ആ നടനോട് എനിക്ക് ക്രഷാണ്!
കുടുംബവിളക്കിലെ പൂജ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് വര്‍ഷ വിനോദ്. ചെറിയ ചെറിയ റോളുകളില്‍ മിനി സ്‌ക്രീനിലെത്തി ഇന്ന് പ്രധാന സീരിയലുകളില്‍ നായികയായി തിളങ്ങുന്ന താരം കൂടിയാണ് വര്‍ഷ. പത്തരമാറ്റിലെ പവിത്ര, കൂടെവിടെയിലെ റബേക്ക, മധുരനൊമ്പരക്കാറ്റിലെ ജ്യോതി എന്നീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഒരേ താരത്തോടൊപ്പം രണ്ടു സീരിയലുകളില്‍ മകളായി അഭിനയിക്കാനുള്ള അവസരവും വര്‍ഷയ്ക്കു ലഭിച്ചു. സ്‌കൂള്‍ പഠനകാലം മുതല്‍ തെന്നിന്ത്യയിലെ ഒരു നടനോട് ക്രഷ്. ആ നടനെ അടുത്തു കാണണമെന്ന ആഗ്രഹവുമായി താരം കാത്തിരിക്കുകയാണ്. മിനി സ്‌ക്രീന്‍ താരം വര്‍ഷ വിനോദ് തന്റെ വിശേഷങ്ങള്‍ വെള്ളനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു
വര്‍ഷ വിനോദ്/ബി.വി. അരുണ്‍ കുമാര്‍
വര്‍ഷയുടെ പുതിയ വിശേഷങ്ങള്‍ എന്തൊക്കെയാണ്?
സീ കേരളത്തില്‍ മധുരനൊമ്പരക്കാറ്റ് എന്ന പുതിയ സീരിയല്‍ ചെയ്യുന്നു. ലീഡ് റോളാണ് ഇതിലുള്ളത്. നേരത്തെ ഏഷ്യാനെറ്റിനു വേണ്ടി മൂന്നു സീരിയലുകള്‍ ചെയ്തിരുന്നു. അതുകഴിഞ്ഞ് മറ്റൊരു ചാനലിനു വേണ്ടി സീരിയല്‍ ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ആദ്യ സീരിയല്‍ ഏതായിരുന്നു?
ഏഷ്യാനെറ്റിനു വേണ്ടി കൂടെവിടെ എന്ന സീരിയലിലാണ് ശ്രദ്ധേയമായ വേഷം ആദ്യം ചെയ്തത്. നായികയുടെ കൂട്ടുകാരിയായാണ് വേഷമിട്ടത്. മെയിന്‍ കാരക്റ്ററായിരുന്നില്ല. അതുകഴിഞ്ഞ് കുടുംബവിളക്കും പത്തരമാറ്റും ചെയ്തു. പത്തരമാറ്റില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ട്.
ഏഷ്യാനെറ്റില്‍ നിന്നും സീ കേരളത്തിലേക്കുള്ള മാറ്റം?
രണ്ടു ചാനലുകളും എനിക്ക് ഓക്കെയാണ്. കൂടുതല്‍ ഇഷ്ടം ഏഷ്യാനെറ്റിനോടാണ്. മൂന്നു സീരിയലുകള്‍ അവര്‍ക്കു വേണ്ടി ചെയ്തതുകൊണ്ടാകാം ആ ഇഷ്ടം. വന്നവഴി മറക്കാന്‍ പാടില്ല എന്നല്ലേ പറയാറ്. അതുകൊണ്ട് കുറച്ചു കൂടുതല്‍ ഇഷ്ടം ഏഷ്യാനെറ്റിനോടാണ്.
ജീവിതത്തിലും വന്ന വഴി മറക്കാത്ത ആളാണോ വര്‍ഷ?
