മതിലുകളാല്‍ മറയ്ക്കാനാകില്ല യാഥാര്‍ത്ഥ്യങ്ങള്‍

തുടര്‍ച്ചയായി മൂന്നാം തവണ മേളയില്‍ ആദ്യത്യ

Starcast : IFFK 2025

Director: Adithya.B. Baby

( 0 / 5 )

മതിലുകള്‍ കൊണ്ട് മറയ്ക്കാനാകുന്നതല്ല യാഥാര്‍ത്ഥ്യങ്ങളെന്ന് യുവ നടിയും സംവിധായികയുമായ ആദിത്യ ബി ബേബി. യാഥാര്‍ത്ഥ്യങ്ങളെ മറച്ചു പിടിക്കാന്‍ ആര്‍ക്കും കഴിയില്ല. എല്ലാവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഒരുപക്ഷെ ചര്‍ച്ചയാകാതെ പോകുകയും ചെയ്യും. അത്തരം സംഭവങ്ങളെ തുറന്നു കാട്ടുകയെന്നത് ചുമതലയായി തന്നെ കാണേണ്ടതാണെന്നതാണ് ആദ്യത്യയുടെ പക്ഷം. നീലമുടി സിനിമയിലെ അഭിനേത്രിയായാണ് ആദ്യമായി ആദിത്യ ഐഎഫ്എഫ്‌കെയില്‍ എത്തുന്നത്. അടുത്ത തവണ കാമദേവന്‍ നക്ഷത്രം കണ്ടു എന്ന സ്വന്തം സിനിമയുമായി മേളയ്‌ക്കെത്തി. ഇപ്പോള്‍ രണ്ടാമത്തെ സിനിമ അംബ്രോസിയയുമായാണ് മേളയ്‌ക്കെത്തിയത്. തുടര്‍ച്ചയായി മൂന്ന് മേളകളില്‍ സാനിധ്യമാകാന്‍ കഴിഞ്ഞ ത്രില്ലും സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയും ആദിത്യയും ഒപ്പം നിന്ന കൂട്ടുകാരെയും ഏറെ സന്തോഷിപ്പിക്കുന്നു. പുതിയ സിനിമകള്‍ക്കായി ആവേശം പകരുകയും ചെയ്യുന്നു. രണ്ട് സിനിമകളുടെയും പ്രമേയം സമൂഹം തന്നെയാണ്. ആരും പറയാന്‍ മടിക്കുന്ന യാഥാര്‍ത്ഥ്യമാണ് ഒരു മടിയും കൂടാതെ ആദിത്യയും സുഹൃത്തുക്കളും തുറന്നു കാട്ടുകയാണ്.

വിവാദപരമായ വിഷയമാണ് ആദ്യ സിനിമയില്‍ കൈകാര്യം ചെയ്തത്?

കാമദേവന്‍ നക്ഷത്രം കണ്ടുവെന്ന സിനിമയില്‍ ഹൈപ്പോ സെക്ഷ്വലായ രണ്ട് യുവാക്കളുടെ കഥയാണ് പറഞ്ഞത്. സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളാണ്. എന്നാല്‍ ആരും അതിനെ ചര്‍ച്ചയാക്കുന്നില്ല. ചര്‍ച്ചയാക്കേണ്ട വിഷയം തന്നെയാണ്. ഒരു പത്രവാര്‍ത്തയില്‍ നിന്നാണ് ആ സനിമയിലേയ്ക്ക് എത്തുന്നത്. മികച്ച അഭിപ്രായമാണ് ചലച്ചിത്ര മേളകളില്‍ നേടിയത്. എന്നാല്‍ ചില വിമര്‍ശനങ്ങളൊക്കെ വന്നിരുന്നു. എല്ലാവരും അവരവരുടെ കാഴ്ചപ്പാടില്‍ നിന്നാണ് സിനിമയെ കാണുന്നത്. സമൂഹത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ അഡ്രസ് ചെയ്യപ്പെടേണ്ടതാണ്. അതില്‍ നിന്നും കഥയുണ്ടാകുമ്പോള്‍ യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നിരിക്കും. അംഗീകരിക്കപ്പെടേണ്ടതാണെങ്കില്‍ അംഗീകരിക്കപ്പെടുക തന്ന ചെയ്യും.

