സ്‌നേഹവും കരുണയുമില്ലെങ്കില്‍ സിനിമയില്ല, ലോകവും

ഇന്നും മനുഷ്യനും മണ്ണിനും നീതിക്കും നിയതിക്കും വേണ്ടി സംസാരിക്കുമ്പോള്‍ ആവേശത്തിനും പ്രതീക്ഷയ്ക്കും ഒരു കുറവും വന്നിട്ടില്ല. വാക്കുകളുടെ മൂര്‍ച്ചയ്ക്ക് വീര്യം കൂടുകയും ചെയ്തു.

Starcast : IFFK 2025

Director: Gautham Ghosh

( 0 / 5 )

അരവിന്ദ്

കലാകാരന്മാരില്‍ ചിലര്‍ ലോകത്തെ കാണുന്നില്ല, ലോകത്തെ വായിക്കുന്നു, അവയെ മറ്റുള്ളവര്‍ക്കായി പുനഃസൃഷ്ടിക്കുന്നു. അപരന്റെ ചിന്തയില്‍ പ്രതീക്ഷയുടെ വിത്തിടുന്ന സൃഷ്ടികള്‍ കാലത്തെ അതിജീവിക്കുന്ന അന്വശര പ്രതീകങ്ങളായി തിളങ്ങി നില്‍ക്കും. ഗൗതം ഘോഷ് എന്ന കലാകാരനെ അടയാളപ്പെടുത്താന്‍ വാക്കുകള്‍ക്ക് പരിമിതിയുണ്ട്. വിശേഷണങ്ങള്‍ക്ക് പഞ്ഞവും. 1973 ല്‍ ഡോക്യുമെന്ററി സംവിധായകനായി തുടങ്ങി, ഹ്രസ്വ ചിത്രങ്ങളിലും ഫീച്ചര്‍ സിനിമകളിലുമൂടെ സഞ്ചരിച്ച് അനുഭവങ്ങളെ പുസ്തകങ്ങളിലേയ്ക്ക് പകര്‍ത്തി അനുവാചകരെ സൃഷ്ടിച്ച് തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുന്നു. ഇന്നും മനുഷ്യനും മണ്ണിനും നീതിക്കും നിയതിക്കും വേണ്ടി സംസാരിക്കുമ്പോള്‍ ആവേശത്തിനും പ്രതീക്ഷയ്ക്കും ഒരു കുറവും വന്നിട്ടില്ല. വാക്കുകളുടെ മൂര്‍ച്ചയ്ക്ക് വീര്യം കൂടുകയും ചെയ്തു. 30-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്കെത്തിയ ഗൗതം ഘോഷ് വെള്ളിനക്ഷത്രത്തിനു വേണ്ടിയും സമയം ചെലഴിക്കാന്‍ തയ്യാറായി. സിനിമയെ കുറിച്ചും സമകാലിക സംഭവങ്ങളെ കുറിച്ചും സ്വന്തം നിലപാടുകള്‍ പകര്‍ന്നു നല്‍കാന്‍.


സിനിമകളില്‍ മനുഷ്യരും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളും ഒരുമിച്ച് സഞ്ചരിക്കുന്നതായി കാണുന്നു. ഈ സമീപനം മനഃപൂര്‍വ്വം സൃഷ്ടിച്ചെടുക്കുന്നതാണോ?