ജീവിതത്തിലും ഞാന്‍ അങ്ങനെയാണ്. അഭിനയത്തിന്റെ തുടക്കത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടുണ്ട്. വലിയ റോളുകള്‍ ചെയ്തുവന്ന ആളല്ല ഞാന്‍. ചെറിയ ചെറിയ വേഷങ്ങളിലൂടെ നായികയായി. ആദ്യമൊക്കെ ചെയ്യുമ്പോള്‍ ഒരുപാട് കഷ്ടപ്പാടുണ്ടാകും. ചെറിയ റോളുകള്‍ ചെയ്തിരുന്ന സമയത്ത് മെയിന്‍ ആര്‍ട്ടിസ്റ്റുകളോടുള്ള പെരുമാറ്റമാകില്ല നമ്മളോടുണ്ടാവുക. അന്ന് എനിക്ക് അതൊക്കെ വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. ലീഡ് റോളുകളില്‍ എത്തിനില്‍ക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ബഹുമാനം വളരെ വലുതാണ്. ഇപ്പോള്‍ ഞാന്‍ ആ പഴയ കാര്യങ്ങള്‍ ഓര്‍ക്കാറുണ്ട്.
കുടുംബവിളക്കിനു ശേഷം മീരാ വാസുദേവിന്റെ മകളായിട്ടല്ലേ മധുരനൊമ്പരക്കാറ്റിലും അഭിനയിക്കുന്നത്?
അതെ. രണ്ടു സീരിയലുകളിലും ഒരാളുടെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം കിട്ടി. കുടുംബവിളക്കില്‍ അഭിനയിക്കുമ്പോള്‍ തന്നെ മീരാ വാസുദേവിന്റെ മകളാണെന്നേ എന്നെ കണ്ടാല്‍ തോന്നൂവെന്ന് പലരും പറഞ്ഞിരുന്നു. അതുകഴിഞ്ഞപ്പോഴാണ് സീ കേരളത്തിലെ സീരിയലില്‍ അവസരം ലഭിക്കുന്നത്. അതിലും മീരാ വാസുദേവിന്റെ മകളായി വേറൊരു നടിയെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അവര്‍ മാറി. പിന്നെയാണ് എന്റെ പ്രൊഫൈല്‍ അവര്‍ കാണുന്നത്. കുടുംബവിളക്കിലെ അഭിനയം അവര്‍ കണ്ടിരുന്നു. അത് എനിക്ക് പുതിയ സീരിയലിന് ഗുണം ചെയ്തു. ഞാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു അമ്മ തന്നെയാണ് മീരാ വാസുദേവ്.
മീരാ വാസുദേവിനെ ഇഷ്ടപ്പെടാനുള്ള കാരണം എന്താണ്?
എനിക്ക് അവരുടെ കണ്ണുകള്‍ ഇഷ്ടമാണ്. ഒപ്പം അഭിനയവും. അവരുടെ കണ്ണിന്റെ ചനലങ്ങള്‍ വളരെ ഭംഗിയാണ്. ഞാന്‍ അതൊക്കെ നോക്കിനിന്ന് പഠിക്കാറുണ്ട്. അത്തരം മൂവ്‌മെന്റുകള്‍ ഞാന്‍ അനുകരിക്കാറുമുണ്ട്. അത് ഞാന്‍ മീരാ വാസുദേവിനോടു തന്നെ പറഞ്ഞിരുന്നു. അതുകേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അവര്‍.
പഠനകാലത്തേ അഭിനയം ലക്ഷ്യമിട്ടിരുന്നോ?
പണ്ടുമുതലേ അഭിനയം ഇഷ്ടപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ വലിയ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ചെറിയ റോളുകള്‍ മാത്രമാണ് കിട്ടിയത്. അത്തരം വേഷങ്ങള്‍ ചെയ്ത് വലിയ കഥാപാത്രങ്ങളിലേക്ക് എത്തിച്ചേരാമെന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസം തന്നെയാണ് എന്നെ ഇതുവരെ എത്തിച്ചതും. നല്ല റോളുകള്‍ കിട്ടി. നീയും ഞാനും എന്ന സീരിയലിലാണ് ചെറിയ റോള്‍ ചെയ്തത്. അത്തരം റോളുകള്‍ ചെയ്യുമ്പോള്‍ പലരും പറഞ്ഞിരുന്നു, നല്ല സ്‌ക്രീന്‍ പ്രസന്‍സുണ്ട് എന്നൊക്കെ. കാരക്റ്റര്‍ റോളുകള്‍ ചെയ്യാന്‍ കഴിവുള്ള കുട്ടിയാണെന്നൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ എനിക്ക് ലഭിച്ച ചെറിയ റോളുകള്‍ക്ക് കൂടുതല്‍ സമയം നല്‍കുമായിരുന്നു.
സീരിയലിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലില്‍ നായികയുടെ അനുജത്തിയായിട്ടാണ് ആദ്യമായി എനിക്ക് അവസരം ലഭിക്കുന്നത്. എന്നാല്‍ അത് ലീഡ് റോളൊന്നുമായിരുന്നില്ല. അത്ര ശ്രദ്ധിക്കപ്പെടുന്നതുമായിരുന്നില്ല ആ കഥാപാത്രം. ആ സീരിയല്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസ് പേരൂര്‍ക്കട എന്നെ വിളിച്ചു. ഏഷ്യാനെറ്റ് ചാനലില്‍ ഒരു സീരിയല്‍ ചെയ്യാനായിരുന്നു എന്നെ വിളിച്ചത്. എനിക്ക് അതുവരെ അദ്ദേഹത്തെ യാതൊരു പരിചയവും ഉണ്ടായിരുന്നില്ല. മഴവില്‍ മനോരമയിലെ സീരിയലിലെ ചെറിയ റോള്‍ കണ്ടാണ് എന്നെ വിളിച്ചത്. അത് എനിക്കു വലിയൊരു അനുഗ്രഹമായി. കാരണം ജോസ് പേരൂര്‍ക്കട എന്ന വ്യക്തിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. രണ്ടു സീരിയലുകളിലെ പ്രധാന വേഷങ്ങളാണ് എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത്. എന്തുകൊണ്ടാണ് ഈ വേഷങ്ങള്‍ എന്നെ ഏല്‍പ്പിച്ചതെന്ന് ജോസേട്ടനോട് ചോദിച്ചിട്ടുണ്ട്. നീ ആ കാരക്റ്ററുകള്‍ക്ക് ഓക്കെ ആണെന്നു മനസിലാക്കിയിരുന്നുവെന്നും നീ നന്നായി ചെയ്യുമെന്ന് അറിയാമെന്നുമായിരുന്നു ജോസേട്ടന്റെ മറുപടി.
സീരിയലാണോ, സിനിമയാണോ കൂടുതല്‍ ഇഷ്ടം?
ഇങ്ങനെയൊരു ചോദ്യം വരുമ്പോള്‍ ആരായാലും പറയുന്നത് സിനിമ എന്നു തന്നെയാണ്. പക്ഷേ എനിക്ക് താത്പര്യം സീരിയലിനോടാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അടുത്തിടെ ടൊവിനോയുടെ എആര്‍എം കണ്ടിരുന്നു. അന്നുമുതല്‍ സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം മനസില്‍ ഉദിച്ചിട്ടുണ്ട്.
മിനി സ്‌ക്രീന്‍ താരങ്ങള്‍ക്ക് സിനിമയിലേക്ക് അവസരം കിട്ടാന്‍ പ്രയാസമാണെന്നു കേട്ടിട്ടുണ്ടോ?
അതിനെപ്പറ്റി എനിക്ക് കൃത്യമായി അറിയില്ല. എനിക്ക് സിനിമയിലേക്ക് അവസരം വന്നിരുന്നു. ഒരു ചെറിയസിനിമ ചെയ്തിരുന്നു. എന്നാല്‍ ആ പ്രോജക്റ്റ് പൂര്‍ത്തീകരിച്ചില്ല. പാതിവഴിക്ക് നിലച്ചു.
പഠനകാലത്തൊക്കെ കലാപ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നോ?