അംബ്രോസിയ എങ്ങനെ വ്യത്യസ്തമാകുന്നു?

അംബ്രോസിയ ഫാന്റസി, സറ്റയര്‍ ജോണറിലാണ് ചെയ്തിരിക്കുന്നത്. പരീക്ഷണ ചിത്രമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യം തന്നെയാണ് പ്രമേയം. ഒരു സാങ്കല്‍പ്പിക നഗരത്തിലാണ് കഥ നടക്കുന്നത്. സമൂഹത്തില്‍ നിരവധിയായ സാംസ്‌കാരിക ചേരികളുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്തരത്തില്‍ സംസ്‌കാരങ്ങളുണ്ട്. മതപരമായതും അല്ലാത്തതുമായ സംസ്‌കാരം. ഒരു റസ്റ്റോറന്റിന്റെ അടുക്കളും ഡൈനിങ് ഹാളുമാണ് പശ്ചാത്തലം. രണ്ടിനെയും വേര്‍തിരിക്കുന്നത് ഒരു മതിലാണ്. മതിലുകള്‍ കൊണ്ട് യാഥാര്‍ത്ഥ്യം മറയ്ക്കുന്നത് നമ്മുടെ നാട്ടിലെ ശീലമായി മാറിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ചേരികള്‍ മതില്‍ കെട്ടി മറച്ചു. എന്നാല്‍ നമ്മുക്കറിയാം ഇന്ത്യ എന്താണെന്നും എങ്ങനെയാണെന്നും. യഥാര്‍ത്ഥ ഇന്ത്യയുടെ ചിത്രം മറച്ചു പിടിക്കുന്നതിനെ അംഗീകരിക്കാനാകുന്നതല്ല. അത്തരത്തില്‍ അധ്വാനിക്കുന്ന, ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി പ്രയത്‌നിക്കുന്നവരുടെ യാഥാര്‍ത്ഥ്യം ഭക്ഷണം കഴിക്കാനെത്തുന്നവര്‍ അറിയുന്നില്ല. അവര്‍ അവര്‍ക്കിഷ്ടമുള്ള ഭക്ഷണം അവരുടെ മേശ പുറത്ത് എത്തും. അതിനായി അവര്‍ക്ക് ചെലവാകുന്നത് പണം മാത്രമാണ്. എന്നാല്‍ മേശയില്‍ എത്തിയ ഭക്ഷണത്തിന് പിന്നിലുള്ള അധ്വാനവും വേദനയും യാഥാര്‍ത്ഥ്യവുമൊന്നും അവരെ ബാധിക്കുന്നതേയില്ല. അംബ്രോസിയ ഇങ്ങനെ കഥ പറയുമ്പോഴും ഏത് സാഹചര്യത്തിലും ഏത് പശ്ചാത്തലത്തിലും ഇതിനെ സ്ഥാപിക്കാന്‍ കഴിയും. യാഥാര്‍ത്ഥ്യത്തിന്റെ വേദന പേറുന്നവരെയും അതൊന്നുമറിയാന്‍ ശ്രമിക്കാതെ മറയ്ക്കപ്പെട്ട മതിലിനിപ്പുറമുള്ളത് മാത്രം ആസ്വദിക്കുന്നവരെയും എവിടെയും കാണാം.

കൊമേഴ്‌സ്യല്‍ സിനിമയെ കുറിച്ച് ആലോചിക്കാത്തതെന്തു കൊണ്ടാണ്?