മനുഷ്യബന്ധങ്ങളെ കുറിച്ചാണ് പഠിക്കുന്നത്. ഓരോ വ്യക്തികളും സമൂഹവും തമ്മിലുള്ള ബന്ധവും ഇഴയടുപ്പവും വ്യത്യസ്തമായിരിക്കും. എന്നാല്‍ പൊതുവായി ഒരു ബന്ധമുണ്ടാകും. ഇത് തിരിച്ചറിഞ്ഞാണ് കഥാപാത്രങ്ങളില്‍ കലര്‍ത്തുന്നത്. നമ്മുക്ക് പല സംസ്‌കാരങ്ങളുണ്ട്. പല ഭാഷകളിലും സിനിമ ചെയ്തത് കൊണ്ടു തന്നെ പല സംസ്‌കാരങ്ങളെ കുറിച്ച് പഠിച്ചു. ഇതര സംസ്‌കാരങ്ങളെ അറിയാനും കഴിഞ്ഞു. ഇന്ത്യയില്‍ നിരവധിയായ സംസ്‌കാരങ്ങളുണ്ട്. ഓരോരുത്തര്‍ക്കും തനതായ ശൈലിയും. ഇവയെ എല്ലാം ഒന്നിപ്പിക്കുന്ന അദൃശ്യമായ ഒന്നുണ്ട്. അത് സ്‌നേഹമാണ്. മനുഷ്യ സ്‌നേഹം. എനിക്ക് സ്‌നേഹവും കരുണയുമാണ് എനിക്ക് പ്രിയപ്പെട്ട വിഷയം. ഇവയില്ലെങ്കില്‍ മോശം അവസ്ഥയിലുള്ള സമൂഹമായിരിക്കും സൃഷ്ടിക്കപ്പെടുക. അക്രമവും അസഹിഷ്ണതയും അരാഷ്ട്രീയതയുമൊക്കെ പടരും. ലോകത്ത് പലയിടങ്ങളിലും ഇപ്പോള്‍ ഇത്തരം സാഹചര്യമുണ്ട്.

പ്രകൃതി സിനിമകളില്‍ പ്രതീകമായി കാണാറുണ്ടല്ലോ?

പ്രകൃതിയെ ഒഴിവാക്കി മാനവരാശിക്ക് നിലനില്‍പ്പുണ്ടോ ?പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ വ്യത്യസ്തമായ ഭാവങ്ങള്‍ ബോധ്യപ്പെടും. പലവിധമായ വികാരങ്ങള്‍ പ്രതിഫലിപ്പിക്കുകയും ചെയ്യും. പ്രതികാരം ചെയ്യുമെന്നും വിശദീകരിക്കാം. ചൂഷണം വര്‍ദ്ധിക്കുമ്പോള്‍ പ്രതികരിക്കും. മനുഷ്യനെയും പ്രകൃതിയെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. തമ്മില്‍ ഒഴിവാക്കാനാകാത്ത ബന്ധമുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യര്‍ കഥാപാത്രമാകുമ്പോള്‍ പ്രകൃതിയും കഥാപാത്രമാകും. കഥയില്‍ ഒഴിവാക്കാനാകാത്ത സ്ഥാനവുമുണ്ടാകും. യാഥാര്‍ത്ഥ്യങ്ങള്‍ കഥകളാകുമ്പോള്‍ ബിംബങ്ങള്‍ യഥാര്‍ത്ഥമായുള്ളവയായിരിക്കും.

എല്ലാ സിനിമകളിലും സംഗീതവും ദൃശ്യങ്ങളും സമാന പ്രാധാന്യത്തോടെ ചേര്‍ന്ന് നില്‍ക്കുന്നുണ്ടല്ലോ?

സിനിമയുടെ പശ്ചാത്തലത്തെ സംഗീതം ശക്തമായി പിന്തുണയ്ക്കും. സീനുകളുടെ ഡീറ്റൈയ്‌ലിംഗിനും പ്രേക്ഷകനുമായി സംവദിക്കുന്നതിനും സംഗീതം പ്രധാന ഘടകമാണ്. പശ്ചാത്തല സംഗീതത്തിന് ചെറുതല്ലാത്ത സ്ഥാനം തന്നെയാണുള്ളത്. സംഗീതം പ്രമേയമാകുന്ന സിനിമകളില്‍ മാത്രമല്ല, എല്ലാ സിനിമകളിലും സംഗീതത്തിന് പ്രാധാന്യമുണ്ട്. എന്റെ കരിയറിന്റെ തുടക്കം മുതല്‍ സംഗീതത്തിനെ ഇത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സംഗീതമില്ലാതെ സിനിമ ആലോചിക്കാന്‍ കഴിയില്ല.

