സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുമായി 'ഇന്ത്യന്‍ സിനിമ നൗ' വിഭാഗത്തില്‍ 7 ചിത്രങ്ങള്‍

അനൂപ് ലോക്കുര്‍ സംവിധാനം ചെയ്ത ഡോണ്ട് ടെല്‍ മദര്‍, രവിശങ്കര്‍ കൗശിക്കിന്റെ ഫ്‌ലെയിംസ്, തനിഷ്ഠ ചാറ്റര്‍ജിയുടെ ഫുള്‍ പ്ലേറ്റ്, പ്രഭാഷ് ചന്ദ്രയുടെ ഹാര്‍ത്ത് ആന്‍ഡ് ഹോം, ഇഷാന്‍ ഘോഷിന്റെ മിറാഷ്, അനുപര്‍ണ റോയ് സംവിധാനം ചെയ്ത സോങ്‌സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ്, നിഷാന്ത് കാളിന്ദിയുടെ തിയറ്റര്‍ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.

Starcast : Indian Cinema Today

Director: IFFK

( 0 / 5 )

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സിനിമ പ്രേമികള്‍ക്കായി 'ഇന്ത്യന്‍ സിനിമ നൗ' എന്ന വിഭാഗത്തില്‍ ഏഴ് ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അനൂപ് ലോക്കുര്‍ സംവിധാനം ചെയ്ത ഡോണ്ട് ടെല്‍ മദര്‍, രവിശങ്കര്‍ കൗശിക്കിന്റെ ഫ്‌ലെയിംസ്, തനിഷ്ഠ ചാറ്റര്‍ജിയുടെ ഫുള്‍ പ്ലേറ്റ്, പ്രഭാഷ് ചന്ദ്രയുടെ ഹാര്‍ത്ത് ആന്‍ഡ് ഹോം, ഇഷാന്‍ ഘോഷിന്റെ മിറാഷ്, അനുപര്‍ണ റോയ് സംവിധാനം ചെയ്ത സോങ്‌സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ്, നിഷാന്ത് കാളിന്ദിയുടെ തിയറ്റര്‍ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.


അനൂപ് ലോക്കുര്‍ സംവിധാനം ചെയ്ത കന്നഡ ചിത്രമായ ഡോണ്ട് ടെല്‍ മദര്‍, 1990-കളിലെ ബംഗളൂരു നഗരത്തില്‍ ഒരു കുട്ടി നേരിടുന്ന അപ്രതീക്ഷിതമായ ജീവിത സാഹചര്യങ്ങളുടെ കഥ പറയുന്നു. ബുസാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്.

ഹരിയാനയിലെ വര്‍ഗീയകലാപത്തില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട തന്റെ മകന്റെ രക്ഷക്കായി നാടുവിടാന്‍ നിര്‍ബന്ധിതനാകുന്ന മഹേഷ് എന്ന മൂകനായ കൃഷിക്കാരന്റെ കഥ പറയുകയാണ്, രവി ശങ്കര്‍ കൗശിക് സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ഫ്‌ലെയിംസ്.




തനിഷ്ഠ ചാറ്റര്‍ജി സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ഫുള്‍ പ്ലേറ്റ്. ഭര്‍ത്താവിന്റെ അപകടത്തിനുശേഷം ഗൃഹസ്ഥയായ ഒരു സ്ത്രീ അവരുടെ പാചകത്തെ ഉപജീവനമാര്‍ഗമായി മാറ്റുന്ന കഥയാണിത്. തങ്ങളുടെ പുതിയ ഉദ്യമത്തില്‍ അവര്‍ നേരിടേണ്ടിവരുന്ന സംഘര്‍ഷത്തെക്കുറിച്ച് സിനിമ വിവരിക്കുന്നു. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തില്‍ അനുപര്‍ണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്.

പ്രഭാഷ് ചന്ദ്രയുടെ ഹാര്‍ത്ത് ആന്‍ഡ് ഹോം, വാര്‍ദ്ധക്യ ക്ലേശങ്ങള്‍ അനുഭവിക്കുന്ന അമ്മയെ പരിപാലിക്കുന്ന മകന്റെ കഥ പറയുന്നു. മാനസിക സംഘര്‍ഷങ്ങളെയും അവസ്ഥകളെയും മനോഹരമായി ആവിഷ്‌കരിക്കുന്ന ചിത്രമാണിത്.




സ്വപ്‌നങ്ങളുമായി കൊല്‍ക്കത്ത നഗരത്തിലെത്തുന്ന ഒരു യുവാവിന്റെയും യുവതിയുടെയും പരസ്പരബന്ധിതമായ യാത്രയാണ് ഇഷാന്‍ ഘോഷ് സംവിധാനം ചെയ്ത ബംഗാളി ചിത്രമായ മിറാഷ്.




തൂയ എന്ന പ്രവാസിയായ യുവതി, തന്റെ അഭിനയസാക്ഷാത്കാരത്തിനായി മുംബൈയില്‍ താമസിക്കുന്നതിന്റെ കഥ പറയുകയാണ് അനുപര്‍ണ റോയ് സംവിധാനം ചെയ്ത സോങ്സ് ഓഫ് ഫോര്‍ഗോട്ടന്‍ ട്രീസ്. വെനീസ് ചലച്ചിത്രമേളയിലെ ഒറിസോണ്ടി വിഭാഗത്തില്‍ അനുപര്‍ണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്.




നിഷാന്ത് കാളിന്ദിയുടെ തിയറ്റര്‍ എന്ന ചിത്രം, ഒരു നാടകസംഘത്തിനുള്ളിലെ സൗഹൃദം, കലാവൈഭവങ്ങള്‍, മത്സരങ്ങള്‍ എന്നിവ തമിഴ്നാട്ടിലെ ഒരു ഗ്രാമപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. തികച്ചും യാഥാസ്ഥിതിക ജീവിതങ്ങളെ നാടകീയത കൂടാതെ അവതരിപ്പിക്കുകയാണ് ചിത്രം.

ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ ഇന്ത്യയുടെ കുടുംബ, സാമൂഹിക, സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുന്നവയാണ്. വെള്ളിത്തിരയിലെ ഇന്ത്യന്‍ പരീക്ഷണങ്ങള്‍ ഐ എഫ് എഫ് കെ യിലെ ചലച്ചിത്ര ആസ്വാദകര്‍ക്ക് പുതു അനുഭവങ്ങള്‍ സമ്മാനിക്കും.

Bivin
Bivin  
Related Articles
Next Story