തീര്‍ച്ചയായും നമ്മുടെ സൃഷ്ടികള്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ചെലവ് കൂടുതല്‍ വരുമ്പോള്‍ അതിനായി ചില വിട്ടുവീഴ്ചകള്‍ വേണ്ടി വരും. സൃഷ്ടിപരമായ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. കഥയ്‌ക്കോ പറയുന്ന കാര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്താല്‍ നമ്മുടെ സങ്കല്‍പ്പം മാറ്റി നിര്‍ത്തേണ്ടി വരും. തല്‍ക്കാലം അതിനു കഴിയില്ല. രണ്ട് സിനിമകളിലും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അതാകട്ടെ മറ്റ് തരത്തിലുള്ളതാണ്. ഷൂട്ടിങിന്റെ കാര്യത്തിലോ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിലോ ആയിരിക്കും വിട്ടുവീഴ്ച ചെയ്യേണ്ടി വരുക. അതാകട്ടെ ആത്യന്തികമായി അസ്ഥിത്വത്തെ ബാധിക്കുകയുമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ അതുമായി ചേര്‍ന്ന് നില്‍ക്കേണ്ടി വരും. അവിടെ വിട്ടുവീഴ്ചകള്‍ക്ക് സ്ഥാനമില്ല. സ്ഥാനമുണ്ടാകാനും പാടില്ല.

വിദേശങ്ങളില്‍ നിന്ന് വനിതാ സംവിധായകരുടെ ശക്തമായ വിമര്‍ശനാത്മക ചിത്രങ്ങള്‍ വരുന്നത് പോലെ കേരളത്തില്‍ നിന്നും വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ വരുന്നില്ലല്ലോ?

നമ്മുടെ സമൂഹത്തിന്റെ മാറാത്ത ഒരു സ്വഭാവമുണ്ട്. എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും പുരുഷ മേധാവിത്വവും ആധിപത്യവുമുള്ള സമൂഹം തന്നെയാണ്. പണ്ട് മുതലെ അങ്ങനെ തന്നെയാണ് തുടര്‍ന്ന് വരുന്നത്. എത്രയൊക്കെ പുരോഗമനം സംസാരിച്ചാലും ജെന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ നടത്തിയാലും പഴയ അവസ്ഥയില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നും വരുന്നില്ല. മാറ്റമില്ലാത്തതിന്റെ തടസമായി നില്‍ക്കുന്നത് ഇതു സംബന്ധിച്ച് അറിവ് നേടാന്‍ സ്ത്രീ സമൂഹം കാര്യമായി ശ്രമിക്കാത്തത് കൊണ്ടാണ്. ഞാന്‍ പഠിക്കാന്‍ പോയപ്പോഴാണ് എന്റെ വിശ്വാസങ്ങള്‍ മാറുന്നത്. കഴിഞ്ഞ വര്‍ഷം നാല് വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ടായിരുന്നു. 52 ഓളം വനിതാ സംവിധായകരുടെ ചിത്രങ്ങല്‍ ഇപ്പോള്‍ വന്നു. വലിയൊരു നേട്ടമാണ്. ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കാര്യമായി വരുന്നുണ്ട്. അവിടെ പഠിക്കാന്‍ അവസരവും വന്നു. കേരളത്തില്‍ അത്തരത്തില്‍ കുറച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മാത്രമാണുള്ളത്. സ്വകാര്യമേഖലയിലുള്ളതില്‍ ലക്ഷങ്ങളാണ് ഫീസായി ഈടാക്കുന്നത്. ലക്ഷങ്ങള്‍ ചെലഴിച്ച് പാഷന് വേണ്ടി

അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞു. പലരും മുന്നിട്ടിറങ്ങുമ്പോള്‍ അവരെ അടിച്ചമര്‍ത്തിയ കഥകളാണ് പറയുന്നത്. അതിജീവിച്ചവര്‍ വളരെ കുറവാണ്. ആരെയും പ്രതീക്ഷിക്കാതെ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍ മാത്രമെ ഇതിനെ അതിജീവീക്കാന്‍ കഴിയൂ.

Bivin
Bivin  
Related Articles
Next Story