സ്‌ക്രീനില്‍ കാണാം വനിതാ ശക്തി: കുക്കു പരമേശ്വരന്‍
എല്ലാവരും ചര്‍ച്ചയ്‌ക്കെടുക്കുന്നത് സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങള്‍ തന്നെയാണ്. ചിലതൊക്കെ തുറന്നു കാണിക്കാനും ശക്തമായി വിമര്‍ശിക്കാനും തിരുത്തലുകള്‍ ആവശ്യപ്പെടാനും അവര്‍ സിനിമകളിലൂടെ തയ്യാറാകുന്നു.

കേരള രാജ്യാന്തര മേളയില്‍ ഇത്തവണ വനിതാ സിനിമാ പ്രവര്‍ത്തകരുടെ ശക്തമായ പ്രമേയങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ കഴിയുമെന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സന്‍ കുക്കു പരമേശ്വരന്‍. ലോക സിനിമയില്‍ വനിതാ പ്രവര്‍ത്തകര്‍ മികച്ച മുന്നേറ്റം നടത്തുന്ന കാലഘട്ടമാണ്. വെല്ലുവിളികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ലോക സിനിമാ മേളകളില്‍ മികച്ച അഭിപ്രായം നേടുകയും ചെയ്ത ഒരു പിടി ചിത്രങ്ങള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂട്ടായ്മയുടെ മികച്ച വിജയം ഐഎഫ്എഫ്‌കെയില്‍ കാണാന്‍ കഴിയും. സിനിമകളുടെ തെരഞ്ഞെടുപ്പ് മുതലുള്ള പ്രവര്‍ത്തനങ്ങള്‍ അത്തരത്തിലായിരുന്നു. മേളയുടെ തിരക്കുകള്‍ക്കിടയിലും വെള്ളിനക്ഷത്രത്തോട് സംസാരിക്കുകയായിരുന്നു കുക്കു പരമേശ്വരന്‍.
ഭാരവാഹിത്വം ഏറ്റെടുത്ത ശേഷമുള്ള ചെറിയ കാലയളവ് വെല്ലുവിളിയാണോ?
ചലച്ചിത്ര മേളയുടെ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘനാളുകള്‍ക്ക് മുമ്പ് ആരംഭിക്കുന്നതാണ്. കൂട്ടായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഭാരവാഹിയായി മാത്രമല്ല മേളയുമായി സഹകരിക്കുന്നത്. ആദ്യ ഘട്ടം മുതല്‍ മേളയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ ഭാരവാഹിത്വം വന്നത്. അതുകൊണ്ട് ചെറിയ കാലയളവ് എന്നു പറയുന്നത് ശരിയല്ല. പ്രതിനിധിയായാണ് ആദ്യം ഐഎഫ്എഫ്‌കെയില്‍ എത്തുന്നത്. പിന്നീട് സ്വന്തം സിനിമയുമായി എത്തി. പിന്നെയും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ചലച്ചിത്ര അക്കാഡമിയുടെ ഭാഗമായി സംഘാടകയായി മാറി. ഇപ്പോള്‍ നടത്തിപ്പിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വത്തിലേയ്ക്ക് വന്നു. വനിതയെന്ന പരിമിതി ആരും പറഞ്ഞ് കേട്ടിട്ടില്ല.

ലോക സിനിമയും വനിതകളും?
കാലങ്ങള്‍ പിന്നിടുമ്പോള്‍ കൂടുതല്‍ വനിതകള്‍ സിനിമാ രംഗത്തേയ്ക്ക് വരുന്നുണ്ട്. ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനിലും അഫ്ഗാനിലുമൊക്കെ ചെറുപ്പക്കാരികള്‍ സിനിമാ സംരംഭങ്ങളുമായി മുന്നോട്ട് വരുന്നു. മികച്ച ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ട്. ഇത്തവണ മേളയില്‍ അത്തരക്കാരുടെ ഒഴുക്കു തന്നെയുണ്ട്. എല്ലാവരും ചര്‍ച്ചയ്‌ക്കെടുക്കുന്നത് സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങള്‍ തന്നെയാണ്. ചിലതൊക്കെ തുറന്നു കാണിക്കാനും ശക്തമായി വിമര്‍ശിക്കാനും തിരുത്തലുകള്‍ ആവശ്യപ്പെടാനും അവര്‍ സിനിമകളിലൂടെ തയ്യാറാകുന്നു. അന്നാ മരിയ ജാസിറിന്റെ പുതിയ ചിത്രമായ പലസ്തീന്‍ 36 ആണ് ഉദ്ഘാടന ചിത്രം.സാമ്രാജ്യത്വത്തിനെതിരെയുള്ള പലസ്തീന്‍ ജനതയുടെ പോരാട്ടമാണ് പ്രമേയം. ശക്തമായ വിമര്‍ശനമാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്.ഏഴ് വനിതാ സംവിധായകരുടെ അഞ്ച് ചിത്രങ്ങള്‍ മത്സര വിഭാഗത്തിലുണ്ട്. ശക്തമായ സ്ത്രീ വിരുദ്ധ നിയമങ്ങള്‍ നിലനില്‍ക്കുന്ന അഫ്ഗാനില്‍ നിന്നുള്ള ഗോസ്‌ഡെ കുറല്‍ സിനിമ ജെസീറ എന്ന ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ ധൈര്യപൂര്‍വ്വം തുറന്നു കാട്ടുന്നു. ശക്തരായ വനിതകളുടെ പേരില്‍ കൂടിയായിരിക്കും ഇത്തവണത്തെ മേള അറിയപ്പെടുക.
മേളയുടെ തയ്യാറെടുപ്പുകള്‍?
മികച്ച സിനിമകള്‍ തന്നെയായിരുന്നു വെല്ലുവിളി. അത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മികച്ച അഭിപ്രായം നേടിയ സിനിമകള്‍ തന്നെയാണ് ഭൂരിഭാഗവും. പരീക്ഷണ ചിത്രങ്ങളും ഉള്‍പ്പെടുത്താനായി. മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ സിനിമകള്‍ മേളയുടെ മാറ്റു കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള മേളയിലെ പ്രതിനിധികള്‍ ഗൗരവ്വമായി സിനിമയെ വിലയിരുത്തുന്നവരാണ്. ചെറിയ പാളിച്ചകള്‍ പോലും അവര്‍ ക്ഷമിക്കില്ല. ചോദ്യം ചെയ്യുക തന്നെ ചെയ്യും. അതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താറുണ്ട്. ഇപ്പോള്‍ എല്ലാം തയ്യാറായി കഴിഞ്ഞു. ഇനി പ്രതിനിധികള്‍ വിലയിരുത്തട്ടെ. ഒരിക്കലും അവര്‍ മോശമെന്ന് പറയില്ല. മികച്ചതെന്ന് തന്നെ വിലയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് അമിതാത്മ വിശ്വാസമല്ല.നടത്തിയ പ്രവര്‍ത്തനങ്ങളില്‍ നിന്നും കിട്ടിയ ആത്മധൈര്യമാണ്.
