തനിഷ്ടയ്ക്ക് പ്രിയം തന്നിഷ്ടം

നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ച തനിഷ്ടയ്ക്ക് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സിനിമയായ ഫുള്‍ പ്ലേറ്റുമായാണ് ഇത്തവണ തനിഷ്ട ഐഎഫ്എഫ്‌കെയ്ക്ക് എത്തിയത്.

Starcast : Kerala Chalachithra Academy, IFFK 2025

Director: Thanishta

( 0 / 5 )

അരവിന്ദ്

നടിയും സംവിധായികയുമായ തനിഷ്ട ചാറ്റര്‍ജി കഥയ്ക്കായി ആശ്രയിക്കുന്നത് സ്വന്തം ബോദ്ധ്യങ്ങളെയാണ്. ഭാവുകത്വങ്ങള്‍ കലര്‍ത്താതെ അത് നേരിട്ട് തന്നെ കഥയിലേയ്ക്ക് പകര്‍ത്തി വയ്ക്കും. സിനിമയായി അവ പുറത്തു വരുമ്പോള്‍ സാധാരണക്കാര്‍ക്ക് അവരുടെ സ്വന്തം അനുഭവങ്ങളാണെന്ന് പെട്ടെന്ന് ബോദ്ധ്യപ്പെടും. സമരമായാലും സമരാഹ്വാനമായാലും മറച്ചു വച്ച് പറയില്ല. പറയാനുള്ളത് നേരിട്ട് തന്നെ പറയും. അനുഭവങ്ങളില്‍ നിന്നുള്ള ബോദ്ധ്യങ്ങളാണ് അഭിനയിക്കുമ്പോള്‍ പകര്‍ത്തുന്നത്. അതുകൊണ്ടു തന്നെ അഭിനയത്തിലും അതിഭാവുകത്വം കലരില്ല. കഥാപാത്രമായി ജീവിക്കുകയെന്നതാണ് രീതി. നാല്‍പ്പതോളം സിനിമകളില്‍ അഭിനയിച്ച തനിഷ്ടയ്ക്ക് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സിനിമയായ ഫുള്‍ പ്ലേറ്റുമായാണ് ഇത്തവണ തനിഷ്ട ഐഎഫ്എഫ്‌കെയ്ക്ക് എത്തിയത്. ശനിയാഴ്ച നിറഞ്ഞ സദസിലായിരുന്നു ഫുള്‍ പ്ലേറ്റ് പ്രദര്‍ശിപ്പിച്ചത്. പുതിയ സിനിമാ വിശേഷങ്ങള്‍ വെള്ളിനക്ഷത്രവുമായി പങ്കുവയ്ക്കാനും തയ്യാറായി.

കഥയിലേയ്ക്ക് എത്തുന്നത്?

നേരിട്ടുള്ള അനുഭവങ്ങളാണ് കഥകളായി മാറുന്നത്. സമൂഹത്തില്‍ നമുക്ക് ചുറ്റും നടക്കുന്നത് ശ്രദ്ധിച്ചാല്‍ മതി. അതില്‍ ആരും പറയാത്ത, ആരും അഡ്രസ് ചെയ്യാത്ത വിഷയങ്ങളുണ്ടാകും. അത് ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ ജോലിയുടെയോ അതിജീവനത്തിന്റെയോ ഒക്കെയാകാം. സമൂഹം അത് അറിയേണ്ടതാണെങ്കില്‍ അതേറ്റെടുക്കാന്‍ മടിക്കില്ല. കഥ പറയുമ്പോള്‍ ഭാവനയോ ഭാവുകത്വമോ കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. നേരിട്ട് യാഥാര്‍ത്ഥ്യം പറയുന്നതാണ് ബോദ്ധ്യപ്പെടുത്താന്‍ ഏറ്റവും നല്ല മാര്‍ഗം. ഒരു നടി കൂടിയായത് കൊണ്ട് പലപ്പോഴും ആ കാഴ്ചപ്പാടില്‍ കൂടി കഥ കടന്നു പോയേക്കാം. നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെ കണ്ടാല്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. അതിനിടയില്‍ നിന്നും അയാള്‍ കഥാപാത്രമായി മാറും. മാറുമ്പോഴും ഒരിക്കലും കൂട്ടിചേര്‍ക്കലുകളുണ്ടാകില്ല.

വനിതാ സംവിധായിക എന്ന് വിശേഷിപ്പിക്കുമ്പോള്‍?

ഒരിക്കലും അംഗീകരിക്കില്ല. സിനിമാ പ്രവര്‍ത്തകരില്‍ ലിംഗ ഭേദം എന്തിനാണ്. പുരുഷനായാലും സ്ത്രീ ആയാലും കലാപരമായ കഴിവുകള്‍ക്ക് വ്യത്യാസമുണ്ടാകുമോ. ഞാന്‍ എന്റെ ബോദ്ധ്യങ്ങളില്‍ നിന്നാണ് എന്റെ കലാസൃഷ്ടികള്‍ നിര്‍മ്മിച്ചെടുക്കുന്നത്. പുപരുഷന്മാരും അങ്ങനെ തന്നെ. ഇവിടെ അങ്ങനെ പാടില്ലെന്നാണ് എന്റെ പക്ഷം. ഞാന്‍ വിചാരിച്ചാല്‍ ഈ ലോകം മാറില്ല. പക്ഷെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യാതെ പോകാനാകില്ലല്ലോ.

സമകാലിക സിനിമകള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടു വരാനാകുന്നുണ്ടോ?