ഞാന്‍ ബി.എ ചെയ്യുമ്പോഴാണ് ചെറിയ കാരക്റ്ററുകള്‍ ചെയ്തു തുടങ്ങിയത്. ക്ലാസില്‍ ഇരിക്കുമ്പോഴൊക്കെ എന്റെ മനസ് മുഴുവന്‍ സീരിയല്‍ ലൊക്കേഷനിലായിരുന്നു. ഓരോ കാര്യങ്ങള്‍ ഞാന്‍ കൂട്ടുകാരോട് പങ്കുവയ്ക്കുമായിരുന്നു. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പരസ്പരം എന്ന സീരിയല്‍ വന്നത്. അതിലെ നായകന്‍ വിവേക് ഗോപന്‍ ആയിരുന്നു. ആ സീരിയല്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ക്ലാസില്‍ ചെല്ലുമ്പോള്‍ ആ സീരിയലിലെ കഥകള്‍ ആലോചിച്ചിരിക്കുമായിരുന്നു. ആ നായകനെ കാണണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. യാദൃശ്ചികമായാണ് അത് സംഭവിച്ചത്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്ന സീരിയലില്‍ വിവേക് ഗോപന്‍ ചേട്ടനുണ്ട്. എന്നാല്‍ ഇതുവരെ മനസില്‍ ഉണ്ടായിരുന്ന ആഗ്രഹം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ എന്നെ കളിയാക്കും. ചെറിയ കാര്യങ്ങള്‍ക്കൊക്കെ കളിയാക്കുന്ന ആളാണ് അദ്ദേഹം.
വര്‍ഷയുടെ അഭിനയ ജീവിതത്തിന് വീട്ടുകാരുടെ പിന്തുണ എങ്ങനെയാണ്?
അച്ഛനും അമ്മയും അനുജത്തിയും നല്ല സപ്പോര്‍ട്ടാണ്. അനുജത്തിയാണ് ലൊക്കേഷനുകളില്‍ കൂടുതലും വരാറുള്ളത്. അവളുടെ കാര്യങ്ങള്‍ മാറ്റിവച്ചാണ് എന്നോടൊപ്പം വരുന്നത്. എന്റെ അമ്മയെ പോലെയാണ് അവള്‍ എന്നെ നോക്കുന്നതും.
ആദ്യമായി ക്യാമറയ്ക്കു മുന്നില്‍ നിന്നപ്പോള്‍ പേടിയുണ്ടായിരുന്നോ?
നല്ല പേടിയായിരുന്നു. ഒന്നും അറിയാത്ത ആളാണല്ലോ ഞാന്‍. മാത്രമല്ല തുടക്കക്കാരിയും. ആക്ഷന്‍, കട്ട് ഇതൊന്നും എന്താണെന്നു പോലും അറിയില്ലായിരുന്നു. ആദ്യ സീന്‍ തന്നെ മൂന്നുതവണ എടുക്കേണ്ടിവന്നിട്ടുണ്ട്. പിന്നെപ്പിന്നെ എല്ലാം ഓക്കെയായി.
വര്‍ഷയ്ക്ക് ഇഷ്ടപ്പെട്ട നടന്‍ ആരാണ്?
പണ്ടുമുതലേ എനിക്ക് ക്രഷ് തോന്നിയിട്ടുള്ളത് ശിവ കാര്‍ത്തികേയനോടാണ്. ഇപ്പോഴും കാണണമെന്ന് ആഗ്രഹിക്കുന്ന നടനാണ് അദ്ദേഹം. ശിവയുടെ ശരീര ഭാഷ, നിറം, സംസാരം, അഭിനയം എല്ലാം എനിക്ക് ഇഷ്ടമാണ്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ക്ലാസിലെ ഡസ്‌കില്‍ ശിവ കാര്‍ത്തികേയന്റഎ പേര് എഴുതിവയ്ക്കുമായിരുന്നു. ഒരിക്കല്‍ അത് ടീച്ചര്‍ കണ്ടുപിടിച്ചു. വീട്ടില്‍ നിന്നും ആളെ വിളിച്ചുകൊണ്ടുവരാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. എന്നിട്ടും അദ്ദേഹത്തിന്റെ പേര് ക്ലാസില്‍ എഴുതിവയ്ക്കുന്നത് നിര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ ഇന്‍സ്റ്റയില്‍ അദ്ദേഹത്തിന്റെ സ്‌റ്റോറികള്‍ ഇടാറുണ്ട്. ശിവ കാര്‍ത്തികേന്റെ എല്ലാ സിനിമകളും ഞാന്‍ കാണും. ഒരു റോള്‍ മോഡലായി കാണാന്‍ പറ്റിയ ആളാണ് ശിവ കാര്‍ത്തികേയന്‍. അദ്ദേഹത്തെ കാണണമെന്ന അതിയായ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ റെമോ എന്ന സിനിമ കണ്ടതുമുതലാണ് എനിക്ക് ക്രഷ് തോന്നിത്തുടങ്ങിയത്.
