'ആരണ്യക'ത്തിലെ അമ്മിണിയെ ഓർമ്മയുണ്ടോ?; മലയാള സിനിമയിലേക്ക് നടി സലീമ വീണ്ടും വരുന്നു

1985-ൽ 'ഞാൻ പിറന്ന നാട്ടിൽ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ 13കാരിയായ സലീമയെ വിന്റേജ് മോളിവുഡ് സിനിമ പ്രേമികൾ മറക്കാനിടയില്ല. ആദ്യ സിനിമയേക്കാൾ ഒരുപക്ഷേ സലീമയെ പ്രേക്ഷകർ തിരിച്ചറിഞ്ഞത് 'നഖക്ഷതങ്ങൾ' എന്ന ചിത്രത്തിലൂടെയാണ്. ശേഷം 1988-ൽ പുറത്തിറങ്ങിയ 'ആരണ്യക'ത്തിലെ അമ്മിണിയെ മലയാളികൾ ചേർത്തു പിടിച്ചു.
നല്ല സിനിമകൾക്കായി തന്നെ വിളിച്ചാൽ ഉറപ്പായും മലയാള സിനിമയിലേക്ക് തിരികെ വരുമെന്ന് പറഞ്ഞിരുന്ന സലീമ 1989-ൽ പുറത്തിറങ്ങിയ മഹായാനം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വലിയൊരിടവേള കഴിഞ്ഞ് തിരികെയെത്തുകയാണ്. 'കോട്ടയം കുഞ്ഞച്ചൻ', 'കിഴക്കൻ പത്രോസ്', 'പ്രായിക്കര പാപ്പാൻ', 'കന്യാകുമാരി എക്സ്പ്രസ്സ്', 'ഉപ്പുകണ്ടം ബ്രദേഴ്സ്', 'മാന്യന്മാർ', 'സ്റ്റാൻലിൻ ശിവദാസ്', 'പാളയം' തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചു. സംവിധായകൻ ടി എസ് സുരേഷ് ബാബു ഒരിടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്ന ഡിഎൻഎ എന്ന ചിത്രത്തിലെ പാട്ടിയായാണ് സലീമ മോളിവുഡിന്റെ ഭാഗമാകുന്നത്.