ആണഹന്തയുടെ ഉടലാഴം വിട്ട് അതിജീവനത്തിന്റെ കഥയുമായി 'തന്തപ്പേര്'
സെന്‍സറിംഗില്‍ ഭാഷാ വെല്ലുവിളി മറികടന്ന് ചോലനായ്ക്ക ഭാഷ

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവളയുടെ സിനിമ തന്തപ്പേര് ശ്രദ്ധേയമാകുന്നു. അടിയന്തരാവസ്ഥയുടെ 50 വര്‍ഷങ്ങള്‍ ഒരു ഗോത്രവിഭാഗത്തിന്റെ ജീവിതത്തില്‍ എങ്ങനെ ഇടപെട്ടു എന്ന് അന്വേഷിക്കുന്ന ഈ ചിത്രം, ഗോത്രവര്‍ഗ്ഗ യുവജനതയുടെ സ്വത്വബോധത്തെയും അതിജീവനത്തെയും ആവിഷ്‌കരിക്കുന്നു. സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള സിനിമയെ കുറിച്ച് സംസാരിക്കുന്നു...
ഗോത്ര സ്വത്വത്തിന്റെ രാഷ്ട്രീയം?
ചിത്രത്തിന്റെ രാഷ്ട്രീയം കേവലം ഒരു വാക്യത്തില്‍ ഒതുക്കാനാവില്ല. ഇണവേട്ട, ആണഹന്ത, വ്യക്തിപരമായ പ്രതിസന്ധികള്‍ തുടങ്ങി പല തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ട്. മലബാറിലെ ചില പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം, അതുപോലെ ഇണകള്‍ കുറഞ്ഞുപോകുന്ന ചോലനായ്ക്ക വിഭാഗത്തിലെ അവസ്ഥ എന്നിവ സിനിമ ചര്‍ച്ച ചെയ്യുന്നു. ഇവിടെ, 'ആരെയാണ് സ്‌നേഹിക്കേണ്ടത് എന്ന് അറിയാത്ത' ഒരു പുരുഷന്റെ ആകുലതകളാണ് നായകനിലൂടെ അവതരിപ്പിക്കുന്നത്.
'ഇത് ഞങ്ങളുടെ വഴിയാണ്. ഇനി ഞങ്ങളുടെ വഴി ഞങ്ങള്‍ തീരുമാനിക്കും' എന്ന ശക്തമായ പ്രഖ്യാപനത്തോടെയാണ് സിനിമ അവസാനിക്കുന്നത്. അരനൂറ്റാണ്ട് കൊണ്ട് സ്വന്തം വഴി തിരിച്ചറിയുന്ന മനുഷ്യരിലേക്ക് സിനിമ എത്തിച്ചേരുന്നു. ഗോത്രവിഭാഗത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ മൂന്ന് ലെയറുകളിലാണ് സിനിമയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്: അടിയന്തരാവസ്ഥയുടെ ഓര്‍മ്മകള്‍, വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍, സ്വപ്‌നസമാനമായ കാഴ്ചകള്‍ എന്നിവ.
ഭാഷാപരമായ വെല്ലുവിളികളും ചോലനായ്ക്കരുടെ പങ്കും?
ചിത്രത്തിലെ കഥാപാത്രങ്ങള്‍ ചോലനായ്ക്ക ഗോത്രത്തില്‍ നിന്നുള്ളവരും സംഭാഷണങ്ങള്‍ ലിപിയില്ലാത്ത ചോലനായ്ക്ക ഭാഷയിലുമാണ്. തമിഴ്, തെലുങ്ക്, കന്നഡ, തുളു എന്നീ ഭാഷകളുടെ സങ്കരരൂപമാണ് ഈ ഭാഷ. ഈ സിനിമയെ 'മലയാള സിനിമ' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയപ്പോഴും നേരിട്ട പ്രധാന വെല്ലുവിളി സെന്‍സറിങ്ങിലായിരുന്നു. ചോലനായ്ക്ക ഭാഷയെ രേഖപ്പെടുത്താന്‍ ഇടമില്ലാത്തതിനാല്‍ 'മറ്റുള്ളവ' (ഛവേലൃ) എന്ന കോളത്തിലാണ് ഇത് ഉള്‍പ്പെടുത്തിയത്. മൊഴിമാറ്റത്തിന് പകരം ലോകമെമ്പാടും ഈ ഭാഷയില്‍ തന്നെ സബ്‌ടൈറ്റിലുകളോടെ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അഭിനയം, ക്യാമറ, സിനിമ എന്ന മാധ്യമത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത, ഇപ്പോഴും ഗുഹകളില്‍ കഴിയുന്ന പാരമ്പര്യമുള്ള ചോലനായ്ക്കരെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം സാഹസികവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു.