രാഷ്ട്രീയം പ്രധാന ഘടകമായി മിക്ക സിനിമകളിലും കണ്ടിട്ടുണ്ട്. സാമൂഹ്യ അവസ്ഥകളെ പോലെ രാഷ്ട്രീയവും പ്രമേയത്തില്‍ നിഴലിക്കാറുണ്ടല്ലോ?

ആദ്യത്തെ സിനിമ തന്നെ കൃത്യമായ രാഷ്ട്രീയ സിനിമയായിരുന്നു. തെലുങ്കില്‍ നിര്‍മ്മിച്ച മാ ഭൂമി എന്ന സിനിമ വലിയ വിജയമായിരുന്നു. ചര്‍ച്ചയാകുകയും ചെയ്തു. രാഷ്ട്രീയത്തെ ഒരിക്കലും സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ല. നല്ലതായും മോശമായും രാഷ്ട്രീയം സമൂഹത്തെ ബാധിക്കുന്നുണ്ട്. പല തരത്തില്‍ ആയിരിക്കും രാഷ്ട്രീയം സിനിമയില്‍ കടന്നു വരുന്നത്. നേരിട്ടോ അല്ലാതെയോ രാഷ്ട്രീയം കടന്നു വരാത്ത സിനിമകളില്ല. കാരണം സമൂഹത്തില്‍ നിന്നും രാഷ്ട്രീയത്തെ മാറ്റി നിര്‍ത്താന്‍ കഴിയാത്തത് കൊണ്ടു തന്നെ. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ വസ്തുതകള്‍ ഒഴിവാക്കാനാകില്ലല്ലോ.

പുതിയ കാലത്തെയും പുതിയ തലമുറയുടെ സിനിമകളെയും എങ്ങനെ കാണുന്നു?

കാലത്തിന്റെ മാറ്റം ഗുണകരമാണ്. ടെക്‌നോളജികളിലുണ്ടായ വലിയ വ്യത്യാസം സിനിമാ നിര്‍മ്മാണത്തിന്റെ പ്രയാസങ്ങള്‍ കുറച്ചു. ഇപ്പോള്‍ ഒരു മൊബൈല്‍ ഫോണില്‍ പോലും സിനിമ ചെയ്യാം. പുതിയ തലമുറയ്ക്ക് വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നത്. അവര്‍ റീലുകള്‍ ചെയ്യുന്നതും സിനിമ ചെയ്യുന്നതും വളരെ ലളിതമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സിനിമ നിര്‍മ്മിക്കുന്നത്. ബംഗാളിലും മറ്റും നിരവധി നവാഗതര്‍ സിനിമയിലേയ്ക്ക് കടന്നു വരുന്നുണ്ട്. പ്രതീക്ഷ ഉണര്‍ത്തുന്നത് തന്നെയാണ്.

മലയാള സിനിമയെ കുറിച്ച്?

മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സിനിമാ പുരസ്‌കാര നിര്‍ണയ സമിതി അദ്ധ്യക്ഷനായിരുന്നു. മികച്ച സിനിമകളാണ് മലയാളത്തിലുണ്ടാകുന്നത്. പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. വലിയ മാറ്റങ്ങള്‍ മലയാള സിനിമയ്ക്ക് വന്നിട്ടുണ്ട്. പ്രമേയപരമായും അവതരണത്തിലുമൊക്കെ മികച്ച പരീക്ഷണങ്ങള്‍ വരുന്നുണ്ട്. ഇന്ത്യന്‍ സിനിമയെ നയിക്കാന്‍ കഴിയുന്ന തരത്തില്‍ മലയാള സിനിമ ഇതിനകം മാറി കഴിഞ്ഞിട്ടുണ്ട്. വലിയ പ്രതീക്ഷയാണ് മലയാള സിനിമയെ കുറിച്ചുള്ളത്.

Bivin
Bivin  
Related Articles
Next Story