മലയാളത്തില്‍ ഏതു നടനെയാണ് ഇഷ്ടം?
സുരേഷ് ഗോപി സാറിനെയാണ് ഇഷ്ടം. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്കിഷ്ടമാണ്.
ഇഷ്ടപ്പെട്ട നായിക?
കീര്‍ത്തി സുരേഷും തൃഷയും.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് എന്താണ് അഭിപ്രായം?
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്തു വരണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരാള്‍ ചെയ്ത തെറ്റിനെ മറ്റുള്ളവരുടെ കുറ്റമായി കാണരുത്. എല്ലാ മേഖലയിലും ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്. പക്ഷേ പുറത്തു വന്നത് സിനിമയിലെ പ്രശ്‌നങ്ങളായതിനാല്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടി.
അഭിനയ ജീവിതത്തില്‍ ഇപ്പോഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു സംഭവം പറയാമോ?
കുടുംബ വിളക്കിലേക്ക് എന്നെ വിളിച്ച സംഭവമാണ് എപ്പോഴും എനിക്ക് സന്തോഷം നല്‍കുന്നത്. എന്റെ ജീവിതത്തിലെ വഴിത്തിരിവാണത്. ഞാന്‍ ആഗ്രഹിച്ചതു പോലുള്ള ഒരു കാരക്റ്ററാണ് എനിക്ക് അതില്‍ ലഭിച്ചത്. എനിക്ക് എന്താകണമെന്ന് ആഗ്രഹിച്ചോ അത് കുടുംബവിളക്കില്‍ സാധിച്ചു. ആദ്യമായി ലഭിക്കുന്ന അസുലഭ നിമിഷം ഒരിക്കലും മറക്കാന്‍ പറ്റില്ലല്ലോ.
മനസിനെ വേദനിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
എന്റെ അഭിനയ ജീവിതത്തില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ക്ലാസില്‍ പൈസയൊക്കെ മോഷണം പോകാറുണ്ടായിരുന്നു. ഒരിക്കല്‍ എന്റെ ബാഗില്‍ ഏതോ ഒരു കുട്ടി പൈസ മോഷ്ടിച്ച് കൊണ്ടുവച്ചിരുന്നു. ഇത് ഞാന്‍ അറിഞ്ഞിരുന്നില്ല. ഇന്റര്‍വെല്‍ സമയത്ത് ഞാനും കൂട്ടുകാരും പുറത്തേക്കു പോയി തിരിച്ചു വന്നപ്പോഴാണ് ഈ സംഭവം അറിയുന്നത്. ക്ലാസിലെത്തിയപ്പോള്‍ ടീച്ചര്‍ എന്റെ ബാഗില്‍ നിന്നും പൈസ എടുക്കുന്നതാണ് കണ്ടത്. ആ ബാഗില്‍ പൈസ എങ്ങനെ വന്നുവെന്ന് വ്യക്തമായി അന്വേഷിക്കാതെ ടീച്ചര്‍ എന്നെ പൊതിരെ തല്ലി. ആ പൈസ എങ്ങനെ എന്റെ ബാഗില്‍ വന്നുവെന്ന് അറിയില്ലെന്നു പറഞ്ഞിട്ടും വിശ്വസിച്ചില്ല. അന്നു വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ ടീച്ചറുടെ തല്ലുകൊണ്ട് കാല് നല്ല വേദനയുണ്ടായിരുന്നു. അച്ഛനും അമ്മയും കാര്യം തിരക്കി. ഉണ്ടായ സംഭവം ഞാന്‍ അവരോടു പറഞ്ഞു. ഉടന്‍തന്നെ അമ്മയും