കുട്ടിക്കാലം മുതല്‍ സ്വതന്ത്രരായ, ഒരാള്‍ക്കും കീഴടങ്ങാന്‍ ഇഷ്ടമില്ലാത്ത ആ ഗോത്രവിഭാഗത്തെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരിക പ്രയാസമായിരുന്നു. അവര്‍ ഒരു തരത്തിലുള്ള അധികാരത്തിനും വിധേയരാകില്ല. സ്‌നേഹത്തിലൂടെ ഒരു പാലം പണിയാനും, ഈ കഥാപാത്രങ്ങള്‍ എന്താണെന്ന് അവരെ ബോധ്യപ്പെടുത്താനുമാണ് ഞാന്‍ ആദ്യം ശ്രമിച്ചത്.
ചോലനായ്ക്ക വിഭാഗത്തില്‍ നിന്ന് ആദ്യമായി ബിരുദം നേടി പിഎച്ച്ഡി ചെയ്യുന്ന വിനോദ് ചലന്‍ സഹതിരക്കഥാകൃത്തായതും ചിത്രത്തിന്റെ ആധികാരികത ഉറപ്പുവരുത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിനയനും വെള്ളക്കരിയനും അസിസ്റ്റന്റ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചതും, അവരുടെ ഭാവി സിനിമാപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലന വേദിയായി ഈ സിനിമ മാറിയെന്നതും ശ്രദ്ധേയമാണ്.
ബനികത്താനാവാത്ത നഷ്ടം: മണിയുടെ ഓര്‍മ്മകള്‍?
ചിത്രീകരണത്തിനിടെ, ലൊക്കേഷന്‍ ക്യാപ്റ്റനായി പ്രവര്‍ത്തിച്ചിരുന്ന മണി എന്ന പ്രധാന ഗോത്രബന്ധുവിന്റെ ആകസ്മിക മരണം പ്രൊജക്റ്റിന് വലിയ ആഘാതമായി. ആന ചവിട്ടിക്കൊന്ന മാധേട്ടന്‍ എന്ന കഥാപാത്രത്തിനുണ്ടായ ദുരന്തം പോലെ, മണിയുടെ വിയോഗവും സിനിമയുടെ തുടര്‍ച്ചയെ ആശങ്കയിലാക്കി. എന്നാല്‍, മണിക്ക് ഈ സിനിമയോടുണ്ടായിരുന്ന തീവ്രമായ ആഗ്രഹം തിരിച്ചറിഞ്ഞ സഹപ്രവര്‍ത്തകരായ ഗോത്രവര്‍ഗ്ഗക്കാര്‍ തന്നെ 'ഉണ്ണിയേട്ടാ, നമുക്ക് ആ സിനിമ തീര്‍ക്കണം' എന്ന് പറഞ്ഞ് ഷൂട്ട് പുനരാരംഭിക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു. മണി മരിച്ചുപോയാലും സിനിമയില്‍ ജീവിച്ചിരിക്കണം എന്ന അവരുടെ ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍.
അവസാനത്തെ മൂന്ന് സീനുകള്‍ പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നപ്പോള്‍, തേന്‍ വിപണിയില്‍ നിന്നുള്ള പണം ഉപയോഗിച്ച് അവര്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.
