ധ്യാനിന്റെയും പ്രണവിന്റെയും മേക്കപ്പിന് ട്രോൾ; പ്രതികരണവുമായി മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യർ

‘വർഷങ്ങൾക്കു ശേഷം’ സിനിമയിലെ മേക്കപ്പിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരണവുമായി മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യർ. വിമർശനങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്നും വിമർശിച്ച ഇതേ ആളുകൾ തന്നെയാണ് തിയറ്ററിൽ ഈ സിനിമയെ പിന്തുണച്ചതെന്നും റോണക്സ് സേവ്യർ പറഞ്ഞു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം 90 കോടി കലക്‌ഷൻ ബോക്സ്ഓഫിസിൽ സ്വന്തമാക്കിയിരുന്നു. എന്നാൽ, ഒടിടിയിൽ റിലീസ് ചെയ്തതിനു ശേഷം കടുത്ത വിമർശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്കിനെക്കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസനും മേക്കപ്പ് ആർടിസ്റ്റ് റോണക്സ് സേവ്യറും ഒരുമിച്ചാണ് ചർച്ച ചെയ്ത് തീരുമാനമെടുത്തത്. ‘‘മേക്കപ്പിനെ കുറിച്ച് ഞങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ട് ആയെന്നു തന്നെയാണ് കരുതുന്നത്. ഇതേ ആളുകൾ തന്നെയാണ് തിയറ്ററിൽ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞതും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണം വന്നതും. ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡ് ആയിട്ടാണ് എനിക്കു തോന്നുന്നത്. വേറെ പ്രത്യേകിച്ചൊന്നും പറയാനില്ല. വിമർശനങ്ങളെ പോസിറ്റീവ് ആയാണ് സ്വീകരിക്കുന്നത്,’’–റോണക്സ് പറഞ്ഞു. ‍

ഈയടുത്ത് ചർച്ചയായ ഭ്രമയുഗം, മലൈക്കോട്ടൈ വാലിബൻ, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളിൽ മേക്കപ്പ് വിഭാഗത്തിന്റെ ചുമതല റോണക്സിനായിരുന്നു. ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും റോണക്സ് നേടിയിട്ടുണ്ട്.

Related Articles

Next Story