അച്ഛനും എന്നെയും കൊണ്ട് സ്‌കൂളിലേക്കു പോയി. അവിടെ വളരെ സ്‌നേഹനിധിയായ ഒരു ഹെഡ്മിസ്ട്രസ് ഉണ്ടായിരുന്നു. ഡെയ്‌സി മേരി എന്നായിരുന്നു സിസ്റ്ററുടെ പേര്. അവരോട് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍ ടീച്ചര്‍ എന്നെ തല്ലിയില്ലെന്ന നിലപാടിലായിരുന്നു. ഒടുവില്‍ ഹെഡ്മിസ്ട്രസിന് കാര്യങ്ങള്‍മനസിലായി. ടീച്ചര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി. ആ സമയത്താണ് എന്നെ തല്ലിയ ടീച്ചര്‍ അവരുടെ കാല്‍ വയ്യാത്ത മകനെ വീല്‍ച്ചെയറില്‍ ഇരുത്തി വരുന്നതു കണ്ടത്. അതുകണ്ട് എന്റെ അമ്മയുടെ മനസ് നന്നേ വേദനിച്ചു. ഹെഡ്മിസ്‌ട്രോട് ടീച്ചര്‍ക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്ന് അമ്മയാണ് പറഞ്ഞത്. ആ നിമിഷം എന്റെ അമ്മയോട് കൂടുതല്‍ ബഹുമാനം തോന്നി. കാരണം സ്വന്തം കുഞ്ഞിനെ തല്ലിച്ചതച്ച ഒരു ടീച്ചറോട് ഒറ്റ നിമിഷം കൊണ്ട് അമ്മ ദയവു കാട്ടി. എന്നെ ക്ലാസിലെ മോഷ്ടാവായി ചിത്രീകരിച്ച സംഭവമാണ് ഉണ്ടായത്. എന്നിട്ടുകൂടി ആ ടീച്ചറോട് അമ്മ ക്ഷമിച്ചതു കണ്ടപ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നി.
പാചകം ഇഷ്ടപ്പെടുന്ന ആളാണോ?
കുക്കിംഗ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. നോണ്‍ വെജിനോടാണ് എനിക്ക് താത്പര്യം. അടുത്തിടെ ചിക്കന്‍ റോസ്റ്റ് ഞാന്‍ പരീക്ഷിച്ചിരുന്നു. വീട്ടിലാണ് പരീക്ഷണം നടത്തിയത്. എന്തു സാധനം ഉണ്ടാക്കിയാലും ഞാന്‍ പരീക്ഷിക്കുന്നത് അച്ഛനിലാണ്. നല്ലതായാലും ചീത്തയായാലും അച്ഛന്‍ നല്ലതെന്നേ പറയൂ. അമ്മ തൊട്ടടുത്തു നിന്നു കണ്ണുകാണിക്കും. കൊള്ളില്ലെങ്കിലും നല്ലതെന്നേ പറയാവൂ എന്നാണ് കണ്ണുകാണിക്കലിന്റെ ഉദ്ദേശം. പാവം അച്ഛന്‍ എല്ലാം നല്ലതെന്നെ പറഞ്ഞിട്ടുള്ളു. വീട്ടില്‍ ഉള്ളപ്പോള്‍ അടുക്കളയില്‍ കയറി അമ്മയെ സഹായിക്കാറുണ്ട്.
എന്താകാനായിരുന്നു ആഗ്രഹം?
ഒരു ടീച്ചറാകാനായിരുന്നു ആഗ്രഹം. വീട്ടുകാര്‍ക്കും അതേ ആഗ്രഹമായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമ്മള്‍ തന്നെ നമ്മുടെ മാര്‍ഗം തിരഞ്ഞെടുക്കുമല്ലോ. അങ്ങനെ തിരഞ്ഞെടുത്തതാണ് അഭിനയം.
കുടുംബം?
കൊല്ലം ജില്ലയിലെ ചിന്നക്കടയാണ് എന്റെ സ്വദേശം. അച്ഛന്‍ വിനോദ് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. അമ്മ ഷീജ അംഗന്‍വാടി ടീച്ചറാണ്.
