്‍ സിനിമയ്ക്കായി സൃഷ്ടിക്കപ്പെടും. ചെലവ് കുറയ്ക്കാനും സമയം ലാഭിക്കാനും കഴിയും. കഥയിലും തിരക്കഥയിലും സാങ്കേതിക വിദ്യക്ക് കാര്യമായ റോളൊന്നുമില്ല. എന്നാല്‍ ചിത്രീകരണത്തിലും പോസ്റ്റ് പ്രൊഡക്ഷനിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ കലാമേന്മയും സ്വാഭാവികത്വവും നഷ്ടമാകാതെ നോക്കണം. സൃഷ്ടിപരമായ ഒരു കഴിവുണ്ട് സംവിധായകന്. അത് ഉപേഷിച്ച് സാങ്കേതിക വിദ്യക്ക് പൂര്‍ണമായും കീഴടങ്ങരുത്. കൃത്രിമത്വം സിനിമയെ നശിപ്പിക്കും. ചെറിയൊരു കാലയളവില്‍ മേധാവിത്വം നേടാനാകുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഗുണകരമല്ല. ഇപ്പോള്‍ മൊബൈല്‍ ഫോണുകളില്‍ പോലും സിനിമകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത്രയ്ക്ക് സാങ്കേതികമായി വികസിച്ച ഫോണുകളാണെങ്കില്‍ പ്രശ്‌നം വരില്ല. പക്ഷെ സിനിമയെടുക്കാന്‍ മൊബൈല്‍ ഫോണ്‍ മതിയെന്ന ചിന്തയുണ്ടായാല്‍ അവിടെ സിനിമ തകര്‍ന്നു തുടങ്ങും.

ലാറ്റിന്‍ അമേരിക്കയും കേരളവും ?

കലാപരമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും കേരളവുമായി ഒരു ഇഴ പിരിയാത്ത ബന്ധമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ സിനിമകളെ കേരളീയര്‍ കാര്യമായി പരിഗണിക്കുന്നു. പരിഗണിക്കുന്നുവെന്ന് പറയുന്നതിനേക്കാള്‍ പ്രണയിക്കുന്നുവെന്ന് പറയുന്നതാകും. ശരി. ലാറ്റിന്‍ അമേരിക്കന്‍ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ കേരളത്തിനെ കുറിച്ച് നല്ല മതിപ്പാണ്. ഐഎഫ്എഫ്‌കെയില്‍ അവരുടെ സൃഷ്ടികളെത്തിക്കാന്‍ അവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവര്‍ നിരന്തരം എന്നെ ബന്ധപ്പെടുന്നു. അവര്‍ ഇന്ത്യന്‍ സിനിമകള്‍ കാണും. പഴയകാല ക്ലാസിക്കുകള്‍ക്കൊക്കെ അവിടത്തെ സിനിമാക്കാര്‍ക്കിടയില്‍ നല്ല പ്രചാരമുണ്ട്.ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സിനിമകള്‍ക്കെന്ന പോലെ ഹ്രസ്വ ചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കും വലിയ സ്വീകാര്യതയാണുള്ളത്. അവിടത്തെ നിര്‍മ്മാതാക്കള്‍ ഐഎഫ്എഫ്‌കെയില്‍ അവ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കും. എന്നാല്‍ ഇവിടെ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പ്രത്യേകമായി നടത്തുന്നു. ഐഎഫ്എഫ്‌കെയ്ക്ക് വരുന്നത്രയും പ്രതിനിധികള്‍ വരില്ലെന്നത് സങ്കടകരമാണ്. അതുകൊണ്ട് ഡോക്യുമെന്ററികള്‍ക്കും ഡോക്യുമൊണ്ടാഷുകള്‍ക്കും ഐഎഫ്എഫ്‌കെയില്‍ പ്രാതിനിധ്യം നല്‍കണം. കലണ്ടര്‍ വര്‍ഷത്തെ അവസാനം നടക്കുന്ന ചലച്ചിത്ര മേളയായത് കൊണ്ട് തന്നെ ഐഎഫ്എഫ്‌കെയ്ക്ക് പ്രത്യേകതയുണ്ട്. ഇതു കഴിഞ്ഞ് വിശ്രമിച്ച് ക്രിസ്മസും ആഘോഷിച്ച ശേഷം അടുത്ത മേളയ്ക്ക് പോകാം. എന്നാല്‍ ഇവിടെ ഒരു മേള അവസാനിച്ചു കഴിഞ്ഞാല്‍ അടുത്ത ആഴ്ച അടുത്ത മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങും. നേരിട്ടുള്ള അനുഭവമാണ്.


മെസി വരേണ്ടത് കേരളത്തിലാണ്

മെസി കേരളത്തില്‍ വരണമെന്ന് വിഖ്യാത നിരൂപകനും ക്യൂറേറ്ററുമായ ഫെര്‍ണാണ്ടോ ബ്രെണര്‍. ഇപ്പോള്‍ കൊല്‍ക്കൊത്തയില്‍ വന്നു. എന്നാല്‍ ആരാധകര്‍ കൂടുതല്‍ ഉള്ളത് കേരളത്തിലാണ്. എനിക്ക് മെസി ആവേശമാണ്. എന്റെ നാട്ടുകാരാനാണ്. ഞങ്ങളുടെ നാട്ടിലെ ദൈവമാണ്. സോക്കര്‍ സ്‌നേഹികളല്ലാത്ത ആരുമില്ല ഞങ്ങളുടെ നാട്ടില്‍. അതുകൊണ്ടു തന്നെ മെസി ഞങ്ങളുടെ വികാരം തന്നെയാണ്. അതിനു സമാനമാണ് കേരളത്തിലെ സോക്കര്‍ പ്രേമികളും. ലോകകപ്പ് മത്സരമൊക്കെ നടക്കുമ്പോള്‍ എന്ത് ആഘോഷമാണ് കേരളത്തില്‍ നടക്കുന്നത്. ഞങ്ങളെ നാട്ടില്‍ പോലും കാണാത്ത കട്ട്ഔട്ടുകള്‍ കേരളത്തിലുണ്ടാകും. വലിയ ഫാന്‍ ഗ്രൂപ്പാണ് ഇവിടെയുള്ളത്. ഞാനും ഇവിടെ നിന്നുള്ള ഫെയ്‌സ്ബുക്ക് ഫാന്‍ ഗ്രൂപ്പില്‍ അംഗമാണ്. അതുകൊണ്ടു തന്നെ എനിക്ക് ഓരോ ചലനവും അറിയാന്‍ കഴിയുന്നു. എന്തായാലും ഇന്ത്യയില്‍ മറ്റെവിടെ പോകുന്നതിന് മുമ്പും ആദ്യം മെസി എത്തേണ്ടത് ഇവിടെ തന്നെയാണ്. ഡ്യൂഗോ ( മറഡോണ ) കഴിഞ്ഞാല്‍ ഞങ്ങള്‍ ഹൃദയം നല്‍കിയത് മെസിക്കാണ്. മലയാളികളും അങ്ങനെയാണ്. അവരെ മെസി നിരാശപ്പെടുത്തരുത്. നിരാശപ്പെടുത്തില്ലെന്നാണ് വിശ്വാസം.

Bivin
Bivin  
Related Articles
Next Story