പുതിയ തലമുറ നല്ല പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. വിജയകരമാകുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. ഇപ്പോള്‍ ഐ ഫോണില്‍ വരെ സിനിമയെടുക്കാം. ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹ്രസ്വ ചിത്രം ഐ ഫോണില്‍ ചിത്രീകരിച്ചത് കണ്ടു. 25 വയസിനു താഴെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരെ ഇവിടെ പരിചയപ്പെട്ടു. അവരുടെ ചിന്തകളും ചിത്രങ്ങളും മികച്ചതാണ്. വളരെ മികച്ച ചിത്രമായിരുന്നു അത്. പോസ്റ്റ് പ്രൊഡക്ഷന്‍ ചെലവും സമയവും കുറഞ്ഞു. കൂടുതല്‍ മികവു വരുത്താനും കഴിയും. എന്നാല്‍ കൃത്രിമത്വം വരാതെ ശ്രദ്ധിക്കുകയും വേണം. ഇന്ത്യയില്‍ പുതിയ സിനിമാ പ്രവര്‍ത്തകരില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്.

ഫുള്‍ പ്ലേറ്റില്‍ തട്ടുകട സീനുകള്‍ ചിത്രീകരിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണല്ലോ?

ഒരിടത്ത് ക്യാമറ വച്ച് ആ സീനുകള്‍ ഷൂട്ട് ചെയ്യാം. എന്നാല്‍ അത് കാണുന്നവര്‍ക്ക് ഒരു ഫീല്‍ കിട്ടില്ല. തട്ടുകളില്‍ ഒരു താളമുണ്ട്. ഒട്ടും ആസൂത്രിതമല്ലാത്ത രീതികളാണ് തട്ടുകടകളില്‍ കാണുന്നത്. ഭക്ഷണം ഉണ്ടാക്കുമ്പോഴുണ്ടാകുന്ന ശബ്ദം, ചലനങ്ങള്‍, ഭക്ഷണം കഴിക്കുന്നവരുടെ രീതികള്‍, ആസ്വദിക്കുമ്പോഴുണ്ടാകുന്ന ഭാവങ്ങള്‍ ഇതെല്ലാം ചലനാത്മകമായി ചിത്രീകരിക്കുമ്പോള്‍ കൂടുതല്‍ ആകര്‍ഷമാകും. ഫുഡ് റാപ്പ് എന്ന എന്റെ സ്വന്തം രീതിയാണത്. അത് എല്ലാവര്‍ക്കും ഇഷ്ടമായെന്ന് തോന്നുന്നു. നല്ല പ്രതികരണമുണ്ടായിരുന്നു.

വ്യക്തി സ്വാതന്ത്ര്യം, വസ്ത്ര ധാരണം എന്നിവയില്‍ വ്യക്തമായ നിലപാട് പറയാറുണ്ടല്ലോ?

വ്യക്തി സ്വാതന്ത്ര്യം അവകാശമാണ്. ആരുടെയും ഔദാര്യമല്ല. അത് സ്വതന്ത്രമായി ഉപയോഗിക്കാന്‍ മടിക്കേണ്ട കാര്യമില്ലല്ലോ. അതിനെതിരായ അഭിപ്രായങ്ങള്‍ വരുമ്പോള്‍ പ്രതികരിക്കാതിരിക്കാനാകില്ല. അതെന്റെ മാത്രം ഇഷ്ടം. ഇന്ത്യയില്‍ വസ്ത്രധാരണ രീതിക്ക് ഒരു പ്രത്യേകതയുണ്ട്. സംസ്‌കാരവുമായി ബന്ധമുണ്ട്. മതവും ജാതിയും സ്ഥലവുമൊക്കെ വസ്ത്ര ധാരണത്തില്‍ പ്രതിഫലിക്കും. സമൂഹം അത് നിരീക്ഷിക്കുകയും ചെയ്യും. പ്രത്യേകിച്ച് സ്ത്രീകളെ. ബംഗാളിലൊക്കെ സാരി ഉടുത്ത് സ്‌നാനത്തിന് എത്തുന്നവരുണ്ട്. അവര്‍ കുളിച്ച് വരുമ്പോള്‍ ഏറ്റവും അധികം സെക്‌സിയായി തോന്നും. എന്നാല്‍ ജീന്‍സും ടീ ഷര്‍ട്ടുമൊക്കെ ധരിച്ചാല്‍ ശരീര ഭാഗങ്ങള്‍ മുഴുവന്‍ മറയും. ഒരാള്‍ക്ക് സ്വതന്ത്രമായി സ്വന്തം ജോലി ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ആരുടെയും അഭിപ്രായം മാനിക്കേണ്ടതില്ല. വ്യക്തിപരമായ കാര്യങ്ങള്‍ സ്വന്തം അഭിപ്രായവും നിലപാടും മാത്രം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെയെന്തിനാണ് സ്വാതന്ത്ര്യം.

അടുത്ത പ്രോജക്ട്?

ചലച്ചിത്ര മേള തിരക്കുകള്‍ കഴിഞ്ഞാല്‍ അടുത്ത പ്രോജക്ടിലേയ്ക്ക് പോകും. പക്ഷെ സിനിമയല്ല. ഒരു പ്ലേ പ്ലാന്‍ ചെയ്യുന്നുണ്ട്. കുറച്ചു കാലമായി. അത് പൂര്‍ത്തീകരിക്കണം. അതിനാണ് മുന്‍ഗണന നല്‍കുന്നത്.

Bivin
Bivin  
Related Articles
Next Story