ബഉടലാഴ'വും ക്ലൈമാക്‌സിലെ ജീപ്പും?
എന്റെ ആദ്യ ചിത്രം 'ഉടലാഴം' ആണഹന്തയുടെ പ്രതിസന്ധിയില്‍ അകപ്പെട്ടുപോകുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ കഥയാണ്. അവിടെ, പുലിക്കൂട്ടില്‍ അകപ്പെട്ടുപോകുന്ന മനുഷ്യന്‍ നിസ്സഹായനാകുന്നു. എന്നാല്‍ 'തന്തപ്പേര്', പെട്ടുപോകുന്ന മനുഷ്യന്റെ കഥയല്ല.
ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ ജീപ്പ് ഓടിച്ച് വരുന്ന ദൃശ്യം അവരുടെ വിപ്ലവകരമായ അതിജീവനത്തെയാണ് സൂചിപ്പിക്കുന്നത്. പുറംലോകത്തിന്റെ ചൂഷണത്തിനുള്ള വാഹനമായിരുന്ന ജീപ്പ്, അവര്‍ സ്വന്തമായി ഓടിച്ചു തുടങ്ങുമ്പോള്‍, അത് അവരുടെ 'ചരിത്രത്തിലെ വിപ്ലവം' ആകുന്നു. ഡ്രൈവിംഗ് പഠനവും, സ്വന്തമായി വണ്ടിയെടുക്കാനുള്ള തീരുമാനവും അവരുടെ സ്വയംപര്യാപ്തതയുടെ നേര്‍ക്കാഴ്ചയാണ്. 'ഇതാണ് ശരിക്കും വികസനം,'.
മനുഷ്യരും മൃഗങ്ങളും കഥാപാത്രങ്ങള്‍ ആകുമ്പോള്‍?
ചിത്രത്തില്‍ മനുഷ്യര്‍ മാത്രമല്ല കഥാപാത്രങ്ങളാകുന്നത്. ഉണങ്ങിയ പാറക്കൂട്ടങ്ങളും മൃഗങ്ങളും പ്രത്യേകിച്ച് നായ ചിത്രത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. നായകനും അമ്മയും തമ്മിലുള്ള വൈകാരിക രംഗങ്ങളില്‍ പോലും, നായയുടെ സാന്നിധ്യം മനുഷ്യന്റെ വികാരങ്ങളെ പൂര്‍ണ്ണമായി പകര്‍ത്തിയിട്ടുണ്ട്. ഇത് ബോധപൂര്‍വമായ ശ്രമമാണെന്നും, 'സഹജീവി' എന്ന നിലയില്‍ പട്ടിയെ കാണുന്ന ഗോത്ര സംസ്‌കാരം ഇതിലൂടെ അടയാളപ്പെടുത്തുന്നു.
ബസിനിമയുടെ സ്വീകാര്യതയും പ്രതീക്ഷകളും?
അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 'തന്തപേരി'ന്റെ ആദ്യ പ്രദര്‍ശനത്തില്‍ , അജന്ത തിയേറ്ററില്‍ സ്‌ക്രീനിന് തൊട്ടുതാഴെ വരെ ആളുകള്‍ ശ്വാസമടക്കിപ്പിടിച്ച് സിനിമ കണ്ടത് ഒരു സംവിധായകന്‍ എന്ന നിലയില്‍ വലിയ സന്തോഷം നല്‍കി.
വാണിജ്യപരമായ താല്‍പ്പര്യങ്ങള്‍ക്കപ്പുറം, ആത്മാര്‍ത്ഥതയോടെ ഒരു കലാപ്രവര്‍ത്തനം എന്ന നിലയില്‍ ചെയ്ത ഈ സിനിമയെ പിന്തുണയ്‌ക്കേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്തമാണ്. ഭാവിയില്‍, ഗോത്രസമൂഹത്തില്‍ നിന്ന് തന്നെ സംവിധായകര്‍ ഉണ്ടാവുകയും, അവര്‍ സ്വന്തമായി സിനിമകള്‍ ചെയ്യുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