യാത്ര ഇഷ്ടമാണോ?
യാത്രകള്‍ എനിക്ക് ഇഷ്ടമാണ്. അവസാനമായി യാത്ര ചെയ്തത് പാലക്കാട്ടേക്കാണ്. സീ കേരളത്തിലെ സീരിയല്‍ ഷൂട്ടിംഗിനു വേണ്ടിയിരുന്നു പാലക്കാട്ടേക്ക് പോയത്.
സിനിമയും സീരിയലും തമ്മിലുള്ള വ്യത്യാസം:
ഒരു സിനിമ എന്നത് കുറച്ചു ദിവസം കൊണ്ട് ഷൂട്ടിംഗ് തീരും. അതില്‍ ഹാര്‍ഡ് വര്‍ക്കില്ല. പക്ഷേ സീരിയലില്‍ അങ്ങനെയല്ല. മൂന്നു വര്‍ഷത്തോളം ഒരു സീരിയല്‍ നീളും. അത്തരം കഥാപാത്രങ്ങള്‍ക്ക് നല്ല ഹാര്‍ഡ് വര്‍ക്കും വേണ്ടിവരും.
വര്‍ഷ ചെയ്ത കാരക്റ്ററുകളിലൂടെ ആളുകള്‍ തിരിച്ചറിയാറുണ്ടോ?
മധുരനൊമ്പരക്കാറ്റിലെ ജ്യോതി എന്നാണ് ഇപ്പോള്‍ എന്നെ പലരും വിളിക്കുന്നത്. അതിലെ നായകന്‍ ഒരു സൈക്കോയാണ്. അദ്ദേഹത്തിന്റെ പെങ്ങളായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ചിലര്‍ സൈക്കോ സിസ്റ്റര്‍ എന്നൊക്കെ വിളിക്കാറുണ്ട്. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളുടെ പേരുകളില്‍ അറിയപ്പെടുന്നത് എനിക്കിഷ്ടമാണ്. പ്രേക്ഷകര്‍ക്ക് അത്രയ്ക്കും ഇഷ്ടമുള്ളതുകൊണ്ടാകും ആ കഥാപാത്രങ്ങളായി നമ്മളെ കാണുന്നത്
പ്രണയമുണ്ടോ?
അങ്ങെയൊന്നുമില്ല.
ഭാവി ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പം?
ശിവ കാര്‍ത്തികേയനെ പോലുള്ള ഒരാളെ വേണം. എല്ലാവരോടും ഞാന്‍ പറയാറുണ്ട്. ഒരു ക്രഷ് ഉണ്ടെന്നു പറഞ്ഞില്ലേ. അതുതന്നെ കാരണം.
ഇഷ്ടപ്പെട് ആഹാരം?
മട്ടന്‍ ബിരിയാണി.
കടപ്പാട് ആരോടാണ്?
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസ് പേരൂര്‍ക്കടയോടാണ്. അവസരങ്ങള്‍ നല്‍കി എന്നതിലുപരി നല്ല കാരക്റ്ററുകള്‍ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചത് അദ്ദേഹമാണ്.
പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
എന്റെ സീരിയലുകള്‍ കാണണം. പിന്നെ ഒരു അഭ്യര്‍ത്ഥനയുണ്ട്. ഓരോ കാരക്റ്ററുകളും ചെയ്യുമ്പോള്‍ അതിനെ ആ കഥാപാത്രങ്ങളായി തന്നെകാണണം. മധുരനൊമ്പരക്കാറ്റിലെ നായകന്റെ സഹോദരിയായാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രേക്ഷകരില്‍ ചിലര്‍ക്ക് ആ കഥാപാത്രത്തോട് ദേഷ്യമൊക്കെ ഉണ്ടാകാറുണ്ട്. ദയവുചെയ്ത് ജ്യോതി എന്നത് കഥാപാത്രമായിത്തന്നെ കാണണം എന്ന അഭ്യര്‍ത്ഥന മുന്നോട്ടു വയ്ക്കുകയാണ്.